January 15, 2025 |
Share on

‘ഒറ്റ രാത്രി കൊണ്ടു ചെയ്ത ലോഗോ, പ്രതിഫലത്തിനല്ല, പാഷനാണ്’

‘എന്റെ കലാസൃഷ്ടികള്‍ക്ക് വില നിശ്ചയിക്കാറുണ്ട്, എന്നാല്‍ കേരളീയം ലോഗോയ്ക്ക് ഞാന്‍ പണത്തിന്റെ മൂല്യം കല്പിച്ചല്ല’- ബോസ് കൃഷ്ണമാചാരി

നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു തലസ്ഥന നഗരിയില്‍ ഒരുങ്ങിയ ‘കേരളീയം 2023’. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കലകളും, രുചി വൈഭവങ്ങളും, സാംസ്‌കാരിക സാമൂഹിക തലങ്ങളിലെ ചര്‍ച്ചകളും പ്രദര്‍ശനങ്ങളും വിപണന മേളകളും തുടങ്ങി വൈവിധ്യങ്ങളുടെ സമന്വയമായിരുന്നു കേരളീയം വേദി. കേരളീയത്തെ മറ്റു സാംസ്‌കാരിക മേളകളില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത് കേരളീയം അവതരിപ്പിച്ച ലോഗോയും, ഉപയോഗിച്ച നിറങ്ങളും കൂടിയാണ്. ‘കേരളീയം ഇന്നലെ ഇന്ന് നാളെ’ എന്ന ആപ്തവാക്യത്തിന്റെ മുഴുവന്‍ ആശയവും തെളിഞ്ഞു നിന്നിരുന്ന കലാസൃഷ്ടിക്കു പിന്നില്‍ കൊച്ചി ബിനാലെയുടെ അമരക്കാരന്‍ കൂടിയായ ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയുടെ കല്പനാ മികവാണ്. ഒരു വശത്ത് കേരളീയം ആഘോഷിക്കപ്പെട്ടപ്പോള്‍, മറ്റൊരു വശത്ത് വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കേരളീയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ബോസ് കൃഷ്ണമാചാരി കേരളീയം ലോഗോ തയ്യാറാക്കുന്നതിനു കോടികള്‍ കൈപ്പറ്റിയെന്ന സമൂഹ മാധ്യങ്ങളില്‍ പരന്ന പ്രചാരണമാണ്. തീര്‍ത്തും വ്യജമായ പ്രചാരണമാണിതെന്ന് ബോസ് സമൂഹ മാധ്യമങ്ങള്‍ വഴി തന്നെ ലോകത്തോട് വിശദീകരിച്ചിരുന്നു. ഇതേ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിക്കുകയാണ് ബോസ് കൃഷ്ണമാചാരി.

‘കേരളീയം ലോഗോ നിര്‍മിക്കാന്‍ ഏഴു കോടി രൂപ എനിക്കു ലഭിച്ചിട്ടുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. എന്റെ കലാസൃഷ്ടികള്‍ക്ക് അതിന്റെതായ മൂല്യം കല്‍പ്പിക്കുന്ന വ്യക്തിയെന്ന നിലയില്‍ ബ്രാന്‍ഡുകള്‍ക്കായി ഞാന്‍ തുക ഈടാക്കാറുണ്ട്. എന്നാല്‍ കേരളത്തിനു വേണ്ടി എന്നെ തേടി വന്ന പ്രൊജക്ടിന് ഞാന്‍ പണത്തിന്റെ മൂല്യം കല്പിച്ചിട്ടില്ല.

