സാമൂഹികമായും സാമ്പത്തികമായും അരക്ഷിതവുമായ ഒരു തൊഴില്‍ മേഖലയായി മാറിയിരിക്കുകയാണ് വാര്‍ത്താവ്യവസായം. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വിവരങ്ങളും അഭിപ്രായങ്ങളും അസംസ്‌കൃത വസ്തുവായതിനാല്‍ രണ്ട്ദശകം മുമ്പ് വരെ വിശുദ്ധപശു ആയി കരുതിയിരുന്ന ഈ മേഖല ഇന്ന് ശുദ്ധവ്യവസായമാണ്-പച്ചക്കച്ചവടം. ലാഭം സാമ്പത്തികമായി മാത്രമല്ല, സാമൂഹികവും സാമുദായികവും രാഷ്ട്രീയവും മതപരവുമമൊക്കെയായി ഈ വ്യവസായം മുതല്‍ മുടക്കുന്നവന് നല്‍കുന്നു. അംബാനി ടിവി18നും ഗൗതം അദാനി എന്‍ഡിടിവിയും കേരളത്തില്‍ മരംമുറി കേസ് അടക്കമുള്ള നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയതുമെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്ന് നിഷ്‌കളങ്കര്‍ പോലും വിശ്വസിക്കില്ല. കൈരളി ചാനല്‍ സി.പി.ഐ (എം) ന്റെയും ജനം ടിവി സംഘികളുടെയും ആശയപ്രചാരണത്തിന്റെ ജിഹ്വകളാണ്. മീഡിയ വണ്‍ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കാനാണ്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ മൂന്ന് പതിറ്റാണ്ട് അധ്വാനം വിറ്റ മാധ്യമം പത്രം തുടങ്ങിയവരുടെ 25 വര്‍ഷത്തെ പ്രൊഫൈല്‍ താരതമ്യം ചെയ്ത് നോക്കിയാല്‍ അറിയാം വാര്‍ത്താവ്യവസായത്തിന്റെ സ്‌കോപ്. കാപ്പിത്തോട്ടം മുതലാളി ആയിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായത് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയ ശേഷമാണ്. വാര്‍ത്താവ്യവസായം സോഷ്യോ-പൊളിറ്റിക്കല്‍ പ്രോഫിറ്റ് ലഭിക്കുന്ന നിക്ഷേപങ്ങളാണ്. ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വാര്‍ത്താവ്യവസായം പലതിനും ഒരു തടയും മറയുമാണ്.
ഇതില്‍ തൊഴില്‍ എടുക്കുന്നവരെ ഇരകളാക്കിക്കൊണ്ടാണ് വാര്‍ത്താവ്യവസായികള്‍ അവര്‍ ഇപ്പറയുന്ന ലാഭം കൊയ്യുന്നത്. കേരളത്തില്‍ അടുത്തകാലത്ത് പ്രചാരത്തിലായ ‘മാപ്ര’ എന്ന ആക്ഷേപപ്പേര് നോക്കുക. ജേര്‍ണലിസ്റ്റുകള്‍ക്കിട്ട കില്ലപ്പേര്. വാര്‍ത്തകളുടെ ആശയപരമായ പിഴവിന് ഉത്തരവാദി ജേര്‍ണലിസ്റ്റുകളെ പണിക്ക് പറഞ്ഞ് വിടുന്ന മാധ്യമ മുതലാളിമാരാണ്. മാധ്യമ മുതലാളിമാരെ ആരും ‘മാമു’ എന്ന് വിളിക്കുന്നില്ല. ‘മാമു’മാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ‘മാപ്ര’കള്‍ക്ക് അവരുടെ പത്രത്തില്‍, ടിവി ചാനലില്‍ ഒരു പ്രസ്താവന പോലും കൊടുക്കാനാവില്ല. മാമു പക്ഷേ, സീനിലില്ല; എല്ലാം മാപ്രയുടെ തലയില്‍. മാപ്രകള്‍ ശാരീരികമായും രാഷ്ട്രീയമായും ആക്രമിക്കപ്പെടുമ്പോള്‍ പോലും മാമുമാര്‍ മൗനം പാലിക്കും. തന്റെ മാപ്ര ആക്രമിക്കപ്പെട്ടാല്‍ അത് പോലും മാമു വാര്‍ത്താക്കച്ചവടത്തിന് ആയുധമാക്കും. വാര്‍ത്താവ്യവസായത്തിലെ ബൗദ്ധികതൊഴിലാളിയാണ് സമൂഹം ഇന്ന് മാപ്ര എന്ന് ആക്ഷേപിക്കുന്ന ജേര്‍ണലിസ്റ്റ് എന്ന് ആദ്യം മറന്നത് മാമുമാരാണ്. ന്യൂസ് പേപ്പര്‍/ചാനല്‍ ഉണ്ടാകുന്നത് അതില്‍ ന്യൂസ് മാന്‍ ഉള്ളതുകൊണ്ടാണ്. ന്യൂസ് മാന്‍ ഇല്ലെങ്കില്‍ അത് നോട്ടീസ് മാത്രമാകും. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന വാര്‍ത്താവ്യവസായം കെട്ടിപ്പൊക്കിയിരിക്കുന്നത് ന്യൂസ് മാന്‍ എന്ന ഇഷ്ടിക കൊണ്ടാണ്. ആ ഇഷ്ടിക രാജ്യമാകെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുകയാണ്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞ ജേര്‍ണലിസ്റ്റുകളുടെ തൊഴില്‍ അരക്ഷിതാവസ്ഥ പ്രബുദ്ധകേരളത്തില്‍ പോലും വ്യാപകമായിക്കഴിഞ്ഞു.
ഏതാനും വര്‍ഷങ്ങളായി പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന്റെ പൊട്ടിപ്പുറത്തുവരല്‍ ആണ് അടുത്ത നാളില്‍ കര്‍മ്മ ന്യൂസ് എന്ന മാധ്യമസ്ഥാപനത്തില്‍ കണ്ടത്. 16 ജീവനക്കാരെ ചുമ്മാ അങ്ങ് പറഞ്ഞുവിട്ടു. അതിന് മുമ്പ് ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ ഒരു കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയതാണ്. പിരിച്ചുവിടല്‍ ഭീഷണി നേരിട്ടവര്‍ ബി.ജെ.പി നേതാക്കളെ ഇടപെടീച്ചപ്പോള്‍ അവര്‍ അങ്ങനെ സംഭവിച്ചാല്‍ ചാനല്‍ മുതലാളി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി പ്രസിഡന്റായതിന്റെ ശോഭ പോകുമെന്ന് അദ്ദേഹത്തെ ധരിപ്പിച്ചതിനാല്‍ പിരിച്ചുവിടലില്‍ നിന്ന് പിന്മാറി. ഒറ്റയ്ക്കും തെറ്റക്കുമായിട്ടാകും ഇനിയത്തെ പരിപാടി. ഇതാ വരുന്നു എന്ന് പറയപ്പെട്ട ദ് ഫോര്‍ത്ത് എന്ന ചാനലിന്റെ അവസഥ നോക്കൂ- കേരളത്തിലെ നിരവധി സ്റ്റാര്‍ ജേര്‍ണലിസ്റ്റുകളെ നിയമിച്ച് തുടങ്ങിയ ഈ ചാനല്‍ ടേക് ഒഫ് ചെയ്യും മുമ്പ് പൂട്ടേണ്ടിവന്നു. ഈയിടെ ഫാം ഫെഡ് നിക്ഷേപത്തട്ടിപ്പിന് അകത്തായ കൂട്ടരാണ് ഈ ചാനലിന്റെ മുതലാളിമാര്‍. നാട്ടുകാരില്‍ നിന്ന് തട്ടിച്ച പണം കൊണ്ട് ഫുള്‍ സെറ്റപ്പ് ഉണ്ടാക്കി. പക്ഷെ, പാളത്തില്‍ കയറിയില്ല. തൊഴില്‍ തര്‍ക്കമായി. അടുത്തിടെയാണ് തൊഴിലാളികളെ നാല് മാസത്തെ നഷ്ടപരിഹാരം കൊടുത്ത് സെറ്റില്‍ ചെയ്തത്.
