അഫ്വ എന്ന ഹിന്ദി വാക്കിന് മലയാളത്തില്‍ കിംവദന്തി എന്നര്‍ത്ഥം. കിംവദന്തികളുടെ നിയന്ത്രണത്തിലായ ഇന്ത്യയെക്കുറിച്ചുള്ള ഒരു സാമൂഹിക വിവരമാണ് സുധീര്‍ മിശ്രയുടെ ‘ അഫ്വ’. വൈറല്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ദൈവം വിചാരിച്ചാല്‍ പോലും തടയാന്‍ പറ്റില്ലെന്ന് ഒരു ഡയലോഗുണ്ട് ഈ സിനിമയില്‍, അത്രകണ്ട് ശക്തിയോടെയാണ് നുണകള്‍ സമൂഹത്തെ കീഴ്‌പ്പെടുത്തുന്നത്. ആസൂത്രിത കലാപം, ലൗ ജിഹാദ്, പശു കടത്ത് തുടങ്ങിയ പുതിയ ഭരണ ശക്തിയുടെ അജണ്ടകള്‍ സോഷ്യല്‍ മീഡിയയിലെ നുണ പ്രചാരണത്തിലൂടെ സാധാരണ മനുഷ്യര്‍ക്ക് എതിരായി മാറ്റുന്നത് എങ്ങനെയെന്ന് ഈ ബോളിവുഡ് ചലച്ചിത്രം കാണിച്ചു തരുന്നു. വ്യാജ വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ക്കുവേണ്ടി ശബ്ദിക്കുന്ന മലയാളികള്‍ക്ക് ഈ സിനിമ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നു.
2023 മേയ് അഞ്ചിനാണ് അഫ്വ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. എന്നാല്‍ നൂറില്‍ താഴെ തിയേറ്ററുകള്‍ മാത്രമാണ് ചിത്രത്തിന് കിട്ടിയത്. ഇതിനൊപ്പം തന്നെ റിലീസ് ചെയ്ത മറ്റൊരു ചിത്രമാകട്ടെ ആയിരത്തിന് മുകളില്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഉത്തരേന്ത്യയില്‍ വന്‍ വിജയമായി മാറിയ ആ സിനിമയാകട്ടെ വ്യാജപ്രചാരണങ്ങളുടെ ഒരു ഉപോത്പന്നമായിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖീ- ഭൂമി പെഡ്‌നേക്കര്‍ ചിത്രം തുറന്നു കാണിക്കുന്ന നുണ പ്രചാരണങ്ങളുടെ മറ്റൊരു സൃഷ്ടിയായ ‘ദി കേരള സ്റ്റോറി’ ആയിരുന്നു ഭരണകൂട പിന്തുണയോടെ അഫ്വയെ തിയേറ്റര്‍ പരാജയമാക്കി കളഞ്ഞ സിനിമ! കൗതുകകരമായ മറ്റൊരു സംഗതിയെന്തെന്നാല്‍, നെറ്റ്ഫ്‌ളിക്‌സില്‍ ‘ അഫ്വ’ കാഴ്ച്ചക്കാരെ നേടുമ്പോള്‍, കേരള സ്‌റ്റോറി എന്ന പ്രൊപ്പഗൗണ്ട ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം കിട്ടുന്നില്ല…
രാജസ്ഥാനിലെ സാവല്‍പൂര്‍ എന്ന ചെറുപട്ടണം പശ്ചാത്തലമാക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് അഫ്വ. തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി എങ്ങനെ ആസൂത്രിത കലാപങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ചാണ് സിനിമ തുടങ്ങുന്നത്. കേന്ദ്രത്തിലെ പുതിയ അധികാരശക്തിയോട് സഖ്യം ചേര്‍ന്നാണ് പ്രാദേശിക കക്ഷിയായ രാഷ്ട്രീയ വികാസ് ദള്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കന്നുകാലികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രൂപപ്പെട്ട സംഘര്‍ഷ കാലാവസ്ഥയില്‍ ഇറച്ചിവില്‍പ്പനക്കാരുടെ തെരുവിലൂടെ രാഷ്ട്രീയ വികാസ് ദളിന്റെ നിയുക്ത നേതാവ് വിക്രം സിംഗ് എന്ന വിക്കി ബന നടത്തുന്ന റാലി യഥാര്‍ത്ഥത്തില്‍ അവരുടെ ശക്തി പ്രകടനമായിരുന്നു. തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും വൃണപ്പെടുത്തുന്നവരോട് ഇനിയും ക്ഷമിക്കാനാവില്ലെന്ന മുന്നറിയിപ്പ് നല്‍കുന്ന വിക്കി ബന അജ്ഞാതനാല്‍ ആക്രമിക്കപ്പെടുന്നു. തുടര്‍ന്ന് രാഷ്ട്രീയ വികാസ് ദളിന്റെ പ്രവര്‍ത്തകര്‍ ആ തെരുവിലെ മനുഷ്യരെ ക്രൂരമായി ആക്രമിക്കുകയും ഒരു ചെറുപ്പക്കാരനെ കൊല്ലുകയും ചെയ്യുന്നു. ഈ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, അത് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നു കണക്കുകൂട്ടി പാര്‍ട്ടിയുടെ പ്രധാന നേതാവ് ഗ്യാന്‍ സിംഗ്, ഭാവി മരുമകന്‍ കൂടിയായ വിക്രം ബനയോട്, പൊലീസിനെ ഉപയോഗിച്ച് നടത്താന്‍ പോകുന്ന രാഷ്ട്രീയ തന്ത്രം വ്യക്തമാക്കുന്നു. ഗ്യാന്‍ സിംഗിന്റെ മകള്‍ നിവി തനിക്ക് കല്യാണമുറപ്പിച്ചിരിക്കുന്നയാളുടെയും സ്വന്തം പിതാവിന്റെയും മനുഷ്യത്വമില്ലായ്മ സഹിക്കാനാവാതെ വീടുവിട്ടിറങ്ങുന്നു. നിവിയെ തടയാന്‍ ബനയും സഹായികളും ശ്രമിക്കുന്നൂവെങ്കിലും റഹാബ് അഹമ്മദിന്റെ ഇടപെടലുണ്ടാകുന്നു. നഹര്‍ഗഡ് ഫോര്‍ട്ടില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്ന ഭാര്യ നന്ദിതയെ കാണാനുള്ള യാത്രയിലായിരുന്നു റഹാബ്. നിവിയെ തടയാന്‍ ശ്രമിക്കുന്ന ബനയുടെയും സഹായികളുടെയും ദൃശ്യങ്ങള്‍ ‘ക്വിറ്ററില്‍’ വൈറലായാല്‍ ബനയുടെ രാഷ്ട്രീയഭാവി തകരുമെന്ന മുന്നറിയിപ്പില്‍ സോഷ്യല്‍ മീഡിയ വഴി ഒരു നുണ പ്രചാരണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. അതോടെ നിവിയും റഹാബും ലൗ ജിഹാദിലെ പ്രതികളാകുന്നു. സത്യം തിരക്കാതെ നുണയെ മാത്രം വിശ്വസിക്കുന്നവര്‍ക്കിടയില്‍ വൈറലായ റഹാബും നിവിയും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍, തങ്ങളില്‍ നിന്നും രക്ഷപ്പെട്ട ചന്ദനെ അവസാനിപ്പിക്കാന്‍ വേണ്ടിയൊരുക്കിയ മറ്റൊരു നുണ പ്രചാരണമായ ‘ പശു കടത്തല്‍’ ഉണ്ടാക്കുന്ന അന്ത്യം എന്നതൊക്കെയാണ് ‘ അഫ്വ’യുടെ കഥാസംഗ്രഹം.
