UPDATES

ഇന്ത്യയുടെ പെണ്‍മക്കള്‍ തോറ്റിടത്ത് സ്‌പെയിനിലെ പെണ്‍കുട്ടികള്‍ വിജയിക്കുന്നു

ബ്രിജ്ഭൂഷണും റൂബിയെല്‍സും; ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങള്‍

                       

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗും ലൂയിസ് റൂബിയെല്‍സും; അധികാരത്തിന്റെ ബലത്തില്‍ എന്തുമാകാം എന്ന് കരുതിയിരുന്നവര്‍. അവരില്‍, ബ്രിജ്ഭൂഷനു മുന്നില്‍ ഇന്ത്യയുടെ പെണ്‍മക്കള്‍ തോറ്റു പോയി. എന്നാല്‍ റൂബിയെല്‍സ് സ്പാനിഷ് പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തോറ്റു പോവുകയാണ് ചെയ്തത്. രണ്ട് രാജ്യങ്ങള്‍ അവരുടെ വനിത കായിക താരങ്ങളോട് സ്വീകരിച്ച സമീപനത്തിന്റെ വ്യത്യാസം കൂടിയാണ് ബ്രിജ്ഭൂഷണും റൂബിയെല്‍സും.

ബിജെപി മുന്‍ എംപിയും കരുത്തനായ രാഷ്ട്രീയക്കാരനുമായ ബ്രിജ്ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ ഭരിക്കുന്ന കാലത്ത് വനിത താരങ്ങള്‍ക്കു നേരിടേണ്ടി വന്ന യാതാനകള്‍ തുറന്നു പറഞ്ഞിട്ടും, സമരം ഇരുന്നിട്ടും ഇന്ത്യയില്‍ യാതൊന്നും സംഭവിച്ചില്ല. ഭരണകൂടം വേട്ടക്കാരനൊപ്പം നിന്നു. അയാളെ തങ്ങള്‍ കൈവിട്ടിട്ടില്ലെന്നു തെളിയിക്കാന്‍ ഇത്തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ മകന് സീറ്റും നല്‍കി. പോരാട്ടത്തിനിറങ്ങിയവര്‍ കൂടുതല്‍ അപമാനിക്കപ്പെട്ടു, കുറ്റാരോപിതന്‍ സര്‍വതന്ത്രസ്വതന്ത്രനായി, അധികാരിയായ ഇപ്പോഴും വിലസുന്നു.

സ്‌പെയിനില്‍ കഥയങ്ങനെയായിരുന്നില്ല. വനിത ഫുട്‌ബോള്‍ താരത്തെ പരസ്യമായി, ബലാത്കാരമായി ചുംബിച്ച ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റിന് സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു, ഫിഫയുടെ വിലക്ക് നേരിടേണ്ടി വന്നു, ഇപ്പോള്‍ കോടതി വിചാരണയ്ക്കും തയ്യാറാകേണ്ടി വന്നിരിക്കുകയാണ്; കുറ്റം തെളിഞ്ഞാല്‍ ജയിലാണ് ശിക്ഷ.

ബ്രിജ്ഭൂഷനെ പോലെ ശക്തനായിരുന്നു റൂബിയെല്‍സും. അധികാരത്തിന്റെ പിന്തുണ അയാള്‍ക്കും ആവോളമുണ്ടായിരുന്നു. എത്ര പോരാടിയായാലും ജയിക്കാന്‍ ശീലിച്ച കുറച്ചു സ്ത്രീകള്‍ പക്ഷേ അയാളെ താഴെയിറക്കി.

spanish women football team won world cup
ലോക കപ്പ് കിരീടവുമായി സ്‌പെയിന്‍ വനിത ഫുട്‌ബോള്‍ ടീം

2023 ഓഗസ്റ്റിലെ ഒരു ഞായറാഴ്ച്ച രാത്രി സിഡ്നി സ്റ്റേഡിയത്തില്‍ നടന്ന വനിത ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍. കളിയുടെ ആദ്യ പകുതിയിലെ 29 ആം മിനിട്ട്. ഗോള്‍ പോസ്റ്റിലേക്കു കുതിച്ചു പാഞ്ഞെത്തിയ പന്ത് കൈയിലൊതുക്കാന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ മേരി എര്‍പ്സി പരാജയപ്പെട്ട, ആ നിമിഷത്തില്‍ സ്പെയിന്‍ ചരിത്രമെഴുതി. അവരുടെ വനിത ഫുട്ബോള്‍ ടീം ആദ്യമായി ലോക കപ്പ് കിരീടം സ്വന്തമാക്കി. ജര്‍മനിക്ക് പിന്നാലെ, പുരുഷ-വനിത ഫുട്ബോള്‍ ലോക കിരീടം നേടുന്ന രണ്ടാമത്തെ രാജ്യമെന്ന നേട്ടവും.

