July 13, 2025 |
Share on

ഇൻഡോർ ദമ്പതികളെ കാണാതായ സംഭവം; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യ

കേസിൽ വഴിത്തിരിവായത് പ്രാദേശിക ഗൈഡിന്റെ സാക്ഷിമൊഴി

മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതാവുകയും ശേഷം ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവായത് ആൽബർട്ട് പിഡി എന്ന ​ഗൈഡിന്റെ സാക്ഷിമൊഴി.

മേഘാലയയിലെ നോൺ​ഗ്രിയറ്റ് ​ഗ്രാമത്തിലെ ഒരു പ്രാദേശിയ ​ഗൈഡായി പ്രവർത്തിക്കുന്ന ആൽബർട്ട് ഇക്കഴിഞ്ഞ മെയ് 22 നാണ് നവദമ്പതികളായ രാജ രഘുവംശിയെയും സോനം രഘുവംശിയെയും കണ്ടുമുട്ടുന്നത്. തന്റെ സേവനം രാജയും സോനവും നിരസിച്ചുവെന്നും യാത്രയ്ക്ക് സഹായിയായി മറ്റൊരു ​ഗൈഡിനെ അവർ തിരഞ്ഞെടുത്തുവെന്നും ആൽബർട്ട് പൊലീസിനോട് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം ആൽബർട്ട് സോനത്തിനെ അതേ സ്ഥലത്ത് വെച്ച് കണ്ടുവെന്നും അവരുടെ കൂടെ അപരിചിതരായ മൂന്ന് പുരുഷന്മാരുണ്ടായിരുന്നുവെന്നും ആൽബർട്ട് മൊഴി നൽകി.
യുവതിയും കൂടെയുണ്ടായിരുന്ന പുരുഷന്മാരും മൗലാഖിയാത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും അവർ ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നതെന്നും ആൽബർട്ട് പറഞ്ഞു. ആൽബർട്ടിന്റെ ഈ മൊഴി കേസിൽ സുപ്രധാന തെഴിവായി മാറുകയായിരുന്നു.
28 കാരനായ രാജ രഘുവംശിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പോലീസിന്റെ കണ്ടെത്തലിനെ തുടർന്ന് ഭാര്യയായ സോനം രഘുവംശിയെ മേഘാലയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് പ്രതികളെ കണ്ടെത്താനും ​ഗൈഡായ ആൽബർട്ടിന്റെ മൊഴി പൊലീസിനെ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

മെയ് 11 ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മെയ് 20 ദമ്പതികൾ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോവുകയായിരുന്നു. മെയ് 21 ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23നാണ് കാണാതാവുന്നത്. കാണാകാവുന്നതിന്റെ തലേ ദിവസം, ദമ്പതികൾ ഒരു സ്കൂട്ടർ വാടകയ്ക്കെടുക്കുകയും തുടർന്ന് സോഹ്റയിലേക്കും അവിടെ നിന്നും മൗലാഖിയാത്ത് ​ഗ്രാമത്തിലേക്കും പോയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അവിടെ നിന്നും ഒരു പ്രാദേശിക ​ഗൈഡിന്റെ സഹായത്തോടെയാണ് നോൺ​ഗ്രിയാറ്റിലെ ഷിപാറ ഹോംസ്റ്റേയിലേക്ക് ട്രക്കിങ്ങിനെത്തിയത്. അവിടെ വെച്ചാണ് ആൽബർട്ട് ദമ്പതികളെ കാണുന്നത്.

ദമ്പതികളെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയും തുടർന്ന് ജൂൺ 2 ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തുകയുമായിരുന്നു. രാജയുടെ സഹോദരനായ വിപിൻ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയിൽ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Content Summary: indore couple missing case; wife got arrested for husband’s murder, local guide’s testimony become turning point 

Leave a Reply

Your email address will not be published. Required fields are marked *

×