എല്ലാവരും പറഞ്ഞാല്‍ ഒരു നുണ സത്യമാക്കാം എന്നു തിരിച്ചറിഞ്ഞവരാണ് ഇന്ത്യയുടെ പുതിയ അധികാര ശക്തിയുടെ പ്രചാരകന്മാര്‍. സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്തും വിശ്വസിക്കുന്നൊരു ജനക്കൂട്ടത്തെ അവര്‍ പരിവര്‍ത്തനം ചെയ്‌തെടുത്തിട്ടുണ്ട്. അവര്‍ ഉണ്ടാക്കുന്ന വാര്‍ത്ത അല്ലെങ്കില്‍ വീഡിയോ സത്യമായിരിക്കുമെന്ന് ഈ പരിവര്‍ത്തിത കൂട്ടം വിശ്വസിക്കും. ‘ എല്ലാവരും പറയുന്നുണ്ടല്ലോ’ എന്നു ന്യായീകരിക്കും. ശരിയേത് തെറ്റ് ഏതെന്ന് തിരിച്ചറിയാന്‍ സ്വന്തം തലച്ചോര്‍ ഉപയോഗിക്കില്ല. പുതിയ അധികാര ശക്തി രാജ്യവാഴ്ച്ച തുടങ്ങിയതിന് ശേഷം നുണപ്രചാരണങ്ങള്‍ മനുഷ്യജീവനെടുക്കുന്നതും കലാപങ്ങള്‍ സൃഷ്ടിക്കുക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ശത്രുക്കളെ ഇല്ലാതാക്കാന്‍ മാത്രമല്ല, തങ്ങള്‍ തീവ്രവാദികളോ രാജ്യദ്രോഹികളോ അല്ലെന്ന് തെളിയിക്കാന്‍ ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടി വരുന്ന ഗതികേടിലേക്ക് തള്ളിവിടാന്‍ മനുഷ്യരെ ദുര്‍ബലരാക്കാനും കലാപങ്ങളും വ്യാജപ്രചാരണങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്.
വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ എങ്ങനെ മേല്‍ക്കോയ്മ നേടുന്നുവെന്നു അഫ്വയില്‍ കാണാം. സഹാനുഭൂതിയുടെതല്ല, സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമാണ് ഇന്ത്യക്കിന്നുള്ളത്. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് മണിപ്പൂര്‍. രാഷ്ട്രീയ സ്വാര്‍ത്ഥതയുടെ നുണകള്‍ക്ക് മറ്റു തെളിവുകളായി ദാദ്രി മുതലുള്ള ആള്‍ക്കൂട്ടക്കൊലകളുണ്ട്. ജെഎന്‍യുപോലുള്ള സര്‍വ്വകലാശാലകളെ ‘ രാജ്യദ്രോഹ കേന്ദ്രങ്ങളാ’ക്കി മാറ്റിയ സംഘര്‍ഷങ്ങളുണ്ട്, മുസാഫര്‍ നഗറിലും ഡല്‍ഹിയിലുമൊക്കെ ഉണ്ടായതരം കലാപങ്ങളുണ്ട്, ‘കേരള സ്റ്റോറി’യുണ്ട്. നുണ പ്രചാരണങ്ങള്‍ നേടിയ വിജയങ്ങളാണിതിനൊക്കെ കാരണം.
അഫ്വ അഭിനന്ദനീയമാകുന്നത്, അതിന്റെ അണിയറക്കാര്‍ കാണിച്ച സാമൂഹിക ഉത്തരവാദിത്തത്തില്‍ കൂടിയാണ്. സംവിധായകന്‍ സുധീര്‍ മിശ്ര, അദ്ദേഹത്തിനൊപ്പം രചയിതാക്കളായ നിസര്‍ഗ് മേത്ത, ശിവ ബാജ്‌പേയ്, നിര്‍മാതാവായ അനുഭവ് സിന്‍ഹ എന്നിവര്‍ക്ക് പ്രത്യേകം കൈയടിക്കണം. മുള്‍ക്, ആര്‍ട്ടിക്കിള്‍ 15, തപ്പഡ് എന്നീ ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് അനുഭവ്. ലോക് ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ നിന്നും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്ത ഇതരസംസ്ഥാന തൊഴിലാളകള്‍ നേരിട്ട ദുരനുഭവം പകര്‍ത്തിയ അനുഭവിന്റെ ‘ ഭീത്’ കാണുന്നരുടെ ഹൃദയം തകര്‍ക്കുന്ന മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു.
പുരാണങ്ങളും രാജ്യസ്‌നേഹി കഥകളും സിനിമകളാക്കി ഭരണകൂടത്തിന്റെ കൈയടി നേടിയെടുക്കുന്ന ‘ ബ്രഹ്‌മാണ്ഡ’ സിനിമാക്കാര്‍ക്കിടയിലാണ് സുധീര്‍ മിശ്രയെയും അനുഭവ് സിന്‍ഹയെയും പോലുള്ളവര്‍ വ്യത്യസ്തരാകുന്നത്. ഹിന്ദുത്വ ദേശീയതുടെ ഭാഗമാകാനല്ല, ഫാസിസ്റ്റ് പ്രൊപ്പഗാണ്ടകളെ തുറന്നു കാണിക്കാനാണ് ഇവര്‍ സിനിമകളെടുക്കുന്നത്.
