UPDATES

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

ഹിന്ദു-മുസ്ലിം വേര്‍പിരിയലിന് മൂന്ന് കാരണങ്ങളാണ് അംബേദ്ക്കര്‍ മുന്നോട്ടു വയ്ക്കുന്നത്. അവ ഭരണപരം, ഭാഷാപരം, സാംസകാരികം എന്നിവയാണ്. ആരും ഇതത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെങ്കിലും സ്വകാര്യമായി അംഗീകരിക്കുന്നുമുണ്ട്. ഹിന്ദുനേതാക്കള്‍ പറയുന്നത് മുസ്ലിം നേതാക്കള്‍ ഹിന്ദു-മുസ്ലിം ബാന്ധവത്തിന് നിയമപരമായ അവസാനം കുറിക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യ ഒറ്റ രാഷ്ട്രമാണോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച നാള്‍ മുതല്‍ ആംഗ്ലോ ഇന്ത്യന്‍സും ഹിന്ദു രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തില്‍ രണ്ട് തട്ടിലാണ്. ഇന്ത്യ ഒറ്റ രാജ്യമല്ല എന്നാണ് ആംഗ്ലോ ഇന്ത്യന്‍സ് പറയുന്നത്. ഇന്ത്യന്‍സ് എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജനത എന്നേ വ്യാഖ്യാനമുള്ളു. ഇന്ത്യയെ അറിയണമെങ്കില്‍ ഇന്ത്യ എന്നൊന്നിനെ മറക്കണം എന്നാണ് ആംഗ്ലോ ഇന്ത്യന്‍സ് അഭിപ്രായപ്പെട്ടിരുന്നത്. മഹാകവി ടാഗോറും ഏതാണ്ട് ഇതേ അഭിപ്രായമുള്ള വ്യക്തിത്വമായിരുന്നു. എന്നാല്‍ ഹിന്ദു നേതാക്കള്‍ ഇന്ത്യ ഒറ്റ രാജ്യം എന്ന നിലപാടില്‍ ഉറച്ചുനിന്നു. അവര്‍ക്കത് ആവശ്യവുമായിരുന്നു. ദേശീയതയ്ക്ക് വലിയ പ്രാധാന്യമുള്ളൊരു ലോകത്ത് ദേശീയതയും ദേശീയബോധവുമില്ലാത്ത ഒരിന്ത്യക്കാരന്‍ ജനക്കൂട്ടത്തിന് മുന്നില്‍നില്‍ക്കുന്ന നഗ്നനെ പോലെയാണ് എന്നവര്‍ ധരിച്ചിരുന്നു. സ്വയം ഭരണം ലഭിക്കാനും ഇത് ആവശ്യമാണെന്നവര്‍ കണക്കാക്കിയിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലം നേതാക്കള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. ഒരു ദേശം എന്ന നിലയില്‍ അവിടത്തെ ജനത ഉറച്ചുനിന്നാല്‍ അവര്‍ക്ക് സ്വയം ഭരണം കിട്ടാനുള്ള സാധ്യത കൂടുതലാണ്. അത് നഷ്ടപ്പെടരുത് എന്നവര്‍ക്കുണ്ടായിരുന്നു. ഒരു ജനതയെ ഒരു രാഷ്ട്രം എന്നു വിളിക്കുന്നതാണോ ഒരു ജനത ഒരു രാഷ്ട്രമായി മാറുന്നതാണോ ശരി എന്നൊന്നും ചിന്തിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സ്വയം ഭരണം ലഭിച്ചാല്‍ ഒറ്റ രാഷ്ട്രമായി തുടരാം എന്നവര്‍ കരുതി. അക്കാലത്ത് ദേശസ്നേഹത്തിന്റെ ഭാഗമായി അനേകം ചരിത്രവിദ്യാര്‍ത്ഥികള്‍ ഒറ്റ ഇന്ത്യ, ഒറ്റ ജനത എന്നവിധം ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. ഹിന്ദുമതത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്ക് ഇത് അപകടകരമായ വ്യാമോഹമാണ് എന്നറിയാമായിരുന്നെങ്കിലും അവരാരും പ്രത്യക്ഷമായി ഇതിനെ എതിര്‍ത്തില്ല. എതിര്‍ക്കുന്നവര്‍ ബ്രിട്ടീഷ് ബ്യൂറോക്രസിയുടെ ഉപകരണമായും രാജ്യദ്രോഹിയായും ചിത്രീകരിക്കപ്പെട്ടിരുന്നു. