June 03, 2026 |

സെവിസിന് പിന്നാലെ വിസയും റദ്ദാക്കി യുഎസ്, ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

സെവിസ് റെക്കോർഡ് റദ്ദാക്കിയാൽ ഒരു വിദ്യാർത്ഥിയുടെ F-1 വിസയുടെ നിയമപരമായ അംഗീകാരം ഇല്ലാതാകും

ഇക്കഴിഞ്ഞ മാസമാണ് സെവിസ് (സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം) റെക്കോർഡ് അവസാനിപ്പിച്ചെന്നും, അതിനാൽ F-1 വിസയുടെ നിയമപരമായ അംഗീകാരം നഷ്ടപ്പെട്ടെന്നും കാണിച്ച് കൊണ്ട് യുഎസ് സർക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇമെയിൽ ലഭിക്കുന്നത്. ഇതിനെ തുടർന്നാണ് തെലങ്കാനയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥിയായ 25കാരൻ ഇന്ത്യയിലേക്ക് തിരിക്കുന്നത്. സെവിസ് എന്നാൽ കുടിയേറ്റക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു വെബ്സൈറ്റാണ്. ഇത് അവരുടെ നിയമപരമായ രേഖയായി കണക്കാക്കുന്നു. “സെവിസ് റെക്കോർഡ് ഇല്ലാത്തതിനാൽ നിങ്ങൾക്ക് അമേരിക്കയിൽ തുടരാൻ കഴിയില്ല. നിങ്ങളുടെ ഫോം I-20, എംപ്ലോയ്‌മെന്റ് ഓത്തോറിസഷൻ ഡോക്യുമെന്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഇവിടെ ജോലി ചെയ്യാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല,” എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച ഇമെയിലിൽ പറഞ്ഞിരുന്നത്.

സെവിസ് റെക്കോർഡ് റദ്ദാക്കിയാൽ ഒരു വിദ്യാർത്ഥിയുടെ F-1 വിസയുടെ നിയമപരമായ അംഗീകാരം ഇല്ലാതാകും. സെവിസ് റദ്ദാക്കിയ ശേഷം വിദ്യാർഥിക്ക് അമേരിക്കയിൽ തുടരാൻ ഒരു സമയം അനുവദിക്കില്ല. എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകാൻ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇന്റർനാഷണൽ സ്റ്റുഡൻ്റ് സർവീസ് ഓഫീസ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

ഇക്കാരണത്താൽ ടെക്സാസിൽ തന്നെ തുടർന്നാൽ കസ്റ്റഡിയിലെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യുമെന്ന് ബോധ്യപ്പെട്ട വിദ്യാർത്ഥി ഏപ്രിൽ 19 ന് ഹൈദരാബാദിലേക്ക് മടങ്ങി. നാട്ടിലെത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് സെവിസ് റെക്കോർഡ് പുനഃസ്ഥാപിച്ച വിവരമറിയുന്നത്. വിശ്വസിക്കാൻ കഴിയാതെ സെവിസിന്റെ ഹെൽപ്പ് ലൈനിൽ വിളിച്ചപ്പോൾ പുനഃസ്ഥാപിച്ചതായി മറുപടി ലഭിച്ചു. സെവിസ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും തിരികെ പോകാൻ സാധിക്കാതെ ഞാൻ ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. വിസ റദ്ദാക്കിയതാണ് തിരികെ പോകാൻ കഴിയാത്തതിന്റെ കാരണം. ‘എന്റെ വിസ റദ്ദാക്കപ്പെട്ടിരിക്കയാണ്. എങ്ങനെ തിരികെ പോകണമെന്ന് എനിക്കറിയില്ല’ വിദ്യാർത്ഥി പറഞ്ഞു.

