പലസ്തീനികള്‍ക്കെതിരേ ഇസ്രയേല്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ അവസാനമില്ലാതെ തുടരുന്നു. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ് കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ നിന്നും ഉണ്ടായിരിക്കുന്നത്. നിരായുധരായി നില്‍ക്കുകയായിരുന്ന പലസ്തീന്‍ യുവാക്കള്‍ക്കെതിരേ ഇസ്രയേല്‍ സൈനികര്‍ യാതൊരു പ്രകോപനവും കൂടാതെ നടത്തിയ വെടിവയ്പ്പില്‍ ഒരു 17 കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ഇസ്രയേല്‍ ക്രൂരത ലോകമറിഞ്ഞിരിക്കുന്നത്.കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് പുറത്തു കൂടി ഇസ്രയേല്‍ സൈനികര്‍ ജീപ്പ് ഓടിച്ചുപോയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് വെസ്റ്റ് ബാങ്കിലെ ബെയ്ത് റിമയില്‍ ഇസ്രയേലി പട്ടാളക്കാര്‍ 17 കാരനായ ഒസെയ്ദ് റിമാവിയെ കൊന്നു കളഞ്ഞത്. സംഭവം നടക്കുന്നതിന് സമീപമുള്ളൊരു കടയില്‍ സ്ഥാപിച്ചിരുന്ന സുരക്ഷ കാമറയില്‍ എല്ലാം പതിയുന്നുണ്ടായിരുന്നു. ആ വീഡിയോ ദൃശ്യങ്ങളാണ് അസോഷ്യേറ്റ് പ്രസ് പുറത്തു വിട്ടിരിക്കുന്നത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന നിരായുധരും നിരുപദ്രവകാരികളുമായിരുന്ന പലസ്തീന്‍ യുവാക്കള്‍ക്കെതിരേയായിരുന്നു ഇസ്രയേലിന്റെ ക്രൂരതയെന്ന് വീഡിയോയില്‍ വ്യക്തമാണ്. വളരെ സാധാരണമായി നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെ ഇസ്രയേലി സൈനികര്‍ വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വെടിയേറ്റ് ഒരാള്‍ താഴെ വീഴുന്നതും ദൃശ്യത്തില്‍ കാണാം.
വെടിയേറ്റ് വീണ സുഹൃത്തിനടുത്തേക്ക് റമാവിയും മറ്റൊരാളും ഓടിയെത്തുന്നു. അപ്പോഴായിരുന്നു റിമാവിക്കും വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്നയാള്‍ക്കും വെടി കൊണ്ടെങ്കിലും റിമാവിയുടെ ജീവന്‍ മാത്രമാണ് നഷ്ടമായത്. വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം, സംഭവസ്ഥാലത്തേക്ക് വരുന്ന ഇസ്രയേലി സൈനികരുടെ പക്കല്‍ അല്ലാതെ മറ്റാരുടെയും കൈകളില്‍ യാതൊരു ആയുധങ്ങളും കാണാനില്ലായിരുന്നു.
ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്ന റിമാവിയുടെയും പരിക്കേറ്റു കിടന്ന മറ്റൊരാളുടെയും ശരീരങ്ങള്‍ക്ക് ചുറ്റും കൂടി നിന്ന ഇസ്രയേലി സൈനികര്‍ ഒരാള്‍ ആ 17 കാരന്റെ നിര്‍ജ്ജീവമായ ശരീരം കാലു കൊണ്ട് തട്ടി നോക്കുന്നുണ്ട്. അതിനുശേഷം സൈനികര്‍ അവരുടെ വാഹനത്തില്‍ കയറി പോവുകയുണ്ടായത്. വേറെ ആരെയെങ്കിലും പിടികൂടുകയോ ഒന്നും ചെയ്തില്ല. സൈനികര്‍ പോയശേഷം മാത്രമാണ് വെടിയേറ്റ് കിടന്നവരുടെ അടുത്തേക്ക് പലസ്തീന്‍ യുവാക്കള്‍ എത്താന്‍ സാധിച്ചത്.
തങ്ങള്‍ അവിടെയെത്തിയശേഷം മാത്രമാണ് അറിയുന്നത് സമീപത്ത് ഇസ്രയേലി സൈനികരുണ്ടെന്ന്. പെട്ടെന്ന് ഞങ്ങള്‍ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു, ഞങ്ങള്‍ അവിടെ തന്നെ നിന്നു, ഞങ്ങളുടെ കൈവശം ഒന്നും തന്നെയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു ഇസ്രയേലി സ്‌നൈപ്പര്‍ വെടിവയ്ക്കുന്നത്. എന്റെ സഹോദരന് വെടിയേറ്റു. അവനെ രക്ഷിക്കാന്‍ വേണ്ടി ഓടി ചെന്നപ്പോള്‍ എനിക്കും വെടിയേറ്റു. അതേസമയം മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു, അവന്‍ അവിടെ വച്ച് തന്നെ കൊല്ലപ്പെട്ടു. മൊഹമദ്ദ് റിമാവി എന്ന യുവാവ് അസോഷ്യേറ്റ് പ്രസ്സിനോട് പറയുന്ന കാര്യങ്ങളാണ്. പരിക്കേറ്റവരില്‍ ഒരാളാണ് മൊഹമ്മദ് റിമാവി.