1922 ല്‍ ആണ് ഫ്രിറ്റ്സ് ലാംഗ് തന്റെ രണ്ടാമത്തെ സിനിമയായ ഡോ. മെബൂസ, ദി ഗാംബ്ലറുമായി വരുന്നത്. കാലിഗരിക്കു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ ഹിറ്റ്ലര്‍ പ്രതിരൂപമായിരുന്നു ഡോ. മെബൂസ എന്നാണ് പറയുന്നത്. 1932 ല്‍ ലാംഗ് വീണ്ടും ഡോ. മെബൂസയുമായി വന്നു; ദി ടെസ്റ്റമെന്റ് ഓഫ് ഡോ. മെബൂസ. ലാംഗ് തന്റെ ജീവിതാവസാന കാലത്ത് ഒരിക്കല്‍ കൂടി ഡോ. മെബൂസയെ അഭ്രപാളിയില്‍ കൊണ്ടുവന്നു. ദി തൗസന്‍ഡ് ഐസ് ഓഫ് ഡോ. മെബൂസ. എന്നാല്‍ ഈ സമയത്ത് ലാംഗ്സ്, നാസി ജര്‍മനിയുടെ ബുദ്ധിമാനായ പ്രചാരണമേധാവി ഗീബല്‍സിന്റെ കണ്ണുകളില്‍പ്പെട്ടു. ഡോ. മെബൂസ ആരെ പ്രതിനിധീകരിക്കുന്നൂവെന്നു ഗീബല്‍സ് മനസിലാക്കി. തത്ഫലമായി ദി തൗസന്‍ഡ് ഓഫ് ഐസ് ഓഫ് ഡോ. മെബൂസ നിരോധിക്കപ്പെട്ടു. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലെയല്ല ഫ്രിറ്റ്സ് ലാംഗിന്റെ കാര്യത്തില്‍ ഗീബല്‍സ് തീരുമാനമെടുത്തത്. ഒരു കലാകാരനെന്ന നിലയില്‍ ലാംഗിനോട് തന്റെ മതിപ്പ് അറിയിക്കുകയായിരുന്നു ചെയ്തത്. ലാംഗിനെ വിളിപ്പിച്ച ഗീബല്‍സ് അയാളോട് പറഞ്ഞത് താങ്കളുടെ മെട്രോ പൊലീസ് എന്ന സിനിമ ഹിറ്റ്ലര്‍ക്ക് ഇഷ്ടമായെന്നും ജര്‍മന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തലവനായി താങ്കളെ നിയമിക്കുകയാണെന്നുമായിരുന്നു. ഫ്രിറ്റ്സ് ലാംഗിനെ പിന്നീട് ജര്‍മനിയില്‍ കണ്ടില്ല. നാസി പാര്‍ട്ടിയംഗവും എഴുത്തുകാരിയുമായ തന്റെ ഭാര്യയോടുപോലും പറയാതെ ലാംഗ് ജര്‍മനിയില്‍ നിന്നും ഒളിച്ചോടി.