ഇത്തരം തൊഴില്‍ തട്ടിപ്പുകള്‍ പുറത്ത് വരാത്തത് എന്താണ്, മറ്റ് വാര്‍ത്താമാധ്യമങ്ങള്‍ എന്തേ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്ന നിഷ്‌കളങ്കമായ ചോദ്യമുയരാം. എല്ലാവരുടെ അലമാരയിലും ഒരു അസ്ഥിക്കൂടം ഉള്ളതിനാല്‍ എന്നാണ് മറുപടി. മുഖ്യധാരാ മാധ്യമങ്ങളില്‍ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എപ്പോഴും പിരിച്ച് വിടാവുന്ന തരത്തില്‍ കരാര്‍ നിയമനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വ്യാപകമാണ്-മനോരമയിലും മാധ്യമത്തില്‍ പോലും. പുറത്തറിയുന്നില്ല എന്ന് മാത്രം. ഇവിടെ കൂലി പക്ഷെ, താരതമ്യേനെ മാന്യമായിരിക്കും. മലയാളത്തിലെ പ്രമുഖ ന്യൂസ് പേപ്പര്‍ ബ്രാന്‍ഡ് ആയ മാധ്യമം പത്രത്തില്‍ മൂന്ന് വര്‍ഷമായി ശമ്പളം മൂന്ന്-നാല് മാസം വരെ കുടുശ്ശിഖ ആകാറുണ്ട്. 12,000 രൂപക്ക് കരാറില്‍ ജോലി ചെയ്യുന്ന നിരവധി യുവതി-യുവാക്കളെ ഇവിടെ കാണാം. കോവിഡ് കാലം മുതല്‍ തുടങ്ങിയ പ്രവണതയാണിത്. കോവിഡിന്റെ പേരിലുള്ള വരുമാനക്കുറവ് ചൂണ്ടിക്കാട്ടി പത്രത്തിന്റെ ക്ലാസ് താഴ്ത്തിയപ്പോള്‍ പ്രതിമാസം വേതനം ഇനത്തില്‍ ലാഭിച്ചത് കോടികളാണ്. ഒപ്പം പിന്നീട് ഒരുമിച്ച് തരാമെന്നു കരാറില്‍ ഒരു നിശ്ചിത തുക എല്ലാ മാസവും ശമ്പളത്തില്‍ നിന്ന് പിടിക്കുകയും ചെയ്തു. അത് വിരമിച്ചവര്‍ക്ക് പോലും കൊടുത്തിട്ടില്ല. വിശദാംശങ്ങളിലേക്ക് പോകുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മാതൃഭൂമിയുടെ ഓഹരികള്‍ വാങ്ങാനുള്ള ടൈംസ് ഒഫ് ഇന്ത്യയുടെ നീക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദിവസവും കൊടുത്തതാണ് മാധ്യമത്തിന്റെ ചരിത്രം. സ്വന്തം അലമാരയിലെ ഈ അസ്ഥിക്കൂടങ്ങള്‍ വെച്ച് ഇന്ന് അവര്‍ക്കത് ചെയ്യാനാവുമോ?
