സെന്‍ട്രല്‍ സോളിലെ വാര്‍യോങ് പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാര്‍ സംശയാസ്പദമായ രീതിയില്‍ കാണുന്നു. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ 40 ന് മുകളില്‍ പ്രായമുള്ള ഒരു പുരുഷനെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നു. കല്‍ക്കരിയില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് ആരോഗ്യനില വഷളാക്കിയതെന്നും മനസിലായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതേ സമയം തന്നെ പൊലീസ് കൊറിയന്‍ സിനിമയിലെ സൂപ്പര്‍ താരപദവിയിലുള്ള ഒരു അഭിനേത്രിയായ ജിയോണ്‍ ഹെയ്-ജിന്റെ ഭര്‍ത്താവിന് വേണ്ടിയുള്ള അന്വേഷണത്തിലുമായിരുന്നു. ജിയോണിന്റെ ഫോണ്‍ കോളിന്റെ പുറത്താണ് അന്വേഷണം. അവരുടെ ഭര്‍ത്താവും ഒരു സൂപ്പര്‍താരമാണ്. താരം വീട്ടില്‍ നിന്നും എങ്ങോട്ടോ പോയെന്നും, അദ്ദേഹം പോയതിന് പിന്നാലെ ആത്മഹത്യ കുറിപ്പ് പോലെ സംശയിക്കാവുന്നൊന്ന് കണ്ടെത്തിയെന്നുമായിരുന്നു ജിയോണിനെ ഭയപ്പെടുത്തിയത്.
അധികം സമയം വേണ്ടി വന്നില്ല, വാര്‍യോങ് പാര്‍ക്കില്‍ നിന്നും കണ്ടെത്തിയ വ്യക്തിയും, പൊലീസ് തേടി നടന്നിരുന്ന സൂപ്പര്‍ താരവും ഒരാള്‍ തന്നെയാണെന്ന് മനസിലാക്കാന്‍. അത് ലീ സണ്‍-ക്യുന്‍ ആയിരുന്നു.
സൗത്ത് കൊറിയന്‍ സിനിമകള്‍ക്ക് ലോകമെമ്പാടുമാണ് ആരാധകര്‍. അവിടുത്തെ നായകന്മാരും ആഗോള തലത്തില്‍ പോപ്പുലറാണ്. ലീ സണ്‍-ക്യൂന്‍ അതിലൊരാളായിരുന്നു. ആ 48 കാരന്റെ മരണം അതുകൊണ്ട് തന്നെ ലോകത്തിന് ഷോക്ക് ആയിരിക്കുകയാണ്.
ലീ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ടുകളാണ് മലയാളികള്‍ അടക്കമുള്ള കൊറിയന്‍ സിനിമ പ്രേമികളെ കൂടുതല്‍ സങ്കടത്തിലാക്കുന്നത്. ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറുകള്‍ സമ്മാനിക്കുന്ന കൊറിയന്‍ സിനിമ ലോകത്തെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ മരണവും ഒരു മിസ്റ്ററി ആയിരിക്കുകയാണ്.
ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ പാരസൈറ്റിലെ പാര്‍ക്ക് ഫാമിലിയിലെ സമ്പന്നനായ ബിസിനസുകാരനിലൂടെ(പാര്‍ക്ക് ഡോങ്-ഇക്) കൂടുതല്‍ വേഷങ്ങളും സൂപ്പര്‍ താരപദവിയും സ്വന്തമാക്കി നല്ലൊരു കരിയറിലേക്ക് കുതിക്കുകയായിരുന്നു ലീ. എന്നാല്‍ ആ യാത്ര നിര്‍ഭാഗ്യകരമായ രീതിയില്‍ പൊടുന്നനെ അവസാനിച്ചിരിക്കുന്നു.
എന്തായിരുന്നു ലീയെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്?
പാരസൈറ്റ് ലീയുടെ സിനിമ ജീവിതം മാറ്റി മറിച്ചെന്നു പറയാം. അതിനുശേഷം അയാളെ തേടിയെത്തിയത് ഒരുപിടി നല്ല വര്‍ക്കുകളായിരുന്നു. പേയ്ബാക്ക്, ഡയറി ഓഫ് എ പ്രോസിക്യൂട്ടര്‍, മൈ മിസ്റ്റര്‍, കില്ലിംഗ് റൊമാന്‍സ്, കിംഗ് മേക്കര്‍ എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടവയായിരുന്നു. ആപ്പിള്‍ ടി വി പ്ലസ്സിന്റെ ആദ്യ കൊറിയന്‍ സീരീസായ ഡോ. ബ്രയിന്‍ ലീയെ വീണ്ടും ആഗോളതലത്തില്‍ സുപരിചിതനാക്കി. കോ സി-വോണ്‍ എന്ന നിര്‍ദ്ദയനായ ഡോക്ടറിലൂടെ ലീ 2022 ലെ ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡിലെ മികച്ച നടനുള്ള കാറ്റഗറിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ സ്വന്തം കരിയറില്‍ കുതിപ്പ് നടത്തിയിരുന്നൊരാള്‍ എന്തിന് ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറായി?