ആ വിജയത്തിന് മുമ്പ് വരെ സ്പാനീഷ് വനിത ഫുട്‌ബോള്‍ ടീം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് വിവേചനങ്ങളുടെയും കലാപങ്ങളുടെയും പേരിലായിരുന്നു. ലോകത്തെവിടെയുമെന്ന പോലെ സ്്‌പെയിനിലും വനിത കായിക താരങ്ങള്‍ രണ്ടാം കിടക്കാരും വിവേചനങ്ങളുടെ ഇരകളുമായിരുന്നു. കോച്ച് ഹോര്‍ഹെ വില്‍ഡയെ ചോദ്യം ചെയ്തതിന്റെ പേരില്‍ പല പ്രതിഭകള്‍ക്കും ടീമിലെ സ്ഥാനം തെറിച്ചിരുന്നു. ആ തിരിച്ചടികള്‍ മറികടന്നാണ് ഓള്‍ഗ കര്‍മോനയും സംഘവും രാജ്യത്തിന് അഭിമാനമായത്.

ഇഥംപ്രദമമായി നേടിയ കിരീടത്തിന്റെ ആഘോഷത്തിനിടയിലാണ് ലൂയിസ് റൂബിയെല്‍സിന്റെ ആണ്‍കോയ്മ അരങ്ങേറിയത്. ആ വിജയത്തിന്റെ എല്ലാ തിളക്കവും നഷ്ടപ്പെടുത്തിക്കൊണ്ട് അയാള്‍ തന്റെ അധികാര ഗര്‍വ്വ് കാണിച്ചു. സ്പാനിഷ് വനിത ടീം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും ശരിവയ്ക്കുന്നതായിരുന്നു ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ ചെയ്തി.

ലോക കപ്പ് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് വിജയികളായ ടീമിലെ കളിക്കാര്‍ക്ക് മെഡലുകള്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് റൂബിയെല്‍സ് തന്നിഷ്ടം കാണിച്ചത്. സ്പാനിഷ് ഫോര്‍വേഡ് ജെന്നിഫര്‍ ഹെര്‍മോസോയെ ആവേശത്തോടെ കടന്നു പിടിച്ചുകൊണ്ട് റൂബിയെല്‍സ് ആദ്യം അവളുടെ കവിളുകളിലും പിന്നീട് ചുണ്ടിലും ചുംബിക്കുകയായിരുന്നു. സാക്ഷിയായി സ്പെയ്ന്‍ രാജ്ഞി ലെറ്റീസിയയും വേദിയിലുണ്ടായിരുന്നു.

ആ ചുംബനം എല്ലാ സന്തോഷത്തെയും അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു ജെന്നിഫറിന്. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായ മറ്റൊരു വീഡിയോയില്‍ റൂബിയെല്‍സിന്റെ ചുംബനത്തിലുള്ള അനിഷ്ടം വ്യക്തമാക്കിക്കൊണ്ട് ജെന്നിഫര്‍ പറഞ്ഞത്, ‘എനിക്കത് ഒട്ടും ഇഷ്ടമായില്ല’ എന്നായിരുന്നു. പ്രസിഡന്റ് ചുംബിച്ചത് തന്റെ അനുവാദത്തോടെയല്ല എന്നാണ് പത്താം നമ്പര്‍ താരം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും അക്രമണത്തിന്റെ ഇരയാക്കിയെന്നും ഹോര്‍മോസോ നിരാശപ്പെട്ടു. ലോക കിരീടം നേടിയതിലുള്ള സന്തോഷവും ആശ്ചര്യവും, ലോകത്തോടുള്ള നന്ദിയും വിവരിച്ചശേഷമാണ്, നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവത്തെ കുറിച്ചു ഹോര്‍മോസോ തുറന്നു പറഞ്ഞത്.