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യത്തിന് കോണ്‍ഗ്രസിലെ ഹിന്ദുനേതാക്കള്‍ വലിയ പ്രചാരണം നല്‍കിയതോടെ ആംഗ്ലോ ഇന്ത്യന്‍സ് നിശബ്ദരായി. ഈ സമയത്താണ് ഒറ്റ രാജ്യം എന്ന മുന്നോട്ടു പോക്കിന് വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ലീഗ് പ്രമേയം വരുന്നത്. ആംഗ്ലോ ഇന്ത്യന്‍സില്‍ നിന്നാകും ഒറ്റ ഇന്ത്യ എന്ന ആശയത്തിന് എതിര്‍പ്പുണ്ടാകും എന്നു കരുതിയിരുന്ന ഹിന്ദു നേതാക്കള്‍ മുസ്ലിം സമുദായത്തില്‍ നിന്നും ഇത്തരം ഒരെതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല. അതവര്‍ക്കൊരു മാരക പ്രഹരമായിരുന്നു. വര്‍ഷങ്ങളായി ഹിന്ദു നേതാക്കള്‍ പറഞ്ഞു വികസിപ്പിച്ച ഒറ്റ രാജ്യം എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തിയാണ് ഇവിടെ നഷ്ടമായത്. നിന്നിടത്തെ മണ്ണ് ഒലിച്ചുപോയ അവസ്ഥ. ഒറ്റ ഇന്ത്യ എന്ന ഐക്യകാഹളത്തിന് പിന്നില്‍ നിന്നു കിട്ടിയൊരു കുത്തായാണ് ഹിന്ദുനേതാക്കള്‍ ഇതിനെ കണ്ടത്.

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ചോദ്യം ഇതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രത്യേക രാജ്യം ആയിക്കൂടെ ? ദേശീയതയെ കുറിച്ച് ടോംസ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ദേശീയത ഒരു വികാരമാണ്. അതില്‍ ഉള്‍പ്പെടുന്ന എല്ലാവരും സ്വന്തക്കാരും ബന്ധുക്കളുമാണ് എന്നു തോന്നിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് വികാരം അതിലുണ്ട്. ഇതൊരു ഇരുതല വികാരമാണ്. നമ്മുടെ സ്വന്തമെന്നു തോന്നുന്നവരോട് ഉണ്ടാകുന്ന ഇഷ്ടവും സ്വന്തമെന്ന് തോന്നാത്തവരോട് ഉണ്ടാകുന്ന ഇഷ്ടക്കേടും ദേഷ്യവും, ഇതാണ് ഇരുതല വികാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതൊരു പ്രത്യേകതരം വികാരമാണ്. സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങളെ കടന്നു നില്‍ക്കുന്ന ഒരു തരം ഇഴചേര്‍ന്ന ബന്ധം. തന്റേതെന്നു തോന്നുന്നവര്‍ക്കൊപ്പം നില്‍ക്കാനും മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ടുനില്‍ക്കാനും പ്രേരിപ്പിക്കുന്ന ഈ വികാരമാണ് ദേശീയത. ഈ ദേശീയ വികാരം ഇന്ത്യന്‍ മുസ്ലിമില്‍ ചേര്‍ത്തുവച്ചാല്‍ അവര്‍ ഒരു പ്രത്യേക ഗ്രൂപ്പാണ് എന്നു മനസിലാക്കാം. അവര്‍ അവരുടേതായ ഒരു കൂട്ടായ്മ വേണം എന്നാഗ്രഹിക്കുന്നത് സ്വാഭാവികം. ഇത് അംഗീകരിക്കപ്പെട്ടാല്‍ പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് എതിര് നില്‍ക്കേണ്ടിവരില്ല.

ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഹിന്ദുവും മുസ്ലിമും ഒരു ദേശമായി മുന്നോട്ടുപോകാന്‍ കഴിയുന്ന സ്നേഹബന്ധവും ഭാഷാപരമായ ഐക്യവും ഉള്ളവരാണ് എന്നു കാണിക്കാനാണ് ഹിന്ദു നേതാക്കള്‍ ശ്രമിച്ചിരുന്നത്. വര്‍ഷങ്ങളായി അത്തരമൊരടുപ്പം ഉണ്ട് എന്ന യാഥാര്‍ത്ഥ്യവും അവര്‍ എടുത്തുകാട്ടി. വര്‍ഗ്ഗപരമായി രണ്ടുകൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നതായിരുന്നു ആദ്യ വാദം. പഞ്ചാബി മുസല്‍മാനും പഞ്ചാബി ഹിന്ദുവും വംശീയമായി ഒന്നാണ് എന്നായിരുന്നു വാദം. ഇത്തരത്തില്‍ ബിഹാര്‍, ബംഗാള്‍, മദ്രാസ്, ബോംബെ തുടങ്ങി എല്ലാ പ്രവിശ്യകളിലെയും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണക്കാക്കാം എന്നായിരുന്നു ഐക്യത്തിനായി വാദിക്കുന്നവര്‍ മുന്നോട്ടുവച്ച വാദഗതി. ഒരു കാര്യം സത്യമാണ്. മദ്രാസ് മുസല്‍മാനും മദ്രാസ് ബ്രാഹ്‌മണനും തമ്മിലുള്ള ഇഴയടുപ്പം പഞ്ചാബ് ബ്രാഹ്‌മണനും മദ്രാസ് ബ്രാഹ്‌മണനും തമ്മിലുള്ളതിനേക്കാള്‍ മികച്ചതായിരുന്നു. ഭാഷാപരമായ വാദവും ശരിയായിരുന്നു. ഇന്ത്യന്‍ മുസ്ലിമിന് സ്വന്തമായ ഭാഷ എന്നൊന്നില്ലായിരുന്നു. അതത് പ്രദേശത്തെ ഭാഷ തന്നെയാണ് അവര്‍ സംസാരിച്ചിരുന്നത്. നഗരങ്ങളില്‍ മാത്രമാണ് ഉറുദു സംസാരിക്കുന്ന മുസ്ലിങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഹിന്ദുവും മുസ്ലീമും നൂറ്റാണ്ടുകളായി ഒന്നിച്ചു പാര്‍ക്കുന്നു എന്നതിനാല്‍ ഇന്ത്യ രണ്ടുകൂട്ടരുടേയും ആണ്, അതിനെ വേറിട്ടു കാണേണ്ടതില്ല എന്നതായിരുന്നു മറ്റൊരു വാദം.

വര്‍ഗപരമായി മാത്രമല്ല, സാമൂഹിക-സാംസ്‌ക്കാരിക ജീവിതത്തിലും സമുദായങ്ങള്‍ തമ്മില്‍ സാമ്യമുണ്ട് എന്ന അഭിപ്രായവും നിലനിന്നിരുന്നു. പല മുസ്ലിം ഗ്രൂപ്പുകളുടെയും സാമൂഹിക ജീവിതം ഹിന്ദു ആചാരങ്ങളുമായി ലയിച്ചു കിടക്കുന്നത് കാണാം. പഞ്ചാബിലെ അവാന്‍സ്, മുസ്ലിം വിഭാഗമാണെങ്കിലും അവര്‍ ഹിന്ദു പേരുകളും ബ്രാഹ്‌മണരെപോലുള്ള വംശാവലിയും നിലനിര്‍ത്തിയിരുന്നു. ചൗധരി ഹിന്ദു കുടുംബപ്പേരാണെങ്കിലും വടക്കേ ഇന്ത്യയില്‍ മുസല്‍മാനും ചൗധരി എന്ന സര്‍നെയിം ഉപയോഗിച്ചിരുന്നു. വിവാഹകാര്യത്തില്‍ ചില മുസ്ലിങ്ങള്‍ പേരില്‍ മാത്രമെ മുസ്ലിം ആകുന്നുള്ളു. അവര്‍ ആദ്യം ഹിന്ദു ആചാരത്തില്‍ ചടങ്ങുകള്‍ നടത്തുകയും പിന്നീട് ഖാസിയെ വിളിച്ച് മുസ്ലിം ചടങ്ങുകള്‍ നടത്തുകയുമാണ് ചെയ്തിരുന്നത്. ചില മുസ്ലിം സമൂഹങ്ങള്‍ വിവാഹം, രക്ഷകര്‍തൃത്വം, പിന്‍തുടര്‍ച്ച എന്നിവയില്‍ ഹിന്ദുനിയമം പിന്‍തുടരുന്നു. ശരീയത്ത് നിയമം വരും മുന്നെ പഞ്ചാബിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സിലും ഇതായിരുന്നു രീതി.

