UPDATES

മാര്‍ക്കേസിനും ടോം വൂള്‍ഫിനും ഒപ്പം നില്‍ക്കുന്ന ഓമനക്കുട്ടന്‍ മാഷ്

സി ആര്‍ ഓമനക്കുട്ടന്റെ ‘ശവം തീനികള്‍’ ‘ന്യൂ ജേര്‍ണലിസ’ത്തിന്റെ ആദ്യ മലയാളം മാതൃകയായിരുന്നു

                       

ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനം ചരിത്രപരമായി ഉരുത്തിരിഞ്ഞ് വന്നത് എന്ന വാദമാണ് ജേണലിസത്തെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചിന്തിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നവര്‍ പൊതുവേ അവതരിപ്പിച്ച് പോരുന്നത്. ഇന്ത്യയില്‍ പോലും അതാണ് സ്ഥിതി. നിര്‍ഭാഗ്യകരമായ ആ അവസ്ഥയ്ക്ക് കാരണമുണ്ട്. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ മാധ്യമപ്രവര്‍ത്തന പാരമ്പര്യങ്ങള്‍ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ വളരെ കുറച്ച് മാത്രമാണ് നടന്നിട്ടുള്ളത്. രേഖപ്പെടുത്തിയവ തന്നെ അവയുടെ തനത് ഭാഷകളില്‍ മാത്രമാണ് ലഭ്യമാവുക. അത് ഇംഗ്ലീഷ് അടക്കമുള്ള ആഗോള ഭാഷകളില്‍ ലോകമെമ്പാടും അറിയപ്പെട്ടില്ല. പശ്ചാത്യമാധ്യമങ്ങളുടെ വസ്തുതാശേഖരണത്തിനും ഗവേഷണത്തിനും വേണ്ടി അനുപാതരഹിതമായി വിഭവങ്ങളും പണവും ചെലവഴിച്ചപ്പോള്‍ മറ്റ് ഭാഷകള്‍ക്ക് അവരുടെ മാധ്യമപ്രവര്‍ത്തന ചരിത്രത്തിന്റെ ഉജ്ജ്വലമായ ചരിത്രം തന്നെയാണ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.

‘ദേശാഭിമാനി’യില്‍ അന്വേഷണ പരമ്പരയായി പ്രസിദ്ധീകരിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ‘ശവം തീനികള്‍’ പുസ്തമായി ഇറങ്ങിയത്. അതിനും 45 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഈ പുസ്തകം വായിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ നാഴികക്കല്ലായി കണക്കാക്കാവുന്ന ഇത്തമൊരു കൃതി എന്റെ മാതൃഭാഷയിലുണ്ടായിട്ടും അത് വരെ അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ച് പോയി. രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ അടിയന്തിരാവസ്ഥകാലത്ത് ഭരണകൂടം കൊല ചെയ്തതെങ്ങനെയെന്നുള്ളതിന്റെ സവിശേഷമായ രേഖപ്പെടുത്തല്‍ മാത്രമല്ല അത്, കാലത്തിന് മുന്നേ സഞ്ചരിച്ച ജേണലിസ്റ്റിക് രചനയുടെ ഉജ്ജ്വല മാതൃക കൂടിയാണ്.

ന്യൂ ജേണലിസം, വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന മറ്റ് നവീനമായ ശ്രമങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം നമ്മള്‍ കേട്ടുപോരുന്ന, പുതു തലമുറയ്ക്ക് കൈമാറി പോരുന്ന, ആഖ്യാനങ്ങളെ വീണ്ടും പരിശോധിക്കാനാണ് ഈ പുസ്തകത്തിന്റെ വായന എന്നെ പ്രേരിപ്പിച്ചത്.

സാഹിത്യ രചനകള്‍ക്കുപയോഗിക്കുന്ന സങ്കേതങ്ങള്‍ കൂടി ഉപയോഗിച്ച്, ഇസ്തിരി വടിവുള്ള പരമ്പരാഗത റിപ്പോര്‍ട്ടിങ് മാതൃകകളെ തള്ളിക്കളഞ്ഞുകൊണ്ട്, എഴുതുന്ന വിഷയങ്ങളില്‍ വൈകാരികമായി ഉള്‍ച്ചേര്‍ന്നുകൊണ്ട് വാര്‍ത്താ റിപ്പോര്‍ട്ടിങ് നടത്തുന്നതിനെയാണ് ‘ന്യൂ ജേണലിസം’ എന്ന് പറയുക. 1973-ല്‍ റ്റോം വോള്‍ഫേയും ഇ.എം ജോണ്‍സനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ന്യൂ ജേണലിസം’ എന്ന പുസ്തകമാണ് ഈ മേഖലയിലെ നാഴികക്കല്ലായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുക. ന്യൂജേണലിസത്തിന്റെ പല രചനാവിദ്യകളും അതിനുദാഹരമായ രചനകളും ഈ ആന്തോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല തരത്തിലും വളരെ പ്രധാനപ്പെട്ട രചന തന്നെയാണത്. പരമ്പരാഗതമായ, നിര്‍വികാരത കലര്‍ന്ന ജേണലിസം രചനാതന്ത്രങ്ങളില്‍ നിന്ന് ന്യൂജേണലിസം നമ്മെ മോചിപ്പിച്ചു. എന്തായാലും ഇതിനുള്ള ഖ്യാതി ക്രമാതീതമായ ലഭിച്ചത് ഇംഗ്ലീഷ് ജേണലിസത്തിനാണ്. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഈ മേഖലയില്‍ നടന്നിട്ടുള്ള നിര്‍ണായക മുന്നേറ്റങ്ങളെ കുറിച്ച് സര്‍വ്വരും അജ്ഞരുമായിരുന്നു.

പ്രൊഫ.സി.ആര്‍ ഓമനക്കുട്ടന്റെ മകനും വിഖ്യാത ചലച്ചിത്ര സംവിധായകനുമായ അമല്‍ നീരദ് എന്നെ വിളിച്ച് ‘ശവംതീനിക’ളുടെ പുതിയ പതിപ്പിന് ആമുഖം എഴുതണം എന്നാവശ്യപ്പെട്ടപ്പോള്‍, എന്തുകൊണ്ടായിരിക്കും എന്നെ അതിന് കണ്ടെത്തിയത് എന്നെനിക്കുറപ്പുണ്ടായിരുന്നില്ല. എന്തായാലും, ഈ പുസ്തകം വായിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ ഇതിന് ആമുഖമെഴുതണം എന്ന് അമല്‍ ആവശ്യപ്പെട്ടത് ഒരു പ്രത്യേക കാരണം കൊണ്ടാണെന്ന് മനസിലായി. അന്വേഷണാത്മക, ദീര്‍ഘരചന ജേണലിസത്തില്‍ ഓമനക്കുട്ടന്‍ മാഷ് തുടങ്ങി വച്ച നവീന ശ്രമങ്ങളുടെ വിനീതരായ പിന്തുടര്‍ച്ചക്കാരില്‍ ഒരുവനാണ് ഞാന്‍.

