വിശദീകരണം പോലും മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലു വയസുകാരിക്ക് ആറാംവിരല്‍ നീക്കം ചെയ്യുന്നതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഡോക്ടര്‍. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ബാലികയ്ക്കാണ് ദാരുണാനുഭവമുണ്ടായത്. സര്‍ജറി കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിയുടെ വായ നിറയെ പഞ്ഞി വച്ചിരിക്കുന്നു. കൈയ്യിലെ ആറാം വിരല്‍ അതുപോലെ തന്നെയുണ്ടായിരുന്നു. ഇത് കണ്ട് ചോദിച്ചപ്പോഴാണ് പിഴവ് സംഭവിച്ചത് അറിയുന്നത്. അപ്പോള്‍ തന്നെ കുട്ടിയുടെ കൈയില്‍ സര്‍ജറി നടത്തി വിരല്‍ നീക്കി. ഒന്നിന് പിന്നാല ഒന്ന് എന്ന തരത്തില്‍ ആയിരുന്നു ആ സര്‍ജറി. ഇതിന്റെ വിശദീകരണം പോലും മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാവില്‍ തടസ്സം കണ്ടെത്തിയിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത്. എന്നാല്‍ ഇത് നേരത്തെ കണ്ടെത്തിയിരുന്നോ എന്നത് വ്യക്തമല്ല. മുന്‍പും മെഡിക്കല്‍ കോളജുകള്‍ ഇത്തരം ന്യായീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. 2019ല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഏഴുവയസുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തി വിവാദമായപ്പോള്‍ കുട്ടിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചപ്പോള്‍ ഹെര്‍ണിയ കണ്ടെത്തിയെന്നും അതിനാലാണ് ഉടനടി ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചത്. പിന്നാലെ കുട്ടിക്ക് വീണ്ടും മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. പരാതിയുമായി വീട്ടുകാര്‍ മുന്നോട്ട് പോയപ്പോള്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി വിഷയം ഒതുക്കിതീര്‍ക്കുകയായിരുന്നു.
കരുവാരകുണ്ട് തയ്യില്‍ മജീദ്-ജഹാന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് അന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തിരികെ വാര്‍ഡിലേക്ക് കൊണ്ടുവന്ന കുട്ടിയുടെ വയറ്റില്‍ സ്റ്റിച്ച് മാര്‍ക്ക് കണ്ട് രക്ഷിതാക്കള്‍ അധികൃതരോട് കാര്യം ആരാഞ്ഞതോടെയാണ് മുടന്തന്‍ ന്യായവുമായി രംഗത്തെത്തിയതും.കോഴിക്കോട് മെഡിക്കല്‍ കോളജ് ചികില്‍സ പിഴവിന് നേരത്തെയും ആരോപണവിധേയരായിട്ടുണ്ട്. നേരത്തെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന വീട്ടമ്മ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്
കുഞ്ഞുങ്ങളുടെ ചികിത്സയില്‍ ഉണ്ടായ വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ ഒട്ടുമിക്ക മെഡിക്കല്‍ കോളജുകളിലും ഇത്തരം അനാസ്ഥകള്‍ തുടര്‍ക്കഥയാണ്. 2013ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ വയനാട് മാനന്തവാടിക്കാരിയായ 8 വയസുകാരിയ്ക്ക് എച്ച്‌ഐവി ബാധയുണ്ടായത് ഇവിടുത്തെ ഡോക്ടര്‍മാര്‍ അശ്രദ്ധമായി നല്‍കിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്നായിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കണ്ണൂരില്‍ നവജാത ശിശുവിനെ ശുശ്രൂഷിക്കുന്നതില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് ആ കുഞ്ഞിന്റെ കേള്‍വി ശക്തിയാണ് നഷ്ടപ്പെടുത്തിയത്. കണ്ണൂര്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശസ്ത്രക്രിയാ പിഴവുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇടത് കണ്ണിന് പകരം വലത് കണ്ണ്, ഇടത് കാലിന് പകരം വലത് കാല്, മൂക്കിന് പകരം കണ്ണ്…അങ്ങനെ നീളുന്നു ആ കേസുകള്‍. പലപ്പോഴും ഇത്തരം പിഴവുകള്‍ രോഗികളുടെ ജീവന്‍ അപഹരിക്കാറുമുണ്ട്. 2013 നവംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പാപ്പനംകോട് സ്വദേശി മരണമടഞ്ഞത് ”ഒ നെഗറ്റീവ്” രക്തത്തിന് പകരം ”ഒ പോസിറ്റീവ്” രക്തം നല്‍കിയത് കൊണ്ടായിരുന്നു. ആ വര്‍ഷം ഏപ്രിലിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കിണറ്റില്‍ വീണ് ഗുരുതര പരുക്കേറ്റ് എത്തിയ കുറ്റിയില്‍ താഴം സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്താന്‍ കൃത്യസമയത്ത് ഡോക്ടറെത്താത്തത് മൂലം ജീവന്‍ നഷ്ടമായത്.
ഡോക്ടറെ വിശ്വസിച്ചെത്തുന്നവരാണ് ഓരോ രോഗികളും. അത്രത്തോളം ശ്രദ്ധ വേണ്ടയിടത്താണ് രോഗിയുടെ പേര് മാറി പോയി, സര്‍ജറി നടത്തേണ്ട അവയവം മാറി പോയി തുടങ്ങിയ വാദങ്ങള്‍ നിരത്തുന്നത്. അപാകതകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സംഘടനാബലം കൊണ്ട് നേരിടുകയാണ് മെഡിക്കല്‍ ജീവനക്കാര്‍ ചെയ്യുന്നത്. ഒടുവില്‍ വാദി പ്രതിയാവുന്ന അവസ്ഥ. അതല്ലെങ്കില്‍ ആരോഗ്യ വകുപ്പ് വിമര്‍ശിക്കപ്പെടും കൂടിപോയാല്‍ സസ്‌പെന്‍ഷന്‍, അതില്‍ തീരുന്നതാണ് നടപടികള്‍. അതിനാല്‍ വിദേശ രാജ്യങ്ങളിലേതിന് തുല്യമായി മനപൂര്‍വ്വം വരുത്തുന്ന ചികില്‍സാ പിഴവുകള്‍ക്ക് കടുത്ത ശിക്ഷ നിയമപ്രകാരം നടപ്പാക്കുകയാണ് ഇവിടെയും വേണ്ടത്.
English summary; Kozhikode MCH doctor operates on 4-year-old girl’s tongue without parents’ consent