ഹിന്ദു സമൂഹത്തിലെ പോലെ ജാതി വ്യവസ്ഥ മുസ്ലിം സമൂഹത്തിലും ഉണ്ട്. മുസ്ലിം സന്ന്യാസിമാര്‍ക്ക് ഹിന്ദു ശിഷ്യരും ഹിന്ദു സന്ന്യാസിമാര്‍ക്ക് മുസ്ലിം ശിഷ്യരും ഉണ്ടായിരുന്നു. രണ്ട് മതത്തിലേയും സന്ന്യാസിമാര്‍ തമ്മിലും സൗഹൃദം ഉണ്ടായിരുന്നു. പഞ്ചാബിലെ ഗിറോട്ടില്‍ ജമാലി സുല്‍ത്താന്‍ എന്ന മുസ്ലിം സന്ന്യാസിയുടെയും ദിയാല്‍ ഭവാന്‍ എന്ന ഹിന്ദു സന്ന്യാസിയുടെയും ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്നത് അടുത്തടുത്താണ്. ഇവര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലം വലിയ സൗഹൃദത്തില്‍ കഴിഞ്ഞവരായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഈ രണ്ട് കുടീരങ്ങളും ഒരുപോലെ ആദരിക്കുകയും ചെയ്തുവന്നു. പതിനേഴാം നൂറ്റാണ്ടില്‍ കാംഗ്ര ജില്ലയിലെ റാണിറ്റാള്‍ ജില്ലയില്‍ ജീവിച്ചിരുന്ന മുസ്ലിം സന്ന്യാസി ബാവ ഫാത്തുവിനെ പ്രവാചകന്‍ എന്നു വിളിച്ചത് ഹിന്ദു സന്ന്യാസി സോധി ഗുരു ഗുലാബ് സിംഗാണ്. ജാംഗ് ജില്ലയിലെ ഹിന്ദു സന്ന്യാസി ബാബ ഷഹാന ഒരു മുസ്ലിം സന്ന്യാസിയുടെ ശിഷ്യയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഹിന്ദുവും മുസ്ലിമും ഒരേ വംശം തന്നെയാണ് എന്നതാണ്. എന്നാല്‍ ഹിന്ദുവും മുസ്ലിമും ഒരേ രാജ്യത്തിന്റെ ഭാഗമായി ജീവിക്കാന്‍ ഇത്രയും സാമ്യങ്ങള്‍ മതിയാകുമോ എന്നത് സംശയമാണ്.