റിപ്പോര്‍ട്ടര്‍, സാഹിത്യേതര രചയിതാവ് എന്നീ നിലകളില്‍ പല അന്തരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുമായും വാര്‍ത്താലേഖകരുമായും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ പല സഹപ്രവര്‍ത്തകരുടെയും, പലപ്പോഴും ബോധപൂര്‍വ്വം പോലുമല്ലാത്ത, അധിനിവേശ മേല്‍ക്കോയ്മാ മനോഭാവവും പരിമിതമായ ലോകവീക്ഷണവും മറ്റ് ഭാഷകളില്‍ ജേണലിസത്തിനുള്ള സമ്പന്നമായ ചരിത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയും കണ്ട് നിരാശനാകാറുണ്ട്. അവരെയെല്ലാവരേയും കുറ്റപ്പെടുത്താനാകില്ല. അവരില്‍ ചിലര്‍ക്ക് തീര്‍ച്ചയായും പൈതൃകമായി ലഭിച്ച മേല്‍ക്കോയ്മാ ധാര്‍ഷ്ട്യമുണ്ട്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആലോചിക്കുകയും ഇംഗ്ലീഷ് ഇതര മാധ്യമലോകത്തെ കൂടുതല്‍ അറിയുകയും ചെയ്യുമ്പോള്‍ ‘ന്യൂ ജേണലിസം’ അമേരിക്കയില്‍ ആരംഭിച്ചതാണെന്നത് വസ്തുതാപരമായി എത്രമാത്രം ശരിയാണ് എന്ന് ഞാന്‍ സംശയിക്കുന്നുണ്ട്.

ശവംതീനികളുടെ പ്രകാശനം ജോസി ജോസഫിന് നല്‍കി കൊണ്ട് മമ്മൂട്ടി നിര്‍വഹിക്കുന്നു

പശ്ചാത്യ നാടുകളില്‍ ന്യൂജേണലിസം വേരുപിടിച്ച് തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ‘ശവം തീനികള്‍’ പുറത്ത് വരുന്നത്. ഇതാകട്ടെ ന്യൂജേണലിസത്തിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ രചനയായിരുന്നു. മാത്രമല്ല അക്കാലത്ത് സംഭവിച്ച ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ രചനയില്‍ ജേണലിസത്തിന്റെയും ദീര്‍ഘ രചന സമ്പ്രദായത്തിന്റേയും സ്വഭാവങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ണായക ശ്രമങ്ങളും കാണാം. ഇത്തരത്തിലുള്ള ഒരു രചനയ്ക്ക് പ്രേരണയും രൂപഘടനയും നല്‍കിയ ഏതെങ്കിലും മുന്‍ മാതൃകകള്‍ മലയാളത്തില്‍ അക്കാലത്ത് സി.ആര്‍.ഓമനക്കുട്ടന് മുന്നിലുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. 1960 കാലഘട്ടം മുതല്‍ സാഹിത്യ രചനാ സങ്കേതങ്ങള്‍ ജേണലിസത്തിലുപയോഗിച്ചിരുന്ന ഗാബ്രിയേല ഗാര്‍ഷ്യ മാര്‍ക്കേസിന്റേയോ അക്കാലത്തെ അഗ്രഗാമികളായ ജേണലിസ്റ്റുകളുടേയോ എഴുത്ത് രീതികള്‍ അക്കാലത്ത് കേരളത്തില്‍ പരിചിതമായിരുന്നുവെന്ന് തോന്നുന്നുമില്ല. എഴുപതുകളിലാണ് പശ്ചാത്യ ലോകത്ത് പോലും ന്യൂജേണലിസം വേരുപറപ്പിച്ച് തുടങ്ങിയത്.

അതുകൊണ്ട് തന്നെ ഒരു ഞാറയാഴ്ച രാവിലെ ഞാനദ്ദേഹത്തെ ഫോണ്‍ ചെയ്ത് സംസാരിച്ചു. അദ്ദേഹത്തിന്റെ സുവ്യക്തമായ ഓര്‍മ്മകളും, എഴുത്തുകാരന്‍ എന്ന നിലയിലുള്ള നിഷ്‌കളങ്കതയും തികച്ചും ഉന്മേഷകരവും അത്യാകര്‍ഷകവുമായിരുന്നു. ഞാനദ്ദേഹത്തോട് ചോദിച്ചു..

?ശവം തീനികള്‍ ഇങ്ങനെ എഴുതണമെന്ന് , അതായത് ഇതിലെ ഓരോ കഥാപാത്രങ്ങളെയൊക്കെ വളരെ രസകരമായി മാഷ് അവതരിപ്പിക്കുന്നുണ്ട്. ആ ഒരു സ്ട്രക്ചര്‍ എവിടെ നിന്നാണ് എടുത്തത്? ഏതെങ്കിലും സ്‌പെസിഫിക് നോവലില്‍ നിന്നാണോ, അതോ മാഷിന് തോന്നിയ ഐഡിയ ആണോ? ഇങ്ങനെ എഴുതാന്‍ എവിടെ നിന്നും കിട്ടി ഈ ഐഡിയ?

