UPDATES

അദാനിക്കെതിരായ രാഹുലിന്റെ വാര്‍ത്ത സമ്മേളനം ‘കുളമാക്കണം’; എന്‍ഡിടിവി എഡിറ്ററുടെ നിര്‍ദേശം, രാജിവച്ചിറങ്ങി ബ്യൂറോ ചീഫ്

ഒസിസിആര്‍പി റിപ്പോര്‍ട്ടിന്റെ പുറത്തുള്ള രാഹുലിന്റെ വാര്‍ത്ത സമ്മേളനമാണ് അദാനി ഗ്രൂപ്പിന്റെ കൈവശമായ എന്‍ഡിടിവി ഹൈജാക്ക് ചെയ്യാന്‍ നോക്കിയത്

                       

മാധ്യമങ്ങളെ രാഷ്ട്രീക്കാരും ബിസിനസുകാരും വിലയ്‌ക്കെടുക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നതിന് പുതിയൊരു തെളിവ്. അതല്ലെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യവസായികളുടെയും കൈയിലുള്ള മാധ്യമങ്ങള്‍ എങ്ങനെയൊക്കെയാണ് തങ്ങളുടെ ജോലി ചെയ്യേണ്ടി വരുന്നത് എന്നതിനുള്ള മറ്റൊരു ഉദ്ദാഹരണം. മൂന്നാമതായി ഒരു കാര്യം കൂടി; കച്ചവടക്കാരോടും ഭരണാധികാരികളോടും സമരസപ്പെടാന്‍ തയ്യാറല്ലാത്ത കുറച്ച് മാധ്യമ പ്രവര്‍ത്തകരെങ്കിലും ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ട് എന്നു പറയാനുള്ള ഒരു സംഭവം. അതാണിനി പറയാന്‍ പോകുന്നത്.

ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഒ സി സി ആര്‍ പി യും അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിന്റെ വിവരങ്ങള്‍ ഓഗസ്റ്റ് അവസാനം പുറത്തു കൊണ്ടുവന്നത്. അദാനി ഗ്രൂപ്പിന്റെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്ന വിദേശികളായ നാസിര്‍ അലി ഷബാന്‍ അലി, ചാങ് ചങ് ലിങ് എന്നിവരെ ഒസിസിആര്‍പി വെളിച്ചെത്തു കൊണ്ടുവന്നിരുന്നു. ഇരുവരും അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ്. അനുബന്ധ കമ്പനികളില്‍ പലതിലും ഡയറക്ടര്‍മാരായും ഓഹരി ഉടമകളായും അവര്‍ ഉണ്ടായിട്ടുണ്ട്. അദാനി ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യാനുള്ള നിക്ഷേപ ഫണ്ടുകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത് എന്നും പുതിയ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പുറകെ അദാനി ഗ്രൂപ്പിനെ ആഴത്തില്‍ പിടിച്ചുലച്ച റിപ്പോര്‍ട്ടായിരുന്നു ഒസിസിആര്‍പിയുടെത്. അദാനി ഗ്രൂപ്പിനെതിരേ വ്യക്തമായ തെളിവുകളില്ലെന്ന് പറഞ്ഞ് ഒളിച്ചു കളിച്ചിരുന്ന സെബി-സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-യ്ക്കും കേന്ദ്ര ഗവണ്‍മെന്റിനും എതിരേയുള്ള പ്രഹരം കൂടിയായിരുന്നു ഒസിസിആര്‍പി റിപ്പോര്‍ട്ട്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ ഉണ്ടായിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ദുര്‍ബലമായ രീതിയിലാണ് അദാനി ഗ്രൂപ്പ് പ്രതിരോധിക്കുന്നത്. കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കാന്‍ സാധിച്ചില്ലെന്നതായിരുന്നു ഓഹരി വിപണയില്‍ നേരിട്ട തകര്‍ച്ചകള്‍ സൂചിപ്പിച്ചത്.

ന്യൂസ് ലോണ്‍ട്രി പുറത്തു വിട്ടൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്, അദാനി ഗ്രൂപ്പ് ഈയടുത്ത കാലത്ത് സ്വന്തമാക്കിയ ദേശീയ ടെലിവിഷന്‍ ചാനലായ എന്‍ഡി ടിവിയെ ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു രക്ഷപ്പെടല്‍ മാര്‍ഗത്തെ കുറിച്ചാണ്. അതാകട്ടെ, ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം എത്രമാത്രം മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്യുന്നു.

