കോവിഡ്-19 അണുബാധ രക്തക്കുഴലുകളിൽ സാധാരണ വാർധക്യത്തേക്കാൾ അഞ്ച് വർഷം മുൻപേ വാർധക്യം വരുത്താൻ സാധ്യതയുണ്ടെന്ന് പഠനം. പ്രധാനമായും സ്ത്രീകളിലാണ് ഈ പ്രഭാവം കൂടുതൽ പ്രകടമാകുന്നത്. രക്തക്കുഴലുകൾക്ക് പ്രായമാകുമ്പോൾ അവയുടെ ഇലാസ്തികത നഷ്ടപ്പെടുകയും കഠിനമാവുകയും ചെയ്യും. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഫ്രാൻസിലെ പാരിസ് സിറ്റേ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിൽ 16 രാജ്യങ്ങളിൽ (ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, മെക്സിക്കോ, നോർവേ, തുർക്കി, യുകെ, യുഎസ്) നിന്നുള്ള 2,390 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
“കോവിഡ്-19 രക്തക്കുഴലുകളെ നേരിട്ട് ബാധിക്കുമെന്ന് നമുക്കറിയാം. ഇത് നേരത്തെയുള്ള വാസ്കുലർ വാർധക്യത്തിലേക്ക് നയിച്ചേക്കാം, അതായത് ഒരു വ്യക്തിയുടെ യഥാർത്ഥ പ്രായത്തേക്കാൾ പഴക്കമുള്ളതായി അവരുടെ രക്തക്കുഴലുകൾ മാറുന്നു.
ഇത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, ഹൃദയാഘാതവും പക്ഷാഘാതവും പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാൻ, ഈ അപകടസാധ്യതയുള്ളവരെ തുടക്കത്തിൽ തന്നെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്” മരിയ ബ്രൂണോ പറഞ്ഞു.
നേരിയ കോവിഡ് ബാധിച്ചവർ ഉൾപ്പെടെ കോവിഡ് ബാധിച്ച മൂന്ന് ഗ്രൂപ്പുകളിലെയും രോഗികൾക്ക്, രോഗബാധയില്ലാത്തവരെ അപേക്ഷിച്ച് ധമനികൾ കൂടുതൽ ദൃഢമായിരുന്നതായി ഫലങ്ങൾ കാണിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതിന്റെ ഫലം കൂടുതലായി അനുഭവപ്പെട്ടത്.
ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങൾ അനുഭവിച്ചവരിലും ഇത് കൂടുതലായിരുന്നു.
കോവിഡിനെതിരെ വാക്സിനേഷൻ എടുത്ത ആളുകളുടെ ധമനികൾ, വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് കാഠിന്യം കുറഞ്ഞവയായിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, കോവിഡ് അണുബാധയുമായി ബന്ധപ്പെട്ട രക്തക്കുഴലുകളുടെ വാർധക്യം സ്ഥിരത കൈവരിക്കുകയോ ചെറുതായി മെച്ചപ്പെടുകയോ ചെയ്യുന്നതായും പഠനം പറയുന്നു.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസത്തിന് ഒരു കാരണം “രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിലെ വ്യത്യാസങ്ങളാകാം” എന്ന് പ്രൊഫസർ റോസ മരിയ ബ്രൂണോ ചൂണ്ടിക്കാട്ടി.
“സ്ത്രീകളിൽ കൂടുതൽ വേഗത്തിലും ശക്തമായും ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകും. ഇത് അണുബാധയിൽ നിന്ന് അവരെ സംരക്ഷിക്കുമെങ്കിലും, അണുബാധയ്ക്ക് ശേഷം രക്തക്കുഴലുകൾക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടാക്കാനും ഇതേ പ്രതികരണം കാരണമാകും.” മരിയ ബ്രൂണോ പറഞ്ഞു.
content summary: Covid May Age Women’s Blood Vessels By 5 Years: Study
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.