വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സംവരണ വിരുദ്ധ പ്രതിഷേധമാണ് ഷെയ്ഖ് ഹസീനയുടെ കസേര തെറിപ്പിച്ചത്
മൃദുഭാഷിയായൊരു വിദ്യാര്‍ത്ഥിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ സാധിക്കുമോ? നഹിദ് ഇസ്ലാമിന് കഴിഞ്ഞു. ബംഗ്ലാദേശ് കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയെ അധികാരം വിട്ടൊഴിയാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ചെറുപ്പക്കാരനാണ് നഹിദ് ഇസ്ലാം. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ സംവരണ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെയാണ് 15 വര്‍ഷത്തെ തുടര്‍ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീനയ്ക്ക് അന്യരാജ്യത്തേക്ക് പലായനം ചെയ്യേണ്ടി വന്നത്.
സംവരണ വിരുദ്ധ കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കോര്‍ഡിനേറ്ററാണ് 26 കാരനായ ഇസ്ലാം. ഇവരുടെ മുന്നേറ്റമാണ് ഒടുവില്‍ ഹസീന വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചതും പ്രധാനമന്ത്രിയെ താഴെയിറക്കിയതും.
എന്തിനാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്?
ജൂലൈ പകുതിയോടെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെയാണ് നഹിദ് ഇസ്ലാം ദേശീയ ശ്രദ്ധയില്‍ വരുന്നത്. പ്രതിഷേധം ശമിപ്പിക്കാന്‍ നേതാക്കളെ പിടികൂടുകയെന്നതാണ് എവിടെയുമെന്ന പോലെ ബംഗ്ലാദേശ് ഭരണകൂടവും സ്വീകരിച്ച വഴി. അതോടെയാണ് നഹിദ് ഇസ്ലാമും ധാക്ക സര്‍വകലാശാലയിലെ മറ്റ് ചില വിദ്യാര്‍ത്ഥി നേതാക്കളും തടവിലാക്കപ്പെടുന്നത്.
പക്ഷേ, കാര്യങ്ങള്‍ വിചാരിച്ചതുപോലെയല്ല പോയത്. ധാക്കയിലെ തെരുവുകളില്‍ മനുഷ്യരക്തം ഒഴുകാന്‍ തുടങ്ങി. പ്രതിഷേധം കലാപത്തിലേക്ക് വഴി മാറി. വിദ്യാര്‍ത്ഥികളെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ വന്നതോടെ അവരെ അടിച്ചമര്‍ത്താന്‍ തുടങ്ങി. റബര്‍ ബുള്ളറ്റുകളും മെറ്റല്‍ ബുള്ളറ്റുകളും വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ തറച്ചു കയറി. കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി. ഏകദേശം 300 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇവരിലധികം പേരും വിദ്യാര്‍ത്ഥികളായിരുന്നു.
ധാക്ക സര്‍വകലാശലയിലെ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് നഹിദ് ഇസ്ലാം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്‍പേ തന്നെ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥി. ബംഗ്ലാദേശിലെ സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരേ രൂപം കൊണ്ട സ്റ്റുഡന്റ്‌സ് എഗയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ മൂവ്‌മെന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരില്‍ പ്രധാനിയാണ് ഇസ്ലാം. ബംഗ്ലാദേശ് രൂപീകരണത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര പോരാളികളുടെയും സൈനികരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്ന മുന്‍ നിയമം വീണ്ടും പ്രാബല്യത്തില്‍ വരുത്താനുള്ള സുപ്രിം കോടതി ഉത്തരവ് ജൂലൈയില്‍ വന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. സംവരണം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതാണെങ്കിലും, നാല് മാസത്തോളം നീണ്ടു നിന്ന പ്രതിഷേധത്തിന്റെ ഫലമായി 2018 ല്‍ അത് അവസാനിപ്പിച്ചിരുന്നു. അന്നും പ്രതിഷേധത്തിന് മുന്നില്‍ നിന്നിരുന്നത് വിദ്യാര്‍ത്ഥികളായിരുന്നു. ഇത്തരം സംവരണങ്ങള്‍ വിവേചനത്തിന് കാരണമാകുമെന്നും, ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം.