– അങ്ങനെയൊന്നുമില്ല. കോഴിക്കോട് ഈച്ചരവാര്യര്‍ സാറും ഞാനും കൂടി ഒരു മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു. ഒരു വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് അവിടെയുണ്ടായിരുന്നു; ഈച്ചര വാര്യര്‍ സാര്‍ റിട്ടയര്‍ ചെയ്ത് എറണാകുളത്തേക്ക് പോകുന്നത് വരെ. ഇവര്‍ പ്രായമായ പ്രൊഫസര്‍മാര്‍ മൂന്നാലുപേര്‍ വൈകുന്നേരമാകുമ്പോള്‍ ഈ മുറിയിലിരുന്ന് ചീട്ട് കളിക്കും. എന്നെ ചീട്ടു കളിക്കാന്‍ കൊള്ളുകേല്ല എന്നവര്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഞാനവിടെ നിന്ന് നേരെ മീഞ്ചന്തയില്‍ വന്ന് ബസ് കയറി കോഴിക്കോട് നാഷണല്‍ ബുക്ക് സ്റ്റാളില്‍ പോയിരിക്കും. എന്‍ ബി എസ്സിലെ മാനേജര്‍ ശ്രീധരന്‍ എന്നു പറയുന്നൊരാളായിരുന്നു. വളരെ നല്ല രീതിയില്‍ പെരുമാറുകയും എറണാകുളത്ത് എല്ലാവരുമായി ബന്ധമുള്ള ആളുമായിരുന്നു. ഞാന്‍ കോഴിക്കോട് ഉള്ളപ്പോള്‍ എനിക്ക് മനസ് കൊണ്ട് ഏറെ ഇഷ്ടമുള്ള രണ്ടുപേരെ ഞാന്‍ പോയി കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. അത് വൈക്കം മുഹമ്മദ് ബഷീറും എം ടി വാസുദേവന്‍ നായരുമാണ്. എം ടിയോട് ഇക്കാര്യം ഞാന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഞാന്‍ വൈകുന്നേരം എന്‍ ബി എസ്സില്‍ എത്തും. അവിടെ തിക്കൊടിയന്‍, എസ് കെ പൊറ്റക്കാട് തുടങ്ങി ആളുകളെല്ലാം വരും. അവരൊക്കെയായിട്ട് കമ്പനിയടിച്ച് അങ്ങനെ ഇരിക്കും, അതിനിടയില്‍ സൂത്രത്തില്‍ ഇറങ്ങി സിനിമ കാണാനൊക്കെ പോകുമായിരുന്നു. സിനിമ കണ്ട് തിരിച്ചു വരുമ്പോഴും ചിലപ്പോള്‍ എന്‍ ബി എസ് അടച്ചിരിക്കുകയാണെങ്കിലും ഇവരൊക്കെ അവിടെയുണ്ടാകും. അങ്ങനെ ഏറെ സന്തോഷത്തോടെ കഴിഞ്ഞ കാലത്താണ് പെട്ടെന്ന് രാജനെ കാണാനില്ല, രാജന്‍ എവിടെയോ അപ്രത്യക്ഷനായിരിക്കുന്നു എന്ന വിവരം വരുന്നത്. രാജന്‍ എല്ലാ ആഴ്ച്ചയിലും തിങ്കളാഴ്ച്ച ഉച്ച കഴിയുമ്പോള്‍ ഞങ്ങളുടെ മുറിയില്‍ വരുമായിരുന്നു. കാരണം, അന്ന് ഈച്ചരവാര്യര്‍ സാര്‍ എറണാകുളത്തേക്ക് പോന്നിട്ട്, അവിടെ നിന്നും തിരിച്ച് വരും. അച്ഛനെ കണ്ട്, വീട്ടുകാര്യങ്ങളും അച്ഛന്റെ കാര്യങ്ങളുമൊക്കെ അറിയാന്‍. വീട്ടിലും ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു.സാറിന്റെ ഭാര്യ മാനസികമായി അത്ര സുഖമുള്ളൊരു അവസ്ഥയിലായിരുന്നില്ല. അവിടെയിരുന്നു സംസാരിക്കുമ്പോള്‍ , സാര്‍ വളരെ ഗൗരവക്കാരനായിരുന്നു. ഞാന്‍ രാജനോട് താമശയോടെ പറയും, രാജന്‍ ഈ വയസന്മാരെയൊക്കെ വിട്ടു പിടി, നമ്മള്‍ ചെറുപ്പക്കാര്‍ക്ക് സുഹൃത്തുക്കളായി കഴിയാം എന്നൊക്കെ പറഞ്ഞ് ഞാനും രാജനുമായിട്ട് കമ്പനി കൂടും. രാജനെ അവിടെ നിന്നും ബസില്‍ കയറ്റി വിടുമ്പോള്‍ ഞാനും കൂടി സിറ്റിയിലേക്ക് വരികയുമൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയൊരു നല്ല ബന്ധം ഞാനും രാജനുമായി ഉണ്ടായിരുന്നു. അപ്പോഴാണ് പെട്ടെന്ന് രാജന്‍ അപ്രത്യക്ഷനായിരിക്കുന്നു, രാജനെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നുള്ള വാര്‍ത്ത വരുന്നത്. അത് വലിയൊരു ഞെട്ടലായിരുന്നു എല്ലാവര്‍ക്കും. ഞാനും ഈച്ചരവാര്യര്‍ സാറിന്റെ കൂടി കൂടി, ഞങ്ങളവിടെ രാജനെ അന്വേഷിച്ചു വളരെ വലിയൊരു സഞ്ചാരം നടത്തി. ആ സഞ്ചാരത്തിലെല്ലാം ഞാനും സാറിന്റെ കൂടെയുണ്ടായിരുന്നു. എനിക്ക് അത്രയ്ക്ക് അടുത്തൊരു ബന്ധമായിരുന്നു.

എന്താണ് രാജന് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ…പക്ഷേ ഞാനും ഈച്ചരവാര്യര്‍ സാറും കൂടി രാജനെ അന്വേഷിച്ച് ഏതാണ്ട് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സഞ്ചാരമൊക്കെ നടത്തി. അതിനൊക്കെ ഞാന്‍ ഈച്ചരവാര്യരുടെ കൂടെ തന്നെയുണ്ടായിരുന്നു. ഒരു വിവരവും കിട്ടാതെ ഞങ്ങളാകെ വിഷമിച്ചു. രാജനെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. രാജനെ കാണാനോ രാജനുമായി ബന്ധപ്പെടാനോ ഉള്ള ഒരവസരവും ഉണ്ടായില്ല. രാജന്‍ കേസുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴാണ് അന്ന് ദേശാഭിമാനിയില്‍ എഡിറ്ററായിരുന്ന പി ഗോവിന്ദപ്പിള്ള ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. അപ്പോഴാണ് ഞാന്‍ ഈച്ചരവാര്യര്‍ സാറിന്റെ റൂം മേറ്റ് ആയിരുന്നുവെന്ന് അറിഞ്ഞ് എന്നെ വിളിച്ച് അറിയാവുന്നതൊന്ന് എഴുതിക്കൊടുക്കാന്‍ പറയുന്നത്. എനിക്കറിയാവുന്നതൊക്കെ എഴുതാം, നിങ്ങളത് വെട്ടാതെയും തിരുത്താതെയും കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ദേശാഭിമാനി പത്രത്തില്‍ ശവംതീനികള്‍ എന്ന പേരില്‍ എഴുതാന്‍ ആരംഭിച്ചത്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ അസാധാരണമായ വായനയാണ് രണ്ടു മൂന്നു ദിവസംകൊണ്ട് സംഭവിച്ചത്. ആള്‍ക്കാരെല്ലാം വളരെ അത്ഭുതത്തോടെ അന്വേഷിക്കുകയുമൊക്കെ ചെയ്തു. അപ്പോള്‍ പിജിയും കണ്ണന്‍ നായരുമൊക്കെ എന്നോട് കൃത്യമായി വിശദമായി എഴുത്, നമുക്കത് എല്ലാ ദിവസവും കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് ഏതാണ്ട് പതിനെട്ട് ദിവസം ശവം തീനികള്‍ ദേശാഭിമാനി പത്രത്തില്‍ എഴുതുന്നത്. ദേശാഭിമാനി പത്രത്തില്‍ ഇത് വളരെ ഗംഭീരമായിട്ട് വരികയും ആള്‍ക്കാര്‍ ആവേശത്തോടെ വായിക്കുകയും ഒക്കെ ചെയ്തപ്പോഴാണ് രാജന്‍ കേസ് ജനങ്ങളെ വല്ലാണ്ട് സ്തംഭിപ്പിച്ച് വളരെ വിഷമിപ്പിക്കുന്നുണ്ടെന്ന് മനസിലാകുന്നത്. അപ്പോഴാണ് ഇത് പുസ്തകമാക്കാന്‍ തീരുമാനിച്ചത്. ദേശാഭിമാനി സമ്മതിച്ചു. എനിക്കും ഏറെ സന്തോഷം, അങ്ങനെ ശവംതീനികള്‍ എന്ന പുസ്തകമായി വന്നു. പുസ്തകം പ്രതീക്ഷിക്കാത്ത വിധത്തില്‍ വളരെ ഏറെ കോപ്പികള്‍, ആയിരക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എനിക്കിത് വളരെ അത്ഭുതമായിരുന്നു. ഇങ്ങനെയൊരു സംഭവവും അതിന്റെ രേഖകളും പുസ്തകമായി വന്നപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചതുമൊക്കെ അത്ഭുതമായിരുന്നു. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് വന്നു. അന്നത്തെ മലയാളികള്‍ വളരെ ആവേശത്തോടെ ഇത് സ്വീകരിച്ചു.

