വൈറ്റ് ഹൗസിൽ പ്രചരിക്കുന്ന ‘ഗാസ റിവിയേര’ പദ്ധതി വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. വികസനത്തിൻ്റെ പേരിൽ പലസ്തീനികളെ കൂട്ടമായി ഒഴിപ്പിക്കാനുള്ള ശ്രമമാണ് യുഎസ് നടത്തുന്നതെന്നാണ് ഉയരുന്ന വിമർശനം. ‘ഗാസ റിവിയേര’ എന്ന പേരിൽ ഒരു കൂട്ടം ഹൈടെക് മെഗാസിറ്റികൾ വികസിപ്പിക്കാൻ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട രേഖകൾ തെളിയിക്കുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇത് പലസ്തീൻ ജനതയെ അവരുടെ പ്രദേശത്തുനിന്ന് കൂട്ടമായി കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 20 ലക്ഷത്തിലധികം പാലസ്തീനികളെ പുറത്താക്കാനുള്ള ശ്രമത്തെ ഭ്രാന്തമായ ആശയം എന്നാണ് വിമർശകർ പറഞ്ഞത്.
വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട രേഖകൾ പ്രകാരം, ഗാസയിലെ മുഴുവൻ ജനസംഖ്യയെയും പുറത്താക്കി പ്രദേശം കുറഞ്ഞത് 10 വർഷത്തേക്ക് അമേരിക്കൻ ട്രസ്റ്റ്ഷിപ്പിന് കീഴിൽ കൊണ്ടുവരാനാണ് പദ്ധതി. ഗാസ റീകൺസ്റ്റിറ്റ്യൂഷൻ, എക്കണോമിക് ആക്സിലറേഷൻ ആൻ്റ് ട്രാൻസ്ഫർമേഷൻ ട്രസ്റ്റ് (GREAT) എന്ന പേരിലുള്ള 38 പേജുള്ള പദ്ധതി ഭൂമിയുടമകൾക്ക് ഡിജിറ്റൽ ടോക്കൺ നൽകി അവർക്ക് വേറെ രാജ്യങ്ങളിൽ താമസിക്കാനായി നിർദേശിക്കുന്നു. സ്ഥലത്ത് തുടരുന്നവർക്ക് വെറും 323 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറു വീടുകളിലാണ് താമസ സൗകര്യം നൽകുക.
വികസന പദ്ധതിയുടെ മറവിൽ നിർബന്ധിത പലായനമാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നതെന്ന് സ്വിറ്റ്സർലൻഡിലെ മനുഷ്യാവകാശ സംഘടനയായ ട്രയൽ ഇന്റർനാഷണൽ ഡയറക്ടർ ഫിലിപ്പ് ഗ്രാന്റ് പറഞ്ഞതായി ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അന്താരാഷ്ട്ര നിയമമനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് ദശകങ്ങളോളം നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ട്രയൽ ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ മാധ്യമമായ Haaretz ഇത് യുദ്ധക്കുറ്റങ്ങളിലും എഐയിലും വിനോദസഞ്ചാരത്തിലും ആശ്രയിക്കുന്ന ട്രംപിന്റെ വേഗം പണം സമ്പാദിക്കാനുള്ള പദ്ധതി എന്ന് പരിഹസിച്ചു. 100 ബില്യൺ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് യുഎസ് ഫണ്ടിംഗ് ആവശ്യമില്ല. ഈ പദ്ധതി സൗദി അറേബ്യയുടെ “നിയോം” പദ്ധതിക്ക് സമാനമായി ഒരു തുറമുഖ നഗരവും എട്ട് ഹൈടെക് മെഗാസിറ്റികളും വിഭാവനം ചെയ്യുന്നു.
ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം ഈ പദ്ധതിയെ തള്ളി. ഗാസ വിൽപ്പനയ്ക്കുള്ളതല്ലന്നും പലസ്തീൻ മാതൃരാജ്യത്തിന്റെ ഭാഗമാണെന്നും പദ്ധതിയെ എതിർത്തുകൊണ്ട് ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Summary: plan to expel 2 million Palestinians’; What is the Gaza Riviera plan?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.