ഗാസ മുനമ്പിലെ യുദ്ധക്കെടുതികൾക്കിടയിൽ, പുനർനിർമ്മാണത്തിനായുള്ള ആഹ്വാനങ്ങൾ ശക്തമാവുകയാണ്. ഇത് മുതലെടുത്തുകൊണ്ട് തന്നെയാണ് അമേരിക്ക പുതിയ വിഭജന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും. ഗാസയെ ഗ്രീൻ സോൺ, റെഡ് സോൺ, എന്നിങ്ങനെ രണ്ടായി തിരിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് അമേരിക്കയുടെ നീക്കം.
ദി ഗാർഡിയൻ പുറത്തുവിട്ട അമേരിക്കൻ ആസൂത്രണ രേഖകൾ പ്രകാരം, തകർന്നടിഞ്ഞ ഗാസയെ, കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ഭാഗമായി നിലവിൽ ഇസ്രയേൽ നിയന്ത്രണത്തിലുള്ള ‘യെല്ലോ ലൈന്‍’ ഉപയോഗിച്ച് രണ്ടായി വിഭജിക്കും. ആദ്യ ഘട്ടത്തിൽ, ഗാസയുടെ കിഴക്കൻ ഭാഗത്ത് ഇസ്രയേൽ സൈനികർക്കൊപ്പം വിദേശ സേനയെ വിന്യസിക്കാനാണ് പദ്ധതി.
“ഗാസയെ പൂർണ്ണമായി ശരിയാക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് ഒരു ആഗ്രഹം മാത്രമാണ്. അതിന് സമയമെടുക്കും, എളുപ്പമാകില്ല,” ഒരു യുഎസ് ഉദ്യോഗസ്ഥൻ ഗാർഡിയനോട് വെളിപ്പെടുത്തി.
തങ്ങളുടെ പദ്ധതി യാഥാർത്ഥ്യബോധമുള്ളതാണെന്ന് അമേരിക്ക വാദിക്കുമ്പോഴും, ഇവ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും ദുഷ്‌കരവുമായ ഈ സംഘർഷത്തിന് പരിഹാരം കാണുന്നതിലും, 20 ലക്ഷത്തോളം പലസ്തീനികൾക്ക് ഭക്ഷണവും അഭയവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിലും അമേരിക്ക തീർത്തും അവ്യക്തമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപ്, മാറ്റിവെച്ച സുരക്ഷിത സമൂഹം” (Alternative Safe Communities – ASC) എന്ന പേരിൽ, പലസ്തീനികൾക്കായി ക്യാമ്പുകൾ ഉണ്ടാക്കാനുള്ള പുനർനിർമ്മാണ പദ്ധതികൾ അമേരിക്ക പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ആ പദ്ധതികൾ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഈ മാതൃകയെക്കുറിച്ച് ആവർത്തിച്ച് വലിയ ആശങ്കകൾ ഉന്നയിച്ചിരുന്ന മാനുഷിക സംഘടനകൾക്ക് ആകട്ടെ, പദ്ധതി മാറ്റത്തെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ലഭിച്ചതുമില്ല.
