ഹൃദയാഘാതത്തിന് ശേഷം സാധാരണയായി നൽകി വരുന്ന ബീറ്റാ-ബ്ലോക്കർ മരുന്നുകൾ പല സ്ത്രീകൾക്കും അപകടകരമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. യൂറോപ്യൻ ഹാർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ മരുന്ന് കഴിക്കുന്ന സ്ത്രീകൾക്ക് മരണസാധ്യതയും കൂടുതലാണ്. അതേസമയം, പുരുഷന്മാരെ ഇത് ദോഷകരമായി ബാധിക്കുന്നില്ല.
മിക്ക രോഗികളിലും ഈ മരുന്നുകൾ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, ഹൃദയാഘാതത്തിൽ ചെറിയ തകരാറുകൾ മാത്രം സംഭവിച്ച സ്ത്രീകൾക്ക് ബീറ്റാ-ബ്ലോക്കറുകൾ നൽകുന്നത് പുതിയ ആശങ്കകൾക്ക് വഴിവെക്കുന്നു.
ന്യൂയോർക്കിലെ മൗണ്ട് സിനായ് ഫസ്റ്റർ ഹാർട്ട് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ പഠനം സിഎൻഎൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹൃദയത്തിന്റെ പമ്പിംഗ് ശേഷി സാധാരണ നിലയിലുള്ള (ലെഫ്റ്റ് വെൻട്രിക്കുലാർ ഇജക്ഷൻ ഫ്രാക്ഷൻ 50% ൽ കൂടുതൽ) സ്ത്രീകൾക്ക് വീണ്ടും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ മരുന്ന് കഴിക്കാത്തവരേക്കാൾ ഏകദേശം മൂന്നിരട്ടി മരണസാധ്യതയും ഇവർക്കുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
ഓക്സിജൻ കലർന്ന രക്തം ഹൃദയം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നതിന്റെ കാര്യക്ഷമതയാണ് ലെഫ്റ്റ് വെൻട്രിക്കുലാർ ഇജക്ഷൻ ഫ്രാക്ഷൻ എന്ന അളവിലൂടെ സൂചിപ്പിക്കുന്നത്. ഹൃദയാഘാതത്തിന് ശേഷം ഇജക്ഷൻ ഫ്രാക്ഷൻ 40% ൽ താഴെയായി കുറയുന്ന രോഗികൾക്ക് ബീറ്റാ-ബ്ലോക്കറുകൾ ഇപ്പോഴും ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
ഇത്തരം സന്ദർഭങ്ങളിൽ, ഈ മരുന്നുകൾ മറ്റൊരു ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന അപകടകരമായ ഹൃദയമിടിപ്പ് തകരാറുകൾ തടയാൻ സഹായിക്കുന്നു.
ഈ പഠനത്തിന്റെ കണ്ടെത്തലുകൾ, ഹൃദയാഘാതത്തിന് ശേഷമുള്ള ചികിത്സാരീതികളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് തുടക്കമിടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
content summary: Common Heart Attack Drug May Not Help, Could Raise Death Risk For Some Women: Study
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.