അദാനി അപ്‌ഡേറ്റ്

ഹിഡന്‍ബര്‍ഗ്, ഒസിസിആര്‍പി റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ ഏറ്റമുട്ടലിനും കാരണമായി. ഭരകക്ഷിയായ ബിജെപി അദാനി ഗ്രൂപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍, പ്രതിപക്ഷം അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും എതിരായ ശക്തമായ ആയുധങ്ങളാക്കി. അദാനിക്കെതിരായ ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യവും ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന് രാജ്യത്തിന്റെ പുരോഗതിയിലുള്ള കണ്ണുകടിയാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടുകളുമായി വര്‍ദ്ധിത വീര്യത്തോടെ മോദിക്കെതിരേ രംഗത്തെത്തിയത്. ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തു വന്ന ഓഗസ്റ്റ് 31 ന് മുംബൈയില്‍ പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’യുടെ യോഗം ചേരുന്നതിന്റെ ഭാഗമായി രാഹുല്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലായിരുന്നു വാര്‍ത്തസമ്മേളനം. ദേശീയ-പ്രാദേശികതലത്തില്‍ നിന്നുള്ള 300 ഓളം മാധ്യമപ്രവര്‍ത്തകരാണ് രാഹുലിന്റെ വാര്‍ത്ത സമ്മേളനത്തിനെത്തിയിരുന്നത്. അതിലൊരാളായിരുന്നു എന്‍ഡി ടിവിയുടെ മുംബൈ ബ്യൂറോ ചീഫ് സോഹിത് മിശ്ര.

ആ വാര്‍ത്ത സമ്മേളനം തുടങ്ങുന്നതിന് മുമ്പ് സോഹിത് മിശ്രയ്ക്ക് ഒരു ഫോണ്‍ വന്നു. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് പുഗാലിയയുടെ കോളായിരുന്നു അത്. വ്യക്തമായ നിര്‍ദേശവുമായിട്ടാണു ബ്യൂറോ ചീഫിനെ എഡിറ്റര്‍ ഇന്‍ ചീഫ് വിളിച്ചത്. അയാളുടെ ആവശ്യം മറ്റൊന്നുമായിരുന്നില്ല, രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനം ‘ കുളമാക്കുക!’.

ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് പ്രകാരം, എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് പുഗാലിയ വിളിച്ച് ബ്യൂറോ ചീഫ് സോഹിത് മിശ്രയോട് പറഞ്ഞത്, രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനത്തിനിടയില്‍ ബഹളം ഉണ്ടാക്കാനും, വാര്‍ത്ത സമ്മേളനത്തിന്റെ ഉദ്ദേശം വഴിതിരിക്കാനും ആയിരുന്നു. എന്‍ഡിടിവി വൃത്തങ്ങളെ തന്നെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ന്യൂസ് ലോണ്‍ട്രി പറയുന്നത്.

അദാനിയുടെ എഎംജി മീഡിയ നെറ്റ് വര്‍ക്ക് എന്‍ഡിടിവി ഏറ്റെടുത്തതിനു ശേഷം ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് തസ്തികയില്‍ നിയമിതനായ സഞ്ജയ് പുഗാലിയ രാഹുലിനെ ലക്ഷ്യം വച്ചു ചോദിക്കാനുള്ള ചോദ്യങ്ങളുടെ ലിസ്റ്റ് സോഹിത് മിശ്രയോട് പറഞ്ഞുവെന്നാണ് എന്‍ഡിടിവി വൃത്തങ്ങളില്‍ നിന്നു മനസിലാക്കിയതായി ന്യൂസ് ലോണ്‍ട്രി പറയുന്നത്. ‘ എന്തുകൊണ്ട് വിദേശമാധ്യമങ്ങളെ മാത്രം വിശ്വസിക്കുന്നു”, ‘ രാഹുലിന്റെ ദേശവിരുദ്ധ ആഖ്യാനങ്ങള്‍’, റാഫേല്‍ അഴിമതി ആരോപണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലുണ്ടായ പരാജയം’ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തി, രാഹുലിനെ വഴി തിരിക്കണമെന്നായിരുന്നു മിശ്രയോട് ആവശ്യപ്പെട്ടത്.

ഏഴ് വര്‍ഷമായി എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്ന ആ 30 കാരന്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറായില്ല. പിറ്റേദിവസം തന്നെ(ഓഗസ്റ്റ് 31 ന്) രാജി എഴുതി നല്‍കി. ഒരു മാസത്തെ നോട്ടീസ് പിരീഡില്‍ തുടര്‍ന്നുകൊണ്ട് സെപ്തംബര്‍ 30 ന് എന്‍ഡിടിവിയുടെ പടിയിറങ്ങാമെന്നായിരുന്നു സോഹിത് മിശ്ര രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, തങ്ങളെ അനുസരിക്കാതിരുന്ന ആ മാധ്യമപ്രവര്‍ത്തകനോട് ചാനല്‍ പെരുമാറിയത് പകയോടെയായിരുന്നു. നോട്ടീസ് പിരീഡ് ഒരാഴ്ച്ച പൂര്‍ത്തിയായപ്പോള്‍ തന്നെ സോഹിതിന്റെ രാജി അംഗീകരിച്ച് പുറത്തു പൊയ്‌ക്കോളാന്‍ പറഞ്ഞു. അതോടെ സെപ്തംബര്‍ എട്ട് സോഹിത് മിശ്രയുടെ എന്‍ഡിടിവിയിലെ അവസാന പ്രവര്‍ത്തി ദിവസമായി.

