July 14, 2026 |
Share on

കിന്റർഗാർട്ടൻ കുട്ടികൾക്ക് നൽകിയത് ‘ലെഡ് പെയിന്റ്’ കലർത്തിയ ഭക്ഷണം; ചൈനയിൽ 30 പേർക്കെതിരെ നടപടി

230-ലധികം കുട്ടികൾക്കാണ് ലെഡ് പെയിന്റ് കലർത്തിയ ഭക്ഷണം നൽകിയത്

ചൈനയിൽ കിന്റർഗാർട്ടൻ കുട്ടികൾക്ക് ഇൻഡസ്ട്രിയൽ ഗ്രേഡ് ലെഡ് പെയിന്റ് കലർത്തിയ ഭക്ഷണം നൽകിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 30 പേർക്കെതിരെ അച്ചടക്ക നടപടികൾക്ക് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഗാൻസു പ്രവിശ്യയിലെ കിന്റർഗാർട്ടനിലെ 230-ലധികം കുട്ടികൾക്കാണ് വ്യവസായിക ആവശ്യങ്ങൾക്കുള്ള ലെഡ് പെയിന്റ് കലർത്തിയ ഭക്ഷണം നൽകിയത്.

ഈ മാസം ആദ്യമായിരുന്നു സംഭവം, ചൈനയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ വീഴ്ചകളിലൊന്നായി ഇത് മാറി. ഗാൻസു പ്രവിശ്യാ പാർട്ടി കമ്മിറ്റി ഞായറാഴ്ച പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ, സുരക്ഷാ മാനദണ്ഡങ്ങളിലും മേൽനോട്ടത്തിലും നിരവധി ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തി. സംഭവം മറച്ചുവെക്കാനും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനും, പരിശോധനാ ഫലങ്ങൾ തിരുത്താനും ശ്രമങ്ങൾ നടന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭക്ഷണത്തിന്റെ നിറവും ഭംഗിയും വർധിപ്പിക്കാനുള്ള ടിയാൻഷുയി കിന്റർഗാർട്ടനിലെ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരമാണ് സ്കൂളിലെ പാചകക്കാരൻ ഓൺലൈൻ വഴി വ്യവസായിക ആവശ്യങ്ങൾക്കുള്ള പിഗ്മെന്റ് (കളർ) വാങ്ങിയത്. പാക്കേജുകളിൽ ഉപയോഗത്തിന് അനുയോജ്യമല്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നിട്ടും, ഇത് കുട്ടികൾക്കുള്ള വിഭവങ്ങളിൽ ചേർക്കുകയായിരുന്നു.

കുട്ടികളുടെ ഭക്ഷണത്തിൽ ചേർത്ത പിഗ്മെന്റിൽ സുരക്ഷിതമായ നിയമപരമായ പരിധിയുടെ 400,000 മടങ്ങ് കൂടുതൽ ലെഡിന്റെ അംശം കണ്ടെത്തിയിരുന്നു. സ്കൂൾ മുമ്പ് ഭക്ഷ്യ-സുരക്ഷിത കളറിംഗ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്നെങ്കിലും, പ്രിൻസിപ്പൽ കൂടുതൽ ആകർഷണീയമായ നിറങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലെഡ് കലർന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് 235 വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതായും, ചില കുട്ടികളുടെ പല്ലുകൾ കറുത്തതായി മാറിയതായും രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്തിമ പരിശോധനയിൽ, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും 247 വിദ്യാർത്ഥികളുടെയും രക്തത്തിൽ ലെഡിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.

content summary: 230 kindergarten children poisoned by lead paint in food

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×