June 26, 2026 |
Share on

പരീക്ഷകള്‍ മാറ്റില്ലെന്ന് ഇറാന്‍; ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

1,000 മുതല്‍ 1,500 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ടെന്നാണ് കണക്ക്

ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുകയും സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് എംബസി നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ, ഇറാനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വലിയ അനിശ്ചിതത്വത്തിലാണ്. നിര്‍ണ്ണായകമായ മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (JKSA) ആവശ്യപ്പെട്ടു.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനിക ഇടപെടല്‍ മുന്നറിയിപ്പും കണക്കിലെടുത്ത്, തിങ്കളാഴ്ചയാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് അടിയന്തരമായി മടങ്ങാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജമ്മു കശ്മീരില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും ദേശീയ മെഡിക്കല്‍ പരീക്ഷകളുടെയും നടുവിലാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഇറാനിലെ ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ 2026 മാര്‍ച്ച് 5-ന് നടക്കാനിരിക്കുന്ന രണ്ട് പ്രധാന പരീക്ഷകളെക്കുറിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്കയുള്ളത്. മെഡിക്കല്‍ ബിരുദത്തിന്റെ ക്ലിനിക്കല്‍ പരിശീലനത്തിലേക്ക് കടക്കാന്‍ ഈ പരീക്ഷകള്‍ നിര്‍ബന്ധമാണ്. പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസമെങ്കിലും അക്കാദമിക് വര്‍ഷം നഷ്ടപ്പെടാന്‍ ഇടയാകും.

ടെഹ്റാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലായി 1,000 മുതല്‍ 1,500 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ടെന്നാണ് കണക്ക്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണി നിലനില്‍ക്കെ, രാജ്യം വിടാന്‍ കുടുംബങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദമുണ്ടെങ്കിലും, പരീക്ഷകള്‍ മാറ്റിവെക്കാത്തതിനാല്‍ പലരും അവിടെ തന്നെ തുടരാന്‍ നിര്‍ബന്ധിതരാണ്.

കഴിഞ്ഞ വര്‍ഷത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ തങ്ങളുടെ പഠനത്തെ ബാധിക്കുന്ന രണ്ടാമത്തെ വലിയ പ്രതിസന്ധിയാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ ഇറാനിയന്‍ അധികൃതരുമായി ചേര്‍ന്ന് വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം.

അതേസമയം, ഇറാനില്‍ നിന്ന് ഇന്ത്യക്കാര്‍ എത്രയും വേഗം മടങ്ങണമെന്ന് എംബസി നിര്‍ദ്ദേശിച്ചതോടെ ടെഹ്റാനില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ നിരക്ക് വര്‍ധന പല വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാരായ പ്രവാസികള്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ടിക്കറ്റ് ലഭ്യത കുറഞ്ഞതും മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വലയ്ക്കുന്നുണ്ട്.

നേരത്തെ ഇസ്രയേല്‍-ഹമാസ് യുദ്ധസമയത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ അജയ്’ എന്ന പേരില്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചിരുന്നു. സമാനമായ ഒരു ഒഴിപ്പിക്കല്‍ ദൗത്യം ഇറാനിലേക്കും വേണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.

Content Summary:  Indian medical students trapped as Iran refuses to postpone exams amid war threat

Leave a Reply

Your email address will not be published. Required fields are marked *

×