അന്താരാഷ്ട്ര സമാധാന സേനയുടെ വിന്യാസം, ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം, വലിയ തോതിലുള്ള പുനർനിർമ്മാണം എന്നിവയ്ക്ക് പ്രായോഗികമായ ഒരു പദ്ധതി ഇല്ലാത്തപക്ഷം, രണ്ട് വർഷത്തെ വിനാശകരമായ യുദ്ധത്തിന് ശേഷം ഗാസ അനിശ്ചിതത്വത്തിലേക്കും കുഴപ്പങ്ങളിലേക്കും വഴുതിവീഴാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന് ശേഷം, ഗാസയിലുടനീളം പലസ്തീൻ ഭരണം ഉറപ്പാക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് ഈ വിഭജന നീക്കം പിന്നോട്ട് പോകുമോ എന്ന സംശയം ഇത് ഉയർത്തുന്നു. രാഷ്ട്രീയ ഒത്തുതീർപ്പിന് പകരം, ഒരു സൈനിക നിയന്ത്രിത വിഭജനം ഗാസയുടെ ഭാവിക്ക് എത്രത്തോളം ഗുണകരമാകുമെന്ന ചോദ്യമാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
ഗ്രീൻ സോൺ vs റെഡ് സോൺ
ദി ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ഗ്രീൻ സോൺ ഇസ്രയേലിന്റെയും അന്താരാഷ്ട്ര സ്ഥിരത സേനയുടെ നിയന്ത്രണത്തിലായിരിക്കും. ഇവിടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും പലസ്തീൻ പൗരന്മാർ സുരക്ഷിതമായി ജീവിക്കുകയും ചെയ്യും. എന്നാൽ പ്രദേശത്തിന്റെ ഇസ്രയേലിന്റെ സൈനിക മേൽനോട്ടം ഗാസയുടെ പരമാധികാരത്തെക്കുറിച്ചുള്ള ചോദ്യമുയർത്തുന്നു. പലസ്തീൻ ഭരണകൂടത്തിന് അധികാരം കൈമാറാനുള്ള അമേരിക്കയുടെ വാഗ്ദാനത്തിന് ഇത് വിരുദ്ധമാണ്. ഗ്രീൻ സോൺ പുരോഗമിക്കുമ്പോൾ, റെഡ് സോണിലുള്ള പൗരന്മാർ സ്വയമേവ അവിടേക്ക് നീങ്ങാൻ നിർബന്ധിതരാകും എന്നതാണ് യുഎസ് ഉദ്യോഗസ്ഥരുടെ വാദം.
സൈനിക നടപടിയില്ലാതെ ജനങ്ങളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരു തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെടാം. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കയുടെ സൈനിക പരാജയങ്ങളുമായാണ് ഈ ആശയം താരതമ്യം ചെയ്യപ്പെടുന്നത്. അവിടെ, ഗ്രീൻ സോണുകൾ പ്രാദേശിക സമൂഹത്തിൽ നിന്ന് വേർതിരിക്കപ്പെട്ടതും അക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ പാശ്ചാത്യ ശക്തികൾ ഒളിച്ചു താമസിച്ചതുമായ കേന്ദ്രങ്ങളായിരുന്നു. ഇത് പ്രാദേശിക എതിർപ്പും അവിശ്വാസവും വർദ്ധിപ്പിക്കുകയുണ്ടായി.
റെഡ് സോൺ, യുദ്ധത്തിൽ തകർന്ന രീതിയിൽ തന്നെ തുടരാനാണ് സാധ്യത. ഇത് നീതിയുടെയും മനുഷ്യത്വപരമായ സമീപനത്തിന്റെയും ലംഘനമായി കണക്കാക്കപ്പെടുന്നു. 80 ശതമാനത്തിലധികം കെട്ടിടങ്ങൾ തകർന്ന ഗാസയിൽ, റെഡ് സോണിലെ ജനങ്ങൾ ദുരിതത്തിൽ തുടരേണ്ടിവരും. ഇത് അടിയന്തരമായ സഹായം ആവശ്യമുള്ള പ്രദേശങ്ങളെ അവഗണിക്കുന്നതിന് തുല്യമാകും. പുനർനിർമ്മാണത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നു എന്ന വിമർശനത്തിന് ഈ വിഭജന പദ്ധതി വഴിവെക്കും.
ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളാകട്ടെ തങ്ങളുടെ സൈനികരെ ഗാസയിൽ വിന്യസിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ‘മായക്കാഴ്ച’ എന്നാണ് അവർ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സൈനികരെ ഗാസയിൽ വിന്യസിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, ഐഎസ് എഫ് അഥവാ അന്താരാഷ്ട്ര സ്ഥിരത സേനയുടെ രൂപീകരണം കൂടുതൽ ദുഷ്കരമായി. സൈനിക വിന്യാസത്തിനായി രാജ്യങ്ങളെ പ്രേരിപ്പിക്കാൻ യുഎൻ പ്രമേയം പാസാകേണ്ടത് അത്യാവശ്യമാണ്. പലസ്തീൻ വിഭാഗങ്ങളെ സൈനികവൽക്കരിക്കുന്നതിനും ഇസ്രയേൽ സൈന്യം ഒരു സുരക്ഷാ ചുറ്റളവിലേക്ക് പിന്മാറുന്നതിനും അന്താരാഷ്ട്ര സ്ഥിരത സേന സഹായം നൽകും. എന്നാൽ അന്താരാഷ്ട്ര സ്ഥിരത സേന ഇസ്രയേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക.
