June 26, 2026 |
Share on

‘ഗാസയെ ചേർത്തുപിടിച്ചതിന് ടീച്ചറെ ആക്രമിക്കുന്നവരാണ് യഥാർത്ഥ കുറ്റവാളികൾ’

ഒരാളുടെ നിലനിൽപ്പിലേക്കുള്ള
കടന്നുകയറ്റമാണ് ഇത്

ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക. പതിവു പോലെ ഇക്കൊല്ലവും പിറന്നാൾ ആശംസകളുമായി എത്തിയവർക്ക് മലയാളത്തിന്റെ എഴുത്തമ്മ എം ലീലാവതി ടീച്ചർ നൽകിയ മറുപടിയാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വാക്കുകൾ ചർച്ചയായി. ലോകത്തിലെ ഏറ്റവും നിസഹായരായ മനുഷ്യർക്ക് വേണ്ടി ടീച്ചർ തന്റെ പിറന്നാളോഘോഷം മാറ്റി വച്ചപ്പോൾ, യാതൊരു പരി​ഗണനയും നൽകാതെ ടീച്ചറെ കൊത്തിപ്പറിയ്ക്കുകയാണ് പലരും ചെയ്തത്.

ഗാസയിൽ മാത്രമല്ല ഈ ലോകത്ത് പലയിടത്തും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടല്ലോ അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നിങ്ങനെ ആയിരുന്നു വിമർശനം. ഗാസയിലെ കുട്ടികളെ കാണുമ്പോൾ ചോറ് തൊണ്ടയിൽ നിന്നും ഇറങ്ങാത്തത് ഒരു തരം അസുഖമാണമ്മേ .. ഒരു “പ്രത്യേക മതേതരത്വ ഉറക്കത്തിൽ കാലുപിടി ” എന്നാണ് ആ അസുഖത്തിൻ്റെ പേര് എന്നും ചിലർ കുറിച്ചു. ഈ വിമർശനത്തെ തന്റെ സൗമ്യമായ ഇടപെടൽ കൊണ്ടാണ് ടീച്ചർ തള്ളിക്കളഞ്ഞത്. വിമർശിക്കുന്നവരോട് വിദ്വേഷമില്ലെന്നും കുഞ്ഞുങ്ങൾ എവിടെയാണെങ്കിലും, കുഞ്ഞുങ്ങളാണെന്ന് ടീച്ചർ പറയുമ്പോൾ പ്രായത്തിന്റെയും പരിചയസമ്പത്തിന്റെയും വെളിച്ചത്തിൽ അവരാർജിച്ചെടുത്ത അറിവാണ് ഇവിടെ പ്രകാശിക്കുന്നത്. അത്രത്തോളം പോലും ചിന്താശേഷിയില്ലാത്ത ആളുകളാണ്, സമൂഹമാണ് നമുക്ക് മുന്നിൽ ഉയിർക്കൊണ്ട് വരുന്നതെന്ന് മനസിലാക്കാൻ സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് വരുന്ന വിദ്വേഷ പരാമർശങ്ങൾ മാത്രം മതി.

മനുഷ്യകുലം നിലനിന്ന് പോകുന്നത് അതിന്റെ സമാധാനവും സഹവർത്തിത്വവും കൊണ്ടാണ്. സമാധാനം , അഹിംസ എന്നിവയൊന്നും അലങ്കാരങ്ങളല്ല മറിച്ച് മനുഷ്യവംശത്തെ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്. അതിന് വേണ്ടി നിലകൊള്ളാൻ മാത്രമേ ടീച്ചറെ പോലുള്ളവർക്ക് സാധിക്കൂ അത് ടീച്ചർ ചെയ്ത് കഴിഞ്ഞൂവെന്ന് കവിയും എഴുത്തുകാരനുമായ പി എൻ ​ഗോപീകൃഷ്ണൻ അഴിമുഖത്തോട് പറ‍ഞ്ഞു. സാങ്കേതിക പുരോ​ഗതി സംഭവിച്ച ഈ കാലത്ത് ​ഗാസയിൽ ഒരു കുഞ്ഞ് കണ്ണു തുറക്കുമ്പോൾ കാണുന്നത് തന്റെ തലയ്ക്ക് മുകളിൽ ബോംബ് പൊട്ടി വീഴുന്നതാണ്. ഇതിനെ നമുക്ക് എങ്ങനെയാണ് ന്യായീകരിക്കാൻ പറ്റുക. ​ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാ‍‍ർഢ്യം പ്രഖ്യാപിച്ചതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ടീച്ചറെ ഇത്തരത്തിൽ ആക്രമിക്കുന്നവരാണ് യഥാർത്ഥ കുറ്റവാളികൾ. ഒരാളുടെ സമാധാനത്തിലേക്കും, നിലനിൽപ്പിലേക്കുമൊക്കെയുള്ള വലിയ കടന്നു കയറ്റമാണ് ഇത്തരക്കാർ നടത്തുന്നത്. നമ്മളൊക്കെ പ്രകാശനത്തിന് ഉപയോ​ഗിക്കുന്ന മലയാള ഭാഷയ്ക്ക് വെള്ളവവും വളവും നൽകിയതാണോ ഇവരുടെ കാഴ്ച്ചപ്പാടിൽ ടീച്ചർ ചെയ്ത തെറ്റെന്നും പി എൻ ​ഗോപീകൃഷ്ണൻ പറഞ്ഞു.

ആരുടെ ഭാ​ഗത്താണ് ശരിയെന്ന തരത്തിലാണ് യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളെ പലരും കൊണ്ട് പോകുന്നത്. എന്നാൽ യഥാർത്ഥത്തിൽ യുദ്ധം ചെയ്യുന്നത് എന്തിനാണെന്ന കാര്യമാണ് പരിശോധിക്കേണ്ടത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ​ഗാസയിലെ ചിത്രങ്ങൾ കാണുകയുണ്ടായി. പത്ത് ചിത്രങ്ങൾ എനിക്ക് തികച്ച് കാണാൻ സാധിച്ചിരുന്നില്ല. അത്ര ഭീകരമാണ് അവിടുത്തെ സ്ഥിതി. ആ ഭീകരതയ്ക്ക് അടിപ്പെടുന്നത് അവിടുത്തെ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഭരണകൂടങ്ങൾ തമ്മിലുള്ള പോരിൽ, ​ഗാസയ്ക്ക് വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കയാണ്, ​ഗാസ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. പാവപ്പെട്ട മനുഷ്യർക്ക് നേരെ ഒരു തെമ്മാടി രാഷ്ട്രം നടത്തുന്ന അക്രമമാണ് ഈ യുദ്ധം. പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങളുള്ള ഒരുപിടി രാജ്യങ്ങളൊഴിച്ച് ബാക്കിയെല്ലാവർക്കും യുദ്ധം നിർത്തണമെന്ന നിലപാടാണുള്ളത്. യുദ്ധം നിർത്തണമെന്ന് ആ​ഗ്രഹമില്ലാത്ത മനുഷ്യർ മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. ഇവർ സമൂഹത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പി എൻ ​ഗോപീകൃഷ്ണൻ വ്യക്തമാക്കി.

content summary: The real criminals are those attacking Leelavathy teacher for supporting Gaza says P.N Gopikrishnan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×