March 23, 2025 |
Share on

എന്തിനാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്?

എരി തീയിലേക്ക് പ്രധാനമന്ത്രി ഒഴിച്ച ‘റസാക്കര്‍’മാര്‍ ആരാണ്?

ബംഗ്ലാദേശിനെ പ്രക്ഷുബ്ധമാക്കി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുത്തിയ വിവാദ സംവരണമാണ് രാജ്യവ്യാപകമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് കാരണമായത്. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം ആറ് ജീവനുകളെടുത്തിട്ടുണ്ട്. 400 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളെല്ലാം അനിശ്ചിത കാലത്തേക്ക് അടയ്ക്കുകയും ചെയ്തു.

സ്വാതന്ത്ര സമരസേനാനികളടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം പുനസ്ഥാപിച്ചുകൊണ്ട് ജൂലൈ അഞ്ചിന് ബംഗ്ലാദേശ് ഹൈക്കോടതി വിധി വന്നതോടെയാണ് തെരുവുകള്‍ പ്രക്ഷുബ്ധമായത്. 2018 ല്‍ നടന്ന വിദ്യാര്‍ത്ഥി-അധ്യാപക പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയ തീരുമാനമാണ് ഹൈക്കോടതി പുനസ്ഥാപിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും രാജ്യത്ത് കലാപ സമാനമായ സ്ഥിതിയിലേക്ക തള്ളി വിടുന്നതിന് കാരണമായിട്ടുണ്ട്. പ്രതിഷേധക്കാരെ ‘ റസാക്കര്‍’ എന്നാണ് പ്രധാനമന്ത്രി ആക്ഷേപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര പോരാട്ട കാലത്ത് ബംഗ്ലാ വിമോചന സേനയായ മുക്തി ബാഹിനിയെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ രൂപീകരിച്ച അര്‍ദ്ധ സൈനിക സേനയായിരുന്നു റസാക്കര്‍. തങ്ങളെ രാജ്യദ്രോഹികളോട് ഉപമിച്ചുള്ള പ്രധാനമന്ത്രിയുടെ ആക്ഷേപമാണ് പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

വിവാദ സംവരണം
സര്‍ക്കാര്‍ ജോലി എന്നത് ഇന്ത്യയിലെ പോലെ തന്നെ ബംഗ്ലാദേശിലും ജീവിതം സുരക്ഷിതമാക്കാനുള്ള മാര്‍ഗമാണ്. അതേസമയം സര്‍ക്കാര്‍ തൊഴില്‍ കിട്ടുകയെന്നത് ഇവിടുത്തെ പോലെ തന്നെ ശ്രമകരവുമാണ്. അസോഷ്യേറ്റ് പ്രസ് പറയുന്നതനുസരിച്ച് ഓരോ വര്‍ഷവും 4 ലക്ഷം ബിരുദധാരികളാണ് സര്‍വകലശാലകളില്‍ നിന്നും പുറത്തിറങ്ങുന്നത്, അവര്‍ക്ക് മുന്നിലുള്ളതാകട്ടെ, വെറും 3,000 തൊഴില്‍ അവസരങ്ങളും.

2018 വരെ രാജ്യത്ത് സര്‍ക്കാര്‍ ജോലികളില്‍ 56 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 30 ശതമാനം 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പോരാടിയവരുടെ കുടുംബാംഗങ്ങള്‍ക്കായിരുന്നു. അവികസിത മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും 10 ശതമാനം വീതവും, ആദിവാസി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അഞ്ചു ശതമാനവും ബാക്കിയുള്ള ഒരു ശതമാനം അംഗപരിമിതര്‍ക്കും വേണ്ടിയായിരുന്നു. ഇത് കഴിഞ്ഞുള്ള 44 ശതമാനം ഒഴിവുകള്‍ മാത്രമായിരുന്നു ബാക്കിയുള്ളവര്‍ക്കായി നീക്കി വച്ചിരുന്നത്.