മതപരിവര്‍ത്തനം പൂര്‍ണ്ണമായിട്ടില്ല എന്നതുകൊണ്ടാണ് പലവിധ സമാനതകള്‍ നിലനില്‍ക്കുന്നത് എന്ന് അംബേദ്ക്കര്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷം ഹിന്ദു വിഭാഗത്തിലെ ജാതികളില്‍ നിന്നും പുറജാതികളില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ്. അതുകൊണ്ടുതന്നെയാണ് മതപരിവര്‍ത്തനം പൂര്‍ണ്ണമോ ഫലപ്രദമോ ആകാതെപോയത്. കലാപം ഭയന്നോ മതചടങ്ങുകള്‍ പൂര്‍ത്തിയാകാത്തുകൊണ്ടോ പുരോഹിതന്മാരുടെ അഭാവംകൊണ്ടോ ആകാം ഇങ്ങിനെ സംഭവിച്ചത്. അതിനാലാണ് ഭൂരിപക്ഷ മുസ്ലിങ്ങളും വലിയ അളവുവരെ അവരുടെ മതപരവും സാമൂഹികവുമായ ജീവിതത്തില്‍ തങ്ങളുടെ ഹിന്ദു ഉത്ഭവം പ്രകടിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി ഒരേ ഇടത്ത് ഒരേ സംസ്‌ക്കാരത്തില്‍ വളരുന്നതും ഇത്തരം സാമ്യങ്ങള്‍ക്ക് കാരണമാകാം.ഹിന്ദു മുസ്ലിം സംയോജനം ലക്ഷ്യമിട്ട അക്ബര്‍ ചക്രവര്‍ത്തിയുടെയും മറ്റും സ്വാധീനവും ഈ സാംസ്‌ക്കാരിക സമാനതകള്‍ക്ക് കാരണമാകാം. എന്നാല്‍ ഇതെല്ലാം മരണപ്പെട്ട ഭൂതകാലമാണ്, വര്‍ത്തമാന കാലവും ഭാവി കാലവും ഇതില്‍ നിന്നും വ്യത്യസ്തമാണ് എന്നതില്‍ സംശയമില്ല.

ദേശീയത സംബന്ധിച്ച് റെനന്‍ പറയുന്നത് ശ്രദ്ധേയമാണ്. വംശത്തെ ദേശവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. കലര്‍പ്പില്ലാത്ത ഒരു വംശവുമില്ല. നരവംശ ശാസ്ത്ര വിശകലനത്തോടെയുള്ള രാഷ്ട്രീയം കൈമേറയ്ക്ക് കുഞ്ഞുപിറക്കുംപോലെയാണ്. ഗ്രീക്ക് മിതോളജിയിലെ തീതുപ്പുന്ന രാക്ഷസിയാണ് കൈമേറ. സിംഹത്തിന്റെ തലയും ആടിന്റെ ദേഹവും പാമ്പിന്റെ വാലുമുള്ള രാക്ഷസി. ഒരു വംശത്തിന്റെ തുടക്കത്തില്‍ വംശപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും ക്രമേണ അത് നഷ്ടമാകും. മനുഷ്യ ചരിത്രം ജീവശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ്. എലികളുടെയും പൂച്ചകളുടെയും പഠനത്തില്‍ അത് പ്രധാനമാകും, എന്നാല്‍ മനുഷ്യര്‍ക്ക് അങ്ങനെയല്ല. ഭാഷ പുന:സമാഗമത്തിന് സഹായിക്കുമെങ്കിലും അതിന് ആരും ശ്രമിക്കാറില്ല. അമേരിക്കയും ഇംഗ്ലണ്ടും ഒരേ ഭാഷ സംസാരിക്കുന്നതുകൊണ്ട് ഒരു രാജ്യമാകുന്നില്ല. സ്പാനിഷ് അമേരിക്കയും സ്പെയിനും ഒറ്റ രാഷ്ട്രമാകുന്നില്ല. എന്നാല്‍ പല ഭാഷകള്‍ സംസാരിക്കുന്ന ദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് സ്വിറ്റ്സര്‍ലന്റ് എന്ന ഉറപ്പുള്ള രാഷ്ട്രം ഉണ്ടായിരിക്കുന്നത്. മനുഷ്യന് ഭാഷയേക്കാള്‍ മുകളിലായി ഒന്നുണ്ട്, ഉറച്ച തീരുമാനം. ഒരു ജനതയുടെ ഉറച്ച തീരുമാനമായിരുന്നു സ്വിറ്റ്സര്‍ലന്റിന്റെ ജനനം. വരും കാലങ്ങളില്‍ വംശത്തേക്കാള്‍ പ്രാധാന്യം പ്രദേശങ്ങള്‍ക്കാവും. തൊഴിലിനായാലും യുദ്ധത്തിനായാലും ഭൂമിയാകും അടിയൊഴുക്കാവുക. ഇനി ഒരു ജനത എന്നതിനെ നിശ്ചയിക്കുന്നത് പ്രദേശത്തിന്റെ പ്രത്യേകതയോ വംശമോ ആകില്ല മനുഷ്യന്‍ തന്നെയാകും. ഭൂതകാലത്തിലെ പൊതുവായ മഹത്വങ്ങള്‍, വര്‍ത്തമാന കാലത്തെ കൂട്ടായ തീരുമാനങ്ങള്‍, ഒന്നിച്ചു ചെയ്യുന്ന വലിയ കാര്യങ്ങള്‍ ഇവ ചേര്‍ന്നാലെ ജനതയാകൂ. ഒരു സ്പാര്‍ട്ടാന്‍ മന്ത്രമുണ്ട്, നിങ്ങള്‍ എന്തായിരുന്നുവോ അതാണ് ഞങ്ങള്‍, നിങ്ങള്‍ എന്താണോ അതാകും ഞങ്ങള്‍ (We are what you were,we shall be what you are ) ഇതാണ് ഓരോ നാടിന്റെയും ദേശീയഗാനം. ഭൂതകാലത്തെ ഒരു വിജയത്തിന്റെയോ വേദനയുടെയോ പിന്‍തുടര്‍ച്ചയാകും നമ്മള്‍ പങ്കുവയ്ക്കുന്നത്. ഭാവിയില്‍ അതൊരു പൊതു ആശയം, അതിന്റെ വേദന,സന്തോഷം, പ്രതീക്ഷ എന്നിവയാകും പങ്കുവയ്ക്കുക. ഭാഷയ്ക്കും വംശത്തിനും അതിര്‍ത്തിക്കും ആരാധനാലയത്തിനും മുകളിലായി ഇതാകും വരുക .

പങ്കിട്ട വേദനകള്‍ക്കാവും പങ്കിട്ട സന്തോഷത്തിനേക്കാള്‍ മാറ്റുണ്ടാവുക. ഈ രീതിയില്‍ നോക്കുമ്പോള്‍ ഹിന്ദുവും മുസല്‍മാനും ഒന്നിച്ചു പങ്കിട്ട അഭിമാനങ്ങളും ദുഖങ്ങളും ഉണ്ടോ എന്നതിനാണ് പ്രസക്തി. അതില്ല എന്നിടത്ത് അത് അവസാനിക്കുകയും ചെയ്യുന്നു. പരസ്പരം യുദ്ധം ചെയ്ത രണ്ട് സേനകളാണ് ഹിന്ദുവും മുസ്ലിമും. പൊതുവായി ഒന്നിനുവേണ്ടിയും അവര്‍ പോരാടിയിട്ടില്ല. രാഷ്ട്രീയവും മതപരവുമായ പരസ്പര പോരാട്ടവും ശത്രുതയും മാത്രമായിരുന്നു മുഖമുദ്ര. ദ ഹിന്ദു നാഷണല്‍ മൂവ്മെന്റ് എന്ന ലേഖനത്തില്‍ ഭായി പരമാനന്ദ് പറയുന്നു, ചരിത്രത്തില്‍ ഹിന്ദു അഭിമാനം കൊള്ളേണ്ടത് പൃഥ്വിരാജ് ചൗഹാന്‍, റാണാ പ്രതാപ് സിംഗ്, ഛത്രപതി ശിവജി, ബേരാഗി പീര്‍ തുടങ്ങിയവരിലാണ്. നമ്മുടെ നാടിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുമായി മുസ്ലിം രാജാക്കന്മാര്‍ക്കെതിരെ പോരാടിയവരാണ് ഇവര്‍. എന്നാല്‍ മുഹമ്മദര്‍ ഇവിടെ അതിക്രമിച്ചുവന്ന മുഹമ്മദ് ബിന്‍ ക്വാസിം, ഭരണാധികാരിയായിരുന്ന ഔറംഗസേബ് തുടങ്ങിയവരെയാണ് ദേശീയനായകരായി കാണുന്നത്. മതപരമായി ഹിന്ദുവിനെ പ്രചോദിപ്പിക്കുന്നത് രാമായണവും മഹാഭാരതവും ഗീതയുമാണ്. എന്നാല്‍ മുസല്‍മാന് അത് ഖുറാനും ഹാദിസുമാണ്. ചുരുക്കത്തില്‍ ഐക്യത്തിനുള്ളതിനേക്കാള്‍ വിഘടനത്തിനുള്ള സംഗതികളാണ് ഇവരില്‍ കൂടുതലായുള്ളത്. ഉപരിതല സ്പര്‍ശിയും യാദൃശ്ചികവുമായ സാമ്യങ്ങളെ മുന്‍നിര്‍ത്തിവാദിക്കുന്ന ഹിന്ദു നേതാക്കള്‍ ഓര്‍ക്കേണ്ടത് അത്യാവശ്യവും അടിസ്ഥാനപരവുമായ പ്രശ്നങ്ങള്‍ ആഴത്തിലുള്ളതാണ് എന്നതാണ്.

