കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട, പട്ടാളത്തെ താഴെയിറക്കിയ, അധികാരത്തിലിരുന്ന് ചരിത്രം കുറിച്ച ഹസീന
ബംഗ്ലാദേശിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിക്ക് ഒടുവില്‍ രാജ്യം വിട്ട് ഓടേണ്ടി വന്നിരിക്കുന്നു. ലോകത്തിലെ പല ഭരണാധികാരികള്‍ക്കും സംഭവിച്ചിരിക്കുന്ന ഗതികേട് തന്നെയാണ് ഷെയ്ഖ് ഹസീനയ്ക്കും ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍, ഹസീനയ്ക്ക് സ്ഥാനം ത്യജിക്കേണ്ടി വന്നിരിക്കുന്നു. രാജ്യം പട്ടാള ഭരണത്തിലേക്കും പോയി. തെരുവില്‍ കലാപം നടത്തുന്നവരെ അടിച്ചമര്‍ത്തുമെന്ന് വെല്ലുവിളിച്ച ഹസീനയ്ക്ക് ഒടുവില്‍ പ്രാണരക്ഷാര്‍ത്ഥം ഇന്ത്യയിലേക്കു പലായനം ചെയ്യേണ്ടി വന്നു.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ മകള്‍ക്ക്, തന്റെ പിതാവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട രാജ്യത്ത് നിന്ന് ഓടിയൊളിക്കേണ്ടി വന്നു. കലാപകാരികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വരെയെത്തിയിരുന്നു. രാഷ്ട്രപിതാവിന്റെ പ്രതിമകളും അവര്‍ തകര്‍ത്തു. സ്വാതന്ത്രസമര പോരാളികളുടെ കുടുംബങ്ങള്‍ക്ക് വീണ്ടും സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധമാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചിരിക്കുന്നത്. 300 പേരോളമാണ് ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത്. രാജ്യം കലാപത്തില്‍ കത്തിയെരിയുന്ന ഘട്ടത്തില്‍ സൈന്യം ഇടപെടുകയും പ്രധാനമന്ത്രിയോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കരുത്തയായ ഹസീനയ്ക്ക് മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. സ്ഥാനമൊഴിഞ്ഞ് സൈന്യം ചെയ്തു കൊടുത്ത ഉപകാരത്തിന്റെ പുറത്ത് അവര്‍ സ്വന്തം നാട് വിട്ട് അയല്‍ രാജ്യത്തേക്ക് രക്ഷപ്പെട്ടു.
ഈ വര്‍ഷമാണ്, 76 കാരിയായ ഹസീന പ്രധാനമന്ത്രി പദത്തിലെ അഞ്ചാമൂഴത്തിലായി അധികാരമേറ്റത്. 1996 ജൂണ്‍ മുതല്‍ 2001 ജൂലൈ വരെ അധികാരത്തിലിരുന്ന അവര്‍, 2009 മുതല്‍ ഇപ്പോള്‍ വരെ വീണ്ടും പ്രധാനമന്ത്രി കസേരയിലെത്തി. മൂന്ന് പതിറ്റാണ്ട് കാലം രാജ്യം ഭരിച്ച ഹസീനയാണ് ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന ബംഗ്ലാദേശ് ഭരണാധികാരിയും.