ഇസ്രയേല്‍ സൈന്യം ഈ കൊലപാതകത്തെ ന്യായീകരിച്ചു പറയുന്നത്. ബെയ്ത് റിമയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്കു നേരെ യുവാക്കള്‍ സ്‌ഫോടക വസ്തുകള്‍ ഏറിഞ്ഞുവെന്നും അതിനെ പ്രതിരോധിക്കാന്‍ വേണ്ടി വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ്. കൊല്ലപ്പെട്ട ഒസെയ്ദ് റിമാവി മുട്ടുകുത്തി നിന്ന് കൈ ബോംബിന്(കുപ്പിയില്‍ ഇന്ധനം നിറച്ച് ഉണ്ടാക്കുന്ന സ്‌ഫോടക വസ്തു) തീകൊളുത്തുകയായിരുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ഇത് കാമറയില്‍ പതിയാതിരുന്ന കാഴ്ച്ചയാണെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ റിമാവിക്കൊപ്പമുണ്ടായിരുന്നവര്‍ അസോഷ്യേറ്റ് പ്രസിനോട് പറയുന്നത്, തണുപ്പ് അകറ്റാന്‍ വേണ്ടി കാര്‍ബോര്‍ഡ് പെട്ടി കത്തിച്ച് തീ കായാന്‍ പോവുകയായിരുന്നു റിമാവി എന്നാണ്. പ്രദേശവാസികളും അസോഷ്യേറ്റ് പ്രസിനോട് (സിസിടിവി ദൃശ്യങ്ങള്‍ ഈ ലിങ്കില്‍ കാണാം) പറയുന്നത്, യാതൊരു പ്രകോപനവും ഇല്ലാതെയുള്ള കൊലപാതകമാണ് നടന്നതെന്നും, യുവാക്കള്‍ ആരും തന്നെ സ്‌ഫോടക വസ്തുക്കള്‍ സൈനികര്‍ക്ക് നേരെ എറിഞ്ഞിട്ടില്ലെന്നുമാണ്.
ഇതാദ്യത്തെ സംഭവമൊന്നുമല്ല. യാതൊരു പ്രകോപനവുമില്ലാതെ പലസ്തീന്‍ യുവാക്കളെ വെടിവച്ചു കൊല്ലുന്ന സംഭവങ്ങള്‍ തുടരെ നടക്കുന്നുണ്ട്. ഇതുപോലെ നടത്തിയ വെടിവയ്പ്പിലാണ് ഹമാസ് പിടകൂടി ഇസ്രയേലി ബന്ദികളെ തന്നെ ഇസ്രയേലി സൈനികര്‍ കൊന്നത്. പലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതായിരുന്നു. പക്ഷേ, കൊല്ലപ്പെട്ടത് മൂന്നു ഇസ്രയേലി യുവാക്കളും.
ഈയാഴ്ച്ച ആദ്യം പുറത്തുവന്നൊരു വീഡിയോ ദൃശ്യത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് പലായനം ചെയ്യുകയായിരുന്ന ഒരു പലസ്തീന്‍ യുവതിയെ ഇസ്രയേലി സ്‌നൈപ്പര്‍ വെടിവച്ചു കൊല്ലുന്നതും ലോകം കണ്ടതാണ്. സമാധാനത്തിന്റെ അടയാളമായി വെള്ളക്കൊടി വീശിക്കൊണ്ട് ഒരു കൊച്ചുകുട്ടിയുമായി നടന്നു നീങ്ങുകയായിരുന്ന സ്ത്രീയെയായിരുന്നു കൊന്നു കളഞ്ഞത്.
2023 ഒക്ടോബര്‍ 7 മുതല്‍ ഇങ്ങോട്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇതുവരെ അവര്‍ 23,000 മുകളില്‍ പലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനികരും കുടിയേറ്റക്കാരും ചേര്‍ന്ന് കൊന്നത് 326 പേരെയാണ്. അതില്‍ കാല്‍ഭാഗവും കുട്ടികളാണ്. 600-ലേറെ കുട്ടികളെയാണ് അവര്‍ പരിക്കേല്‍പ്പിച്ചിരിക്കുന്നതെന്നും ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 ആഴ്ച്ചകള്‍ക്കുള്ളില്‍ വെസ്റ്റ് ബാങ്കില്‍ മാത്രം കൊല്ലപ്പെട്ടത് 85 കുട്ടികളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് യുനിസെഫ് ആണ്. 2022 ലെക്കാള്‍ ഇരട്ടിയാണ് 2023-ല്‍ നടന്നത്.