ലൂയിസ് റൂബിയെല്‍സിന്റെ വാരിപുണരലും ചുംബനവും വൈറലായി. റൂബിയെല്‍സിന്റെ പെരുമാറ്റം മോശമായിപ്പോയി എന്നു സ്പെയിന്‍കാര്‍ കുറ്റപ്പെടുത്തി. വനിത ഫുട്ബോള്‍ ലോകത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളാണ് ഈ പ്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നതെന്ന് ആരോപണം വന്നു. റൂബിയെല്‍സ് രാജിവയ്ക്കണമെന്ന ആവശ്യം അപ്പോള്‍ തന്നെ ശക്തമായി. ആളുകള്‍, അടിസ്ഥാനമില്ലാതെ ക്ഷോഭിക്കുന്നതായിരുന്നില്ല. ആ ചുംബനം സ്പാനിഷ് വനിത ഫുട്ബോള്‍ ലോകത്ത് നടക്കുന്ന നെറികേടുകളാണ് എല്ലാവരെയും ഓര്‍മിപ്പിച്ചത്. 27 വര്‍ഷക്കാലം സ്പെയിന്‍ ദേശീയ വനിത ടീം നിയന്ത്രിച്ചിരുന്നത് ഹോര്‍ഹെ വില്‍ഡ എന്ന കോച്ചായിരുന്നു. അയാളുടെ ഏകാധിപത്യ ഭരണമായിരുന്നു. തനിക്ക് താത്പര്യമില്ലാത്ത കളിക്കാരെ ‘പക്വതയില്ലാത്ത പെണ്‍കുട്ടികള്‍’ എന്നു പുച്ഛിച്ച് പുറത്താക്കുന്നതിലൂടെയായിരുന്നു വില്‍ഡ കുപ്രശസ്തനായത്. നിരവധി കളിക്കാരുടെ ഭാവി അയാള്‍ തകര്‍ത്തു.

എല്ലാം സഹിച്ച് തുടരാന്‍ തങ്ങള്‍ തയ്യാറാല്ലെന്ന് പ്രഖ്യാപിച്ച് ഹോര്‍ഹെ വില്‍ഡയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഒടുവില്‍ കളിക്കാര്‍ തയ്യാറായി. വില്‍ഡയുടെ കീഴില്‍ കളിക്കാന്‍ തയ്യാറല്ലെന്നവര്‍ പറഞ്ഞു. 15 കളിക്കാര്‍ ഫെഡറേഷന് നല്‍കിയ കത്തില്‍ പരിശീലക സ്ഥാനത്ത് നിന്നും വില്‍ഡയെ ഒഴിവാക്കണമെന്നും, അല്ലാത്തപക്ഷം ദേശീയില്‍ ടീമില്‍ തങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ആദ്യമെല്ലാം വില്‍ഡയെ സംരക്ഷിച്ചു തന്നെയാണ് ഫെഡറേഷന്‍ നിന്നതെങ്കിലും 2015 ല്‍ രണ്ടര പതിറ്റാണ്ടിന് മുകളിലെത്തിയ അയളുടെ ‘സേവനം’ ഫെഡറേഷന്‍ അവസാനിപ്പിച്ചു.

പരിശീലകനും ഫെഡറേഷനുമെതിരേ പലതവണയായി കളിക്കാര്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. വനിത കളിക്കാരോടുള്ള വളരെ മോശമായ പെരുമാറ്റവും വ്യക്തിതാത്പര്യത്തോടെ ദേശീയ ടീമിലേക്ക് താരങ്ങളെ പരിഗണിക്കാതിരിക്കുകയും, ഒഴിവാക്കുകയും ചെയ്യുന്നതുമാണ് കളിക്കാരെ കലാപങ്ങള്‍ക്കായി പ്രകോപിതരാക്കിയത്. ഫെഡറേഷന്‍ പ്രസിഡന്റിന്റെ തന്നിഷ്ടത്തിന് ഇരയാകേണ്ടി വന്ന ജെന്നിഫര്‍ ഹെര്‍മോസോയും ഇത്തരം പ്രതിഷേധങ്ങളെ നയപരമായി പിന്തുണച്ച താരമാണ്.

എന്തെല്ലാം പ്രതിസന്ധികളാണ് സ്പെയിന്റെ വനിത ദേശീയ ടീം നേരിട്ടത്. എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ടാണ് അവര്‍ ലോക ചാമ്പ്യന്മാരായത്. പക്ഷേ, ആ വിജയത്തെ വിവാദത്തിന്റെ നിഴലിലേക്ക് തള്ളിയിടുകയാണ് റൂബിയെല്‍സ് ചെയ്തത്.

