കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഗോവധക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം ഹൈക്കോടതി വളപ്പില്‍ കയറിയതിനെ തുടര്‍ന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ലഖ്നൗ ബെഞ്ചിന് മുന്നില്‍ നടന്ന അസാധാരണ സംഭവങ്ങളെ തുടര്‍ന്ന്, നിയമങ്ങള്‍ ലംഘിച്ച് കോടതിക്കുള്ളില്‍ പ്രവേശിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു.
ലഖ്നൗ വെസ്റ്റ് ഡിസിപി വിശ്വജീത് ശ്രീവാസ്തവ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചതില്‍ നിന്നും ഈ സംഭവത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെയാണ്; ബിടെക് ബിരുദധാരിയായ ഭോപ്പാല്‍ സ്വദേശിയും എംഎ ഇംഗ്ലീഷ് ബിരുദധാരിയായ യുവതിയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുവതി വിവാഹിതയായിരുന്നു. വിവാഹമോചനം സാധ്യമായാലാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനാകൂ. അതിനുള്ള വഴികള്‍ ആലോചിക്കവെയാണ്, ഭര്‍ത്താവിനെ ജയിലിലാക്കിയാല്‍ വിവാഹമോചനം എളുപ്പമാകുമെന്ന ബുദ്ധി ഇവര്‍ക്ക് കിട്ടുന്നത്. അതിനു പിന്നാലെ ഭര്‍ത്താവിനെ കുടുക്കാനുള്ള പദ്ധതികള്‍ ആലോചിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവര്‍ ആദ്യത്തെ പദ്ധതി തയ്യാറാക്കിയത്. യുവതി നല്‍കിയ താക്കോല്‍ ഉപയോഗിച്ച് കാമുകന്‍ ഭര്‍ത്താവിന്റെ എസ്യുവിക്കുള്ളില്‍ 2 കിലോ ഇറച്ചി ഒളിപ്പിച്ചു. തുടര്‍ന്ന് ഒരു തീവ്ര വലതുപക്ഷ സംഘടന വഴി പോലീസിനെ വിവരമറിയിച്ചു. സെപ്റ്റംബറില്‍ ഭര്‍ത്താവ് അറസ്റ്റിലായെങ്കിലും ഒരു മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി.
എന്നാല്‍ കാമുകിയും കാമുകനും പിന്‍വലിഞ്ഞില്ല. ജനുവരി 14-ന് യുവതി ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ ഡെലിവറി വാഹനം ബുക്ക് ചെയ്തു. 10 കിലോ ഇറച്ചി അടങ്ങിയ ചാക്ക് ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റിന് സമീപം എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. കാമുകന്‍ വീണ്ടും പഴയ രീതിയില്‍ പോലീസിനെ വിവരമറിയിച്ചു. ജനുവരി 15-ന് പോലീസ് വാഹനം പിടികൂടി.
എന്നാല്‍ ആ തന്ത്രവും പൊളിഞ്ഞു. വാഹനം ബുക്ക് ചെയ്തത് ഭര്‍ത്താവിന്റെ നമ്പറില്‍ നിന്നായതിനാല്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവ് വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇത് പരിശോധിച്ച പോലീസിന്, ഭര്‍ത്താവ് ബാത്‌റൂമില്‍ പോയ സമയത്ത് യുവതി അദ്ദേഹത്തിന്റെ ഫോണ്‍ ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകനെ പോലീസ് പിടികൂടി. അയാള്‍ കുറ്റം സമ്മതിച്ചു.
യുവതി ലഖ്നൗ ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാന്‍ എത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ അവിടെയെത്തി. കോടതിക്ക് പുറത്ത് കാവല്‍ നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കി പാസ് സംഘടിപ്പിച്ച് ഇവര്‍ അഭിഭാഷകന്റെ ചേമ്പറിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
പൊലീസുകാരെ തിരിച്ചറിഞ്ഞതോടെ അഭിഭാഷകര്‍ ഇടപെട്ടു. വലിയ പ്രതിഷേധവും ബഹളവുമായി. കോടതിയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തുകയും പൊലീസുകാരെ പുറത്തേക്കു പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. ഈ ബഹളത്തിനിടയില്‍ യുവതി അവിടെ നിന്ന് തന്ത്രപരമായി മുങ്ങുകയും ചെയ്തു.
അനുവാദമില്ലാതെ കോടതിയില്‍ കയറിയതിന് ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കുമെതിരെ അതിക്രമിച്ചു കയറല്‍, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ഇവര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.
യുവതിക്കും കാമുകനുമെതിരെ ഗോവധ നിരോധന നിയമപ്രകാരവും ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കേസില്‍ നിന്ന് ഒഴിവാക്കി വിട്ടയച്ചു. പിടിച്ചെടുത്ത ഇറച്ചി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഒളിവില്‍ പോയ യുവതിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു.
Content Summary; Lucknow woman planned to frame her husband for cow slaughter case for living with another man. But that strategy failed.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.