ഒടുവില്‍ പ്രാണരക്ഷാര്‍ത്ഥം രാജ്യമുപേക്ഷിച്ച ഷെയ്ഖ് ഹസീന
തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ നഹിദ് ഇസ്ലാമിന്റെ ശബ്ദം കൂടുതല്‍ പ്രകോപനപരമായിരുന്നു. അയാള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനും എതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. തീവ്രവാദികള്‍ എന്നായിരുന്നു അവാമി ലീഗിനെ ഇസ്ലാം കുറ്റപ്പെടുത്തിയത്. ഇന്ന് ഞങ്ങള്‍ വടികള്‍ കൈയിലെടുത്തിട്ടുണ്ട്, അതു പോരായെന്ന് തോന്നിയാല്‍ ആയുധം എടുക്കും’ ഷാഹ്ബാദില്‍ ഇസ്ലാം നടത്തിയ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു.
2024 ജൂലൈ 19 ന്, പ്രതിഷേധം കനത്ത് തുടങ്ങിയ സമയം-സബുജ്ബാഗിലെ വീട്ടില്‍ നിന്ന് ഇസ്ലാമിനെ 25 പേരോളം അടങ്ങുന്നൊരു സംഘം പിടിച്ചു കൊണ്ടു പോയി. വീട്ടില്‍ നിന്ന അതേ വേഷത്തില്‍ കൈവിലങ്ങുകള്‍ അണിയിച്ച്, കണ്ണുകള്‍ മൂടിക്കെട്ടിയാണ് അവര്‍ ഇസ്ലാമിനെ കൊണ്ടു പോയത്. നിരന്തരമായ ചോദ്യം ചെയ്യലുകളും പീഡനങ്ങളും അയാള്‍ക്ക് നേരിടേണ്ടി വന്നു. പ്രതിഷേധത്തിലെ പങ്കിനെ കുറിച്ച് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ചോദ്യം ചെയ്യലുകളും പീഡനങ്ങളും. രണ്ട് ദിവസത്തിനുശേഷം പുര്‍ബാചലിലെ ഒരു പാലത്തിന് താഴെ നിന്നാണ് അബോധാവസ്ഥയിലായിരുന്ന നഹിദ് ഇസ്ലാമിനെ കണ്ടെടുക്കുന്നത്.
2024 ജൂലൈ 26 ന് ധന്‍മോണ്ടിയിലെ ഗോനോഷസ്ത്യ നഗര്‍ ആശുപത്രിയില്‍ നിന്ന് ഇസ്ലാമിനെ വീണ്ടും തട്ടിക്കൊണ്ടു പോയി. വിവിധ അന്വേഷണ ഏജന്‍സികളാണ് ഇസ്ലാമിനെ പിടികൂടി കൊണ്ടു പോകുന്നതെന്നായിരുന്നു ആരോപണങ്ങള്‍. ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിലെ ഡിറ്റക്ടീവ് ബ്രാഞ്ചിനെതിരേയും പരാതിയുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സംഘങ്ങള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായത്.
വളരെ ശാന്തനായ, മൃദുഭാഷിയായ ഒരു വിദ്യാര്‍ത്ഥിയെന്നാണ് നഹിദ് ഇസ്ലാം അറിയപ്പെടുന്നത്. പൊതുവേദികളില്‍ സംസാരിക്കുമ്പോഴും അയാള്‍ വികാരരഹിതനായാണ് കാണപ്പെടാറ്. എന്നാല്‍ ഉറച്ച വാക്കുകളായിരിക്കും അയാളുടേത്.