മറവിയും ചരിത്രപരമായ തെറ്റുകളുമാണ് രാജ്യങ്ങളെ സൃഷ്ടിക്കുന്നതെന്ന് റെനന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗൗരവമേറിയ ചരിത്രപഠനം ദേശീയതയ്ക്ക് വിഘാതമാണ്. അക്രമങ്ങളുടെയും വേദനകളുടെയും ഓര്‍മ്മകളാകും ചരിത്രപരിശോധനയിലൂടെ മനസിലാക്കുക. പലപ്പോഴും ഐക്യം കെട്ടിപ്പടുക്കുന്നത് ക്രൂരതയിലൂടെയാണ് എന്നും കാണാം. വടക്കന്‍ ഫ്രാന്‍സും തെക്കന്‍ ഫ്രാന്‍സും ചേര്‍ന്ന് ഇന്നു കാണുന്ന ഫ്രാന്‍സ് ഉണ്ടായത് നൂറു വര്‍ഷം നീണ്ട ക്രൂരമായ ഭരണത്തിലൂടെയും ഉന്മൂലനത്തിലൂടെയുമാണ്. ഫ്രാന്‍സിലെ രാജാവിനെ ഒരു സെക്കുലര്‍ ക്രിസ്റ്റലൈസര്‍ എന്നു വിളിക്കാനാണ് അംബേദ്ക്കര്‍ ആഗ്രഹിക്കുന്നത്. മികച്ച ദേശീയ ഐക്യമാണ് അദ്ദേഹം സ്ഥാപിച്ചത്. പക്ഷെ അദ്ദേഹം രൂപപ്പെടുത്തിയ ദേശം അദ്ദേഹത്തെ ശപിച്ചു. അദ്ദേഹത്തിന്റെ മൂല്യവും സംഭാവനയും മനസിലാക്കുന്നത് സംസ്‌ക്കാരമുള്ള ഒരുകൂട്ടര്‍ മാത്രമാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ പൊതുവെ ഇതിന് വിപരീതമാണ് സംഭവിച്ചത്. സെന്റ് സ്റ്റീഫന്റെ കാലത്ത് മാഗ്യാര്‍സും സ്ലാവ്സും എണ്ണൂറ് വര്‍ഷം മുന്നെ ഉള്ള അതേനിലയില്‍ ജീവിച്ചു. ഹാപ്സ്ബര്‍ഗില്‍ വിവിധ വംശങ്ങള്‍ പ്രത്യേകമായി ജീവിക്കുകയും പോരടിക്കുകയും ചെയ്തു. ബൊഹീമിയയില്‍ ചെക്കുകാരും ജര്‍മ്മന്‍കാരും സൂപ്പര്‍ ഇംപോസ് ചെയ്തമട്ടില്‍ എണ്ണയും വെള്ളവും പോലെ ജീവിച്ചു. തുര്‍ക്കിയില്‍ മതപരമായ ദേശീയത കിഴക്കന്‍ തുര്‍ക്കിയെ നശിപ്പിച്ചു. സാമിര്‍നയിലും സലോനിക്കയിലും സ്വന്തം ഓര്‍മ്മകളില്‍ ജീവിക്കുന്ന അഞ്ചാറ് സമൂഹങ്ങളെ കാണാം. ചുരുക്കത്തില്‍ ദേശം എന്നാല്‍ ഓരോ വ്യക്തിക്കും പൊതുവായ ചില സംഗതികള്‍ വേണം, പലതും മറക്കാനും ഉണ്ടാവണം. ഫ്രാന്‍സില്‍ പലര്‍ക്കും അവര്‍ ബര്‍ഗുണ്ടിയന്‍ ആണോ അലന്‍ ആണോ വിസിഗോത്ത് ആണോ എന്നറിയില്ല. അവര്‍ പതിമൂന്നാം നൂറ്റാണ്ടിലെ ദക്ഷിണദേശത്തെ കൂട്ടക്കൊല മറന്നു. അവര്‍ തെക്കനോ വടക്കനോ എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം ഒന്നായി.

എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അതല്ല. അവര്‍ക്ക് ഭൂതകാലം മറക്കാനുള്ളതല്ല. അതവരുടെ മതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭൂതകാലം മറക്കണമെങ്കില്‍ മതത്തെ മറക്കണം.അതിനവര്‍ക്ക് കഴിയില്ല. ചരിത്രപരമായി ഒറ്റ മുന്‍ഗാമിയില്‍ നിന്നുള്ള തുടര്‍ച്ചയല്ല എന്നതുകൊണ്ടുതന്നെ ഒറ്റ ദേശം എന്ന ഹിന്ദുവികാരം തകര്‍ന്നു കഴിഞ്ഞു. അത് കൊണ്ടുനടക്കുന്നത് വെറും ഭ്രമാത്മകത മാത്രം. മുസല്‍മാന്‍മാരുടെ ഒറ്റ ദേശം എന്നത് അവരുടെ നേതാക്കളുടെ ഒരു ചിന്താപദ്ധതിയാണ് എന്നു പറയുന്നതും ശരിയാകാം. ഈ അടുത്തകാലത്താണ് മതാടിസ്ഥാനത്തില്‍ ഒരു ഇസ്ലാം രാജ്യമുണ്ടാകണം എന്ന ചിന്ത വന്നുതുടങ്ങിയത്. സമുദായ അംഗങ്ങളുടെ ഐക്യം എന്നത് ക്രമേണ ഒരു ദേശം എന്ന നിലയിലേക്ക് വളര്‍ന്നു എന്നു കരുതാം. അന്തര്‍ദ്ദേശീയതലത്തില്‍ നോക്കുമ്പോള്‍ കാനഡയിലെ ഫ്രഞ്ചുകാരും ദക്ഷിണാഫ്രിക്കയിലെ ഇംഗ്ലീഷുകാരും പ്രത്യേകരാജ്യം ആവശ്യപ്പെട്ടില്ല എന്നത് സത്യമാണ്. ഇത്തരത്തില്‍ ഒന്നു സംഭവിക്കണമെങ്കില്‍ ഹിന്ദുസമൂഹം മുസ്ലിം സമൂഹത്തോട് അതിനായി അപേക്ഷിക്കണം. വാദിക്കുന്നത് ഖണ്ഡനമായി കരുതേണ്ട. ദേശീയതയും ദേശസ്നേഹവും മനുഷ്യമനസിലെ മന:ശാസ്ത്രപരമായ രണ്ട് അവസ്ഥകളാണ്. ദേശീയത എന്നാല്‍ ഏകതാനതാ ബോധമാണ്. അതൊരു ബന്ധുബന്ധമാകുന്നു. ദേശസ്നേഹം എന്നാല്‍ ബന്ധുബന്ധമുള്ളവരുടെ പ്രത്യേക ദേശമാകാനുളള ആഗ്രഹമാണ്. ദേശീയത എന്ന വികാരമില്ലാതെ ദേശസ്നേഹമുണ്ടാവില്ല. അങ്ങിനെ സംസാരിക്കുന്നതുപോലും എപ്പോഴും സത്യമാകണമെന്നില്ല. ലോര്‍ഡ് ആക്ടണ്‍ പറയുന്നത് ദേശീയതയ്ക്ക് ഒരിടം വേണം, അല്ലെങ്കില്‍ ശരീരമില്ലാതെ ചുറ്റിനടക്കുന്ന ആത്മാവ് മാത്രമാകും അത്.

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