നവയുഗമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ വായനയും വായനക്കാരും അസ്തമിച്ചെന്ന റിപ്പോര്‍ട്ടുകളെ മലയാളി തള്ളികളഞ്ഞ ഒരു സമയത്താണ് ഇത്തവണത്തെ ലോക പുസ്തക ദിനം വരുന്നത്. അതിന് നന്ദി പറയേണ്ടത് പുതുതലമുറയെ വായനശീലത്തിലേക്ക് എത്തിക്കുകയും പഴയ തലമുറയെ വായനയിലേക്ക് തിരിച്ച് കൊണ്ടുവരികയും ചെയ്ത ഒരു എഴുത്തുകാരനോടാണ്. റാം കെയര്‍ ഓഫ് ആനന്ദി മലയാളിയ്ക്ക് സമ്മാനിച്ച അഖില്‍ പി ധര്‍മ്മജന്‍. ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി അഖിലിന്റെ വിശേഷങ്ങളിലേക്ക്
ലോക പുസ്തക ദിനത്തില്‍ പ്രിയ വായനക്കാര്‍ക്കുള്ള സമ്മാനം?
ഈ വര്‍ഷം പുതിയ പുസ്തകം പുറത്ത് വരുന്നുണ്ട്. റാം കെയര്‍ ഓഫ് ആനന്ദി പോലെ റിയലസ്റ്റിക് ഫിക്ഷന്‍ അല്ല, മിസ്റ്ററി ത്രില്ലറാണ്. പുസ്തകത്തിന്റെ പേര് രാത്രി 12 മണിന് ശേഷം എന്നാണ്-ഫൈനല്‍ എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ജൂണിന് ശേഷം പുറത്തിറക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.
പുതുതലമുറ വായനക്കാരുടെ പ്രതികരണവും വായനയുടെ ആഴവും- രണ്ടും എങ്ങനെ വിലയിരുത്തുന്നു
പുതിയ തലമുറയില്‍ ഒരു 90% ആള്‍ക്കാരും വായനശീലം ഇല്ലാത്തവരാണ്. ഞാന്‍ റാം കെയര്‍ ഓഫ് ആനന്ദി എഴുതുന്ന സമയത്ത് സുഹൃത്തുകള്‍ പറയുന്നുണ്ടായിരുന്നു-സിനിമാറ്റിക് രീതിയിലൊക്കെയാണ് എഴുതുന്നത്. സീരിയസ് ആയി വായിക്കുന്നവര്‍ക്ക് ഇത് ഇഷ്ടപ്പെടുമോ? കളിക്കുടക്ക സാഹിത്യം എന്നൊക്കെയുള്ള കളിയാക്കലുകള്‍ കേട്ടിരുന്ന സമയമാണത്. അപ്പോള്‍ ഞാന്‍ പറഞ്ഞത് പുതുതായി വായനയിലേക്ക് വരുന്ന ആള്‍ക്കാരോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായനശീലമുണ്ടായിരുന്നിട്ട് പലവര്‍ഷങ്ങളായി അത് നിന്ന് പോയ ആള്‍ക്കാരോ. അവരെയാണ് നമ്മുക്ക് തിരിച്ച് വേണ്ടത്. ഒരു 100 പേരെ എടുത്തിട്ടുണ്ടെങ്കില്‍ 90 പേര്‍ക്കും ഇപ്പോ വായനാശീലം ഉണ്ടാവില്ല. ബാക്കി 10 പേര് സീരിയസ് റീഡേഴ്‌സ് ആയിരിക്കും. എനിക്ക് ആ 10 പേരേക്കാളും കൂടുതലായി വേണ്ടത് ബാക്കി 90 പേരെയാണ്. ആദ്യമായി പുസ്തകം വായിക്കുന്നവരോ ഇതുപോലെ വായനാശീലം നിന്നുപോയിട്ടോ ആയിട്ടുള്ള ആള്‍ക്കാരെ മതി എനിക്കെന്ന് ഞാന്‍ അന്ന് പറഞ്ഞു. അത് പക്ഷെ എന്റെ ആഗ്രഹത്തിന് പുറത്ത് പറഞ്ഞതാണ്. അത് വേണമെങ്കില്‍ അത്യാഗ്രഹം എന്ന് പറയാം. ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അത് നടക്കുമെന്നതിന്റെ തെളിവാണത്. ഞാന്‍ പണ്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്. റാം കെയര്‍ ഓഫ് ആനന്ദി വായിച്ചിട്ട് പലരും മെസേജ് അയക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ട് വായിക്കുന്ന നോവല്‍ എന്നുള്ള രീതിയിലാണ്. ഞാനത് എഴുതിയ സമയത്ത് അല്ലെങ്കില്‍ പബ്ലിഷ് ചെയ്യുന്ന സമയത്ത് എന്താണോ ആഗ്രഹിച്ചത്, അതാണ് ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്.