? ഇതിന്റെ സ്ട്രക്ചര്‍ എങ്ങനെയാണ് എവിടെ നിന്നാണ് സ്വീകരിച്ചത്?

ബോധപൂര്‍വം ഞാന്‍ എവിടെ നിന്നെങ്കിലും സ്വീകരിച്ചിട്ടു ചെയ്തതല്ല. എനിക്കതിനോടൊരു വലിയ മനപൊരുത്തം ഉണ്ടായത് ഈച്ചരവാര്യര്‍ സാറുമായിട്ടുള്ള ബന്ധമാണ്. എനിക്ക് അദ്ദേഹത്തിന്റെ ദുഖവും അദ്ദേഹത്തിന്റെ കൂടെ നടന്നപ്പോള്‍ എനിക്ക് തോന്നിയ തോന്നലില്‍ ഞാനങ്ങ് എഴുതിപ്പോയെന്നെയുള്ളൂ. അല്ലാതെ മനഃപൂര്‍വം ഞാനെന്തെങ്കിലും അതിനുവേണ്ടി ബുദ്ധിമുട്ടി എന്നു വിചാരിക്കുന്നില്ല.

? ആ കാലഘട്ടത്തില്‍ മലയാള ജേണലിസത്തില്‍, ദേശാഭിമാനി, മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ ഈ രീതിയിലുള്ള ലോംഗ് ഫോം റൈറ്റിംഗ്, നോവലിലൊക്കെ ഉപയോഗിക്കുന്ന ടെക്‌നിക്കുകള്‍ ഉപയോഗിച്ചുള്ള എഴുത്തുകള്‍ നടക്കുന്നുണ്ടായിരുന്നോ?

– ഇല്ല, ഒന്നുമില്ലായിരുന്നു.

? അന്നെല്ലാം വരുന്നത് സ്റ്റേറ്റ് ന്യൂസ് റിപ്പോര്‍ട്ടുകളായിരുന്നു അല്ലേ?

-അതെ…

? ഇത് ഈ രീതിയില്‍ വന്നത് ഒരു ഇമോഷണല്‍ രീതി വച്ചായിരുന്നോ?

– തീര്‍ച്ചയായിട്ടുമതേ. അതിനു കിട്ടിയ സ്വീകരണവും വളരെ വലുതായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളമൊക്കെ ദേശാഭിമാനിക്ക് കിട്ടിയ സര്‍ക്കുലേഷനും, അവിടെ ആളുകള്‍ രാവിലെ മുതല്‍ ദേശാഭിമാനി പത്രം വരാന്‍ കാത്തുനില്‍ക്കുകയും വായിക്കുകയും..വല്ലാത്തൊരു അവസ്ഥയിലായിരുന്നു എല്ലാവരുമത് ഏറ്റെടുത്തത്.

? അതിനുശേഷമായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ കക്കയം ക്യാമ്പിനെ കുറിച്ചുള്ള പരമ്പര വരുന്നതല്ലേ?

– അതിനു ശേഷമാണ്.

? സാറിന് വേണമെങ്കില്‍ ഈ വിഷയം മാഷിന്റെ കണ്ണിലൂടെ എഴുതാമായിരുന്നു. അതായത് ഒരു ഫസ്റ്റ് പേഴ്‌സണലില്‍ നിന്നുകൊണ്ട് എഴുതാമായിരുന്നു. അതിനു തയ്യാറാകാതെ തേഡ് പേഴ്‌സണ്‍ ആയിട്ടു നിന്നാണ് ഈ കാര്യം പറയുന്നത്. ചിലയിടത്തൊക്കെ സൂചനകള്‍ വരുന്നുണ്ട്, ഇതിനകത്ത് മാഷെത്ര ഇന്റിമേറ്റ് ആണെന്ന്. എന്തുകൊണ്ടാണങ്ങനെ? വൈകാരികമായ കാരണമാണോ, അതോ ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള തീരുമാനമായിരുന്നോ?

– അതെന്റെയൊരു തീരുമാനം തന്നെയായിരുന്നു. അക്കാലത്ത് അത്യാവശ്യത്തിന് മാത്രമാണ് ഈച്ചരവാര്യര്‍ സാറുമായി ബന്ധപ്പെട്ടിരുന്നത്. അദ്ദേഹം അത്രമാത്രം നിരാശനും ഇതിന്റെ കാര്യത്തില്‍ ആകെ മനസ് മടുത്തിരിക്കുകയും ആയിരുന്നു. പിന്നീട് അദ്ദേഹം റിട്ടയര്‍ ചെയ്തശേഷം എറണാകുളത്തെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കൂട്ടായി നടന്നിരുന്നു. അതിനു മുമ്പ് തന്നെ ശവംതീനികള്‍ എഴുതപ്പെടുകയും അത് പുസ്തകമാവുകയും പുസ്തകം പലതരത്തില്‍ വിറ്റഴിഞ്ഞ് പലതരത്തില്‍ ആള്‍ക്കാര്‍ വായിക്കുകയുമൊക്കെ ചെയ്തിരുന്നു. ഞാന്‍ പോലും അത്ഭുതപ്പെട്ടതാണ് അതിന്റെയൊരു ജനസ്വീകാര്യതയില്‍.

-ഹൈക്കോടതിയില്‍ കേസിന്റെ ഹിയറിംഗ് വളരെ രസകരമായ രീതിയില്‍ മാഷ് ക്യാപ്ച്ചര്‍ ചെയ്യുന്നുണ്ട്. ഹൈക്കോടതി ഹിയറിംഗ് സമയത്ത് മാഷ് അവിടെയുണ്ടായിരുന്നോ?

– ഞാന്‍ ഉണ്ടായിരുന്നു. കോടതിയില്‍ പോവുകയും ഇതു മുഴുവന്‍ കഴിയുന്നത്ര ഉള്‍ക്കൊള്ളാനും ശ്രമിച്ചിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലുമെന്നപോലെ. ഹൈക്കോടതിയില്‍ അന്ന് ഹിയറിംഗ് നടക്കുന്ന സമയത്ത് ഏറെ ജനക്കുട്ടം ഉണ്ടായിരുന്നു, അതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ ഞാനും കേറി നിന്നിരുന്നു.

? അവിടെയൊരു സീനുണ്ട്. ഒരു പയ്യന്‍ വരുന്നു, അവനെ അവിടുത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുന്നു. അപ്പോള്‍ പയ്യന്‍ പറയുന്നു, അകത്ത് പോണം, അവസാനം അവന്‍ പറയുന്നു, ഞാന്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റുഡന്റ് ആണെന്നു പറയുന്നു. അപ്പോള്‍ ഗാര്‍ഡ് വഴിമാറ്റി കൊണ്ടുപോവുകയാണ്. ആ സീന്‍ നേരിട്ട് കണ്ടതാണോ?

– അതെ…എനിക്കറിയാവുന്നതാണ്. കുട്ടികളുടെയൊക്കെ ഒരു റെസ്‌പോണ്‍സ്, അവരുടെ റിയാക്ഷന്‍ അവര് നേരെ വന്നു കോടതിയിലേക്കൊക്കെ കയറി അവരുടെ ആവേശം കാണിച്ചിരുന്നതൊക്കെ നേരിട്ട് കണ്ടിട്ടുള്ളതാണ്.