സ്വാതന്ത്ര സമര ക്വാട്ടയ്ക്കു പിന്നില്‍ വലിയ അഴിമതി ആരോപിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ പിന്തുണയ്ക്കുന്നവരാണ് സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതെന്നായിരുന്നു ആക്ഷേപം. ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് അവാമി ലീഗ്. എന്നാല്‍, സ്വാതന്ത്ര സമര ക്വാട്ടയില്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ അവര്‍ അഴിമതി കാണിക്കുന്നുണ്ടെന്നായിരുന്നു പരാതി. ക്വാട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരീക്ഷകള്‍, ഓരോ വിഭാഗത്തിനും വ്യത്യസ്ത പ്രായപരിധികള്‍, മെറിറ്റ് ലിസ്റ്റില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴും ക്വാട്ട സീറ്റുകളില്‍ നിരവധി ഒഴിവുകള്‍ ബാക്കി കിടക്കുന്നു എന്നതൊക്കെയായിരുന്നു പരാതികള്‍.

പരാതികള്‍ വൈകാതെ പ്രതിഷേധരൂപം പ്രാപിച്ചു. 2018 ഏപ്രലില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തെരുവിലിറങ്ങി. നാല് മാസത്തോളം നീണ്ടു നിന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങള്‍ സംവരണ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതാനും സ്വാതന്ത്ര്യ സമര ക്വാട്ട 10 ശതമാനമാക്കി കുറയ്ക്കാനുമായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസിനൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗും(ബിസിഎല്‍) രംഗത്തിറങ്ങി. കലാപത്തിലേക്ക് കാര്യങ്ങള്‍ മാറി. പ്രശ്‌നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായി. ഒടുവില്‍ ഹസീന എല്ലാ സംവരണങ്ങളും നിര്‍ത്തലാക്കി കൊണ്ട് ഉത്തരവിറക്കി.

