June 13, 2026 |
Share on

അമേരിക്കന്‍ പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു

അനുവദിക്കപ്പെടുന്ന എഫ്1 വീസകളുടെ എണ്ണം മഹാമാരി കാലത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

അമേരിക്കന്‍ സ്റ്റുഡന്റ് വീസയായ എഫ്-1 വീസകള്‍ അനുവദിച്ചതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്. മാര്‍ച്ച് മുതല്‍ മെയ് വരെ നല്‍കിയ എഫ്-1 വീസകളുടെ എണ്ണം കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇതേ മാസങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ എണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 27% കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ സര്‍വകലാശാലകളില്‍ സാധാരണണായി പുതിയ അക്കാദമിക് സെമസ്റ്റര്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്, അല്ലെങ്കില്‍ സെപ്തംബറില്‍. അതിനാല്‍ മാര്‍ച്ച്, മേയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വീസ നടപടികളുമായി തിരക്കു കൂട്ടുന്ന കാലമാണ്. എന്നാല്‍ ഇത്തവണ ഈ വീസ സീസണ്‍ അത്ര തിരക്കേറിയതായിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കണക്ക് നോക്കിയാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച എഫ്-1 (അക്കാദമിക്) വീസകള്‍ 9,906 ആണ്. 2022 ല്‍ ഇതേ കാലയളവില്‍ അനുവദിക്കപ്പെട്ടത് 10,894 ആണ്. കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്ര പുനരാരംഭിച്ചിരുന്ന സമയത്തെ കണക്കാണ് 2022 ലേത്. 2023 ല്‍ ഈ മാസങ്ങളില്‍ 14,987 എഫ്-1 വീസകളും, 2024 ല്‍ 13,478 വീസകളും നല്‍കി എണ്ണം ഉയര്‍ന്നിരുന്നു.

സെവിസിന് പിന്നാലെ വിസയും റദ്ദാക്കി യുഎസ്, ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

2025 മാര്‍ച്ചില്‍ അനുവദിച്ച സ്റ്റുഡന്റ് വീസകളുടെ എണ്ണം 397 ആണ്. ഏപ്രിലില്‍ 2,525 ഉം, മേയില്‍ 6,984 ഉം. കഴിഞ്ഞ വര്‍ഷത്തെ കണക്ക് ക്രമപ്രകാരം ഇങ്ങനെയാണ്; 640, 1,009, 11,829. 2024 ല്‍ 13,478 വീസകള്‍ അനവദിച്ചിടത്ത്, ഈ വര്‍ഷം മൂന്നു മാസത്തില്‍ അനുവദിക്കപ്പെട്ടത് 9,906 മാത്രം. 3572 കുറവ്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡേറ്റ പ്രകാരമുള്ള കൂടുതല്‍ കണക്കുകള്‍ ഇവിടെ പങ്കുവയ്ക്കുന്നു;

2021(മഹാമാരി കാലം)- മാര്‍ച്ച്(1,102), ഏപ്രില്‍(1,876), മേയ്( 503)

2022(മഹാമാരി കാലം കഴിഞ്ഞ്)- മാര്‍ച്ച്(1,476), ഏപ്രില്‍(1,876), മേയ്(503).

2023- മാര്‍ച്ച്(640), ഏപ്രില്‍(1,009), മേയ്(3,662).

രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളാണ് അമേരിക്കയിലേക്ക് പോകുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടയുന്നത്. വിദേശവിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിച്ചമര്‍ത്തല്‍ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെയും, ഇസ്രയേല്‍-അമേരിക്കന്‍ ഭരണകൂട വിരുദ്ധയും ആരോപിച്ച് കര്‍ശന വ്യവസ്ഥകളാണ് വിദേശവിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ചുമത്തിയിരിക്കുന്നത്. പ്രതിഷേധങ്ങളില്‍ പങ്കാളികളായെന്ന പേരില്‍ ഇന്ത്യയില്‍ നിന്നുള്ളവരടക്കം, വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തിയിട്ടുണ്ട്. പോരാത്തതിന്, അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയം മനസിലാക്കാന്‍ അവരുടെ സോഷ്യല്‍ മീഡിയയകള്‍ പരിശോധിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ വ്യക്തിഗത വിവരങ്ങള്‍ വീസ അനുവദിക്കുന്നതിന് പ്രധാന മാനദണ്ഡമാക്കിയിരിക്കുകയാണ്.

മെയ് മാസത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാക്കിക്കൊണ്ട്, സ്റ്റുഡന്റ് വീസ അപേക്ഷകര്‍ക്കുള്ള പുതിയ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്താന്‍ ട്രംപ് ഭരണകൂടം എല്ലാ യുഎസ് എംബസികള്‍ക്കും കോണ്‍സുലാര്‍ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതായി ‘പൊളിറ്റിക്കോ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു എസ് വീസ; സോഷ്യല്‍ മീഡിയ പ്രൈവസി സെറ്റിംഗ് ‘പബ്ലിക്’ ആക്കണം

ജൂണ്‍ മാസത്തില്‍, ന്യൂഡല്‍ഹിയിലെ യുഎസ് എംബസി എഫ്, എം, ജെ കാറ്റഗറി വീസകള്‍ക്കുള്ള അപേക്ഷകര്‍ സ്‌ക്രീനിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എഫ് 1 വീസ അക്കാദമിക് പഠനത്തിനും, എം വിഭാഗം വൊക്കേഷണല്‍ അല്ലെങ്കില്‍ നോണ്‍-അക്കാദമിക് പ്രോഗ്രാമുകള്‍ക്കും, ജെ വീസ പഠനം അല്ലെങ്കില്‍ ഗവേഷണം ഉള്‍പ്പെടുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ക്കും അനുവദിക്കുന്നതാണ്.  US F1 Student Visa issued from March to May, Indian students number falling to the lowest level

Content Summary; US F1 Student Visa issued from March to May, Indian students number falling to the lowest level

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×