? ഈ ബുക്ക് എഴുതിയതിന് ശേഷം എപ്പോഴെങ്കിലും ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുണ്ടോ, മാഷ് ഉപയോഗിച്ചിട്ടുള്ള ഈ സ്ട്രക്ചറും റൈറ്റിംഗ് സ്‌റ്റൈലും ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിനെപ്പോലെ ചില ജേര്‍ണലിസ്റ്റുകള്‍ ലാറ്റിന്‍ അമേരിക്കയിലും ടോം വൂള്‍ഫ് എന്നൊക്കെ പറയുന്ന റൈറ്റേഴ്‌സ് അമേരിക്കയിലും മാത്രം ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് ആണെന്ന്? നോവലില്‍ ഉപയോഗിക്കുന്ന സ്ട്രക്ച്ചറുകളും സ്ട്രാറ്റജികളും ഉപയോഗിച്ചിട്ട് റിയല്‍ ലൈഫ് സ്റ്റോറി എഴുതിയതെന്ന്, ആ കോണ്‍ടക്‌സറ്റില്‍ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ?

– ഇതുവരെ അങ്ങനെയാരും സംസാരിച്ചിട്ടില്ല. എന്നു മാത്രമല്ല, അന്ന് അതൊന്നും ഞാന്‍ വായിച്ചിട്ടുപോലുമില്ല.

? ശരിയാണ്, അന്നൊക്കെ മാര്‍ക്കേസിന്റെ ജേണലിസ്റ്റ് വര്‍ക്കുകളെല്ലാം സ്പാനിഷില്‍ മാത്രമാണുള്ളത്, പിന്നീടാണല്ലോ ഇംഗ്ലീഷിലൊക്കെ വരുന്നത്.

– ഞാനതൊന്നും ശ്രദ്ധിച്ചിട്ടുപോലുമില്ല.

? പിന്നീടെപ്പോഴെങ്കിലും ഈ പുസ്തകത്തിന് ഒരു തുടര്‍ച്ചയെന്നോണം മറ്റൊന്ന് എഴുതാന്‍ ശ്രമിച്ചിരുന്നോ?

– ഇല്ല…അങ്ങനെയാരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാന്‍ ശ്രമിച്ചിട്ടുമില്ല, ചെയ്തിട്ടുമില്ല.

? ഷാജി എന്‍ കരുണിന്റെ സിനിമ വന്നതിനുശേഷം മാഷ് എഴുതിയൊരു ലേഖനത്തില്‍ ഒരു ബസില്‍ ഈച്ചരവാര്യരുടെ കഥാപാത്രം ഒറ്റയ്ക്കിരിക്കുന്നൊരു സീനിനെക്കുറിച്ച് പറയുന്നുണ്ട്.

– അത് സംഭവിച്ച് തന്നെയാണ്. അദ്ദേഹം ബസില്‍ അങ്ങനെയിരിക്കുന്നു, അദ്ദേഹം ഇറങ്ങുന്നില്ല…ഞാന്‍ ചെന്ന് സാറിനെ വിളിക്കുമ്പോഴും അദ്ദേഹം ഇറങ്ങുന്നില്ല. ആ വല്ലാത്തൊരു അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുകയും അദ്ദേഹം പിന്നീട് ഇറങ്ങി വരുന്നതും…അതൊക്കെ സംഭവിച്ചതാണ്…അത് ഞാന്‍ എഴുതിയെന്നേയുള്ളൂ.

? ഇക്കാര്യം ഷാജി എന്‍ കരുണിനോട് എപ്പോഴെങ്കിലും പറഞ്ഞിരുന്നോ?

-ഇല്ല..ഷാജി എന്‍ കരുണുമായിട്ട് എനിക്ക് അങ്ങനെ വലിയ അടുപ്പമോ ബന്ധമോ ഉണ്ടായിട്ടില്ല.

ജേണലിസത്തിന്റെ അപകോളനീവത്കരണത്തിന് ശവം തീനികള്‍ പോലുള്ള രചനകള്‍ പുതുതലമുറയ്ക്കും മറ്റ് ഭാഷകളിലും പരിചയപ്പെടുത്തേണ്ടത് അനിവാര്യതയാണ്. ഇത് മാധ്യമപ്രവര്‍ത്തനത്തെ ശക്തപ്പെടുത്തുന്നതിന് മാത്രമായല്ല, ശക്തമായ ജനാധിപത്യങ്ങള്‍ക്ക് വേണ്ടിയുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗം കൂടിയാണ്. നമ്മുടെ മഹത്തായ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ക്രിമിനല്‍ ശക്തികള്‍ ഇടയ്ക്കിടെ ശ്രമം നടത്തും. അതുകൊണ്ട് തന്നെ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കുന്നതിനായി വികസിപ്പിച്ച സങ്കേതങ്ങള്‍ മറ്റൊരു തലമുറയ്ക്ക് മറ്റൊരു ഏകാധിപത്യ ഭരണകൂടത്തോട് പോരാടുന്നതിനുള്ള വാര്‍പ്പ് മാതൃകകളാണ്.

ശവം തീനികള്‍ മാത്രമല്ല, ജേണലിസം ചരിത്രത്തിലെ ഇംഗ്ലീഷ് അധിനിവേശത്തെ കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന് മാര്‍ക്കേസിനെ നോക്കൂ. നോബല്‍ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ പല ജേണലിസം രചനകളും ഇപ്പോഴും ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. ഭാഷകള്‍ക്കും രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും എല്ലാം അപ്പുറം കോടാനുകോടി ആരാധകരുള്ള, ആഗോള തലത്തില്‍ ഇപ്പോഴും ബെസ്റ്റ് സെല്ലര്‍ ഗണത്തില്‍ തുടരുന്ന രചനകളുള്ള ഒരു എഴുത്തുകാരന്റെ അവസ്ഥയാണത്. ‘എന്റെ കൃതികള്‍ ഒരു ജേണലിസ്റ്റിന്റെ രചനകളാണ്’ എന്ന് പ്രഖ്യാപിച്ച, പല തലമുറകളില്‍ വച്ച് ഏറ്റവും വിഖ്യാതനായ മാധ്യമപ്രവര്‍ത്തകനോട് നാം ചെയ്തത് അതാണ്.

മറ്റെല്ലാ മികച്ച വാര്‍ത്താ സ്റ്റോറികളേയും പോലെതന്നെ, എല്ലാവരും പൂര്‍ണമായി അംഗീകരിക്കുന്നതാകില്ല ‘ശവം തീനിക’ളും. ഒരിക്കല്‍ മാര്‍ക്കേസ് പറഞ്ഞു: ‘ഏതെങ്കിലും ഒരു കടയുടെ മൂലയില്‍ കുത്തിയിരുന്ന് ഒരു മനുഷ്യന്‍ വാര്‍ത്ത വായിക്കുന്നുണ്ടാകും. അവിടെ ഒരു കൂട്ടമാളുകള്‍ -അതാണേറ്റവും രസകരമായ കാര്യം- അയാള്‍ വായിക്കുന്നത് കേള്‍ക്കാനിരിക്കുന്നുണ്ടാകും. പലപ്പോഴും ആ വാര്‍ത്തയോട് ജനാധിപത്യപരമായ രീതിയില്‍ വിയോജിക്കാനുള്ള ആനന്ദത്തിനുമാകും അത്.’ ‘ശവം തീനികള്‍’ വായിക്കുമ്പോള്‍ മാര്‍ക്കേസിന്റെ നിരീക്ഷണത്തിന് വിശാലമായ അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നുന്നു.