എഴുത്തിലേക്ക് വരുന്ന പുതുതലമുറയോട് പറയാനുള്ളത്
ആരേയും അനുകരിക്കാനായിട്ട് ശ്രമിക്കണ്ട. നിങ്ങളുടേതായ രീതിയില്‍ മറ്റൊരാള്‍ക്ക് പെട്ടെന്ന് വായിച്ചാല്‍ മനസിലാവുന്ന രീതിയില്‍ എഴുതിയാല്‍ എല്ലാവര്‍ക്കും മനസിലാവും. ഒരുപാട് ആരെയെങ്കിലും അനുകരിക്കാനായിട്ട് ശ്രമിക്കുമ്പോഴാണ് നമ്മുക്ക് തന്നെ മനസിലാവാതായി പോവുന്നത്. നമ്മുക്ക് മനസിലായില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും മനസിലാവില്ല. ഭാഷയുടെ അറിവ് കാണിക്കണം എന്ന രീതിയിലൊക്കെ എഴുതി കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് ദഹിക്കണമെന്നില്ല. സിംപിളായിട്ട് കഥകളെ ഉള്‍കൊള്ളാനാണ് പുതുതലമുറയിലെ ആളുകള്‍ താല്‍പര്യപ്പെടുന്നതെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.
എഴുത്ത് കരിയറായി കാണുമ്പോള്‍ ലഭിച്ച പ്രതികരണം
പലര്‍ക്കും ഇപ്പഴും അത് അസപ്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല. ഞാനൊരു ഫുള്‍ ടൈം എഴുത്തുകാരനാണെന്ന് പറയുമ്പോള്‍ പലര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ആദ്യകാലത്ത് വീട്ടുകാര്‍ക്ക് പോലും അത് അസെപ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യമായിരുന്നു. അപ്പോ പിന്നെ മറ്റുള്ളവരെ പറ്റി പറയേണ്ട കാര്യമില്ലല്ലോ. പക്ഷെ എന്റെ കുറച്ച് കൂട്ടുകാരുണ്ട്. എഴുത്ത് സീരിയസായി എടുക്കുമ്പോള്‍ അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ മറ്റ് പലരോടും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ എഴുത്തുകാരനാണെന്ന് പറയുമ്പോള്‍ അവരുടെ നെറ്റിചുളിയും. അത് ഇപ്പഴും അങ്ങനെ തന്നെയാണ്. അത് തുടര്‍ന്ന് കൊണ്ടെ ഇരിക്കുന്ന ഒരു പ്രതിഭാസമാണ്. നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നത് നമ്മള് മാത്രം അറിയേണ്ട കാര്യമാണ്. മറ്റുള്ളവര്‍ക്ക് പല അഭിപ്രായം പറയാന്‍ പറ്റും. അവരൊക്കെ പറയുന്ന തൊഴിലോ രീതിയിലോ പോവേണ്ടി വരുന്നത് കൊണ്ടാണ് പലര്‍ക്കും ജീവിതത്തില്‍ സന്തോഷമില്ലാത്തത്. ജീവിതം എങ്ങനെയൊക്കയോ തള്ളി നീക്കുന്നത്. എനിക്ക് ഒരുപാട് വരുമാനം ഉണ്ടായില്ലെങ്കില്‍ പോലും എനിക്ക് സന്തോഷം ഉള്ള ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുന്നുണ്ടെങ്കില്‍ അതാണ് എന്റെ ജീവിതത്തില്‍ സന്തോഷം തരുന്നത്. അത് ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
പിഡിഎഫ് ഷെയറിങ് കേസ് എവിടെ എത്തി? എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്
പിഡിഎഫ് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കുറെയാളുകളെ പിടിച്ചിട്ടുണ്ട്. വാട്‌സ് അപ്പ് അഡ്മിന്‍മാരും ടെലിഗ്രാം അഡ്മിന്‍മാരുമെല്ലാം പിടിക്കപ്പെട്ടു. പിഡിഎഫ് പോലിസ് തന്നെ അതെല്ലാം തടഞ്ഞു. ഇനി ആരെങ്കിലും അപ് ലോഡ് ചെയ്താല്‍ പെട്ടെന്ന് കണ്ടെത്താവുന്ന രീതിയിലാണ് പോലിസ് ഇടപെടല്‍ നടത്തുന്നത്. പിഡിഎഫ് പതിപ്പ് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്. സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങും പോലെ തന്നെയാണ് പുസ്തകത്തിന്റെ കാര്യത്തിലും. എന്നാല്‍ പലര്‍ക്കും ഇത് വ്യാജ പതിപ്പാണെന്നോ അത് കോപ്പി റൈറ്റ് ആക്ട് പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നോ അറിയില്ല. അതുകൊണ്ട് തന്നെ അറിയാത്ത പലരും ഈ കേസില്‍ പെട്ടുപോവുന്നുണ്ട്. വലിയ രീതിയില്‍ ബോധവല്‍ക്കരണം വേണമെന്ന് തോന്നിയ കാര്യമാണിത്.
