UPDATES

സയന്‍സ്/ടെക്നോളജി

പരസ്യത്തില്‍ ‘എ ഐ സ്‌കാര്‍ലെറ്റ്’ ; കേസ് കൊടുക്കാന്‍ യഥാര്‍ത്ഥ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

പല ഹോളിവുഡ് താരങ്ങളും എ ഐ-യ്‌ക്കെതിരേ നിയമനപടിയുമായി മുന്നോട്ടു പോകുന്നുണ്ട്

                       

തന്റെ അനുമതിയില്ലാതെ എ ഐ ആപ്പ് ഉപയോഗിച്ച് നിര്‍മിച്ച പരസ്യത്തിനെതിരേ കേസ് കൊടുക്കാനൊരുങ്ങുകയാണ് പ്രശസ്ത അഭിനേത്രി സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍. Lisa AI: 90’s Yearbook & Avatar എന്ന ഇമേജ് ജനറേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കൊണ്ടാണ് എക്സില്‍ പോസ്റ്റ് ചെയ്ത 22 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം നിര്‍മിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ചുകൊണ്ട് യഥാര്‍ത്ഥ ഫൂട്ടേജില്‍ കൃത്രിമമായി വ്യാജ പരസ്യവും സംഭാഷണവും താരത്തിന്റെ അറിവോ സമ്മതമോ കൂടാതെ നിര്‍മിക്കുകയായിരുന്നു.

സ്‌കാര്‍ലെറ്റിന്റെ പ്രതിനിധികള്‍ അവര്‍ ഒരു കമ്പനിയുടെയും വക്താവല്ലെന്നും ഒക്ടോബര്‍ 28 ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യം നീക്കം ചെയ്തതായും, ഉചിതമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇക്കാര്യങ്ങള്‍ ഒന്നും ഞങ്ങള്‍ നിസാരമായി കാണുന്നില്ല, ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യങ്ങള്‍ക്കുചിതമായ നടപടി സ്വീകരിക്കുന്നതായിരിക്കും. നിലവിലുള്ള എല്ലാ നിയമ മാര്‍ഗങ്ങള്‍ അവലംബിച്ച് ഇതിനെ നേരിടുമെന്നും സ്്കാര്‍ലെറ്റിന്റെ അഭിഭാഷകനായ കെവിന്‍ യോണ്‍ വെറൈറ്റിയോട് പറഞ്ഞു(പെന്‍സ്‌കെ മീഡിയ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കന്‍ മാസികയാണ് വെറൈറ്റി).

മാര്‍വല്‍ ഫിലിം ബ്ലാക്ക് വിഡോയുടെ സെറ്റില്‍ നിന്നുള്ള ഒരു പിന്നാമ്പുറ ക്ലിപ്പാണ് ആപ് വഴി പരസ്യം നിര്‍മ്മിച്ചിരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ‘വെറൈറ്റി’ വീഡിയോ പരിശോധിച്ച ശേഷം പറഞ്ഞു. വ്യാജ പരസ്യത്തില്‍ സ്‌കാര്‍ലെറ്റ് ഈ ആപ്പ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായും, ആപ്പിന്റെ സേവനങ്ങള്‍ ഒരിക്കലും നഷ്ടപെടുത്തരുതെന്നും വ്യാജ വിഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ വ്യാജ പരസ്യത്തിന് താഴെ ചെറിയ അറിയിപ്പായി ഈ ചിത്രങ്ങള്‍ ലിസ എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും. ഈ പരസ്യത്തിന് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ ലിസ എഐയുടെ മറ്റ് ആപ്പുകള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമാണ് എന്നും അതില്‍ ചേര്‍ത്തിരിക്കുന്നു. വെറൈറ്റി വീഡിയോ പരിശോധിച്ച ശേഷം പറഞ്ഞു.

എ ഐ യുടെ സാധ്യതകള്‍ ഉപയോഗിച്ച് വ്യാജ വിഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതില്‍ പരസ്യമായി പ്രതികരിച്ച് കൊണ്ട് ഇതിനു മുന്‍പും പല താരങ്ങളും, എഴുത്തുകാരും രംഗത്തെത്തിയിരുന്നു. അടുത്തിടെ അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ ടോം ഹാങ്ക്സ് ഇത്തരത്തില്‍ ഒരു പ്രസ്തവനയുമായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പിട്ടിരുന്നു. ഒരു ഡെന്റല്‍ പ്ലാന്‍ അവരുടെ പ്രൊമോഷനുവേണ്ടി ടോം ഹാങ്ക്‌സിന്റെ എ ഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം ഉപയോഗിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ തനിക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും, സൂക്ഷിക്കണമെന്നും ആരാധകരോട് പറയുകയുണ്ടായി.

നടിയും എഴുത്തുകാരിയും നിര്‍മാതാവുമായ സാറാ സില്‍വര്‍മാന്‍ ഉള്‍പ്പടെയുള്ള നിരവധി എഴുത്തുകാരും ഫേസ്ബുക് മെറ്റക്കും, ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജി പി ടിക്കും എതിരേ തങ്ങളുടെ അറിവോ സമ്മതോ ഇല്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് തങ്ങളുടെ എഴുത്തുകള്‍ക്ക് സമമായ രീതിയില്‍ എഴുതാന്‍ ഉപയോഗിച്ചു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയിരുന്നു.

സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ ഇതാദ്യമായല്ല തന്റെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ച് കൊണ്ട് കൃത്രിമം കാണിക്കുന്നതിനെതിരായി രംഗത്തെത്തുന്നത്. 2018-ല്‍, ചില അശ്ലീല വീഡിയോകളില്‍ സ്ത്രീകളുടെ മുഖം കൃത്രിമമായി ചേര്‍ക്കുന്ന കമ്പ്യൂട്ടര്‍ നിര്‍മിത സാങ്കേതികവിദ്യയായ ‘ഡീപ് ഫേക്കുകളില്‍’ തന്റെ ചിത്രം വ്യാപകമായി ഉപയോഗിക്കുന്നതിനെ പറ്റി വാഷിംഗ്ടണ്‍ പോസ്റ്റിനോട് സംസാരിച്ചിരുന്നു. ‘എന്റെ മുഖം മറ്റാരുടെയെങ്കിലും ശരീരത്തില്‍ ചേര്‍ത്ത് വക്കുന്നതില്‍ നിന്ന് ആരെയും തടയാന്‍ യാതൊന്നിനും സാധിക്കില്ല, ഇന്റര്‍നെറ്റില്‍ ഇതിനെതിരെ അടിസ്ഥാനപരമായി നിയമങ്ങള്‍ ഒന്നും തന്നെ ഇല്ല, ഇതെല്ലം നിയമ വിരുദ്ധമായി നടക്കുന്നവയാണ്, ചില നിയമങ്ങള്‍ യു എസ്സില്‍ മാത്രം ഒതുങ്ങുന്നതാണ’്.

അഭിനേത്രി, മോഡല്‍, ഗായിക എന്ന നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍. 1994 -ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ബ്ലാക്ക് വിഡോ, ദി അവേഞ്ചേഴ്സ് എന്നിവയിലെ മികച്ച പ്രകടങ്ങളിലൂടെ കൂടുതല്‍ ആരാധകരെ നേടിയെടുക്കാന്‍ സ്‌കാര്‍ലെറ്റിന് സാധിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