ഇപ്പോള്‍ ‘ശവം തീനികള്‍’ വായിക്കുമ്പോള്‍ അതൊരു നാഴികക്കല്ലായി മാറുന്നതിന് പല കാരണങ്ങളുണ്ടെന്ന് എന്ന് നമുക്ക് മനസിലാകും- രാജന്റെ നിര്‍ഭാഗ്യാവസ്ഥയെ ആവിഷ്‌കരിച്ച വിധം, രാജന്റെ പിതാവിന്റെ ആശയറ്റ അന്വേഷണങ്ങള്‍, പോലീസിന്റെ കൊടുംക്രൂരത, രാഷ്ട്രീയ ഉദാസീനത എന്നിങ്ങനെ ആ ഇരുണ്ടകാലത്തിന്റെ പല പ്രകൃതങ്ങളും ഇതിന് കാരണമായി. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തതും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്നതുമായ, ന്യൂജേണലിസം മാതൃകയിലുള്ള, എത്രമാത്രം ഉദാത്തമായ ഒരു രചനയായിരുന്നു അതെന്നും ഇന്നിപ്പോള്‍ നമുക്കറിയാം. കഥാ സാഹിത്യ രചനയുടെ പല സങ്കേതങ്ങളും -കഥാപാത്രങ്ങളുടെ അവതരണങ്ങള്‍, അതിന്റെ സാന്ദര്‍ഭികത, കാത്തിരിപ്പിന്റെ അന്തരീക്ഷം സൃഷിക്കല്‍, വിവിധ ഇഴകളെ ഒരുമിച്ച് ചേര്‍ത്ത് സന്തോഷകരമായ ഒരു പര്യവസാനത്തിലേയ്ക്ക് വികസിപ്പിക്കുക- ബുദ്ധിപരമായി ഇതിലുപയോഗിച്ചിട്ടുണ്ട്.

ഒരു കഥാസാഹിത്യ രചനയ്ക്ക് ചേരുന്ന വിധമാണ് പുസ്തകത്തിന്റെ ആരംഭം പോലും. ഇരുണ്ട പശ്ചാത്തലമുള്ള കഥയ്ക്കനുയോജ്യമായ വിധത്തിലുള്ള വിശദമായ രാത്രി വര്‍ണന മാത്രമല്ല, ആദ്യ പേജില്‍ തന്നെയുള്ള ആകസ്മികമായ വഴിത്തിരിവും. രാജന്‍ പറയുന്ന ആദ്യ വാചകം -”ഇനി ഇന്ന് ഒന്ന് മുക്തകണ്ഠം ഉറങ്ങണം”എന്നാണ്. പിന്നീടുള്ള പേജുകളില്‍ ആ വാചകം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. കാരണം ആ രാത്രിക്ക് ശേഷം രാജനുള്‍പ്പെടെയുള്ള ആര്‍ക്കും സമാധാനമായി ഉറങ്ങാനായിട്ടില്ല. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അനുയോജ്യവും അതിമനോഹരവുമായ തുടക്കം ലഭിക്കുക എന്നതാണ്. ഓമനക്കുട്ടന്‍ മാഷ് അത് ഭംഗിയായി നടപ്പിലാക്കി.

ന്യൂജേണലിസത്തിന്റെ -ഈ പശ്ചാത്യ സങ്കേതിക പദം വീണ്ടും കടമെടുക്കുന്നതില്‍ ക്ഷമിക്കണം- മറ്റൊരു പ്രകൃതം കഥാഖ്യാനത്തിന് കൃത്യമായ ഉയര്‍ച്ചതാഴ്ചകളോട് കൂടിയ സഞ്ചാരപഥം വേണമെന്നുള്ളതാണ്. ശവം തീനികളില്‍ അത്തരത്തിലുള്ള കഥാ സഞ്ചാര പഥം കാണാം. പലതരത്തിലുള്ള കുടുംബ പ്രതിസന്ധികളില്‍ പെട്ടുലയുന്ന ഒരു പിതാവിന് നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ വെല്ലുവിളിയിലാരംഭിച്ച് ധാര്‍മ്മികത, നേതൃത്വപാടവം, മറ്റ് മാനുഷിക പ്രത്യേകതകള്‍ എന്നിവയുടെ പരീക്ഷണങ്ങള്‍ നേരിടുന്ന വിവിധ കഥാപാത്രങ്ങളിലൂടെ, ഈ കഥ മുന്നേറുന്നത് ചതിക്കുഴികള്‍ നിറഞ്ഞ ജനാധിപത്യവിരുദ്ധതയുടെ വഴികളിലൂടെയാണ്. അവസാനം ഒരു കോടതി മുറിയില്‍ താത്കാലികമായെങ്കിലും നീതി ലഭ്യമായതിന്റെ ആഹ്ലാദമുഹൂര്‍ത്തത്തില്‍ ഇതവസാനിക്കുന്നു. എന്തായാലും രാജന്‍ നേരിട്ട ദുരന്തം വായനക്കാരില്‍ വ്യസനവും ആശങ്കയും നിറച്ചുകൊണ്ട് അവശേഷിക്കുകയും ചെയ്യും.

ന്യൂജേണലിസത്തിന്റെ മറ്റൊരു പ്രത്യേകത, ആധുനിക സാഹിത്യേതര രചനകളുടെ എന്ന് പറയാം- വൈകാരികമായി ലയിച്ച എഴുത്തുകാരനാണ്. ചെറുപ്പക്കാരനായ സുഹൃത്ത്, രാജനെ തേടിയുള്ള സഞ്ചാരങ്ങളിലെ നിയന്തര സഹയാത്രികന്‍ എന്നീ നിലകളില്‍ രാജന്റെ പിതാവ് നേരിടുന്ന വിചിത്രവും ഭ്രമാത്മകവും പ്രഹേളികകള്‍ നിറഞ്ഞതുമായ അനുഭവങ്ങളുടെ ഭാഗം കൂടിയാണ് ഇവിടെ എഴുത്തുകാരന്‍. എന്തായാലും തിന്മയുടെ സര്‍വ്വസാധാരണത്വത്തേയും നഷ്ടങ്ങളേയും സഹനങ്ങളേയും കുറിച്ചുള്ള ഈ ആഖ്യാനത്തെ തടസപ്പെടുത്തുന്നതിന് ഒരിക്കല്‍ പോലും അനാവശ്യമായി കഥയിലേയ്ക്ക് കടന്ന് വരുന്നില്ല സിആര്‍.

സ്വന്തം ഉത്കര്‍ഷേച്ഛകളും ജീവിത വിജയത്തിനുള്ള മാനദണ്ഡങ്ങളും ഉള്ള, കഥയിലെ സൂത്രധാരരായ കഥാപാത്രങ്ങളുടെ പ്രതികരണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്, സമാന്തര പാതകളിലൂടെ കഥ പറയുകയാണ് സി.ആര്‍. അവരുടെ പ്രതികരണങ്ങളാണ് ഈ പുസ്തകത്തിന്റെ അകക്കാമ്പിനെ രൂപപ്പെടുത്തുന്നത്. സ്വേച്ഛാധിപ ഭരണകൂടങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ മനുഷ്യരെങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന്റെ ഉജ്ജ്വലമായ ഒരു പഠനവും കൂടിയാണ് ഇത്.

