ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവര്‍ക്ക് ജോലി നല്‍കാന്‍ പല കമ്പനികളും മടിക്കുകയാണ്. കൈവശമുള്ള ബിരുദസര്‍ട്ടിഫിക്കറ്റ് മികച്ച ജോലിയിലേക്കുള്ള ചവിട്ടുപടിയാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തര്‍ക്കും ക്യാമ്പസുകള്‍ വിട്ടിറങ്ങുന്നത്. എന്നാല്‍, ജോലിക്കായുള്ള മാസങ്ങള്‍ നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍ സ്വപ്‌നജോലി ലഭിക്കുമെന്ന ആത്മവിശ്വാസം പിന്നീട് നിരാശയ്ക്ക് വഴിമാറും. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കേവലം കടലാസ് രേഖകളായി മാറുന്ന ഈ സാഹചര്യം ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്.
ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്. എന്നാല്‍, ഇന്ത്യന്‍ യുവത നേരിടുന്ന തൊഴില്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ‘ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024’. റിപ്പോര്‍ട്ട് പ്രകാരം, ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 51.25% പേര്‍ മാത്രമേ നിലവില്‍ തൊഴില്‍ ചെയ്യാനാവശ്യമായ പ്രായോഗിക നൈപുണ്യം കൈവരിച്ചിട്ടുള്ളൂ. നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 17.5% ആയി തുടരുന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ റിക്യൂട്ട്‌മെന്റ് കമ്പനിയായ ടീംലീസ് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ 75 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകത്തിന്റെ ആധുനിക ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ലോകം അതിവേഗം മാറുമ്പോഴും പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലഹരണപ്പെട്ട പാഠ്യപദ്ധതിയാണ് പല കോളേജുകളും പിന്തുടരുന്നത്. കൂടാതെ, പ്രായോഗിക അറിവിനേക്കാള്‍ സിദ്ധാന്തങ്ങള്‍ മനഃപാഠമാക്കി പരീക്ഷ എഴുതുന്ന രീതിക്കാണ് ഇപ്പോഴും പ്രാധാന്യം. ഉദ്യോഗാര്‍ത്ഥികളില്‍ ആശയവിനിമയവും, ടീം വര്‍ക്കും പഠിപ്പിക്കുന്നത് വെറും 36 ശതമാനം സ്ഥാപനങ്ങളാണെന്നും ടീംലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന അറിവും തൊഴില്‍ മേഖലയ്ക്ക് വേണ്ട പ്രായോഗിക കഴിവും തമ്മില്‍ നിലനില്‍ക്കുന്ന ഈ പൊരുത്തക്കേട് ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ആധുനിക തൊഴില്‍ വിപണിയില്‍ ഇന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രായോഗിക നൈപുണ്യത്തിനാണ് (Practical Skills) മുന്‍ഗണന. ഇന്ത്യയിലെ പ്രമുഖ റിക്യൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘വര്‍ക്ക് ഇന്ത്യ’ റിപ്പോര്‍ട്ട് പ്രകാരം, ബിരുദമില്ലെങ്കിലും തൊഴില്‍ വൈഭവമുള്ളവരെ നിയമിക്കാന്‍ കമ്പനികള്‍ തയ്യാറാണ്.
എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പുകള്‍ വെറും ചടങ്ങുകളായി മാറുന്നതും പ്രായോഗിക പരിശീലനത്തിന്റെ കുറവും ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക (52%), ജര്‍മ്മനി (75%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഔദ്യോഗിക തൊഴില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം വെറും 4.7% മാത്രമാണ്. ഈ അസന്തുലിതാവസ്ഥ രാജ്യത്തിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തൊഴില്‍ നൈപുണ്യം ലഭിക്കാത്തത് മൂലം ഇന്ത്യയിലെ യുവജനങ്ങളില്‍ സാമ്പത്തിക പരാധീനതയും മാനസിക സമ്മര്‍ദവും വര്‍ധിക്കുന്നതിനാല്‍ കടുത്ത നിരാശയാണ് ഉണ്ടാക്കുന്നത്. തൊഴില്‍ നൈപുണ്യമുള്ളവര്‍ കുറവായത് കൊണ്ട് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വലിയ തുക കമ്പനികള്‍ ചെലവഴിക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020), സ്‌കില്‍ ഇന്ത്യ മിഷന്‍ എന്നിവ വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, മാറുന്ന ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കൊപ്പം ഉയരാന്‍ കൂടുതല്‍ വേഗത കൈവരിക്കേണ്ടതുണ്ട്. സര്‍വ്വകലാശാലകള്‍ വെറും ‘ബിരുദ വിതരണ കേന്ദ്രങ്ങളായി’ തുടരാതെ, വിദ്യാര്‍ത്ഥികളുടെ പ്രായോഗിക തൊഴില്‍ക്ഷമത വളര്‍ത്തുന്ന ക്രിയാത്മക ഇടങ്ങളായി മാറണം. കേവലം പാഠപുസ്തക അറിവിനപ്പുറം തൊഴില്‍ നൈപുണ്യങ്ങളെ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ, ഇന്ത്യയുടെ യുവജനശക്തിയെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി വിനിയോഗിക്കാന്‍ സാധിക്കൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Summary: Why are Indian students remaining unemployed?