കേരളീയം എന്ന ആശയത്തിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ലോഗോകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവയില്‍ ഈ ആശയങ്ങള്‍ പ്രതിഫലിക്കാത്ത സാഹചര്യത്തിലാണ് ലോഗോ നിര്‍മിക്കുന്നതിനായി സംഘാടക സമിതി എന്നെ സമീപിക്കുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ലോഗോ നിര്‍മ്മിച്ച് നല്‍കുന്നത്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ലോഗോ നിര്‍മ്മിച്ചത്. ഏഴു കോടി എന്ന അവിശ്വസനീയമായ സംഖ്യ പ്രചരിപ്പിച്ച ആളാരാണെന്ന് എനിക്കറിയില്ല. ഒരു ഡിസൈനര്‍ എന്ന നിലയില്‍ ഇതെന്റെ പാഷനാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിരാശാജനകമാണ്.

കേരളീയത്തിന്റെ ലോഗോയിലേക്ക് എത്തുന്നത്

കേരളീയത്തിനായി ഏറ്റവും മികച്ച എന്ത് ഡിസൈന്‍ ചെയ്യാനാകുമെന്നാണ് ആദ്യം ചിന്തിച്ചത്. മുന്‍ കാലങ്ങളില്‍ കേരളവുമായി ബന്ധപ്പെട്ട ലോഗോകളില്‍ കഥകളി, നൃത്തരൂപങ്ങള്‍ എന്നിവയാണ് ഉപയോഗിച്ച് കണ്ടിരിക്കുന്നത്. തെങ്ങിന്റെ പട്ടയില്‍ നിന്ന് കേരളത്തിന്റെ രൂപം നിര്‍മിച്ചെടുക്കാമെന്നാണ് ആദ്യം ചിന്തിക്കുന്നത്. അത് വരച്ചു നോക്കിയിരുന്നു. കേരളീയത്തിന്റെ ആശയം കുടികൊള്ളുന്നത് പുരോഗമനം എന്നതിലാണ്. മനുഷ്യരാശിയുടെ തന്നെ പുരോഗമനം പരിശോധിക്കുകയാണെങ്കില്‍, ആദ്യ കാല കണ്ടുപിടുത്തങ്ങളിലൊന്ന് ചക്രങ്ങളാണ്. ആ ചക്രത്തെ അശോകചക്രവുമായി ബന്ധത്തപ്പെടുത്തി. അശോകചക്രത്തില്‍ 24 കാലുകളാണുള്ളത്. ആ 24 നെ സമയമായി കണക്കാക്കി. സമയത്തെ അടിസ്ഥനപ്പെടുത്തിയാണ് പുരോഗതി നിര്‍ണയിക്കുന്നത്. അങ്ങനെയാണ് ലോഗോയിലെ 24 സ്‌പോക്കുകള്‍ ഉണ്ടാകുന്നത്. രണ്ടാമതായി ആലോചിക്കുന്നത് ഏത് തരത്തിലുള്ള കളര്‍ തീം നല്‍കണമെന്നാണ്. കേരളത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ഇവിടെത്തെ ഊഷ്മളതയും പക്വതയുമാണ്. ഇതിനെ പ്രതിനിധീകരിക്കുന്നതിനായി കൂള്‍ കളറും വാം കളറും സംയോജിപ്പിച്ചു. വാം കളറായി മഞ്ഞയും കൂള്‍ കളറായി നീലയും തെരഞ്ഞെടുത്തു. കേരളത്തെ ചുറ്റി കിടക്കുന്ന അറബി കടലിനെക്കൂടിയാണ് നീലയില്‍ കാണാനാവുന്നത്. തുടര്‍ന്നു ലോഗോയുടെ ആകൃതിക്കായി പ്രകാശം പരത്തുന്ന ആശയത്തിനായി സൂര്യനെ തിരഞ്ഞെടുത്തു. ലോഗോ തയ്യാറാക്കുന്നതിനായി നമ്മുടെ മുന്നിലേക്ക് വരുന്ന വിവിധ ആശയങ്ങളെ, ഡിസൈനുകളെ ഏറ്റവും മിനിമലിസ്റ്റിക്കായി അവതരിപ്പിക്കുകയെന്ന രീതി തന്നെയാണ് കേരളീയത്തിനായുള്ള ഈ ലോഗോയിലും ഞാന്‍ അവലംബിച്ചിട്ടുള്ളത്.

×