UPDATES

ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ടോം ഹാര്‍ട്‌ലി

ആഗ്രഹിച്ചത് ഫുട്‌ബോളറാകാന്‍, ചരിത്രം കുറിച്ചത് ക്രിക്കറ്റിലും

                       

സ്വന്തം നാട്ടില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക ഏറെക്കുറെ അസാധ്യമാണ്. ആ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് എതിര്‍ ടീമുകള്‍ വിമാനം ഇറങ്ങുന്നത്. ഇംഗ്ലണ്ടിനും മറിച്ചൊരു ധാരണയില്ലായിരുന്നു. എന്നാലവര്‍ തയ്യാറായിരുന്നു. ഇന്ത്യക്കെതിരായി 2024 ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്ക്, കോച്ച് ബ്രണ്ടം മക്കല്ലം, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് റോബ് കീ എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഏറ്റവും അപകടരമായി പ്രയോഗിക്കപ്പെടുന്ന ആയുധം ചക്രം കണക്കെ കറങ്ങിത്തിരിയുന്ന പന്തുകളായിരിക്കുമെന്ന് മനസിലാക്കി തന്നെയാണ് രാജ്യത്ത് നിന്നും ഏറ്റവും മികച്ച സ്പിന്നര്‍മാരെ കണ്ടെത്താന്‍ ഇംഗ്ലണ്ട് ശ്രമം നടത്തിയത്. നല്ല ഉയരമുള്ള, കൃത്യതയുള്ള സ്പിന്നര്‍ക്കു വേണ്ടിയുള്ള തെരച്ചലിലാണ് അവരുടെ ആവനാഴിയില്‍ ടോം ഹാര്‍ട്‌ലി ഉള്‍പ്പെടുന്നത്.

2013 ന് ശേഷം സ്വന്തം നാട്ടില്‍ ഇന്ത്യ പരാജയപ്പെടുന്ന നാലാമത്തെ മാത്രം ടെസ്റ്റ് മത്സരമായിരുന്നു ഹൈദരബാദില്‍ ഞായറാഴ്ച്ച അവസാനിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 100 റണ്‍സിനു മുകളില്‍ ലീഡ് നേടിയശേഷം ഇന്ത്യ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് എന്ന നാണക്കേട് കൂടിയുണ്ട്. 190 ന് മുകളില്‍ ഒരു ഇന്നിംഗ്‌സില്‍ ലീഡ് നേടിയ ശേഷം ടീം തോല്‍ക്കുന്നത് രണ്ടാം തവണയും. ചരിത്രത്തില്‍ ഹൈദരാബാദ് ടെസ്റ്റ് ഇന്ത്യക്ക് നാണക്കേടിന്റെ അധ്യായമായിരിക്കും.

ഗാബ കോട്ട തകര്‍ത്ത ഒരു മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍

അതേസമയം, ഇംഗ്ലണ്ടിന് ഓര്‍ക്കുമ്പോള്‍ എല്ലാം ആഹ്ലാദം നല്‍കുന്നൊരു വിജയവും. 28 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം അവര്‍ നേടുമ്പോള്‍ അതിലേറ്റവും സന്തോഷിക്കുന്നതും വജ്രായുധമെന്നപോല്‍ അവര്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ടോം ഹാര്‍ട്‌ലിയാണ്. ഇന്ത്യയുടെ ‘ ഹൃദയം തകര്‍ത്ത’ ആറടിക്കാരന്‍. 62 റണ്‍സ് വഴങ്ങി ഈ ഇടം കയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ പിച്ചില്‍ കൊയ്ത ഏഴു വിക്കറ്റുകളാണ് ഇന്ത്യയെ തകര്‍ത്തത്.

ക്രിക്കറ്റ് ലോകത്തെ പുതിയ അത്ഭുത ബാലനായി മാറിയ ഈ 24 കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം

* 1974-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രേറ്റ് ബ്രിട്ടനു വേണ്ടി 4X400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ അത്‌ലറ്റ് ബില്‍ ഹാര്‍ട്‌ലിയുടെ മകനാണ് ടോം. അതേ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് റിലേയിലും ബില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

* അത്‌ലറ്റ് ആയിരുന്നുവെങ്കിലും ബില്‍ ഹാര്‍ട്ട്‌ലി ഒരു ക്രിക്കറ്റ് ആരാധാകന്‍ കൂടിയായിരുന്നു. ടോം തന്റെ എല്ലാ നേട്ടങ്ങളും സമര്‍പ്പിക്കുന്നത് പിതാവിനാണ്.

* ആറട് നാലിഞ്ച് ആണ് ടോമിന്റെ ഉയരം.

* ഹൈദരാബാദില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുമ്പോള്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളായിരുന്നു ടോമിന്റെ പേരിലുണ്ടായിരുന്നത്.