സാഹിത്യ രചനാ സങ്കേതങ്ങളുടെ ഉപയോഗത്തിന്റെ കൂട്ടത്തില്‍, അടച്ചിട്ട മുറികള്‍ക്കുള്ളലും ശബ്ദം പുറത്ത് പോകാതെ ക്രമീകരിച്ചിട്ടുള്ള പീഡന അറകള്‍ക്കുള്ളിലും എന്തായിരിക്കും സംഭവിച്ചത് എന്നതിന്റെ ഒരു ചി്ത്രം വായനക്കാര്‍ക്ക് ലഭിക്കാനായി, ഭാവനാത്മകമായ രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴും അത് വായിക്കുമ്പോള്‍ ഇരകളാക്കപ്പെട്ട മനുഷ്യരുടെ ദുരവസ്ഥയില്‍ ക്ഷുഭിതനായ ഒരെഴുത്തുകാരന്റെ രോഷപ്രകടനം നമുക്കനുഭവിക്കാം. അത് ക്രുദ്ധമായ വാക്കുകള്‍ മാത്രമല്ല, അത് മികച്ച സാഹിത്യാനുഭവം കൂടിയാണ്. ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാകുന്ന വിദ്യാര്‍ത്ഥികളോട് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കാവുന്ന കാര്യങ്ങളതിലുണ്ട്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കേ തന്നെ സഹപ്രവര്‍ത്തകരുമായി മക്കള്‍ക്ക് ഐസ്‌ക്രീം വേണമെന്ന കാര്യമുള്‍പ്പെടെയുള്ള നിത്യസാധാരണമായ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

സി.ആറിന് വ്യക്തിപരമായി അറിയാവുന്ന രാജന്റെ അനുഭവം മാത്രമല്ല, എഴുത്തുകാരനെ സംബന്ധിച്ചടത്തോളം വൈകാരികാനുഭവമായി മാറിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയഭേദകമായ മുഹൂര്‍ത്തങ്ങളിലൊന്ന് തൊഴിലാളിയായ രാജന്റേയും ഭാര്യ ദേവകിയുടേയും അനുഭവങ്ങളാണ്. എഞ്ചിനീയറിങ് കോളേജില്‍ സ്വീപ്പര്‍ ആയ ദേവകിയുടേയും റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ രാജന്റേയും വിവാഹം ആയിടെ കഴിഞ്ഞിരുന്നതേ ഉള്ളൂ. അറസ്റ്റിനെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തു. രാജനോടുള്ള അടുപ്പം ഈ ദമ്പതികളോടില്ലായിരുന്നുവെന്നത് കൊണ്ട് ഈ കഥനത്തില്‍ അവരുടെ ഹൃദയസ്പക്കായ അനുഭവങ്ങളെ അവഗണിക്കരുത് എന്ന എഴുത്തുകാരന്റെ ജാഗ്രത ഇവിടെ കാണാം.

ഏറ്റവും ഇരുണ്ട ഇടങ്ങളില്‍ പോലും നര്‍മ്മം കണ്ടെത്തുന്നവരാണ് വലിയ എഴുത്തുകാര്‍. അത് വായനക്കാരെ ഇക്കിളിയിട്ട് രസിപ്പിക്കാനല്ല, മറിച്ച് ഇരുണ്ട ഹാസ്യവും വിചിത്രങ്ങളായ വ്യക്തിത്വങ്ങളും ഏത് ഇരുണ്ട ഇടങ്ങളുടേയും ഭാഗമാണ് എന്നുള്ള തിരിച്ചറിവാണത്. ഹൈക്കോടതിയില്‍ ജസ്റ്റിസ് പോറ്റിയുടെ ബെഞ്ചിന് മുന്നാകെ രാജന്റെ ഹോസ്റ്റലിലെ പാര്‍ട്ട് റ്റൈം സ്വീപ്പറായ ബാലസുബ്രഹ്‌മണ്യം മൊഴി നല്‍കാന്‍ ഹാജറാകുമ്പോള്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുന്നു. സത്യം പറയുകയാണെങ്കില്‍ പോലീസ് ഉപദ്രവിക്കില്ല എന്ന് കോടതി ഉറപ്പ് നല്‍കണം എന്നതാണ് അത്. പോറ്റി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ റ്റി.സി.എന്‍ മേനോന് നേര്‍ക്ക് ചോദ്യമുയര്‍ത്തിയപ്പോള്‍ അദ്ദേഹം സാക്ഷിയുടെ സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു. അടുത്ത സാക്ഷി വാച്ച്മാന്‍ നാരായണ മേനോന്‍ ശാന്തനായാണ് കാണപ്പെട്ടത്. റ്റി.സി.എന്‍ മേനോന്‍ അദ്ദേഹത്തോടും ഭയപ്പെടേണ്ടതില്ല എന്ന് പറയുന്നു. ജസ്റ്റിസ് പോറ്റിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘സാക്ഷിക്ക് പേടിയൊന്നുമില്ല, പേടി മറ്റ് പലര്‍ക്കുമാണ്’.

വിഗദ്ധനായ ഒരു കഥപറച്ചിലുകാരന്റെ വിരുതോടെയാണ് എഴുത്തുകാരന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, അതാകട്ടെ അക്കാലത്തെ സാഹിത്യേതര രചനകളെ സംബന്ധിച്ചടത്തോളം തികച്ചും നൂതനമായ രീതിയായിരുന്നു. ആദ്യം അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഹോസ്റ്റല്‍ മെസിലെ സഹായിയായ കോരുവാണ്. ഗിറ്റാറിസ്റ്റ് കൂടിയായ കോരുവിന് യൂത്ത് ഫെസ്റ്റിവെല്ലിലെ ഗാനമേളയ്ക്ക് പങ്കെടുക്കാനായില്ല എന്നും ഒരു ഇലക്ട്രിക് ഗിറ്റാറും കോരുവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന രാജന്റെ ഖേദത്തിനിടയിലാണ് കോരു പരാമര്‍ശിക്കപ്പെടുന്നത്. കോരു പിന്നീട് കഥ പുരോഗമിക്കുമ്പോള്‍ ധൈര്യശാലിയായ ഒരു സാക്ഷിയായി കടന്ന് വരുന്നു. അതുപോലെ തന്നെയാണ് വാച്ച്മാന്‍ നാരായണന്‍ നായരും മറ്റുള്ളവരും. കോളേജ് പ്രിന്‍സിപ്പലും മറ്റുള്ളവരും ഇതിലുണ്ട്. അവരെല്ലാം പിന്നീട് കഥപുരോഗമിക്കുമ്പോള്‍ ഹൈക്കോടതിക്ക് മുന്നില്‍ വിട്ടുവീഴ്കള്‍ക്ക് തയ്യാറാകാത്ത നിര്‍ണായക സാക്ഷികളായും ഈ ആഖ്യാനത്തിലെ നായകബിംബങ്ങളായി ഉയരുകയും ചെയ്യുന്നു. അവരുടെ വൈകാരിക വളര്‍ച്ച ഒരോ മുഹൂര്‍ത്തത്തിലും വളരെ വ്യക്തമാണ്.

