കോഴിക്കോട് സർവ്വകലാശാലയിലെ ബി.എ മലയാളം-ഭാഷയും സാഹിത്യവും പഠന ബോർഡ് മൂന്നാം സെമിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്ന വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ് കവിതക്കെതിരെ രംഗത്തെത്തിയവരിൽ ബി.ജെ.പി അനുഭാവികളും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൽ കമ്മിറ്റിയും. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വേടന്റേയും ഗൗരീലക്ഷ്മിയുടേയും പാട്ടുകൾ സിലബസിൽ നിന്ന് നീക്കം ചെയ്യാനുള്ള ഡോ.എം.എം.ബഷീറിന്റെ റിപ്പോർട്ട് നിയമവിരുദ്ധമെന്ന് കോഴിക്കോട് സർവ്വകലാശാല അധ്യാപകരും സിൻഡിക്കേറ്റ് പ്രതിനിധികളും. സിലബസിൽ മാറ്റം വരുത്താനുള്ള നിർദ്ദേശം തരാനോ അതിൽ ഇടപെടാനോ കഴിയുന്നത് അക്കാദമിക് കൗൺസിലിന് മാത്രമാണ്. വൈസ് ചാൻസിലർക്ക് ഇതിനായി പുറത്ത് നിന്നൊരാളെ നിർദ്ദേശിക്കാനോ അയാളുടെ നിർദ്ദേശത്തിന് അനുസരിച്ച് സിലബസിൽ മാറ്റം വരുത്താനോ കഴിയില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് വലിയ പ്രതിസന്ധികൾക്ക് തുടക്കമിട്ടവരാണ് എസ്.യു.സി.ഐ നേതാവ് നേതാവ് എം.ഷാജിർ ഖാൻ സെക്രട്ടറിയും ആർ.എസ് ശശികുമാർ ചെയർമാനുമായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. സംഘപരിവാറിന്റേയും ബി.ജെ.പിക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നുഴഞ്ഞ് കയറി പ്രതിസന്ധിയുണ്ടാക്കാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത് എന്ന് ഇടത്പക്ഷം പലവട്ടം ആരോപിച്ചിരുന്നു. ഇവർക്ക് പുറമേ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റിലേയ്ക്ക് എത്തിച്ച ബി.ജെ.പി പ്രതിനിധി അനുരാജ് എ.കെ, സെനറ്റ് അംഗം എ.വി ഹരീഷ് എന്നിവരും അഭിഷേക് പള്ളിക്കര, രാജീവ് കുമാർ വി.ടി. എന്നിവരാണ് ഈ പാട്ടുകൾക്കെതിരെ രംഗത്ത് വന്നത്.
വേടൻ എന്ന ഹിരൺദാസ് മുരളിയുടെ ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനത്തിന്റേയും മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനത്തിന്റേയും സംഗീതപരമായ സവിശേഷതകളെ താരതമ്യപ്പെടുത്തി പഠിക്കാനും കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ‘അജിതാ ഹരേ’ എന്ന് തുടങ്ങുന്ന കഥകളി സംഗീതത്തിന് ഗൗരീലക്ഷമി നടത്തുന്ന ദൃശ്യാവിഷ്‌കാരത്തെ താതമ്യപ്പെടുത്തി പഠിക്കാനുള്ള സിലബസിലെ നിർദ്ദേശങ്ങൾ ഒഴിവാക്കാനാണ് ഈ പരാതികൾ പഠിക്കാനും അതിന്മേൽ നിർദ്ദേശം സമർപ്പിക്കാനും കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ നിയോഗിച്ച ഡോ.എം.എം.ബഷീർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോഴിക്കോട് സർവ്വകാലാശാലയിലെ മുൻ അധ്യാപകനാണ് ഡോ.എം.എം ബഷീർ.

