UPDATES

പോക്സോ കേസും അതിജീവിതരുടെ ആത്മഹത്യയും; കാരണക്കാർ ആര് ?

പേരിനു മാത്രമുള്ള സംരക്ഷണ പദ്ധതികൾ ശിശു സംരക്ഷണം ആകില്ല

                       

ഇരട്ടയാർ പോക്സോ കേസിലെ അതിജീവിത ആത്മഹത്യ ചെയ്തു, വീടിനുള്ളിൽ മരിച്ചനിലയിലാണ് 17 കാരിയെ കണ്ടെത്തിയത്. ഇതാദ്യമായല്ല പോക്സോ കേസിലെ അതിജീവിതർ ആത്മഹത്യ ചെയ്തുവെന്ന് വാർത്തകളിൽ നിറയുന്നത്. യഥാർത്ഥത്തിൽ അതിജീവിതർ മരണത്തിനു കീഴടങ്ങുന്നതിന് പിന്നിലെ ഉത്തരവാദികൾ ആരാണ് ? പോക്സോ കേസുകളുടെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും, രാഷ്ട്രീയ താൽപര്യങ്ങൾക്കു വിധേയമായാണ് പല സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നും അഴിമുഖത്തോട്‌ പറയുകയാണ് സാമൂഹ്യ പ്രവർത്തകയായ പി ഇ ഉഷ. pocso victims

നിയമ സംവിധാനങ്ങൾ പോക്സോ കേസുകൾ ശരിയയായ രീതിയിലല്ല അന്വേഷിക്കുന്നത്. പോക്സോ കേസിലെ അതിജീവിത സാക്ഷി കൂടിയായതിനാൽ അവരുടെ സംരക്ഷണം പ്രധാനമാണ്, പക്ഷെ ആർക്കും ലഭിക്കുന്നില്ലെന്ന് മാത്രം. ഇത്ര ഗുരുതരമായ വിഷയമായിട്ടുകൂടി ഇവിടുളള ഒരു നിയമസംവിധാനങ്ങളും ഒരു ചെറു വിരൽ പോലും ഇതിനെതിരെ അനക്കുന്നില്ല എന്നതാണ് അതിശയം. ചാലിയാർ, ഇരട്ടയാർ പോലുളള പല കേസുകളിലും കുട്ടികളെ സംരക്ഷിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു നില നിന്നിരുന്നത്. മരിച്ച പല കുട്ടികളും തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞിരുന്നതാണ്. ചാലിയാർ കേസിൽ അതിജീവിതയുടെ കൗൺസലിംഗ് റിപ്പോർട്ടുകളിൽ പല തവണ താൻ അതിക്രൂരമായി അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു തരത്തിലുള്ള സംരക്ഷണവും ആ കുട്ടിക്ക് ആരും നൽകിയില്ല.

