UPDATES

‘ഹിന്ദുവും മുസ്ലിമും ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന ഇന്ത്യ’ സ്വപ്‌നം കണ്ട 19 കാരനെ കൊന്നു കളഞ്ഞ ‘വര്‍ഗീയ ഇന്ത്യ’

മോദിക്കു കാറോടിച്ചു പോയാല്‍ എത്താന്‍ ഒരു മണിക്കൂര്‍ പോലും വേണ്ടാത്ത ഗുരുഗ്രാമിലാണ് അടുത്ത കലാപം

                       

‘ഹിന്ദുവും മുസ്ലിമും ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നൊരു ഇന്ത്യ ഉണ്ടാകണേ അള്ളാഹൂ….’ എന്നായിരുന്നു മൗലാന ഹാഫിസ് സാദ് അവസാനമായും പ്രാര്‍ത്ഥിച്ചത്. പക്ഷേ, വര്‍ഗീയവാദികള്‍ ആ 19 കാരനെ കൊന്നു കളഞ്ഞു. ഹാഫിസ് സാദിന്റെ കുടുംബം ആ മൊബൈല്‍ വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരും തന്റെ സഹോദരന്മരാണെന്ന് ആ 19 കാരന്‍ വിശ്വസിച്ചു. എന്നാല്‍ വര്‍ഗീയവാദികള്‍ക്ക് തങ്ങളില്‍പ്പെടാത്തവരെല്ലാം കൊന്നു കളയേണ്ട ശത്രുക്കള്‍ മാത്രമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ യാത്ര ചെയ്താല്‍ എത്തുന്നിടത്താണ് ഇപ്പോള്‍ കലാപവും കൊലപാതകങ്ങളും നടക്കുന്നത്. മണിപ്പൂരിലെപ്പോലെ തീര്‍ത്തും മോശമായ കാര്യങ്ങളാണ് ബിജെപി ഭരിക്കുന്ന ഹരിയാനയിലും നടക്കുന്നത്.

ഗുര്‍ഗ്രാമിലെ സെക്ടര്‍ 57 ല്‍ സ്ഥിതി ചെയ്യുന്ന അംജുമാന്‍ ജമ മസ്ജിദിലെ ഡെപ്യൂട്ടി ഇമാം ആയിരുന്നു ഹാഫിസ് സാദ്. ബിഹാറിലെ സീതാമര്‍ഹി സ്വദേശി. ആറു മാസം മുമ്പാണ് ഗുര്‍ഗ്രാമിലെ മസ്ജിദില്‍ എത്തിയത്. കലാപം രൂക്ഷമായപ്പോള്‍, ആ ചെറുപ്പക്കാരന്‍ മത സൗഹാര്‍ദ്ദത്തിനുവേണ്ടി നിന്നു. ഹിന്ദുവും മുസ്ലിമും സഹോദരന്മാരാണെന്നും ഒരുമിച്ചു ജീവിക്കണമെന്നും ഉപദേശിച്ചു. പക്ഷേ, അയാളെ അവര്‍ കൊന്നു കളഞ്ഞു.

മൗലാന ഹാഫിസ് സാദ്

വടക്കന്‍ ഹരിയാനയിലെ നുഹ് ജില്ലയില്‍ ജില്ലയില്‍ തുടങ്ങിയ വര്‍ഗീയ കലാപമാണ് അംജുമാന്‍ ജമ മസ്ജിദിലേക്കും പടര്‍ന്നത്. തിങ്കളാഴ്ച്ച വിശ്വഹിന്ദു പരിഷദ് നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്ക് നേരെ നുഹിലെ കേദ്‌ല മോദില്‍ വച്ച് കല്ലേറുണ്ടായി എന്നാരോപിച്ചാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.

നൂറും ഇരുന്നൂറും പേരടങ്ങുന്ന സംഘങ്ങളായി ചേര്‍ന്ന് മുസ്ലിങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും അക്രമിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രി ബാദ്ഷാപൂരില്‍ ബിരിയാണി കടകള്‍, ഇറച്ചി കടകള്‍ തുടങ്ങി നിരവധി മുസ്ലിം സ്ഥാപനങ്ങളാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ തീവച്ചും തല്ലിത്തകര്‍ത്തും നശിപ്പിച്ചത്. കാറുകളിലും ബൈക്കുകളിലുമായി 200 ഓളം പേര്‍ എത്തിയാണ് ബാദ്ഷാപൂരില്‍ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആള്‍ക്കുട്ടം ചേരുന്നത് തടയാന്‍ 144 പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിലാണ് 200 ഓളം പേര്‍ സംഘം ചേര്‍ന്ന് ആക്രമണം നടന്നത്തുന്നതും. നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇന്റര്‍നെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച പുലര്‍ച്ച 12.10 ഓടെയാണ് നൂറിനടത്ത് അക്രമികള്‍ അംജുമാന്‍ മസ്ജിദിലേക്ക് മതവിദ്വേഷം നിറഞ്ഞ ശാപവാക്കുകളുമായി ഇരച്ചു കയറുന്നത്. പള്ളിയുടെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്നവര്‍, മേല്‍ക്കൂര പൊളിച്ച് ഉള്ളിലേക്ക് ഇറങ്ങി. അക്രമികളുടെ കൈകളില്‍ തോക്കുകളും വാളുകളും ഇരുമ്പുവടികളുമുണ്ടായിരുന്നു. വെടിയുതിര്‍ത്തുകൊണ്ടാണവര്‍ പള്ളിക്ക് അകത്തേക്ക് കയറിയത്. പള്ളിയ്ക്കകത്ത് അവര്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ ഹാഫിസ് സാദിനെയും പള്ളിയുടെ കെയര്‍ ടേക്കറായിരുന്ന മൊഹമ്മദ് ഖുര്‍ഷിദിനെയുംപൊലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഹഫാസ് സാദും മൊഹമ്മദ് ഖുര്‍ഷിദും ഒരേ മുറിയിലായിരുന്നു ഉറങ്ങി കിടന്നിരുന്നതെന്നാണ് അക്രമികളുടെ കൈയില്‍പ്പെടാതെ രക്ഷപ്പെട്ട പള്ളിയിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു.