ഗോപാല്‍ഗഞ്ചിലെ തുംഗിപറയില്‍ 1947 സെപ്തംബര്‍ 28 ന് ആയിരുന്നു ബംഗബന്ധു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെയും ‘ബംഗമാത’ ബീഗം ഫാസിലതുനീസയുടെയും അഞ്ചു മക്കളില്‍ മൂത്തയാളായി ഹസീന ജനിക്കുന്നത്. ഏദന്‍ ഗേള്‍സ് കോളേജ്, ഏദന്‍ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് കോളേജ്, ധാക്ക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നാണ് അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തിനിടയിലും അവര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1969 ലെ പ്രക്ഷോഭത്തിലും മുന്‍നിരയിലുണ്ടായിരുന്നു. 1960 കളുടെ അവസാനത്തില്‍, ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഹസീന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടുന്നത്. പാകിസ്താന്‍ സര്‍ക്കാര്‍ മുജിബുര്‍ റഹ്‌മാനെ തടവിലാക്കിയിരുന്ന കാലത്തെല്ലാം പിതാവിന്റെ വക്തവായി ഹസീന പൊതുസമക്ഷമുണ്ടായിരുന്നു. 1971 ല്‍ ഹസീന ഉള്‍പ്പെടെയുള്ള റഹ്‌മാന്‍ കുടുംബത്തെ കുറച്ച് കാലത്തേക്ക് പാക് സര്‍ക്കാര്‍ തടവിലാക്കിയിരുന്നു. ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തിയായിരുന്നു തടവ്.
പ്രശസ്തന ആണവ ശാസ്ത്രജ്ഞനായ ഡോ. എം വസേദ് മിയയെയാണ് ഹസീന വിവാഹം കഴിച്ചത്. രണ്ട് മക്കളായിരുന്നു ഇവര്‍ക്ക്; സജീബ് വസേദ് ജോയ്, സൈമ വസേദ് പുതുല്‍.
1975 ഓഗസ്റ്റ് 15 നാണ് ലോകത്തെ തന്നെ നടുക്കിയ കൂട്ടക്കൊല ബംഗ്ലാദേശില്‍ നടന്നത്. മുജിബുര്‍ റഹ്‌മാന്‍, ഭാര്യ, മൂന്ന് ആണ്‍കുട്ടികള്‍ എന്നിവരെ സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തി. ആ കുടുംബത്തില്‍ രക്ഷപ്പെട്ടത് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയും മാത്രമായിരുന്നു. ഇരുവരും ആ സമയത്ത് വെസ്റ്റ് ജര്‍മനിയിലായിരുന്നു. തുടര്‍ന്ന് ആറ് വര്‍ഷത്തോളം അവര്‍ വിദേശവാസം തുടര്‍ന്നു. ഒടുവില്‍ മടങ്ങിയെത്തിയത് തന്റെ പിതാവിനാല്‍ സ്ഥാപിതമായതും ബംഗ്ലാദേശിലെ ഏറ്റവും വലുതുമായ രാഷ്ട്രീയ പാര്‍ട്ടി അവാമി ലീഗിന്റെ അമരത്തേക്കാണ്.
1981 ലാണ് ഹസീന സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ജനാധിപത്യത്തിനു വേണ്ടി ഉറക്കെ ശബ്ദിക്കുന്ന നേതാവ് എന്ന ലേബലായിരുന്നു ഹസീനയ്ക്ക് തുടക്കം മുതല്‍ കിട്ടിയത്. അതിന്റെ പേരില്‍ പല തവണ അവര്‍ വീട്ടു തടങ്കലില്‍ കഴിയേണ്ടി വന്നു. ബംഗ്ലാദേശിന്റെ പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ട ഹസീന പട്ടാള ഭരണത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു.
രാജ്യം പട്ടാള ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഷെയ്ഖ് ഹസീനയാണ് മുന്നിലുണ്ടായിരുന്നത്. രാജ്യത്തെ ജനങ്ങളുടെ മൊത്തം പിന്തുണ നേടിയെടുത്ത അവര്‍ പട്ടാളത്തിന് മുന്നില്‍ അധികാരം വിട്ടൊഴിയാനുള്ള അന്ത്യശാസനം വച്ചു. ഒടുവില്‍, 1990 ഡിസംബറില്‍ ലെഫ്റ്റനന്റ് ജനറല്‍ ഹുസൈന്‍ മൊഹമ്മദ് ഇര്‍ഷാദ് രാജിവച്ച് പുറത്തു വന്നു. ഇര്‍ഷാദായിരുന്നു രാജ്യം അവസാനമായി ഭരിച്ച പട്ടാള ഭരണാധികാരി. എന്നാല്‍ അതേ ഹസീനയില്‍ നിന്ന് തന്നെ പട്ടാളം അധികാരം പിടിച്ചെടുത്തിരിക്കുന്നുവെന്നതാണ് ഇന്ന് കാണേണ്ടി വന്നത്.
പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യുമായി ഹസീന നേരിട്ട് പോരിനിറങ്ങുന്നത്. സിയ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഹസീനയും പാര്‍ട്ടിയും പാര്‍ലമെന്റ് ബഹിഷ്‌കരിച്ചു. ഇത് വലിയ പ്രക്ഷോഭത്തിലാണ് കലാശിച്ചത്. രാജ്യം കലാപത്തിലേക്ക് വീണു. ഒടുവില്‍ ഖാലിദ സിയ സര്‍ക്കാരിനു രാജിവയ്‌ക്കേണ്ടി വന്നു. 1996 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഹസീനയുടെ ആദ്യ ഊഴത്തില്‍ രാജ്യത്ത് പ്രതീക്ഷയുടെതായ മാറ്റങ്ങള്‍ കണ്ടു. സാമ്പത്തിക വളര്‍ച്ച നേടുകയും പട്ടിണി കുറയുകയും ചെയ്തു. പക്ഷേ അപ്പോഴും രാഷ്ട്രീയ അസ്ഥിരത തുടര്‍ന്നുകൊണ്ടേയിരുന്നു. 2001 ല്‍ ഹസീനയുടെ ഒന്നാം ഊഴം അവസാനിച്ചു. ബംഗ്ലാദേശിന്റെ അതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പ്രധാനമന്ത്രി അഞ്ചു വര്‍ഷം തികച്ച് ഭരിച്ചത്. പൊതുവില്‍ നല്ല ഭരണമായിരുന്നിട്ടും 2001 ല്‍ ഖാലിദ സിയയ്ക്ക് മുന്നില്‍ പരാജയമടയേണ്ടി വന്നു ഹസീനയ്ക്ക്.
2006 നും 2008 നും ഇടയില്‍ രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായി. ഹസീനയെ തടവിലടച്ചു. പുറത്ത് വന്നതിനു പിന്നാലെ വീണ്ടുമവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. അധികാരത്തിലുമെത്തി. 2014 ല്‍ ഹസീന മൂന്നാം തവണയും പ്രധാനമന്ത്രിയായി. അത്തവണ വലിയ വിവാദങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. രാജ്യന്തരതലത്തില്‍ നിന്നും ഹസീനയ്‌ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.
2017 ല്‍ ഷെയ്ഖ് ഹസീനയ്ക്ക് ലോകത്തിന്റെ കൈയടി നേടിക്കൊടുത്തൊരു തീരുമാനം ബംഗ്ലാദേശില്‍ ഉണ്ടായി. മ്യാന്മാറില്‍ നിന്നും പലായനം ചെയ്തു വന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് സംരക്ഷണം കൊടുത്തതായിരുന്നു ആ സംഭവം.
2018 ല്‍ ഹസീനയുടെ നാലാമൂഴം തുടങ്ങി. എന്നാല്‍ അവിടം മുതല്‍ അവര്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധവും കനത്തു. സര്‍ക്കാര്‍ ജോലികളില്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെതിരേ വിദ്യാര്‍ത്ഥികള്‍ ആദ്യമായി തെരുവിലിറങ്ങുന്നത് ആ വര്‍ഷമായിരുന്നു. അതേ പ്രതിഷേധം തന്നെയാണ് അവരുടെ അഞ്ചാമൂഴത്തിലും തുടര്‍ന്നതും ഹസീനയെ അധികാരത്തില്‍ നിന്നോടിച്ചതും. life and politics of sheikh hasina ex bangladesh prime minister
Content Summary; life and politics of sheikh hasina ex bangladesh prime minister