സ്പെയ്നിലെ ഏറ്റവും പ്രമുഖമായ ദിനപത്രം എല്‍ പൈസ്-ന്റെ എഡിറ്റര്‍ നാദിയ ട്രോഞ്ചോനി വനിത ടീമിന്റെ വിജയത്തെക്കുറിച്ചെഴുതിയ വിശകലനത്തില്‍ ചൂണ്ടിക്കാട്ടിയത്, ‘റൂബിയെല്‍സിന്റെ ചുംബനം ഓര്‍മിപ്പിക്കുന്നത്, മുന്നോട്ട് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നാണ്’ എന്നായിരുന്നു

വാസ്തവം തന്നെയാണത്, സ്പെയിനില്‍ ആയാലും ഇന്ത്യയിലായാലും പുരുഷന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും നിറഞ്ഞ ഏകാധിപത്യ അന്തരീക്ഷത്തിലുള്ള കളിക്കളത്തിലാണ് സ്ത്രീകള്‍ക്ക് അവരുടെ രാജ്യത്തിന് വേണ്ടി പോരാടേണ്ടി വരുന്നത്. അവരുടെ യഥാര്‍ത്ഥ പോരാട്ടം കളിക്കളത്തിലെ എതിരാളികളോടല്ല, ലൂയിസ് റൂബിയെല്‍സിനെയും ബ്രിജ്ഭൂഷണെയും പോലുള്ളവരോടാണ്.

indian wrestlers protest
ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ സാക്ഷി മാലിക്ക് എന്നിവര്‍

ഇന്ത്യയില്‍ പക്ഷേ, അത്തരം പോരാട്ടങ്ങള്‍ പരാജയപ്പെട്ടു പോകുന്നു. സ്‌പെയിനില്‍ കണ്ടത് അതല്ല. ഇന്ത്യയില്‍ ബ്രിജ്ഭൂഷണ്‍ കാണിച്ച അതേ അധികാര ഹുങ്ക് റൂബിയെല്‍സും പുറത്തെടുത്തിരുന്നു. എന്നാല്‍ പ്രസിഡന്റ് രാജിവയ്ക്കാതെ തങ്ങള്‍ ഇനി കളിക്കാന്‍ ഇറങ്ങില്ലെന്നു വനിത ടീം നിലപാടെടുത്തു. 81 കളിക്കാര്‍ ഇക്കാര്യം ഫെഡറേഷനെ അറിയിച്ചു. കളിക്കാര്‍ ഉറച്ചു നിന്നതോടെ സംഭവത്തില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍-ഫിഫ അന്വേഷണം പ്രഖ്യാപിച്ചു.

വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടയിലും ലൂയിസ് റൂബിയെല്‍സ് കൂസലില്ലാതെ പറഞ്ഞത്, താന്‍ രാജിവയ്ക്കില്ലെന്നായിരുന്നു. ബ്രിജ്ഭൂണ്‍ കാണിച്ച അതേ അഹങ്കാരം. വ്യാജ ഫെമിനിസം’ എന്നായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങളെ ഫെഡറേഷന്‍ പ്രസിഡന്റ് പുച്ഛിച്ചത്. അദ്ദേഹം സ്വയമൊരു ‘ഇര’ ആയി തന്നെ ചിത്രീകരിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ളതാണ് ആരോപണങ്ങളെന്നും റൂബിയെല്‍സ് പറഞ്ഞു. ‘ഞാന്‍ അവളോട് ചുംബിച്ചോട്ടോയെന്ന് ചോദിച്ചിരുന്നു, അവള്‍ അതിന് സമ്മതവും പറഞ്ഞു’-ഇതായിരുന്നു റൂബിയെല്‍സിന്റെ കഥ.

ഞങ്ങള്‍ തമ്മിലുണ്ടായ സംസാരത്തില്‍ ചുംബനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ലെന്നാണ്, റൂബിയെല്‍സിനുള്ള മറുപടി കൂടിയായി ഹോര്‍മോസോ പ്രസ്താവനയില്‍ പറഞ്ഞത്.’ റൂബിയെല്‍സ് പറയുന്നതുപോലെയല്ല കാര്യങ്ങള്‍. ആ ചുംബനം ഉഭയസമ്മതപ്രകാരമായിരുന്നില്ല. നടന്ന കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് ഒട്ടും ആസ്വാദ്യകരവുമായിരുന്നില്ല’.