മറ്റൊരു വിഭാഗം കഥാപാത്രങ്ങളുണ്ട്. തിന്മയുടെ സര്‍വ്വസാധാരണത്വത്തില്‍ പെട്ട മനുഷ്യര്‍, രാജനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നവര്‍, പക്ഷേ നിയമം പാലിക്കുകയാണന്ന ഭാവേന, ബാലിശമായ തടസങ്ങള്‍ ഉന്നയിച്ച്, സ്വന്തം പ്രൊഫഷണല്‍ സ്ഥാനക്കയറ്റങ്ങളും സമൂഹത്തിലെ ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയിരുന്നവര്‍. ഹന്ന ആരന്റ് തന്റെ ‘തിന്മയുടെ സര്‍വ്വസാധാരണത്വം’ എന്ന സിദ്ധാന്തം ഉന്നയിക്കാന്‍ ചൂണ്ടിക്കാണിക്കുന്ന മനുഷ്യര്‍ക്ക് തുല്യരാണവര്‍. നാത്സികളുടെ ജൂത കൂട്ടക്കൊലയുടെ -ഹോളോകോസ്റ്റ്- നടത്തിപ്പുകാരില്‍ ഒരാളായ അഡോള്‍ഫ് ഐഖ്മാന്റെ വിചാരണയാണ് ഹന്ന ആരന്റിന്റെ ഈ പുസ്തകത്തിലെ ഇതിവൃത്തം. ഐഖ്മാന്‍ ഏതെങ്കിലും തരത്തിലുള്ള മത തീവ്രവാദിയോ, സാമൂഹ്യവിരുദ്ധനോ ഒന്നുമല്ല, മറിച്ച് വിരസമാം വിധം, പ്രത്യേകതകളൊന്നുമില്ലാത്ത ജീവിതം നയിച്ചിരുന്ന, തന്റെ പ്രവര്‍ത്തികള്‍ക്ക് പതിവ് ന്യായവാദങ്ങള്‍ ചമച്ചിരുന്ന സാധാരണക്കാരനായ ഒരാളായിരുന്നുവെന്നതാണ് ഹന്ന ആരന്റ് ചൂണ്ടിക്കാണിക്കുന്നത്. ജൂതവിരുദ്ധ പ്രത്യയശാസ്ത്രത്തേക്കാള്‍ തന്റെ പ്രൊഫഷണല്‍ ജീവിത നേട്ടങ്ങളായിരുന്നു ഐഖ്മാനെ പ്രചോദിപ്പിച്ചിരുന്നത്.

നാം സമാനമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിന്റെ സ്ഥാനത്ത് ഇന്നിപ്പോള്‍ അക്രമാസക്തമായ ഭൂരിപക്ഷവാദ രാഷ്ട്രീയം മോഡിക്ക് കീഴില്‍ നടമാടുകയാണ്. സര്‍വ്വാധിപത്യം വേരുകളുറപ്പിക്കുമ്പോള്‍ വിരസ ജീവിതം നയിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് എന്തായി തീരാനാവുകമെന്നതിന്റെ അതിശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ‘ശവം തീനികള്‍’. സ്വന്തം പ്രൊഫഷണല്‍ വിജയത്തിന് വേണ്ടി എത്രമാത്രം ദുഷ്ടതയും കുറ്റകൃത്യങ്ങളും അവര്‍ക്ക് നടത്താന്‍ സാധിക്കുമെന്നതാണ് ഇതിലെ ഏതാനും പേജുകളില്‍ സി.ആര്‍ നല്‍കുന്ന മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ പുസ്തകം ഇന്ന് സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പും മറ്റൊന്നല്ല. ഈ പുസ്തകം എല്ലാക്കാലത്തേയ്ക്കുമുള്ളതാണ്. ജനാധിപത്യമെന്നത് നാം മഹത്വമറിയാതെ കൈകാര്യം ചെയ്യേണ്ട ഒരു സമ്മാനമല്ല, ഒരോ ദിവസവും നാം പൊരുതി നിലനിര്‍ത്തേണ്ട അവകാശമാണ് എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണീ പുസ്തകം. ദീര്‍ഘ ജേണലിസം രചനകളില്‍ താത്പര്യമുള്ളവര്‍ മാത്രമല്ല, സങ്കീര്‍ണമായ ജനാധിപത്യങ്ങളില്‍ ജീവിക്കുന്നവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

രാജന്‍ ഒരു കുടുംബ സുഹൃത്തോ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയോ മാത്രമല്ല. രാജന്‍ ജനാധിപത്യത്തിന്റെ ശുദ്ധഗതിയും അത് വിഭാവനം ചെയ്യുന്ന തുല്യതയുമാണ്. നീതിയേയും ന്യായത്തേയും കുറിച്ചുള്ള നമ്മുടെ കാല്പനിക ഭാവനകളാണ് രാജന്‍. ഒരോ രാത്രിയും സമാധാനത്തോടെ ഉറങ്ങണം എന്നാഗ്രഹിക്കുന്ന ഇന്ത്യാക്കാനാണ് രാജന്‍. നിര്‍ഭാഗ്യവശാല്‍ മിക്കവാറും പേര്‍ക്ക് അത് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ നാമീ പുസ്തകം ഉറപ്പായും വായിക്കണം, ജനക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉച്ചത്തില്‍ വായിക്കണം. പിന്നെ നമ്മുടെ ഭയങ്ങളുടെ നിശബ്ദതയിലും. ‘ശവം തീനികള്‍’ നാം എല്ലാകാലത്തും ഓര്‍ത്ത് വയ്ക്കണം. കാരണം ശവം തീനികള്‍ നമ്മുടെ ജനാധിപത്യത്തെ ഇപ്പോഴും കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്.

(സി ആര്‍ ഓമനക്കുട്ടന്‍ എഴുതിയ ‘ശവം തീനികള്‍’ അടിയന്തരാവസ്ഥയും രാജന്‍ തിരോധാനവും സൂക്ഷ്മമായി വിവരിക്കുന്ന റിപ്പോട്ടാഷുകളായിരുന്നു. ഒരു ഇരുണ്ടകാലത്തിന്റെ നേര്‍ചിത്രങ്ങള്‍ വരഞ്ഞിട്ട പരമ്പരയുടെ പുസ്തകരൂപം ഈ മാസം(2023 സെപ്തംബര്‍ മൂന്ന്) വീണ്ടും പുറത്തിറക്കിയിരുന്നു. സി ആര്‍ ഓമനക്കുട്ടന്റെ തെരഞ്ഞെടുത്ത കഥകള്‍ എന്ന പുസ്തകവും ഇതിനൊപ്പം പ്രകാശനം ചെയ്യപ്പെട്ടു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ ശവംതീനികള്‍’ക്ക് മുഖവുര എഴുതിയിരിക്കുന്നത് പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ്. പുസ്തകത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ‘ശവം തീനികള്‍ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൊരു ആമുഖം’ എന്ന തലക്കെട്ടില്‍ ജോസി ജോസഫ് നടത്തിയിരിക്കുന്ന നിരീക്ഷണങ്ങളാണ് അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്)

Share on

മറ്റുവാര്‍ത്തകള്‍