UPDATES

ഇന്ത്യയുടെ പ്രധാന വാര്‍ത്ത സ്രോതസ്സും കൈക്കലാക്കി അദാനി ഗ്രൂപ്പ്

വ്യവസായ ഭീമനിൽ നിന്ന് മാധ്യമ ഭീമനിലേക്ക് എത്തുന്ന അദാനി

                       

ഇന്ത്യയില്‍ നിന്നും വടക്കേ അമേരിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് 1986-ല്‍ ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ്(ഐഎഎന്‍എസ്) ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വാതന്ത്ര വാര്‍ത്ത ഏജന്‍സി ആണ് ഐഎഎന്‍എസ്. എന്നാല്‍ പ്രണോയ് റോയ് യുടെ എന്‍ഡിടിവിയുടെ ഓഹരികള്‍ ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്കും ഹിന്ദി-ഇംഗ്ലീഷ് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്.

ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് അഥവ ഐഎഎന്‍എസ്

1986-ല്‍ സ്ഥാപിതമായ ഐഎഎന്‍എസ്, ആദ്യ കാലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറുന്ന പ്രവാസികള്‍ക്കും തിരിച്ചും വിവരങ്ങള്‍ കൈ മാറുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തിച്ചത്. 1970-കള്‍ ആയപ്പോഴേക്കും, ഇന്ത്യയിലും ദക്ഷിണേഷ്യയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പിന്നീടാണ് ഇന്നു കാണുന്ന രൂപത്തില്‍ ഒരു സമ്പൂര്‍ണ വയര്‍ സേവനമായി മാറുന്നത്. ഫയലിംഗ് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി രൂപയും 2022-ല്‍ 9.4 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 10.3 കോടി രൂപയുടെയും വരുമാനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസാധകനായ ഗോപാല്‍ രാജുവാണ് ഐഎഎന്‍എസിന്റെ സ്ഥാപകന്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്തോ-അമേരിക്കന്‍ മാധ്യമങ്ങളുടെ ആരംഭം കുറിക്കുന്നത് വ്യവസായി കൂടിയായ ഗോപാല്‍ രാജുവിലൂടെയാണ്.

അദാനിയുടെ ഏറ്റെടുക്കല്‍ ?

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് ഏജന്‍സികളില്‍ ഒന്നായ എഎന്‍ഐയുടെ തീവ്ര വലതുപക്ഷ അനുകൂലതയില്‍ ആശങ്ക വര്‍ദ്ധിക്കുന്നതിടയിലാണ് മറ്റൊരു ന്യൂസ് ഏജന്‍സികൂടി അദാനിയുടെ കൈകളില്‍ എത്തുന്നത്. ഐഎഎന്‍എസ്സിന്റെ അംഗീകൃത ഓഹരി മൂലധനം (Authorised Share Capital) 20 ലക്ഷം രൂപയാണ്. പുതിയ ഏറ്റെടുക്കലിനായി അദാനി ഗ്രൂപ്പ് എത്രത്തോളം തുകയാണ് ചെലവിട്ടിരിക്കുന്നത് എന്നത് വ്യക്തമല്ല. ഇപ്പോഴത്തെ ഏറ്റെടുക്കലിനു ശേഷം, ഐഎഎന്‍എസിന്റെ എല്ലാ തരത്തിലുമുള്ള ഓപ്പറേഷണല്‍, മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളും അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡ് ആയിരിക്കും നിയന്ത്രിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് ഏജന്‍സി കൈമാറുന്ന വ്യാജ വാര്‍ത്തകള്‍

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്താ സ്രോതസ്സായി ഉപയോഗപ്പെടുത്തുന്നത് ഐഎഎന്‍എസിനെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയെ തങ്ങള്‍ക്കനുകൂലമായി രൂപപ്പെടുത്താന്‍ അദാനി ഗ്രൂപ്പിനെ സഹായിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിസിനസ്-ഫിനാന്‍ഷ്യല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈം (BQPrime) ഭൂരിഭാഗം ഓഹരികളും അദാനി ഏറ്റെടുത്തിരുന്നു. ഇതിലൂടെയാണ് രാജ്യത്തെ മാധ്യമ മേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടന്നു വരുന്നത്. പിന്നീടാണ് എന്‍ഡിടിവിയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നത്.

‘എ.എന്‍.ഐ വ്യാജ വാര്‍ത്ത സ്രോതസുകള്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് സ്റ്റോറി കില്ലേഴ്‌സ് റിപ്പോര്‍ട്ട്

ശത കോടീശ്വരന്മാര്‍ വാര്‍ത്ത മാധ്യമങ്ങളുടെ ഓഹരി സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വാഷിംഗ്ടണ്‍ പോസ്റ്റിലും, മെക്‌സിക്കന്‍ ശതകോടീശ്വരന്‍ കാര്‍ലോസ് സ്ലിം ന്യൂയോര്‍ക്ക് ടൈംസിലും ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഭൂരിഭഗം വരുന്ന മുന്‍നിര വാര്‍ത്ത മാധ്യമങ്ങളും അദാനി ഗ്രൂപ്പിന് കീഴിലാവുന്നത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണെന്നും വിലയിരുത്തപ്പെടുന്നു.

Share on

മറ്റുവാര്‍ത്തകള്‍