ജീവനക്കാരുടെ ത്യാഗബുദ്ധി കൊണ്ടാണ് മംഗളം ദിനപ്പത്രം മുടങ്ങാതെ ഇറങ്ങുന്നത്. ശമ്പളം മുടങ്ങല്‍ പതിവാണ്. മാസങ്ങളായി പല യൂണിറ്റുകളിലും വേതനം കിട്ടിയിട്ട് എന്നതാണ് അവസ്ഥ. പത്രത്തിന്റെ കോര്‍പ്പറേറ്റ് പരസ്യം മുഴുവന്‍ കോട്ടയത്താണ് വരുന്നത്. അത് മുതലാളി നേരിട്ട് കൈകാര്യം ചെയ്യും. ബാക്കി യൂണിറ്റുകളിലെ വരുമാനം കൊണ്ട് വേണം അവിടുത്തെ ശമ്പളമടക്കമുള്ള ചെലവുകള്‍ നടത്താന്‍. മുതലാളിമാരെ സംബന്ധിച്ചിടത്തോളം ഒരു കൂഴപ്പവുമില്ല. അവര്‍ മംഗളം എന്ന ബ്രാന്‍ഡ് കൊണ്ട് കോടിപതികള്‍ ആയവരാണ്. ഒരു അയ്യായിരം പത്രം ദിവസവും ഇറങ്ങിക്കിട്ടിയാല്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി അംഗത്വം നിലനിര്‍ത്താം; പത്രാധിപര്‍ എന്ന ടൈറ്റിലില്‍ എവിടെ ചെന്നും കാര്യം നടത്താം.
നിയമനങ്ങള്‍ മുഴുവന്‍ കരാറിലാണെന്ന് മാത്രമല്ല, അവയത്രയും ഓണ്‍ലൈന്‍ വിഭാഗത്തിലാണ്. അവിടെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടോ അനുബന്ധ തൊഴില്‍ നിയമങ്ങളോ ബാധകമല്ല. ജേര്‍ണലിസ്റ്റുകള്‍ അടക്കമുള്ള പത്രവ്യവസായത്തിലെ തൊഴില്‍ തര്‍ക്കങ്ങള്‍ വ്യവസായ തര്‍ക്കനിയമത്തിലാണ് വരുക. ജില്ലാ ലേബര്‍ ഓഫീസര്‍ തസ്തികയില്‍ ന്യൂസ് പേപ്പര്‍ ഇന്‍സ്‌പെക്ടര്‍ എന്നൊരു ഉദ്യോഗസ്ഥന്‍ തന്നെയുണ്ട്. ന്യൂസ് ചാനല്‍, ഓണ്‍ലൈന്‍ എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമങ്ങള്‍ ഇല്ല. കേരളത്തില്‍ ഇവയില്‍ അഡ്മിനിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ നിയമം കേരള ഷോപ്‌സ് ആന്റ്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്റ് ആക്ട് ആണ്. ടിവി ജേര്‍ണലിസ്റ്റുകളെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ ഉന്നയിച്ച ആവശ്യത്തെ എതിര്‍ത്തത് രാജ്യത്തെ ന്യൂസ് ടിവികളിലെ നക്ഷത്ര ജേര്‍ണലിസ്റ്റുകളാണ്. അവര്‍ക്കാവശ്യം കരാറില്‍ കിട്ടുന്ന ലക്ഷങ്ങളാണ്.
ജേര്‍ണലിസ്റ്റ് എന്ന ഡിഗ്‌നിഫൈഡ് പൊസിഷന്‍ അധികം കാലം നിലനില്‍ക്കില്ല. എല്ലാവരും കണ്ടന്റ് പ്രൊവൈഡര്‍മാരും കണ്ടന്റ് എഡിറ്റര്‍മാരുമാണ്. കണ്ടന്റ് ഉല്‍പാദനമാണ് വാര്‍ത്താവ്യവസായത്തില്‍ നടക്കുന്നത്. അതിന് അനുരൂപമായി വാര്‍ത്താമാധ്യമപ്രവര്‍ത്തനത്തെ മാറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. വളരെ സാവധാനത്തില്‍ ചോര പൊടിയാതെ ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. മൗണ്ട് റോഡിലെ മഹാലക്ഷ്മി എന്ന് പുകള്‍പെറ്റ ദ് ഹിന്ദു പത്രത്തില്‍ പോലും ഇപ്പോള്‍ കരാറിലാണ് ജേര്‍ണ്ണലിസ്റ്റകള്‍ ജോലി ചെയ്യുന്നത്. പിന്നെ പറയാനുണ്ടോ! ടൈംസ് ഒഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളില്‍ വര്‍ഷങ്ങളായി ഇത് നിലനില്‍ക്കുന്നു. കേരളത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ തൊഴിലാളി ചൂഷണത്തിനെതിരേ നടന്ന സമരം ഐതിഹാസികമാണ്. വാര്‍ത്താ ചാനലുകളില്‍ സ്ഥിതി വ്യത്യസ്തമല്ല.
