June 26, 2026 |
Share on

ഇന്റർനെറ്റിന്റെ ജീവനാഡി മുറിക്കാൻ ഹൂത്തികൾ; ഇന്ത്യയുടെ നെറ്റ് വര്‍ക്ക് സുരക്ഷ അപകടത്തിലോ?

ചെങ്കടലിലൂടെ മാത്രം ഏകദേശം 17 അന്തര്‍വാഹിനി കേബിളുകള്‍ കടന്നുപോകുന്നുണ്ട്

മിഡില്‍ ഈസ്റ്റിലെ യുദ്ധം കരയിലും ആകാശത്തും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് കടലിന്റെ ആഴങ്ങളിലേക്ക്, ആധുനിക ലോകത്തിന്റെ ജീവനാഡിയായ ഇന്റര്‍നെറ്റ് കേബിളുകളിലേക്ക് പടരുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന കടലിനടിയിലെ ഫൈബര്‍-ഒപ്റ്റിക് കേബിളുകളുടെ സുരക്ഷ ഇന്ന് വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഇറാന്റെ നേരിട്ടുള്ള ഭീഷണിയേക്കാള്‍ ഉപരി, ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ചെങ്കടലിലെ കേബിളുകള്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുകള്‍ നല്‍കുന്നത് ആഗോള തലത്തില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

ഇന്റര്‍നെറ്റിന്റെ അദൃശ്യ ശൃംഖല

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ ഏകദേശം 99 ശതമാനവും കടലിനടിയിലൂടെയുള്ള കേബിളുകള്‍ വഴിയാണ് നടക്കുന്നത്. ചെങ്കടലിലൂടെ മാത്രം ഏകദേശം 17 അന്തര്‍വാഹിനി കേബിളുകള്‍ കടന്നുപോകുന്നുണ്ട്. ഓരോ കേബിളും ശരാശരി 100 ജിഗാബൈറ്റ് ഡാറ്റ വരെ കൈമാറാന്‍ ശേഷിയുള്ളവയാണ്. ഇവയ്ക്ക് സംഭവിക്കുന്ന ചെറിയൊരു പോറല്‍ പോലും ലോകത്തിന്റെ കണക്റ്റിവിറ്റിയെ സാരമായി ബാധിക്കും.

ഇന്ത്യ നേരിടുന്ന വെല്ലുവിളി

ഈ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയില്‍ നിന്ന് ഗള്‍ഫ് വഴി യൂറോപ്പിലേക്ക് പോകുന്ന കേബിളുകളെയാണ് ആശ്രയിക്കുന്നത്. ബാക്കി ഭാഗം ചെന്നൈ വഴി സിംഗപ്പൂര്‍, പസഫിക് മേഖലകളിലേക്കും വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ചെങ്കടലിലോ ഗള്‍ഫ് മേഖലയിലോ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ശൃംഖലയുടെ ഭൂരിഭാഗവും തടസ്സപ്പെടുകയോ വേഗത കുറയുകയോ ചെയ്യും. ബാങ്കിംഗ്, ഐടി മേഖല, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഈ റൂട്ടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

കടലിനടിയിലെ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലച്ചുപോകില്ല. കാരണം ഇന്റര്‍നെറ്റ് ഒരു ഗ്രീഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു റൂട്ട് ബ്ലോക്ക് ആയാല്‍ ഡാറ്റ മറ്റൊരു റൂട്ടിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും. എന്നാല്‍ ഈ ‘റീ-റൂട്ടിംഗ്’ പ്രക്രിയ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഡാറ്റ മറ്റ് തിരക്കേറിയ റൂട്ടുകളിലേക്ക് മാറ്റുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറയും. ടെലികോം കമ്പനികള്‍ക്ക് ട്രാഫിക് മാനേജ്മെന്റിനും അറ്റകുറ്റപ്പണികള്‍ക്കും വലിയ തുക ചിലവഴിക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകള്‍ മന്ദഗതിയിലാകുക, വീഡിയോ ബഫറിംഗ് സമയം കൂടുക, ആഗോള ഐടി സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുക എന്നിവ ഉപയോക്താക്കള്‍ നേരിടേണ്ടി വരും.

അറ്റകുറ്റപ്പണിയിലെ വെല്ലുവിളി

ട്രാഫിക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തടസ്സങ്ങള്‍ തുടരുന്നത് ഇന്റര്‍നെറ്റിന്റെ ഗുണനിലവാരത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കും. ഒരു പുതിയ കേബിള്‍ റൂട്ട് സ്ഥാപിക്കാന്‍ ശരാശരി ഒരു വര്‍ഷം വരെ എടുക്കും. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ കടലിനടിയിലെ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നത് അത്യന്തം അപകടകരവും പ്രയാസകരവുമാണ്.

കടല്‍ത്തീര അടിസ്ഥാന സൗകര്യങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യം വയ്ക്കുന്നത് ഒരു ആഗോള യുദ്ധതന്ത്രമായി വികസിച്ചു വരികയാണ്. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ അസ്ഥിരത കേവലം അതിര്‍ത്തി തര്‍ക്കമല്ല, മറിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് ശൃംഖലകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ബദല്‍ റൂട്ടുകള്‍ കണ്ടെത്താനും ഈ സമയം ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary: Houthi threats to global internet infrastructure: implications for India’s network security

Leave a Reply

Your email address will not be published. Required fields are marked *

×