പരിഭാഷയിലേക്ക് പോവുന്നില്ലേ ?
റാം കെയര്‍ ഓഫ് ആനന്ദി തമിഴിലേക്ക്് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളിലാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ഉടന്‍ പുറത്തിറങ്ങും.
എഴുത്തുകാരന്‍ വായിക്കുന്നവരെ എഴുതിവയ്ക്കുന്നു എന്നാണല്ലോ, മറ്റുള്ളവരുടെ ലൈഫിലേക്ക് ഇടിച്ച് കയറുന്ന സ്വഭാവം ഉണ്ടെന്ന് അഖില്‍ പറഞ്ഞതും ശ്രദ്ധിച്ചിരുന്നു, നോവലുകളിലെ യഥാര്‍ത്ഥ ജീവിതകഥാപാത്രങ്ങളെ വെളിപ്പെടുത്താമോ?
ഞാന്‍ ഒരുപാട് പേരോട് സംസാരിക്കാനും അടുത്ത് ഇടപെടാനും താല്‍പര്യമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും അങ്ങോട്ട് സംസാരിക്കാറുണ്ട്. യാത്രമധ്യേ അങ്ങോട്ട് ഇടിച്ച് കയറി സംസാരിക്കാറുണ്ട്. അത് എനിക്ക് മനുഷ്യരോട് വലിയ ഇഷ്ടമുള്ളത് കൊണ്ടാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവരോടും എന്റെ അതേ ചിന്തകളിലൂടെ കടന്ന് പോവുന്ന മനുഷ്യരോട് അടുപ്പം വയ്ക്കാനും എനിക്ക് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അവരില്‍ നിന്ന് അവരുടെ പൂര്‍ണ കഥാപാത്രങ്ങളെ എടുക്കാറില്ല. ചില മാനറിസങ്ങളും അങ്ങനെ എന്തെങ്കിലുമൊക്കെ എടുക്കും. പല മനുഷ്യരുടെ സ്വഭാവങ്ങളുടെ കൂടി ചേരലാണ് എന്റെ ഒരു കഥാപാത്രം. റാം കെയര്‍ ഓഫ് ആനന്ദിയിലെ ആനന്ദിയും റാമുമെല്ലാം അത്തരത്തില്‍ പിറവി കൊണ്ടവരാണ്.
റാം കെയര്‍ ഓഫ് ആനന്ദി സ്ത്രീ കഥാപാത്ര കേന്ദ്രീകൃതമാണല്ലോ, കഥാപാത്ര സൃഷ്ടിയില്‍ അത്തരമൊരു പരിഗണന നല്‍കിയതിനെ കുറിച്ച്?
സ്ത്രീകേന്ദ്രീകൃത നോവല്‍ എന്നത് പ്ലാന്‍ ചെയ്ത് വന്നതല്ല. മല്ലിയ്ക്ക് അത്രയും പ്രാധാന്യം തുടക്കത്തില്‍ ഇല്ലായിരുന്നു. എഴുതി വന്നപ്പോഴാണ് നായികാ കഥാപാത്രത്തിന് തുല്യമായ പ്രധാന്യം വേണമെന്ന് തോന്നിയത്. പാട്ടിയാണെങ്കില്‍, പ്രായമായവരോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. അവര്‍ക്ക് കുറേ കഥകള്‍ പറയാനുണ്ടാവും. അനുഭവങ്ങളുണ്ടാവും. പാട്ടിയുടെ കഥാപാത്രം അങ്ങനെ വേണമെന്ന് കരുതിയത് തന്നെയാണ്. എല്ലാം കൂടെകൂട്ടി വച്ചപ്പോള്‍ ശക്തമായി വന്നത് സ്തീകളായി. അത് യാദൃശ്ചികമായി സംഭവിച്ചതാണ്.