ആഗോളതലത്തിലുണ്ടാകുന്ന വെല്ലുവിളികളും തടസങ്ങളും നേരിടാന്‍ രാജ്യം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഈ ചെറുത്തു നില്‍പ്പിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഹൈദരാബാദില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് കാലത്തെ പോലെ ‘വര്‍ക്ക് ഫ്രം ഹോം’, വെര്‍ച്വല്‍ മീറ്റിംഗുകള്‍ തുടങ്ങിയ രീതികള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മെട്രോ സൗകര്യമുള്ള ഇടങ്ങളില്‍ അത് തന്നെ ഉപയോഗിക്കുക. യാത്രകള്‍ക്കായി കാര്‍പൂളിംഗ് രീതി സ്വീകരിക്കുക, ചരക്ക് നീക്കത്തിനായി റെയില്‍വേയെ ആശ്രയിക്കുക. ഇതെല്ലാം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വിദേശ കറന്‍സിയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും,’ അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പോലുള്ള ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് മോദി ഓര്‍മ്മിപ്പിച്ചു. ‘രാജ്യത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നാം ദൃഢനിശ്ചയങ്ങള്‍ എടുക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകളും ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘വിദേശങ്ങളില്‍ വിവാഹം നടത്തുന്നതും വിദേശ യാത്രകള്‍ നടത്തുന്നതും മധ്യവര്‍ഗത്തിനിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും വിദേശ യാത്രകള്‍ മാറ്റിവെക്കുമെന്ന് നാം തീരുമാനിക്കണം.’ ഉത്സവ വേളകളില്‍ സ്വര്‍ണം വാങ്ങുന്ന ശീലത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് മാറിനില്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് ഞാന്‍ പറയുന്നു. ഇത് ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും,’ മോദി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായി ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കി അതില്‍ ഏതൊക്കെയാണ് വിദേശ ഉല്‍പ്പന്നങ്ങള്‍ എന്ന് കണ്ടെത്താന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വിദേശ ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയണമെന്നല്ല ഇതിനര്‍ത്ഥമെന്നും എന്നാല്‍ എത്രയും വേഗം സ്വയംപര്യാപ്തത കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിദത്ത കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബംഗാളില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ‘ഇന്നലെ ഞാന്‍ ബംഗാളിലായിരുന്നു. അവിടെ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേറ്റു. ആ വിജയത്തിന്റെ ആവേശത്തിലാണ് തെലങ്കാനയിലെ പ്രവര്‍ത്തകരും. അസമില്‍ ബിജെപി ഹാട്രിക് വിജയം നേടി, പുതുച്ചേരിയില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി. രാജ്യത്തെ ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ബിജെപിയുടെ വിജയം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് കുടുംബ രാഷ്ട്രീയത്തിന്റെ മോശം വശങ്ങളും ഇടതുപക്ഷത്ത് നിന്ന് അഴിമതി നിറഞ്ഞ പ്രവര്‍ത്തന രീതികളും പഠിച്ചെടുത്ത അപകടകരമായ മാതൃകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നടപ്പിലാക്കിയതെന്നും ജനങ്ങള്‍ അത് പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ബിആര്‍എസ് രാഷ്ട്രീയത്തില്‍ മടുത്തുവെന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ മോദി, വികസിത തെലങ്കാന യാഥാര്‍ത്ഥ്യമാകാന്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇടതുപക്ഷക്കാരേക്കാള്‍ വലിയ ഇടതുപക്ഷക്കാരായും മുസ്ലിം ലീഗിനേക്കാള്‍ വലിയ മുസ്ലിം ലീഗ് അനുകൂലികളായും മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസിനെ ഇപ്പോള്‍ എംഎംസി (മുസ്ലിം ലീഗ്, മാവോയിസ്റ്റ് കോണ്‍ഗ്രസ്) എന്നാണ് വിളിക്കുന്നത്,’ എന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് മാവോയിസം അവസാനിച്ചുവെങ്കിലും കോണ്‍ഗ്രസ് നക്‌സലൈറ്റുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ഹൈദരാബാദില്‍ കുറ്റപ്പെടുത്തി.
Content Summary; Global disruptions; Avoid foreign trips gold buying for a year, practice Work From Home, PM Modi’s advice to citizens
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.