ന്യൂസ് ലോണ്‍ട്രി, സോഹിത് മിശ്രയെ സമീപിച്ചെങ്കിലും എന്‍ഡിടിവിയില്‍ നിന്നും താന്‍ രാജിവച്ചുവെന്ന് സ്ഥിരീകരിക്കുകയല്ലാതെ, ഈ വിഷയത്തില്‍ കൂടുതലായി പ്രതികരിക്കാന്‍ തയ്യാറായില്ല. സഞ്ജയ് പുഗാലിയയില്‍ നിന്നും ഇതുവരെ പ്രതികരണം കിട്ടിയിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്നുമാണ് ന്യൂസ് ലോണ്‍ട്രി അറിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനം അന്ന് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തന്നെ നടന്നിരുന്നു. അന്നത്തെ വാര്‍ത്തസമ്മേളനത്തില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. റപ്പബ്ലിക് ടിവിക്കും ടൈസ് നൗവിനും. 2017 മുതല്‍ കോണ്‍ഗ്രസ് അര്‍ണബ് ഗോസ്വാമിയുടെ ചാനലിനെ അടുപ്പിക്കാറില്ല.

എന്നാല്‍, അതേ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി എന്‍ഡിടിവിയെ പരാമര്‍ശിച്ചിരുന്നു. 2014 ല്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഒരു മുന്‍ സെബി ഉന്നത ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. 2011 മുതല്‍ 2017 വരെ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹയെയാണ് രാഹുല്‍ ഉദ്ദേശിച്ചത്. സിന്‍ഹ ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഡിടിവിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയി നിയമിതനായി.

ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം സ്‌ക്രോള്‍ യു കെ സിന്‍ഹയെ ബന്ധപ്പെട്ടിരുന്നു. സിന്‍ഹയുടെ മറുപടി, പഴയതൊന്നും ഓര്‍ക്കുന്നില്ലെന്നായിരുന്നു! ‘ ഞാന്‍ ആറു വര്‍ഷം മുമ്പ് സെബിയില്‍ നിന്നും വിരമിച്ചതാണ്. അതുകൊണ്ട് ഒമ്പതു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുകയാണെന്ന് നിങ്ങള്‍ കരുതരുത്. വസ്തുതകള്‍ എന്തായിരുന്നുവെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല’ ഇതായിരുന്നു സിന്‍ഹയുടെ മറുപടി.

എന്‍ഡിടിവി ഏറ്റെടുത്തശേഷം അദാനി നടത്തിയൊരു പ്രസ്താവനയുണ്ടായിരുന്നു. മാനേജ്‌മെന്റിനും എഡിറ്റോറിയലിനും ഇടയില്‍ വ്യക്തമായൊരു ലക്ഷ്മണ രേഖ ഉണ്ടായിരിക്കുമെന്ന്! അതായത് ചാനലിന്റെ എഡിറ്റോറിയല്‍ പോളിസിയില്‍ മാനേജ്‌മെന്റ് താത്പര്യങ്ങള്‍ കൈകടത്തില്ല എന്ന്. പക്ഷേ, സോഹിത് മിശ്ര കേസ് കാണിക്കുന്നത്, അത്തരമൊരു രേഖയും ആരും വരച്ചിട്ടില്ലെന്നാണ്. അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിനു പിന്നാലെ ക്രെഡിബിലിറ്റി ഉണ്ടായിരുന്ന പല മാധ്യമപ്രവര്‍ത്തകരും രാജിവച്ചിരുന്നു.

ഒസിസിആര്‍പി റിപ്പോര്‍ട്ടിന്റെ കാര്യത്തിലേക്ക് വന്നാല്‍, സോഹിത് മിശ്ര സംഭവം ഒഴിവാക്കിയാല്‍, എന്‍ഡിടിവി ആവേശത്തോടെ ശ്രമിച്ചത് പ്രത്യാക്രമണത്തിനായിരുന്നു. ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പ്രധാന അവതാരകനുമായ വിഷ്ണു സോം, പ്രൈം ടൈം ചര്‍ച്ചയായ ലെഫ്റ്റ്, റൈറ്റ് ആന്‍ഡ് സെന്റര്‍-ല്‍ ആഞ്ഞടിച്ചത്, ജി 20 ഉച്ചകോടിയ്ക്കും നിയമസഭ-പൊതു തെരഞ്ഞെടുപ്പുകള്‍ക്കും തൊട്ടുമുന്‍പായി ജോര്‍ജ് സോറോസ് കാശ് മുടക്കുന്ന ഒസിസിആര്‍പി ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടതിനെ സംശയിക്കേണ്ടതുണ്ടെന്നായിരുന്നു. അടിസ്ഥാനരഹിതമായത് എന്നായിരുന്നു 27 വര്‍ഷമായി ആ ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന സോം ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ പുച്ഛിച്ചത്. രണ്ട് ബിജെപി പ്രതിനിധികള്‍ക്കൊപ്പമായിരുന്നു അവതാരകന്റെ പ്രത്യാക്രമണങ്ങള്‍. രാജ്യത്തിന്റെ ഭരണസംവിധാനത്തിലോ നിയമസംവിധാനങ്ങളിലോ വിശ്വസിക്കാത്തവരെന്നായിരുന്നു ആദാനിക്കെതാരിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടവരെ വിമര്‍ശിച്ചത്.

Related news


Share on

മറ്റുവാര്‍ത്തകള്‍