ഭരണകൂടത്തിന്റെ ‘ ഓഫര്‍’ നിരാകരിക്കുന്ന ഫ്രിറ്റ്‌സ് ലാംഗുമാര്‍ ഇന്നുമുണ്ടെന്നാണ് സുധീര്‍ മിശ്രയും അനുഭവ് സിന്‍ഹയുമൊക്കെ തെളിയിക്കുന്നത്. എന്നാലവര്‍ ലാംഗിനെ പോലെ ഒളിച്ചോടുന്നില്ല. ഭീതും അഫ്വയുമൊക്കെ സൃഷ്ടിച്ച് ഇവിടെ തന്നെയുണ്ട്. ഏറ്റവും പ്രയോജനകരമായ സംവേദന മാധ്യമം എന്ന നിലയില്‍ ഭരണകൂട പ്രൊപ്പഗാണ്ടകള്‍ തുറന്നു കാണിക്കാന്‍ സിനിമ നല്ല ഉപായമാണ്. നിര്‍ഭാഗ്യവശാല്‍, ആ മാധ്യമം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും നിശബ്ദരാണ്. അവര്‍ നിര്‍ജ്ജീവമായ സമൂഹത്തിനു കാരണമാകുന്നു. പൊട്ടിത്തെറിക്കാന്‍ പോകുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ പ്രവചിച്ച അഗ്‌നിപര്‍വതത്തിലേക്ക് കാമറയുമായി പോയ വെര്‍ണര്‍ ഹെര്‍സോഗ് കാണിച്ചത് കേവലമൊരു മനുഷ്യന്റെയല്ല, കലാകാരന്റെ സാഹസികതയായിരുന്നു. പൊട്ടാറായി നില്‍ക്കുന്ന അഗ്‌നിപര്‍വതമാണ് ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം. അതിനെ ഹെര്‍സോഗിയന്‍ സാഹസികതയോടെ നേരിടണം. My Films are What I am എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ഹെര്‍സോഗിനെപ്പോലുള്ളവരാണ് സുധീറും അനുഭവുമൊക്കെ. ബാക്കിയുള്ളവര്‍ ഫ്രിറ്റ്സ് ലാംഗിനു ഗീബല്‍സ് നീട്ടിയ സൗജന്യം പോലെയെന്തെങ്കിലും കിട്ടിയാല്‍ സ്വീകരിക്കുന്നവരാണ്.
‘ഏജ് ഓഫ് ഗോഡ്( L’Age d’Or) എന്ന ചിത്രം എടുത്തതിന്റെ പേരില്‍ പത്തൊമ്പതു കൊല്ലമാണ് ലാറ്റിന്‍ അമേരിക്കന്‍ സംവിധായകന്‍ ബ്യുനവലിന് സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടത്. രണ്ടു പതിറ്റാണ്ടു നീണ്ട വിലക്കിനു ശേഷമാണ് യംഗ് ആന്‍ഡ് ഡാമ്ഡും, സൂസന്നയും, നസറിനും, വിറിദയാന’യുമെല്ലാം ബ്യുനുവല്‍ സൃഷ്ടിച്ചത്. ഒരിക്കല്‍ കത്തോലിക്ക സഭയുടേയും ഫാസിസ്റ്റുകളുടെയും വിദ്വേഷം വാങ്ങിവച്ച് നീണ്ടകാലം നിശബ്ദനാകേണ്ടി വന്ന ബ്യുനുവല്‍ വിറിദയാനയിലൂടെ വീണ്ടും അതേ ശക്തികളെ പ്രകോപിപ്പിക്കാന്‍ ഒരു മടിയും കാണിച്ചില്ല. അതാണ് കലാകാരന്‍. താന്‍ നേരിടേണ്ടി വന്ന ഭീഷണികളെ വെല്ലുവിളിച്ചുകൊണ്ട് ലൂയി ബ്യുനുവല്‍ പറഞ്ഞത്; ‘ഞാന്‍ എല്ലാ മനുഷ്യരെയും ഇഷ്ടപ്പെടുന്നു. എന്നാല്‍ ചില മനുഷ്യര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സമൂഹത്തെ എനിക്കിഷ്ടമല്ല’. അത്തരമൊരു സമൂഹത്തില്‍ നിങ്ങള്‍ക്കൊരു കൊട്ടാരം തന്നെ കിട്ടിയാലും അതില്‍ വാഴേണ്ടി വരിക അടിമയായിട്ടായിരിക്കും. ഇനിയിതെല്ലാം നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ കൊല്ലപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ക്കുമേല്‍ കെട്ടുന്ന ഏതു ചങ്ങലപ്പൂട്ടുകളും പൊട്ടിച്ച് ഒരു ദിവസം ശക്തരായി തിരിച്ചു വരാം’ എന്നായിരുന്നു. അഫ്വ’യിലൂടെ സുധീര്‍ മിശ്രയും അനുഭവ് സിന്‍ഹയുമൊക്കെ പറയുന്നതും ഇതേ കാര്യങ്ങള്‍ തന്നെയാണ്.