അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ ഗുരുതര ആരോപണമാണ് യുഎസ് ഭരണകൂടത്തിനെതിരെ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബം ഉയർത്തുന്നത്. തെലങ്കാനയിലെ മഹ്ബൂബ്നഗർ സ്വദേശിയായ 31കാരനായ മുഹമ്മദ് നിസാമുദ്ദീനാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ വെച്ച് വെടിയേറ്റ് മരിച്ചത്. വംശവെറിയാണ് നിസാമുദ്ദീൻ്റെ കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. നിസാമുദ്ദീനൊപ്പം അപ്പാർട്ട്മെൻ്റിൽ താമസിച്ചിരുന്ന സഹതാമസക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതാണ് വെടിയുതിർക്കാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന വാദം.
കുടുംബത്തിന്റെ വിവരങ്ങൾ കൈവശമുണ്ടായിട്ടും വിവരമറിയിക്കാൻ യുഎസ് അധികാരികൾ 15 ദിവസമെടുത്തുവെന്നും കുടുംബം ആരോപിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2015 ഡിസംബറിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദ കോഴ്‌സിനായാണ് നിസാമുദ്ദീൻ അമേരിക്കയിലേക്ക് പോയത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീഡിയോ കോളിൽ വീട്ടിലെ അംഗങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും റൂംമേറ്റുകളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ കുറച്ച് ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന വംശവെറി എന്നത് ഒറ്റപ്പെട്ട സംഭവമല്ല. 2024ന്റെ തുടക്കം മുതൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചില കേസുകൾ കൊലപാതകങ്ങളും മറ്റ് ചിലത് ദുരൂഹ സാഹചര്യങ്ങളിലുള്ള മരണങ്ങളുമാണ്. യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ, മാനസിക പീഡനങ്ങൾ, വിവേചനം ഇവയെല്ലാം വ്യക്തമാക്കുന്നത് അവിടെ നിലനിൽക്കുന്ന വംശവെറിയെക്കുറിച്ചാണ്.
Also read: അമേരിക്കന്‍ പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു
ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ നടന്ന സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
വിവേക് സൈനി: ഈ വർഷം ജനുവരിയിൽ ജോർജിയയിൽ വെച്ച് ഒരു വഴിയാത്രക്കാരൻ ചുറ്റിക കൊണ്ട് അമ്പതിലധികം തവണ ആക്രമിച്ചതിനെ തുടർന്നാണ് വിവേക് സൈനി കൊല്ലപ്പെട്ടത്. ഈ സംഭവം വലിയതോതിൽ മാധ്യമശ്രദ്ധ നേടുകയും വംശീയ വിദ്വേഷത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
അമർനാഥ് ഘോഷ്: കൊൽക്കത്തയിൽ നിന്നുള്ള നർത്തകനായിരുന്ന അമർനാഥ് ഘോഷ് ഫെബ്രുവരിയിൽ മിസോറിയിൽ വെച്ച് വെടിയേറ്റ് മരിച്ചു. ഇത് വംശീയ വിദ്വേഷ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
മുഹമ്മദ് അബ്ദുൽ അർഫത്ത്: ഒഹായോയിലെ ക്ലീവ്‌ലാൻഡ് സർവ്വകലാശാലയിൽ പഠിക്കുകയായിരുന്ന അർഫത്തിനെ ഒരു മാസത്തോളം കാണാതായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് മുമ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വലിയ തുക മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്ദേശം ലഭിച്ചിരുന്നു.
നീൽ ആചാര്യ: പർഡ്യൂ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യയെ ദിവസങ്ങളോളം കാണാതായിരുന്നു. പിന്നീട് മൃതദേഹം യൂണിവേഴ്സിറ്റി ക്യാംപസിന് സമീപം ഒരു കാടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ശ്രേയസ് റെഡ്ഡി ബെനിഗേരി: ഒഹായോയിലെ സിൻസിനാറ്റിയിൽ വെച്ച് ശ്രേയസ് റെഡ്ഡി ബെനിഗേരി എന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ലെങ്കിലും ഈ സംഭവം ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുള്ളതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇത് ചില വിഭാഗങ്ങളിൽ അരക്ഷിതത്വബോധം ഉണ്ടാക്കാനും വംശീയ വിദ്വേഷം വളർത്താനും കാരണമായതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ഭിന്നതകൾ വംശവെറിയെ ആളിക്കത്തിക്കുന്നതിൽ ഒരു ഘടകമാണ്.
പലപ്പോഴും ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ടതാണെന്ന് അമേരിക്കൻ അധികാരികൾ വാദിക്കാറുണ്ടെങ്കിലും ആവർത്തിക്കുന്ന സംഭവങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്. വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടൽ നടത്തിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
Content Summary: Ongoing racial discrimination against Indian students in the US, with reports highlighting mysterious deaths that continue to raise concern
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.