UPDATES

“സ്വപ്നയെ കൊണ്ടു നടന്നതുപോലെയാണ് മാധ്യമങ്ങളിപ്പോള്‍ ഗവര്‍ണറെ കൊണ്ടു നടക്കുന്നത്”

“മാധ്യമങ്ങള്‍ ഗവര്‍ണറെ സെലിബ്രിറ്റിയാക്കുന്നത് സിപിഎം വിരുദ്ധതയൊന്നു കൊണ്ടു മാത്രമാണ്”- ഷുക്കൂർ വക്കീൽ പ്രതികരിക്കുന്നു

                       

ഗവര്‍ണറും എസ് എഫ് ഐയും തമ്മിലുള്ള വാക്‌പോരുകളും പ്രതിഷേധങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. എസ് എഫ് ഐയോടും സംസ്ഥാന സര്‍ക്കാരിനോടമുള്ള വെല്ലുവിളി പോലെയാണ് ഇതിനിടയില്‍ ഗവര്‍ണര്‍ പ്രോട്ടോകോള്‍ മറന്നു കോഴിക്കോട് മിഠായി തെരുവിലിറങ്ങിയത്. മുഖ്യധാര മാധ്യമങ്ങളൊക്കെഗവര്‍ണറുടെ പ്രകടനം ആഘോഷിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പൊതു സ്ഥലങ്ങളില്‍ മുന്നറിയിപ്പ് കൂടാതെ ഇറങ്ങി നടക്കുന്നത് അഭികാമ്യമാണോ? അല്ല എന്നാണ് ഷുക്കൂര്‍ വക്കീല്‍ പറയുന്നത്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഗവര്‍ണറെ ഒരു സെലിബ്രിറ്റിയെ പോലെ ആഘോഷിക്കുന്നത് സിപിഎം വിരുദ്ധത കൊണ്ട് മാത്രമാണെന്നും,സ്വപ്ന സുരേഷിനെ പോലെ തന്നെയാണ് മാധ്യമങ്ങള്‍ ഗവര്‍ണറെയും കൊണ്ട് നടക്കുന്നതെന്നും  പറയുകയാണ് നിയമ വിദഗ്ധനായ അഡ്വ. സി ഷുക്കൂര്‍ എന്ന ഷുക്കൂര്‍ വക്കീല്‍.

സംസ്ഥാന ഗവര്‍ണര്‍ ഇസഡ് കാറ്റഗറി സുരക്ഷയുള്ള പദവിയാണ്. പ്രോട്ടോകാള്‍ പ്രകാരം സുരഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട വ്യക്തിയാണ് ഗവര്‍ണര്‍. അങ്ങനെയുള്ള ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങി ചെന്നാല്‍, അത് അദ്ദേഹത്തിനെ മാത്രമല്ല അവിടെയുളള സാധാരണ ജനങ്ങളെ കൂടിയാണ് ബാധിക്കുന്നത്. ഗവര്‍ണര്‍ക്ക് ഒരു സ്ഥലം സന്ദര്‍ശിക്കണമെങ്കില്‍ വേണ്ട സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിനായി പോലീസിനെ മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ അവര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുകയുള്ളു. ഇത്തരം കാര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ ഒരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി അവിടെയുള്ള സാധരണ ജനങ്ങളുടെ സ്വതന്ത്ര വിഹാരത്തെ തടസപ്പെടുത്തുന്നതും, അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമായിരുന്നു. ഔചിത്യമില്ലായ്മ ഒന്നുമാത്രമാണ് അദ്ദേഹം കാണിച്ച പ്രവര്‍ത്തികളുടെ പുറകിലുള്ളത്. സാധാരണക്കാരെ പോലെ ഇറങ്ങി നടക്കാവുന്ന ഒരു വ്യക്തിയല്ല ഇസെഡ് ക്യാറ്റഗറിലയിലുള ഗവര്‍ണര്‍. സ്വന്തം നിലവാരത്തിനനുസരിച്ചാണ് ഓരോരുത്തരും തീരുമാനങ്ങള്‍ എടുക്കുന്നത്, അതിന്റെ അഭാവം കൊണ്ടാണ് ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം 35 വയസ് കഴിഞ്ഞ ആര്‍ക്കും ഗവര്‍ണറാകാം. അതിന് വിദ്യാഭ്യാസ യോഗ്യതകള്‍ ഒരു മാനദണ്ഡമല്ല. ജനങ്ങളല്ല ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള വ്യക്തിയെ തെരഞ്ഞെടുക്കുന്നത്. കേന്ദ്ര ഗവര്‍മെന്റിന്റെ നാമനിര്‍ദേശം അനുസരിച്ചാണ് ഈ പദവിയിലേക്ക് ഉചിതമായ വ്യക്തിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അതാത് സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടുകൊണ്ട് യുക്തിപൂര്‍വമായി തീരുമാനമെടുക്കണം. അമേരിക്കയുടേത് പോലെ അതി വിശാലമായ ഫെഡറല്‍ സിസ്റ്റമല്ല ഇന്ത്യ പിന്തുടരുന്നത എങ്കില്‍ പോലും പലകാര്യങ്ങളിലും പിന്തുടര്‍ന്നുവരുന്നത് ഇതേ ഫെഡറല്‍ സിസ്റ്റങ്ങളാണ്. ദേശീയ സുരക്ഷ, ദേശീയ സുരക്ഷ, വിദേശകാര്യം,വാർത്ത വിനിമയം,കറൻസി, റെയിൽവേ തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാരും മറ്റു ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരും അതോടൊപ്പം വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ ഇരു വിഭാഗത്തിനും ഒരുപോലെ അധികാരമുള്ളതാണ്. സര്‍ക്കാരുകള്‍ തമ്മില്ലുള്ള അതിര്‍വരമ്പുകള്‍ കൃത്യമായി കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നു. ഗവര്‍ണര്‍ പദവിയിലേക്ക് ഒരാളെ നിയമിക്കുമ്പോള്‍, ഭരണഘടന ഉദ്ദേശിക്കുന്നത് ക്രമസമാധാനം തകരുന്ന ഏതെങ്കിലും ഘട്ടത്തിലോ, സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു സാഹചര്യമുണ്ടായാലോ കേന്ദ്ര സര്‍ക്കാരിനു കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ വേണ്ടി ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ മാത്രമുള്ള ഒരു പദവിയാണ് അദ്ദേത്തിന്റേത്. ഇത്തരത്തില്‍ പദവിയിലിരിക്കുന്ന വ്യക്തികളെയാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആയി നിയമിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലകളില്‍ യു.ജി.സി യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിതനായിരിക്കുന്ന വ്യക്തി വൈസ് ചാന്‍സലര്‍ ആണ്. ഇത്തരത്തില്‍ സര്‍വകലാശാലകളില്‍ ഓരോ തസ്തികയില്‍ ഇരിക്കുന്നവരും അവരവരുടെ യോഗ്യതയുടെ മാനദണ്ഡത്തില്‍ മാത്രം നിയമിതരായിരിക്കുന്നവരാണ്. എന്നാല്‍ ഇവരെക്കാളെല്ലാം ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിക്ക് ഇതൊന്നും ബാധകമല്ല താനും.