തെക്കന്‍ സോളിലെ ച്യോങ്ദം-ഡോങ്ങില്‍ ആയിരുന്നു ലീയും കുടുംബവും(ലീയ്ക്കും ജിയോണിനും രണ്ട് മക്കളാണ്) താമസിച്ചിരുന്നത്. ലീയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ മാനേജര്‍ അദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിരുന്നു. എന്നാല്‍, അവിടെ നിന്നും പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആത്മഹത്യ കുറിപ്പ് പോലൊന്നു മാനേജറും കണ്ടിരുന്നു. ആരോടും പറയാതെയുള്ള ലീയുടെ യാത്ര മരണത്തിലേക്കായിരുന്നു.
പൊലീസിന്റെ പ്രാഥമിക നിഗമനം താരം ആത്മഹത്യ ചെയ്തൂ എന്നു തന്നെയാണ്. എങ്കിലും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്.
ഒരു മയക്കുമരുന്ന് കേസ് ആണ് ലീയെ മരണത്തിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
സോളിലെ ഗന്നം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത ബാറ് വഴി അനധികൃതമായി മയക്ക് മരുന്ന് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഒരന്വേഷണം ഇഞ്ചിയോണ്‍ മെട്രോപോളീറ്റന്‍ പൊലീസ് ഏജന്‍സി ആരംഭിക്കുന്നു. ഈ അന്വേഷണത്തിലാണ് ബാറിലെ പരിചാരികയായ യുവതിയുടെ വീട്ടില്‍ വച്ച് ഒന്നിലധികം തവണ മരിജുവാന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ ലീ ഉപയോഗിച്ചിരുന്നതായി ഒരു കേസ് താരത്തിനെതിരേ ചുമത്തപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മൂന്നു റൗണ്ട് ചോദ്യം ചെയ്യലിന് ലീ വിധേയനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു മൂന്നാം വട്ട ചോദ്യം ചെയ്യല്‍. 19 മണിക്കൂറോളം അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
നിരപരാധിയാണെന്ന വാദമായിരുന്നു ലീ തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നത്. താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ബാറിലെ ജീവനക്കാരിയും മറ്റൊരാളും ചേര്‍ന്ന് തന്നെ കബളിപ്പിച്ച് മയക്കുമരുന്ന് നല്‍കുകയായിരുന്നുവെന്നും പിന്നീട് അതു പറഞ്ഞു ബ്ലാക്‌മെയ്ല്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചുവെന്നും കാണിച്ചു താരം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം പൊലീസ് അന്വേഷണ സംഘം നടത്തിയ ബ്രാഫ് റീജന്റ് ടെസ്റ്റിലും നാഷണല്‍ ഫോറന്‍സിക് സര്‍വീസ് സംഘം നടത്തിയ ലാബ് ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു ലീയുടെ പരിശോധന ഫലം എന്നാണ് യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാര്‍ പരിചാരക പറഞ്ഞത് നുണയാണെന്ന് തെളിയിക്കുന്നതായിരുന്നു പരിശോധന ഫലങ്ങള്‍ എന്നാണ് ലീയുടെ അഭിഭാഷകന്‍ യോന്‍ഹാപ് ന്യൂസ് ഏജന്‍സിയോട് പറയുന്നത്. ആ സ്ത്രീ പറയുന്നതായിരുന്നു സത്യമെങ്കില്‍ പരിശോധന ഫലം പോസിറ്റീവ് ആകുമായിരുന്നു. ലീയോടെ ചെയ്തത് അനീതിയാണ്. നുണപരിശോധന നടത്തിയിരുന്നുവെങ്കില്‍ ആരാണ് നുണ പറയുന്നത്, ആരാണ് സത്യം പറയുന്നത് എന്ന് മനസിലാക്കാമായിരുന്നു’ എന്നും അഭിഭാഷകന്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇഞ്ചിയോണ്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങള്‍ ലീയോട് പ്രതികരണം ആരാഞ്ഞിരുന്നു. ‘ ഇതുപോലൊരു അസുഖകരമായ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിരാശരാകേണ്ടി വന്നവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ബുദ്ധിമുട്ടേറിയ നിമിഷത്തിന്റെ വേദന സഹിക്കുന്ന എന്റെ കുടുംബത്തോടും ക്ഷമ ചോദിക്കുന്നു’-ഇതായിരുന്നു ലീയുടെ വാക്കുകള്‍ എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്വേഷണം നടന്നുകൊണ്ടിരിക്കെ ലീയുടെ മരണം സംഭവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നായിരുന്നു പൊലീസിന്റെ പ്രതികരണം എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയായിരുന്നു അന്വേഷണം നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞതായി ന്യൂസ് വണ്‍ കൊറിയയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിബിസി പറയുന്നു.
‘ സഹിക്കാനാവാത്ത ദുഃഖവും നിരാശയുമാണുള്ളത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അങ്ങനെയെങ്കില്‍ നീതിയുക്തമല്ലാത്തൊരു അവസാന യാത്ര ലീക്ക് വേണ്ടിവരില്ല’ എന്നായിരുന്നു ലീയുടെ കുടുംബത്തിന്റെതായ പ്രസ്താവനയില്‍ അപേക്ഷിക്കുന്നത്.