* ടോമിന്റെ പ്രിയപ്പെട്ട കായിക ഇനം ഏതാണെന്നു ചോദിച്ചാല്‍, ബാല്യത്തിലെ ഉത്തരം ക്രിക്കറ്റ് അല്ലായിരുന്നു. അത് ഫുട്‌ബോള്‍ ആണ്. ഒരു ഫുട്‌ബോളര്‍ ആകാനായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം.

*ഒരു കറ തീര്‍ന്ന എവര്‍ട്ടണ്‍ ഫാന്‍ ആണ് ടോം ഹാര്‍ട്‌ലി.

* ലെയ്ട്ടന്‍ ബെയ്ന്‍സ്, ഫില്‍ ജഗിയെല്‍ക എന്നിവരായിരുന്നു ആരാധാനപാത്രങ്ങള്‍.

* ഫുട്‌ബോള്‍ മൈതാനത്ത് നിന്നും വളരെ വൈകിയാണ് ക്രിക്കറ്റിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ടോം പന്ത് കൈയിലെടുക്കുന്നത്.

* മെര്‍ച്ചന്റ് ടെയ്‌ലേഴ്‌സ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് മനസ് ക്രിക്കറ്റിലേക്ക് തിരിയുന്നത്.

* ആദ്യം ജന്മനാടായ ഓംസ്‌ക്രിക്കിലെ ക്രിക്കറ്റ് ക്ലബ്ബില്‍ കളിച്ചതിനുശേഷം 2019 ലാണ് ലങ്കാഷെയര്‍ പ്ലെയര്‍ ആകുന്നത്. 20 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 82 ട്വന്റി-20 കളും ലങ്കാഷെയര്‍ ജഴ്‌സിയില്‍ കളിച്ചു.

* അണ്ടര്‍ 15 ടീമിലേക്ക് ലെങ്കഷെയറില്‍ ടോമിന് പ്രവേശനം കിട്ടിയിരുന്നില്ല. അതുപോലെ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനു വേണ്ടിയും ടോം കളിച്ചിട്ടില്ല. എങ്കിലും ക്ലബ് ക്രിക്കറ്റ് കളിച്ച് വെറും മൂന്നു വര്‍ഷം കൊണ്ടു ടോം ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെത്തി.

* 2023 സെപ്തംബറിലായിരുന്നു ടോമിന്റെ ഏകദിന അന്താരാഷ്ട്ര അരങ്ങേറ്റം. ആദ്യ എതിരാളികള്‍ അയര്‍ലണ്ടായിരുന്നു. ഇംഗ്ലണ്ട് ഇതിഹാസവും മുന്‍ ലങ്കാഷെയര്‍ താരവുമായ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ആയിരുന്നു ടോമിന് അരങ്ങേറ്റ ക്യാപ് സമ്മാനിച്ചത്.

* ഏകദിന അരങ്ങേറ്റത്തില്‍ അയര്‍ലണ്ടിനെതിരേ രണ്ട് മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ മത്സരത്തില്‍ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റും കിട്ടിയില്ല.

* ടെസ്റ്റ് അരങ്ങേറ്റത്തിലും തുടക്കം അത്ര നല്ലതായിരുന്നില്ല. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗത്തില്‍ 23 റണ്‍സ് അടിച്ചശേഷം, പന്ത് കൈയിലെടുത്ത ടോമിന് പിഴച്ചു. അരങ്ങേറ്റത്തിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി ലൈനിനു പുറത്തേക്ക് പറന്നു പോകുന്നത് സാക്ഷിയാകേണ്ടി വന്ന രണ്ടാമത്തെ ടെസ്റ്റ് ബൗളറാകേണ്ടി വന്നു ടോമിന്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ കടന്നാക്രമണത്തിന് ഇരയായെങ്കിലും 131 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.

*രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ടീമിനെ നിരാശനാക്കിയില്ല. വളരെ നിര്‍ണായകമായ 34 റണ്‍സ് ആ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

*അതിനുശേഷമായിരുന്നു പന്തുകൊണ്ട് ഇന്ത്യയുടെ അന്ത്യം കുറിച്ചത്.

* 1933 ന് ശേഷം ഒരു ഇംഗ്ലണ്ട് സ്പിന്നര്‍ നടത്തുന്ന ഏറ്റവും മികച്ച വിക്കറ്റ് വേട്ടയായിരുന്നു ടോം കുറിച്ച 62 റണ്‍സിന് 7 വിക്കറ്റുകള്‍. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ടോമിന്റെയും ഏറ്റവും മികച്ച പ്രകടനം.

*1948-ല്‍ ജിം ലേക്കര്‍ സ്വന്തമാക്കിയതിനുശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് സ്പിന്നര്‍ അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

* ആദ്യ ടെസ്റ്റില്‍ തന്നെ ഒമ്പത് വിക്കറ്റുകളാണ് ടോം ഹാര്‍ട്‌ലി സ്വന്തമാക്കിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