മന്‍മോഹന്‍ സിംഗ് പ്രധാനമത്രിയായിരുന്ന കാലത്ത് ഇന്ത്യയിലാദ്യമായി ഒരു ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നത് നരേന്ദ്ര മോദിയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് കാരണം. സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നയം പൂര്‍ത്തീകരിക്കേണ്ടത് സര്‍വകലാശാലകളാണ്. ഗവര്‍ണര്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ സമ്പൂര്‍ണമായി നിരാകരിച്ച പാര്‍ട്ടിയാണ് ബിജെപിയും ആര്‍ എസ് എസും. അതിനര്‍ത്ഥം കേരളത്തിലെ ജനങ്ങള്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ആദര്‍ശങ്ങളെ പിന്തുടരാന്‍ തയ്യാറല്ല എന്നാണ്.

സംഘപരിവാർ അനുകൂലികളും ഹിന്ദുത്വ രാഷ്ട്രീയ വാദികളുമായ ഒരു കൂട്ടം ആളുകളെ ഗവർണർ നിയമസഭ പിൻവലിച്ച ചാൻസലർ എന്ന പദവി വിനിയോഗിച്ചുകൊണ്ടാണ് സർവകലാശാലകളുടെ അധികാര കേന്ദ്രങ്ങളിലേക്ക് തിരികെ കയറ്റാൻ ശ്രമിക്കുന്നതിനെതിരെയാണ് എസ് എഫ് ഐയുടെ സമരം അത് കേവലം വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ വികാര പ്രതിഫലനം കൂടിയാണ്. സെക്കുലര്‍ പോളിസികളുള്ള സംസ്ഥാന സര്‍ക്കാരും ഒരു ഹിന്ദുത്വ മത രാഷ്ട്രീയവാദികളായ കേന്ദ്ര സര്‍ക്കാരും തമ്മിലുളള വ്യത്യാസമാണ് നമുക്ക് ഇത്തരം പ്രവര്‍ത്തികളിലൂടെ കാണാന്‍ സാധിക്കുന്നത്. സര്‍വകലാശാല ആക്ട് വഴി ചാന്‍സലര്‍ക്ക് ലഭിക്കുന്ന അധികാരങ്ങളുണ്ട്. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമ ഭേദഗതി ബില്‍ അംഗീകരിച്ചിട്ടുള്ളതാണ്. ആ ബില്ലിനിതുവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നൽകിയിട്ടില്ല. സത്യത്തില്‍ ജനാധിപത്യത്തെ പൂര്‍ണമായും നിരാകരിക്കുകയും ജനങ്ങളുടെ ഇഷ്ടങ്ങളെയും അഭിലാഷങ്ങളെയും തള്ളിക്കളയുന്ന തരത്തിലുളള ഏകാധിപത്യ പ്രവണതയാണ് ഗവര്‍ണര്‍ ഇപ്പോള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ മന്ത്രിസഭ ശുപാര്‍ശ ചെയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ ഒരു വ്യക്തിയാണ്.

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഗവര്‍ണറെ ഒരു സെലിബ്രിറ്റിയെ പോലെ ആഘോഷിക്കുന്നത് സിപിഎം വിരുദ്ധത കൊണ്ട് മാത്രമാണ്. സിപിഎമ്മിനെതിരേ ആരൊക്കെ പറയുന്നുണ്ടോ അവരെ കൊട്ടിഘോഷിക്കുകയെന്നതിന്റെ അപ്പുറത്തേക്ക് മറ്റൊന്നുമതിലില്ല. അത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. സ്വപ്ന സുരേഷിനെ പോലെ തന്നെയാണ് മാധ്യമങ്ങള്‍ ഗവര്‍ണറെയും കൊണ്ട് നടക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