എം.എം.ബഷീർ റിപ്പോർട്ട്
വേടനും വേടെന്റെ പാട്ടുകൾക്കുമെതിരെ വിവിധ സംഘപരിവാർ സംഘടകൾ പരസ്യമായി നേരത്തേ രംഗത്ത് വന്നിരുന്നു. അനുരാജ്, ഹരീഷ്, അഭിലാഷ് പള്ളിക്കര, രാജീവ് കുമാർ വിടി. എന്നിവർ വേടന്റെ പാട്ട് സിലബസിൽ നിന്ന് മാറ്റണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി വേടന്റെ പാട്ടിനെതിരെയും ഗൗരീലക്ഷ്മിയുടെ ‘അജിതാ ഹരേ’ ദൃശ്യാവിഷ്‌കാരത്തിനെതിരെയും പൊതുവേ സിലബസിനെതിരെയും പരാതി നൽകി. സിലബസ് പൊതുവേ അബദ്ധജടിലമാണ് എന്ന പരാതി തള്ളിയ ഡോ.എം.എം.ബഷീർ കഥകളി പദവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യപഠനം നടത്താൻ മലയാളം ബി.എ വിദ്യാർത്ഥികൾക്കാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗൗരീലക്ഷമിയുടെ ‘അജിത ഹരേ’ ദൃശ്യാവിഷ്‌കാരം പഠിക്കേണ്ടതില്ല എന്ന് നിർദ്ദേശിക്കുന്നത്. ഗൗരീലക്ഷ്മി അജിതാഹരേ ‘നൃത്തത്തിന്റെ ഭാവഹാവാദികളോടെ ദൃശ്യവത്കരിച്ചപ്പോൾ ഉള്ളടക്കത്തിന്റെ ഭക്തിസാന്ദ്രമായ ഭാവം മാറിപ്പോയി’എന്നും എം.എം.ബഷീർ അഭിപ്രായപ്പെടുന്നു.

എം.എം.ബഷീർ റിപ്പോർട്ട്
‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് വേടന്റെ വായ്ത്താരിയാണ്- ഡോ.എം.എം ബഷീർ പറയുന്നു. ‘ലോകത്ത് അനേക കാലങ്ങളിൽ ഉണ്ടായ രാഷ്ട്രീയ സംഭവങ്ങളെ സൂചിപ്പിക്കുന്ന പരാമർശങ്ങളാണ് ഉള്ളടക്കം. ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മകമായ സങ്കല്പങ്ങൾ സൃഷ്ടിക്കുവാനോ അവയെ യുക്തിപരമായി ഇണക്കി ചേർക്കാനോ ഉദ്ദേശിച്ചിട്ടില്ല. വായ്ത്താരികൾ സൃഷ്ടിക്കുന്ന വൈകാരികമായ അനുഭൂതികൾക്കാണ് പ്രാധാന്യം. കേൾവിക്കാരുടെ മനസുകളിൽ ഒരു നിമിഷം ആ സംഭവങ്ങളെ കുറിച്ചുള്ള സ്മരണകൾ ഉണർത്തുക-എന്നതാണ് ലക്ഷ്യം. ചിലേടത്ത് വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുദ്ധ്യങ്ങളുമുണ്ട്.”-ഡോ.എം.എം ബഷീർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ‘മൈക്കൽ ജാക്‌സന്റേയും വേടന്റേയും ഗാനങ്ങളുടെ സംഗീതപരമായ സവിശേഷതകളെ കുറിച്ചുള്ള താരതമ്യപഠനഭാഗം സിലബസിൽ നിന്ന് എടുത്തുമാറ്റി അനുയോജ്യമായ മറ്റൊരു പാഠഭാഗം ഉൾപ്പെടുത്തേണ്ടതാണ്.’-എം.എം.ബഷീർ നിർദ്ദേശിക്കുന്നു.
എന്നാൽ ഇത്തരമൊരു കാര്യത്തെ കുറിച്ച് വാർത്തയിൽ കൂടി മാത്രമാണ് അറിവെന്ന് മലയാളം സിലബസ് വിദഗ്ദ്ധ സമിതിയുടെ ചെയർപേഴ്‌സണായ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവേൺമെന്റ് കോളേജ് അധ്യാപകനായ, അസോസിയേറ്റ് പ്രൊഫസർ ഡോ.എം.എസ് അജിത് പറയുന്നു. വിദഗ്ദ്ധ സമിതി തീരുമാനിച്ച സിലബസ് അക്കാദമിക് കൗൺസിൽ പാസാക്കണം. ഇതിൽ മാറ്റം വരുത്താൽ ആർക്കും അധികാരമില്ല. അതുകൊണ്ട് തന്നെ എം.എം.ബഷീർ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ബാധ്യത കോഴിക്കോട് സർവ്വകലാശാലക്കില്ല-ഡോ.അജിത് ചൂണ്ടിക്കാണിച്ചു.
Content Summary: BJP supporters suggest to remove rapper Vedan’s songs from Calicut University syllabus
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.