ഡൊമിനിക്കൻ റിപബ്ലിക്കിൽ അവധി ആഘോഷത്തിനിടെ കാണാതായ സുദിക്ഷയുടെ മരണം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ട് മാതാപിതാക്കൾ. മകളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് മാതാപിതാക്കൾ ആവശ്യമുന്നയിച്ചതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയായ സുദിക്ഷയെ അവസാനമായി കാണുന്നത് പൂണ്ട കാന ടൌണിലെ റിയു റിസോർട്ടിൽ വച്ചാണ്. യുഎസിലെ ഫെഡറൽ ലോ എൻഫോഴ്സ്മെന്റ് ഏജൻസിയും ഡൊമിനിക്കൻ റിപബ്ലിക്കും സംയുക്തമായാണ് സുദിക്ഷയുടെ തിരോധാനം അന്വേഷിക്കുന്നത്. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല.
മകളുടെ മരണം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സുദിക്ഷയുടെ മാതാപിതാക്കൾ അന്വേഷണ ഏജൻസിയ്ക്ക് കത്തയച്ചതായി ഡൊമിനിക്കൻ റിപ്പബ്ലിക് നാഷണൽ പോലീസ് വക്താവ് ഡീഗോ പെസ്‌ക്വീറ പറഞ്ഞു. സുദീക്ഷയെ കാണാതാവുന്നതിന് തൊട്ടു മുമ്പ് കൂടെയുണ്ടായിരുന്ന വ്യക്തിയുടെ പാസ്പോർട്ട് അന്വേഷണസംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്ലബിക്കിലെ അറ്റോർണി ജനറൽ യെനി ബെറനിസ് റെയ്നാഡോ കേസിലെ പ്രതിയെന്ന സംശയിക്കുന്ന ജോഷ്വ സ്റ്റീവൻ റിബെയെ 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജോഷ്വയെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ല, തെറ്റുകൾ എന്തെങ്കിലും ചെയ്തിട്ടുള്ളതായി കണ്ടത്താനും സാധിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. എന്നാൽ, എന്ത് കൊണ്ടാണ് ജോഷ്വയുടെ പാസ്പോർട്ട് കണ്ടുകെട്ടിയതെന്ന് വ്യക്തമല്ല. മാർച്ച് 6ന് സുദിക്ഷയുടെ തിരോധാനം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ജോഷ്വ പൊലീസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിനായി ജോഷ്വയെ പൊലീസ് പലതവണ കസ്റ്റഡിയിലെടുത്തതായി മാതാപിതാക്കൾ പറയുന്നു. മകളുടെ തിരോധാനത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് കരുതുന്നതായി പ്രസ്താവിച്ച് കൊണ്ട് സുദിക്ഷയുടെ മാതാപിതാക്കൾ കത്തയച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസന്വേഷണം ശരിയായ ദിശയിലാണെന്നും യുവതിയെ അവസാനമായി കണ്ട ജോഷ്വ കേസിൽ പൂർണ്ണമായി സഹകരിച്ചിരുന്നതായും മാതാപിതാക്കൾ വ്യക്തമാക്കി.
നാല് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അവധി ആഘോഷത്തിനായി സുദിക്ഷ പൂണ്ട കാനയിലേക്ക് എത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു. പൂണ്ട കാനയിലെ ഹോട്ടലിൽ വച്ചാണ് താൻ സുദിക്ഷയെയും സുഹൃത്തുക്കളെയും കാണുന്നതെന്ന് ജോഷ്വ വ്യക്തമാക്കിയിരുന്നു. ജോഷ്വയ്ക്കൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. 2 പുരുഷൻമാരും 6 സ്ത്രീകളും ബാറിലിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇവിടെ നിന്ന് വെളുപ്പിന് 4 മണിയോടെ ഇവർ ബീച്ചിലേക്ക് പോകുന്നതും കാണാം. സംഘം തിരികെയെത്തുമ്പോൾ കൂടെ സുദിക്ഷയും ജോഷ്വയും ഇല്ലായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സുദിക്ഷ തിരമാലയിൽ അകപ്പെട്ടതായും സുദിക്ഷയെ രക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നതായും ആറാമത്തെ ചോദ്യം ചെയ്യലിൽ ജോഷ്വ വ്യക്തമാക്കിയിരുന്നു. സുദിക്ഷയുടെ തിരോധാനത്തിൽ ആരെയും സംശയമില്ലെന്ന് ഡൊമിനിക്കൻ റിപബ്ലിക്ക് അധികാരികൾ വ്യക്തമാക്കി. ഇതൊരു തിരോധാന കേസ് മാത്രമാണെന്നും കുറ്റകൃത്യങ്ങൾ നടന്നതായി കരുതുന്നില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിൽ സുദിക്ഷയുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ത്യൻ വംശജയായ വിദ്യാർത്ഥി കാണാതായ ബീച്ചിലെ ഒരു ലോഞ്ച് ചെയറിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെടുത്തത്. ബീച്ച് ചെയറിൽ പൊതിഞ്ഞ വെളുത്ത നെറ്റഡ് സരോംഗും സൺ ലോഞ്ചറിന്റെ കാലിനടുത്ത് സൂക്ഷിച്ചിരിക്കുന്ന മണൽ കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു ജോടി ചെരിപ്പുകളുമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.
content summary: Parents of Sudiksha Konanki Urge Authorities to Declare Her Deceased