മാധ്യമ്രപ്രവര്‍ത്തനം വ്യവസ്ഥയും നിയമങ്ങളും ഇല്ലാത്ത ഹയര്‍ & ഫയര്‍ തൊഴില്‍ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. 60,000 രൂപ മാസശമ്പളം വാങ്ങുന്ന ഒരാള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 15,000 രൂപയ്ക്ക് ഒരു ബാധ്യതയുമില്ലാത്ത നാല് ചെറുപ്പക്കാരെ കരാറില്‍ പകരം വെക്കാം. തുടക്കത്തിന്റെ ആവേശത്തില്‍ അവര്‍ ഓരോരുത്തരും നാലാളുടെ പണി ചെയ്യും.
കോവിഡിന് ശേഷം രാജ്യമാകെ വാര്‍ത്താവ്യവസായത്തില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രസ് കൗണ്‍സിലിന്റെ പഠനം തന്നെയുണ്ട്. അക്കഥ സമയമെടുത്ത് പറയേണ്ടതാണ്. ഇത്തരം പ്രവണതകളെ ചെറുക്കേണ്ടത് തൊഴിലാളി യൂണിയനുകളാണ്. വാര്‍ത്താ വ്യവസായത്തിലെ തൊഴിലാളി യൂണിയനുകള്‍ കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ ദുര്‍ബലമാണ്. അത് ഒരു വില പേശല്‍ ശക്തിയല്ലാതായി മാറി. മാധ്യമസ്വാതന്ത്ര്യം, ഡയറി ഇറക്കല്‍, കുടുംബമേളയും ടൂറും നടത്തല്‍ പോലുള്ള റിക്രിയേഷന്‍ കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ. തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യൂണിയനുകള്‍ ശ്രദ്ധിക്കാറില്ല. അതിനും ചരിത്രപരമായ കാരണങ്ങളുണ്ട്. വാര്‍ത്താവ്യവസായത്തില്‍ നിരവധി തൊഴില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ പോലും ഫലപ്രദമായി ഇടപെടുന്നതില്‍ യൂണിയനുകള്‍ പരാജയപ്പെട്ടു. അത് കുറേയൊക്കെ ഈ വ്യവസായത്തിലെ തൊഴില്‍ ബന്ധങ്ങളുടെ പ്രത്യേകതയാണ്. അതും വേറെ പരിശോധിക്കപ്പെടേണ്ടതാണ്. തങ്ങള്‍ ഒരു എലൈറ്റ് ക്‌ളാസ് ആണെന്നാണ് വാര്‍ത്താവ്യവസായ തൊളിലാളികളായ മാപ്രകള്‍ സ്വയം വിശ്വസിക്കുന്നത്. സമരം ചെയ്യുന്നവരോട് അവര്‍ക്ക് പുച്ഛമാണ്.
നാല് തവണയായി കെ.യു.ഡബ്‌ള്യൂ.ജെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എംപ്ലോയീസ് അസോസിയേന്‍ പ്രസിഡണ്ട് എന്നീ നിലകളിലും ഒന്നര പതിറ്റാണ്ട് കാലം രാജ്യത്തെ വാര്‍ത്താ വ്യവസായത്തില്‍ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുറിപ്പ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: job insecurity in the news media industry