അത്തരമൊരു ആഹ്ലാദകരമായ ചടങ്ങില്‍ അങ്ങനെ സംഭവിച്ചത് തനിക്ക് ആഘാതമായെന്നും ഹോര്‍മോസോ പറഞ്ഞു. ‘എനിക്ക് നേരിട്ടതുപോലെ മറ്റാര്‍ക്കും സംഭവിക്കരുത്, ജോലി സ്ഥലത്തോ, സാമൂഹിക-കായിക മേഖലയിലോ ഇത്തരം ഉഭസമ്മതപ്രകാരമല്ലാതെയുള്ള പ്രവര്‍ത്തികളുടെ ഇരകളാകരുത്. എന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള സമ്മതമില്ലാതെ നടന്ന കാര്യമാണ്. ഞാനൊരു ദുര്‍ബലയാണെന്നും ലൈംഗികതയിലൂന്നിയ ആവേശകരമായ പ്രവര്‍ത്തിയുടെ ഇരയാക്കപ്പെട്ടെന്നും തോന്നി. ഞാനൊട്ടും ബഹുമാനിക്കപ്പെട്ടില്ല’- സ്പാനിഷ് ഫോര്‍വേഡ് തന്റെ നിരാശ പറയുന്നു. ഈ രാജ്യത്തിന്റെ വനിത കായിക മേഖലയെ, ഈ ചരിത്ര മുഹൂര്‍ത്തത്തെ, വ്യക്തിപരമായി എന്നെ ബഹുമാനിക്കാത്തൊരാളെ തിരിച്ചു ബഹുമാനിക്കേണ്ടതില്ലെന്ന് കരുതുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലൂയിസ് റൂബിയെല്‍സിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതെ ദേശീയ ടീമിനു വേണ്ടി തങ്ങള്‍ക്ക് കളിക്കില്ലെന്ന്, ലോക കപ്പ് സ്‌ക്വാഡിലെ 23 കളിക്കാരും, മറ്റ് 56 വനിത ഫുട്ബോള്‍ താരങ്ങളും ഒപ്പുവച്ച് സംയുക്ത പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ്, ജെന്നിഫര്‍ ഹോര്‍മോസോയും എല്ലാം തുറന്നു പറഞ്ഞ് രംഗത്തു വന്നത്.

ഇത്രയൊക്കെ പ്രതിഷേധങ്ങളും വിവാദങ്ങളും അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ടും, പൊതുവെ പ്രതീക്ഷിച്ചതുപോലെ സ്ഥാനം വിട്ടിറങ്ങാനല്ല, തന്റെ പിന്തുണ കൂട്ടി അധികാരത്തില്‍ തന്നെ തുടരാനാണ് ലൂയിസ് റൂബിയെല്‍സ് പദ്ധതിയിട്ടത്. ഫുട്ബോള്‍ ഫെഡറേഷനെ തന്റെ കൂടെ നിര്‍ത്താന്‍ അയാള്‍ക്ക് സാധിച്ചു. 140 അംഗ ഫെഡറേഷനില്‍ ആകെയുള്ളത് ആറ് വനിതകളായിരുന്നു. ഭൂരിഭാഗത്തിന്റെ പിന്തുണ അയാള്‍ ഒപ്പിച്ചെടുത്തു.

ഇവിടെ ഇന്ത്യയില്‍, ഭരണകൂടം തന്നെ കുറ്റാരോപിതനൊപ്പമാണ് നിന്നതെങ്കില്‍, സ്പെയിന്‍ ഭരണകൂടവും ഫെഡറേഷനിലെ ചില അംഗങ്ങളും ചുംബന വിവാദത്തില്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയര്‍ത്തിയത്. എന്നിട്ടും റൂബിയെല്‍സ് കുലുങ്ങിയില്ല. എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് അയാള്‍ വാദിച്ചുകൊണ്ടിരുന്നു. പരസ്പര സമ്മതത്തോടെ നടന്ന ചുംബനമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചുകൊണ്ട് സ്ത്രീകളുടെ പോരാട്ടത്തെ അയാള്‍ അപഹസിച്ചു.

പക്ഷേ, അയാള്‍ക്ക് അധികകാലം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. ഫിഫ അയാളെ സസ്‌പെന്‍ഡ് ചെയ്തു. വൈകാതെ അയാള്‍ക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴയാള്‍ നിയമനടപടി നേരിടാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയില്‍ പക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ല. സാക്ഷി മാലിക്ക് പറഞ്ഞതുപോലെ, ഇന്ത്യയുടെ പെണ്‍മക്കള്‍ തോറ്റുപോയി.

Content Summary; brij bhushan and luis rubiales, india’s women wrestlers and spanish women football players protest

Share on

മറ്റുവാര്‍ത്തകള്‍