പേരിനു മാത്രമുള്ള സംരക്ഷണ പദ്ധതികൾ ശിശു സംരക്ഷണം ആകില്ല. കുട്ടികളുടെ താൽപര്യത്തിന് വിരുദ്ധമായി എവിടെയെങ്കിലും മാറ്റി താമസിപ്പിക്കുന്നതുമല്ല സംരക്ഷണം. അതിജീവിതർക്കെതിരെ അക്രമം നടത്തുന്നവരെ വേണം കുട്ടികളുടെ അടുത്ത് നിന്ന് അകറ്റി നിർത്താൻ. ചില കേസുകളിൽ മാതാപിതാക്കൾക്ക് അതിജീവിതർക്ക് വേണ്ട സംരക്ഷണം നൽകാൻ കഴിയാത്ത സ്ഥിതി വിശേഷം ഉണ്ടാകും അത്തരം സാഹചര്യങ്ങൾ മനസിലാക്കി വേണം അധികൃതർ പെരുമാറാൻ. വർഷങ്ങൾ നീളുന്ന കേസന്വേഷണങ്ങൾ മറ്റൊരു പ്രശ്നമാണ്. നീതി നിർവഹണ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന അധികൃതർ പലരും രാഷ്ട്രീയ വഴികളിലൂടെ നിയമിക്കപ്പെടുകയും, അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. പബ്ലിക് പ്രോസിക്യൂട്ടർമാർ രാഷ്ട്രീയ പിൻബലത്തോടെ നിയമിക്കപ്പെട്ടവരാണ് അവർക്ക് ഇത്തരം വിഷയങ്ങളിൽ ആത്മാർത്ഥത ഇല്ല. പോക്സോയും ശിശു ക്ഷേമവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ അഴിമതിയുടെയും രാഷ്ട്രീയ വിധേയത്വത്തിന്റെയും രംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഓരോ ജില്ലകളിലുമുളള നിർഭയ ഹോമുകൾ പൂട്ടിയ സ്ഥിതിയിലാണ്. അതിജീവിതയുടെ പഠനത്തിനോ പുനരധിവാസത്തിനോ വേണ്ടതൊന്നും സർക്കാർ പ്രവർത്തനക്ഷമമായ വിധത്തിൽ ചെയ്യുന്നില്ല. കൗൺസിലിങ്ങുകളും മറ്റു പ്രവർത്തനങ്ങളും നടക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ കാര്യക്ഷമമായ ഒരു പ്രവർത്തനങ്ങളും സർക്കാരിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കൂടാതെ, ഇത്തരം വിഷയങ്ങൾ സമൂഹത്തിലറിഞ്ഞാൽ വലിയ അപമാന ഭാരം ഉണ്ടാക്കും എന്നുള്ളത് കൊണ്ട് തന്നെ അതിജീവിതരും മാതാപിതാക്കന്മാരും ഇതിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയമെടുക്കും. പലപ്പോഴും ചുറ്റിനുമുളള സാഹചര്യങ്ങൾ കുട്ടികളെ സമ്മർദ്ദത്തിലാക്കുകയാണ് പതിവ്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുളള സമ്മർദ്ദവും, പ്രതികളിൽ നിന്നുള്ള ഭീഷണികളും കൂടിയാകുമ്പോൾ പലരും പ്രതിസന്ധിയിലായി പോവുകയാണ്. അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളിൽ പെടുത്തുകയും ചെയ്യും, ഇത്തരം സാഹചര്യങ്ങളിലാണ് കുട്ടികൾ മൊഴി മാറ്റി പറയുന്നത്.

നെയ്യാറ്റിൻകരയിലെ പോക്സോ കേസിൽ പബ്ലിക്പ്രോസിക്യൂട്ടർ പണം വാങ്ങി ഇടനിലക്കാരനായിനിന്നുകൊണ്ട് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പബ്ലിക്പ്രോസിക്യൂട്ടർമാരെ കൂടാതെ പല പോലീസ് ഉദ്യോഗസ്ഥരും ഒത്തുതീർപ്പിനായി ഇടനിലക്കാരാകാറുണ്ട്. കോടതികൾവരെ പലപ്പോഴും ഇത്തരം വിഷയങ്ങൾ മതിയായ ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യാവസ്ഥ. കുട്ടികൾക്കിണങ്ങാത്ത ദുർബലമായ സംവിധാനം ആണെന്നാണ് പ്രധാനപ്പെട്ട പ്രശ്നം. കുട്ടികളുടെ ആരോഗ്യം, പഠനം, മാനസിക ആരോഗ്യം എന്നിവക്കൊന്നും എവിടെയും മുൻഗണന കൊടുക്കുന്നില്ല. കുറച്ച് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നുവെന്നല്ലാതെ മറ്റൊരു പ്രയോചനവുമില്ല. കേരളത്തിലെ ശിശുക്ഷേമ കമ്മിറ്റികളിൽ പലതും രാഷ്ട്രീയ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. ചാലിയാർ കേസിൽ മലപ്പുറം ശിശുക്ഷേമ സമിതി നിഷ്ക്രിയമായിനിന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. സർക്കാർ സംവിധാനങ്ങളുടെ ശോചനീയാവസ്ഥയാണ് കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

 

content summary : real reason behind the suicides of pocso victims

Share on

മറ്റുവാര്‍ത്തകള്‍