മാർച്ചിൽ തന്റെ കൂടെ താമസിക്കുന്ന ഒരു വ്യക്തിയുമായുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മാർച്ച് 20ന് കോടതിയിൽ ഹാജരായപ്പോൾ, കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇക്കാരണം മുൻനിർത്തി ഏപ്രിൽ 4ന് സെവിസ് റെക്കോർഡ് അവസാനിപ്പിച്ചതായി അറിയിച്ച് കൊണ്ട് മെയിൽ ലഭിക്കുകയുമാണുണ്ടായത്. ഉടൻ തന്നെ വിദ്യാർത്ഥി തന്റെ യൂണിവേഴ്സിറ്റി ഡിഎസ്ഒയെ ബന്ധപ്പെട്ടപ്പോൾ ക്രിമിനൽ കുറ്റം ചുമത്തിയതാണ് സെവിസ് റദ്ദാക്കിയതിന് പിന്നിലെ കാരണമെന്നാണ് വ്യക്തമാക്കിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കഴിഞ്ഞ മാസം അവസാനത്തോടെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ F-1 വിസകൾ റദ്ദാക്കിയതായി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉടൻ തന്നെ രാജ്യം വിട്ടുപോകാനും അധികൃതർ ആവശ്യപ്പെട്ടു. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കുക, കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുക തുടങ്ങിയ ചെറിയ കുറ്റങ്ങൾ ആരോപിച്ചാണ് വിദ്യാർത്ഥികളെ പുറത്താക്കുന്നത്.

സെവിസ് പുനഃസ്ഥാപിച്ചതോടെ വിദ്യാർത്ഥികൾക്ക് പഠനം പുനരാരംഭിക്കാനോ ഒപിറ്റി (ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ്)യിൽ ജോലി ചെയ്യാനോ സാധിച്ചേക്കാം. എന്നാൽ രാജ്യം വിട്ടവരുടെ അവസ്ഥ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമാണ്. വിദ്യാർത്ഥികളുടെ യുഎസ് വിസ റദ്ദാക്കപ്പെടുകയും യാത്രാ വിലക്ക് നിലവിൽ വരികയും ചെയ്തതാണ് കാരണം.

അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) കണക്കനുസരിച്ച്, സമീപ മാസങ്ങളിൽ F-1 വിസ റദ്ദാക്കപ്പെട്ട 327 അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏകദേശം 50 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. യുഎസിലെ ഏകദേശം 29 ശതമാനത്തോലം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഭൂരിഭാ​ഗം പേർക്കും രാജ്യം വിട്ട് പോകാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ട്. വിസ റദ്ദാക്കപ്പെട്ട് യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾക്ക് അതേ വിസയിൽ ഇനി തിരികെ വരാൻ സാധിക്കില്ലെന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഹൈദരാബാദിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയ്ക്കും പങ്കു വയ്ക്കാനുള്ളത് സമാനമായ അനുഭവമാണ്. സെവിസ് റദ്ദാക്കിയതിനെ തുടർന്ന നാട്ടിലേക്ക് പുറപ്പെട്ട ഇവരുടെ സെവിസ് പുനഃസ്ഥാപിച്ചെങ്കിലും ഇനി തിരികെ പോകണമെങ്കിൽ വിസ ആവശ്യമാണ് അതില്ലാത്തത് കൊണ്ട് തന്നെ മടക്കയാത്ര പരുങ്ങലിക്കായിരിക്കയാണ്. അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിസ റദ്ദാക്കൽ നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം. ഹോംലാൻഡ് സുരക്ഷാ നിയമം അനുസരിച്ച്, ചെറിയ കുറ്റങ്ങൾ പോലും നാടുകടത്താൻ കാരണമാകും. എന്നാൽ മുൻപ് ഇത്തരം കാരണങ്ങൾക്കൊന്നും ആരെയും നാടുകടത്തിയിട്ടില്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു.

content summary: Indian students face uncertainty as US reinstates SEVIS status but upholds F1 visa cancellations

Leave a Reply

Your email address will not be published. Required fields are marked *

×