ഹഫാസിന്റെ കഴുത്തിലും നെഞ്ചിലും വയറിലും അക്രമികളുടെ കുത്തേറ്റിരുന്നുവെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാരമായി പരിക്കേറ്റ ഹഫാസ് ആശുപത്രിയിലെത്തിച്ചെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഗുര്‍ഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മറ്റു രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അഗ്നിശമന സേന എത്തിയാണ് പള്ളിയിലെ തീയണച്ചത്. അക്രമികളില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ കല രാമചന്ദ്രന്‍ പറയുന്നത്. ആരാധനലായങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചതായും പറയുന്നു.

പള്ളിയിലെ പ്രധാന ഇമാം ബക്രീദ് പ്രമാണിച്ച് തന്റെ നാട്ടില്‍ പോയിരിക്കുകയായിരുന്നു. അദ്ദേഹം തിരിച്ചുവരുന്നതുവരെ ചുമതല ഹാഫിസിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ആരാധനാലയത്തിന്റെ താത്കാലിക സംരക്ഷണ ചുമതലയും ഹാഫിസിനായിരുന്നു. കലാപം രൂക്ഷമായ സാഹചര്യത്തില്‍ അപകടം ഏതു നിമിഷവും തേടിവരാമെന്ന് ഉറപ്പായിരുന്നിട്ടും മനുഷ്യനില്‍ വിശ്വാസമര്‍പ്പിച്ച് ഹാഫിസ് നിന്നു. പ്രധാന ഇമാം വരുന്നതുവരെ പള്ളി ഉപേക്ഷിച്ച് പോകുന്നത് ഉത്തരവാദിത്തമില്ലായ്മയായും ഹാഫിസ് കരുതി. കൂടാതെ അയാള്‍ പൊലീസിലും വിശ്വസിച്ചിരുന്നു. ആവശ്യത്തിനുള്ള പൊലീസ് സംരക്ഷണം പള്ളിക്കുണ്ടെന്നായിരുന്നു പുറത്തു നിന്നിരുന്ന പൊലീസുകാരില്‍ വിശ്വസിച്ചുകൊണ്ട് ഹാഫിസ് പറഞ്ഞിരുന്നത്. രണ്ട് വണ്ടി പൊലീസ് പള്ളിക്ക് പുറത്തുണ്ടെന്നും സാഹചര്യം ഇപ്പോള്‍ സമാധാനപരമാണെന്നും സഹോദരന്‍ തന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നാണ് ഹഫാസിന്റെ ചേട്ടന്‍ ഷദാബ് അന്‍വര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

ഹഫാസ് സാദ് പള്ളിക്കകത്ത് തന്നെയായിരുന്നു താമസിച്ചിരുന്നതും. വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുമ്പോഴായിരുന്നു ആ ബിഹാറി യുവാവിനെ കൊന്നു കളഞ്ഞത്. പുലര്‍ച്ചെ നമസ്‌കാരം കഴിഞ്ഞ് ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കാമെന്നാണ് സഹോദരന്‍ പറഞ്ഞിരുന്നതെന്ന് ഷദാബ് പറയുന്നു.

ഗുരുഗ്രാമിലെ പ്രധാന നിസ്‌കാര പള്ളിയായിരുന്നു അംജുമാന്‍ ജമ മസ്ജിദ്. 2021-22 ല്‍ ഹിന്ദുത്വ വാദികള്‍ പൊതുസ്ഥലങ്ങളില്‍ നമാസ് ചെയ്യുന്നത് തടഞ്ഞപ്പോള്‍, വിശ്വാസികള്‍ക്ക് ആശ്രയിക്കാനുണ്ടായിരുന്ന ന്യൂ ഗുരുഗ്രാമിലെ ഒരേയൊരു മുസ്ലിം ആരാധാനലയമായിരുന്നു ഇത്. ഇത്രകാലവും സമാധാനത്തോടെ, മറ്റ് ശല്യങ്ങളോ ഭീഷണികളോ കൂടാതെ വിശ്വാസികള്‍ക്ക് ജുമ നമസ്‌കാരത്തിന് ഈ പള്ളി ഉപയോഗിക്കാമായിരുന്നു. അങ്ങനെയുള്ള ആരാധനാ കേന്ദ്രമാണ് ഹിന്ദുത്വ തീവ്രവാദികള്‍ കത്തിച്ചു കളഞ്ഞത് എന്നാണ് ഗുരുഗ്രാം ഏക്താ മഞ്ചിന്റെ വക്താവായ മൊഹമ്മദ് അസ്ലാം ‘ ദ സ്‌ക്രോള്‍’-നോട് പറഞ്ഞത്.

Share on

മറ്റുവാര്‍ത്തകള്‍