‘ഹസീനയുടെ സുഹൃത്ത്’ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍
ഹസീന രാജിവച്ചൊഴിഞ്ഞെങ്കിലും രാജ്യഭരണത്തില്‍ പട്ടാളം പങ്കുപറ്റുന്നത് അംഗീകരിക്കില്ലെന്നാണ് ഇസ്ലാം പറയുന്നത്. സൈന്യം നേരിട്ടോ പിന്തുണ കൊടുക്കുന്നതോ ആയ ഭരണകൂടമല്ല വരേണ്ടതെന്ന് നഹിദ് ഇസ്ലാമും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളും പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യുനൂസിനെ മുഖ്യ ഉപദേഷ്ടാവാക്കി കൊണ്ട് ഒരു ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ വരണമെന്നാണ് ഇസ്ലാമും കൂട്ടരും ആവശ്യപ്പെടുന്നത്. തങ്ങള്‍ നിര്‍ദേശിക്കുന്നൊരു ഭരണ സംവിധാനത്തെയല്ലാതെ മറ്റൊന്നിനെയും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടും നഹിദ് ഇസ്ലാം തന്റെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ ഞങ്ങള്‍ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ ചോര പാഴാകാന്‍ അനുവദിക്കില്ലെന്നാണ് ഹസീനയുടെ രാജിക്ക് ശേഷവും ഇസ്ലാം പ്രതികരിച്ചത്. ജീവിത സുരക്ഷിതത്വം, സാമൂഹിക നീതി, പുതിയൊരു രാഷ്ട്രീയ ഭൂമിക എന്നിവ ഉറപ്പാക്കുന്നൊരു നവ ജനാധിപത്യ ബംഗ്ലാദേശ് ഞങ്ങള്‍ സൃഷ്ടിക്കുമെന്നും തിങ്കളാഴ്ച്ച നഹിദ് ഇസ്ലാം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ 170 മില്യണ്‍ ജനങ്ങളും ഇനിയൊരിക്കലും ഫാസിസ്റ്റ് കാലത്തേക്ക് തിരികെ പോകേണ്ടി വരില്ലെന്നാണ് നഹദ് ഇസ്ലാം ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. അതോടൊപ്പം തന്റെ സഹപ്രവര്‍ത്തകരോട് അയാള്‍ ആവശ്യപ്പെട്ടത്, രാജ്യത്തെ ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും അവരുടെ ആരാധാനാലയങ്ങള്‍ സംരക്ഷിക്കണമെന്നുമാണ്.
1998 ല്‍ ധാക്കയിലാണ് നഹദ് ഇസ്ലാം ജനിക്കുന്നത്. അധ്യാപകനാണ് ഇസ്ലാമിന്റെ പിതാവ്. നകിബ് എന്നൊരു സഹോദരനുള്ള ഇസ്ലാം വിവാഹിതനാണ്.
കാലം തീരുമാനിച്ച ആകസ്മികതയോ!; ബംഗ്ലാദേശ് കത്തുമ്പോള്‍ പദാദിക് തിരശീലയിലേക്ക്
‘അസാധാരണമായ ഊര്‍ജ്ജമുള്ളവനാണ് ഇസ്ലാം, രാജ്യത്ത് മാറ്റം കൊണ്ടു വരണമെന്നാണ് അവന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. പൊലീസ് അവനെ പിടിച്ചു കൊണ്ടു പോയി, ബോധം മറയുന്നതുവരെ മര്‍ദ്ദിച്ചു. എന്നിട്ടവര്‍ അവനെ റോഡില്‍ തള്ളി. അതൊക്കെ സഹിച്ചും അവന്‍ പോരാട്ടം തുടര്‍ന്നു. അവന്‍ പിന്മാറില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശ്വാസമുണ്ടായിരുന്നു. അവനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണ്’ നഹാദ് ഇസ്ലാമിനെ കുറിച്ച് ധാക്ക സര്‍വകലാശാലയിലെ ഒരു ജ്യോഗ്രഫി വിദ്യാര്‍ത്ഥി റോയിട്ടേഴ്‌സിനോട് പറഞ്ഞ കാര്യങ്ങളാണിത്.
ഒരു പക്ഷേ ഇതായിരിക്കാം വിജത്തിലെത്തിയ ആദ്യത്തെ ജെന്‍ സി(Gen Z) വിപ്ലവം. സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടെങ്കില്‍ പോലും ജനാധിപത്യപരമായ പരിവര്‍ത്തനത്തിന് ശുഭാപ്തി വിശ്വാസം പകരനായിട്ടുണ്ട്’ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ സബ്രിന കരിം പറഞ്ഞത്. who is nahid islam leader of student protest against sheikh hasina in bangladesh
Content Summary; who is nahid islam leader of student protest against sheikh hasina in bangladesh