സ്പാനിഷ് ദേശീയ താരത്തിനോട് ലൈംഗികാതിക്രമം കാണിച്ചതിനാണ് നടപടി
അനുവാദമില്ലാതെ വനിത ഫുട്‌ബോള്‍ താരത്തെ ചുംബിച്ച സ്‌പെയിന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയെല്‍സിന് തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയാണ് റൂബിയെല്‍സിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ പ്രവര്‍ത്തിക്കെതിരേ ഫുട്‌ബോള്‍ ലോകത്തിന് പുറത്തു നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫിഫയുടെ നടപടി.
വിവാദവും വിമര്‍ശനവും അവഗണിച്ച് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കില്ലെന്ന നിഷേധ നിലപാടില്‍ നില്‍ക്കുകയായിരുന്നു റൂബിയെല്‍സ്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയും അയാള്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം, റൂബിയെല്‍സിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതെ ദേശീയ ടീമിന് വേണ്ടി കളിക്കാനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച് 81 വനിത ഫുട്‌ബോള്‍ താരങ്ങള്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു.
വനിത ലോക കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ശേഷം നടന്ന മെഡല്‍ ദാന ചടങ്ങില്‍ കിരീട ജേതാക്കളായ സ്പാനിഷ് ടീമിലെ ഫോര്‍വേര്‍ഡ് ജെന്നിഫര്‍ ഹെര്‍മോസോയെ റൂബിയെല്‍സ് ബലമായി ആലിംഗനം ചെയ്യുകയും നെറ്റിയിലും ചുണ്ടുകളിലും ചുംബിക്കുകയുമായിരുന്നു.
‘സ്പാനിഷ് ബ്രിജ്ഭൂഷണ്’ എതിരേ പോരാടാന്‍ ഫുട്ബോള്‍ കിരീട ജേതാക്കള്‍
ഹോര്‍മോസോയുടെ അനുവാദത്തോടെയാണ് ചുംബിച്ചതെന്നും ഇപ്പോള്‍ നടക്കുന്നത്, വ്യാജ ആരോപണങ്ങളും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള കാര്യങ്ങളുമാണെന്നായിരുന്നു വെള്ളിയാഴ്ച്ച റൂബിയെല്‍സ് പറഞ്ഞത്. ഇതിനു പിന്നാലെ രംഗത്തു വന്ന ഹോര്‍മോസോ, ഫെഡറേഷന്‍ പ്രസിഡന്റിന്റെ വാദങ്ങള്‍ പാടെ തള്ളി. തന്റെ അനുവാദമില്ലാതെയുള്ള പ്രവര്‍ത്തിയായിരുന്നുവെന്നും, താന്‍ അപമാനിക്കപ്പെടുകയാണുണ്ടായതെന്നും ഹോര്‍മോസോ പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് നേരെ നടന്നത്, റൂബിയെല്‍സിന്റെ ലൈംഗികാതിക്രമം ആണെന്ന ആരോപണമാണ് ഹെര്‍മോസോ നടത്തിയത്.
ഫിഫയുടെ അച്ചടക്ക സമിതി ചെയര്‍മാന്‍ ഹോര്‍ഹെ ഇവാന്‍ പലാസിയോ(കൊളംബിയ) ഫിഫ ഡിസിപ്ലീനറി കോഡിലെ(എഫ് ഡി സി) ആര്‍ട്ടിക്കിള്‍ 15 പ്രകാരം, ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും നിന്നും താത്കാലികമായി വിലക്കിയിരിക്കുന്നു എന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ലോക ജേതാക്കളായ ആ പെണ്‍കുട്ടികളെ അപമാനിച്ച ചുംബനം
ഉടനടി പ്രാബല്യത്തോടെയാണ് ഫിഫ ശനിയാഴ്ച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24 ന് റൂബിയെല്‍സിനെതിരായ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെന്നും, അടുത്ത 90 ദിവസം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കലാവധി നിലനില്‍ക്കുമെന്നും ഫിഫ അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ലൂയിസ് റൂബിയെല്‍സ് നേരിട്ടോ മൂന്നാം കക്ഷി മുഖേനയോ, അതുപോലെ ആര്‍ എഫ് ഇ എഫ്-റോയല്‍ സ്പാനീഷ് ഫുട്‌ബോള്‍ ഫെഡറഷേന്‍-നേരിട്ടോ, മൂന്നാം കക്ഷി മുഖേനയോ സ്‌പെയിന്‍ ദേശീയ താരമായ ജെന്നിഫര്‍ ഹോര്‍മോസോയെ ബന്ധപ്പെടുകയോ, ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത് എന്നും ഫിഫ അച്ചടക്ക സമിതി ഉത്തരവിട്ടിട്ടുണ്ട്. ഫിഫ ഡിസ്പ്ലീനറി കോഡ്( എഫ് ഡി സി )ആര്‍ട്ടിക്കിള്‍ 7 പ്രകാരമുള്ള നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. ഫിഫയുടെ അച്ചടക്ക തീരുമാനങ്ങള്‍ ലൂയിസ് റൂബിയെല്‍സ്, ആര്‍ എഫ് ഇ എഫ്, യുവേഫ(യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) എന്നിവരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.