കോടതി തിരിച്ചു കൊണ്ടു വന്ന സംവരണം
2024 ജൂണ്‍ അഞ്ചിന് ബംഗ്ലാദേശ് സുപ്രിം കോടതിയുടെ ഹൈക്കോടതി വിഭാഗം 2018 ല്‍ റദ്ദാക്കിയ എല്ലാ സംവരണവും പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടു. കൂട്ടത്തില്‍ 30 ശതമാനം സ്വാതന്ത്ര സമര പോരാളികള്‍ക്കുള്ള ക്വാട്ടയും. ബ്രകീദ് കഴിഞ്ഞതിനു പിന്നാലെ, ജൂണ്‍17 മുതല്‍ രാജ്യതലസ്ഥാനമായ ധാക്ക മുതല്‍ വീണ്ടും സംവരണ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ജൂലൈ ഏഴിന് രാജ്യവ്യാപകമായി ബന്ദ് നടന്നു. പ്രതിഷേധം പരിധി വിടുന്നതായി കണ്ടതോടെ സുപ്രിം കോടതിയുടെ അപ്പീല്‍ വിഭാഗം ഹൈക്കോടതി ഉത്തരവ് ഒരു മാസത്തക്ക് മരവിപ്പിച്ചു. ഓരോ വിഭാഗത്തിനുമായി ഏര്‍പ്പെടുത്തിയ വിവേചനപരമായ സംവരണം എടുത്തു മാറ്റണമെന്നും, ഭരണഘടനയില്‍ അനുശാസിക്കുന്ന പ്രകാരം അഞ്ചു ശതമാനം സംവരണം പിന്നാക്കക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും, പാര്‍ലമെന്റില്‍ നിയമം പാസാക്കി ഇക്കാര്യം ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അംഗപരിമിതര്‍ക്കും ഗോത്രവിഭാഗക്കാര്‍ക്കമുള്ള ക്വാട്ട നിലനിര്‍ത്തിക്കൊണ്ട് സ്വാതന്ത്രസമര പോരാളികളുടെ പിന്‍മുറക്കാര്‍ക്കുള്ള സംവരണം അവസാനിപ്പിക്കുക എന്നത് തന്നെയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മുന്‍കാലത്തെ പോലെ പ്രതിഷേധക്കാരെ പൊലീസിനൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് നേരിട്ടതോടെയാണ് സാഹചര്യം കലാപസമാനമായത്. തിങ്കളാഴ്ച്ച നടന്ന ആക്രമണങ്ങളില്‍ മൂന്നു വിദ്യാര്‍ത്ഥികളടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. 400 ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനു പിന്നാലെയാണ് രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ സര്‍വകലാശാലകള്‍ അടച്ചത്. ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചു. സൈന്യത്തെ നാട്ടിലെങ്ങും വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയരുതെന്നുമാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരാണ് റസാക്കര്‍?
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ, അത് ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ശ്രമിച്ചത്. ‘ സ്വാതന്ത്ര്യ സമര പോരാളികളുടെ മക്കളും കൊച്ചുമക്കളുമൊന്നും കഴിവുള്ളവരല്ലേ? ഈ റസാക്കര്‍മാരുടെ മക്കളും കൊച്ചു മക്കളും മാത്രമാണോ കഴിവുള്ളവര്‍? രാജ്യം പുകഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ചു ചോദിച്ച ചോദ്യങ്ങളിതായിരുന്നു. ബലാത്സംഗങ്ങളും കൂട്ടക്കൊലകളും നടത്തി കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളുടെ സ്വാതന്ത്ര പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ നോക്കിയ ക്രൂരതയുടെ പര്യായമായിരുന്നു റസാക്കര്‍മാര്‍. ജനറല്‍ ടിക്ക ഖാനാണ് വോളന്റിയര്‍മാര്‍ എന്നര്‍ത്ഥം വരുന്ന റസാക്കര്‍മാരുടെ സംഘത്തെ കിഴക്കന്‍ പാക്കിസ്താനിലേക്ക് അയക്കുന്നത്. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു ഈ പാര മിലട്ടറി സംഘത്തിന്റെ ലക്ഷ്യം. പാക് സൈന്യത്തെ സഹായിക്കാനായി എത്തിയ റസാക്കര്‍മാരാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനമായ പല ക്രൂരതകളും ബംഗ്ലാ ജനതയോട് കാണിച്ചത്.

പാകിസ്താന്‍ ഭരണകൂടത്തെയും സൈന്യത്തിനെക്കാളും ബംഗ്ലാദേശികള്‍ ഏറ്റവും വെറുപ്പോടെയും ഭീകരതയോടെയും കാണുന്നത് റസാക്കര്‍മാരെയാണ്. തങ്ങളുടെ എതിരാളികളെയും വിമര്‍ശകരെയും റസാക്കര്‍മാരോട് ഉപമിക്കുന്നത് ഹസീനയുടെയും അവാമി ലീഗിന്റെ സ്ഥിരം പരിപാടിയാണ്. തന്റെ സര്‍ക്കാരിനെതിരേ എന്ത് പ്രതിഷേധം നടന്നാലും, ഹസീനയുടെ ചോദ്യം, നിങ്ങള്‍ റസാക്കര്‍മാരല്ലേ എന്നായിരിക്കും. അത് തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തങ്ങളെ റസാക്കര്‍മാരെന്ന് വിളിച്ചതോടെയാണ് പ്രതിഷേധക്കാര്‍ കൂടുതല്‍ അക്രമാസക്തരായത്. ഇതോടെ പൊലീസും ഭരണകൂട പിന്തുണയോടെ ബംഗ്ലാദേശ് ഛത്ര ലീഗുകാരും പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.  Students protest in bangladesh quota in government jobs,  six killed and pm shaikh hasina’s razakar jibe

Content Summary; Students protest in bangladesh quota in government jobs,  six killed and pm shaikh hasina’s razakar jibe

×