യുഎൻ കമ്മീഷൻ വംശഹത്യയായി കണക്കാക്കിയ ഒരു യുദ്ധത്തിന്റെ രണ്ട് വർഷത്തിനുശേഷം, ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്തേക്ക് ഗാസയിലെ ജനസംഖ്യയെ പ്രലോഭിപ്പിക്കാൻ സഹായം ഉപയോഗിക്കാനുള്ള ഈ പദ്ധതി, മുൻ സംഘർഷങ്ങളിലെ മറ്റ് ദുരന്തകരമായ യുഎസ് നയങ്ങളുടെ പ്രതിധ്വനി ഉണ്ടാക്കുന്നുണ്ട്. താലിബാൻ കാബൂൾ പിടിച്ചെടുക്കുന്നതിന് ഏകദേശം ഒരു ദശാബ്ദം മുൻപ്, സാധാരണക്കാരെ സ്വാധീനിക്കാൻ ദക്ഷിണ ഹെൽമണ്ടിൽ “ഗവൺമെന്റ് ഇൻ എ ബോക്സ്” കൊണ്ടുവരികയാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ആ പ്രവിശ്യ വിമതരുടെ ശക്തികേന്ദ്രമായി തുടർന്നു.യുഎൻ കണക്കുകൾ പ്രകാരം, ഗാസയിലെ 80% ലധികം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ സ്കൂളുകളും ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ പുനർനിർമ്മാണത്തിന്റെ ആവശ്യകത വളരെ അടിയന്തിരമാണ്.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ട് ഒരു മാസത്തിലധികം പിന്നിട്ടിട്ടും, ഇസ്രയേൽ ഇപ്പോഴും ഗാസയിലേക്കുള്ള സഹായ വിതരണം പരിമിതപ്പെടുത്തുകയാണ്. കൂടാതെ, കൂടാരങ്ങൾ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ പോലുള്ള അടിസ്ഥാന വസ്തുക്കൾ പോലും തടയുന്നു. ഇവ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ‘”‘ഇരട്ട ഉപയോഗം’ ഉള്ള വസ്തുക്കളായി ഇസ്രയേൽ തരംതിരിക്കുന്നതാണ് കാരണം.
നിലവിലെ വിഭജന പദ്ധതി, മേഖലയിൽ പലസ്തീൻ ഭരണം സ്ഥാപിക്കുമെന്നും, ഗാസയെ മുഴുവനായി ഒരുമിപ്പിക്കുമെന്നുമുള്ള അമേരിക്കയുടെ വാഗ്ദാനങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നു. പുനർനിർമ്മാണത്തിലോ ഭരണത്തിലോ പലസ്തീൻ അതോറിറ്റിയുടെ പങ്ക് എന്തായിരിക്കും എന്നതിനെക്കുറിച്ച് റിപ്പോർട്ടിലും വ്യക്തതയില്ല.
ഏകദേശം 15 ലക്ഷത്തോളം പലസ്തീനികൾ അടിയന്തര അഭയ വസ്തുക്കൾക്കായി കാത്തിരിക്കുകയാണ്. ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കൂടാരങ്ങളിലാണ് ലക്ഷക്കണക്കിന് ആളുകൾ കഴിയുന്നത്. ജനസംഖ്യയിലെ ഭൂരിഭാഗവും ഗാസയുടെ പകുതിയിൽ താഴെ മാത്രം വിസ്തൃതിയുള്ള, തീരപ്രദേശത്തോട് ചേർന്നുള്ള റെഡ് സോണിൽ തിങ്ങിക്കൂടി താമസിക്കുകയാണ്.
content summary: US military planning for divided Gaza with greenzone and redzone
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.