June 03, 2026 |
Share on

പലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇസ്രയേല്‍ സൈനികരും കുടിയേറ്റക്കാരും സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കുന്നു

വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ കുടിയൊഴിപ്പിക്കാനായി ഇസ്രയേല്‍ സൈന്യവും കുടിയേറ്റക്കാരും ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്ക് പ്രൊട്ടക്ഷന്‍ കണ്‍സോര്‍ഷ്യം പുറത്തുവിട്ട ‘ലൈംഗിക അതിക്രമങ്ങളും വെസ്റ്റ് ബാങ്കിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും’ എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

പലസ്തീന്‍ ജനതയെ അവരുടെ വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും ആട്ടിയോടിക്കാന്‍ ഇസ്രയേല്‍ ബോധപൂര്‍വ്വം ലൈംഗികാതിക്രമങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ കൂട്ടായ്മ ആരോപിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16 ഓളം വലിയ ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സമൂഹത്തിലുണ്ടായേക്കാവുന്ന മാനക്കേടും ഭയവും കാരണം ഭൂരിഭാഗം കേസുകളും പുറംലോകം അറിയുന്നില്ല എന്നതാണ് വസ്തുത. 2023 മുതല്‍ ഇത്തരത്തിലുള്ള അക്രമങ്ങളുടെ തോത് ഭയാനകമാംവിധം വര്‍ദ്ധിച്ചിട്ടുണ്ട്.

പലസ്തീന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നഗ്‌നരാക്കുക, സ്വകാര്യ ഭാഗങ്ങളില്‍ വേദനയേറിയ രീതിയില്‍ പരിശോധനകള്‍ നടത്തുക, സ്ത്രീകളുടെ മുന്നില്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ക്രൂരതകള്‍ സൈനികരും കുടിയേറ്റക്കാരും തുടരുകയാണ്. ഇത്തരം അതിക്രമങ്ങള്‍ താങ്ങാനാവാത്ത ഘട്ടത്തിലാണ് പല കുടുംബങ്ങളും തങ്ങളുടെ ജന്മനാട് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് കുടുംബങ്ങളും വ്യക്തമാക്കിയത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സഹിക്കാനാകാതെയാണ് തങ്ങളെ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചതെന്നാണ്.

പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരത

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ആണ്‍കുട്ടികളും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. കഴിഞ്ഞ മാസം നോര്‍ത്തേണ്‍ ജോര്‍ദാന്‍ താഴ്വരയില്‍ ഖിര്‍ബെറ്റ് ഹുംസയിലെ 29 കാരനായ ഖുസൈ അബു അല്‍-കെബാഷിനെ കുടിയേറ്റക്കാര്‍ നഗ്‌നനാക്കി കെട്ടിയിടുകയും ജനനേന്ദ്രിയത്തില്‍ സിപ്പ് ടൈ ഉപയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രവര്‍ത്തകരുടെയും സ്വന്തം നാട്ടുകാരുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരത. 2023 ഒക്ടോബറില്‍ വാദി അസ്-സീഖ് ഗ്രാമവാസികളെ സൈനികരും കുടിയേറ്റക്കാരും ചേര്‍ന്ന് നഗ്‌നരാക്കി മര്‍ദ്ദിക്കുകയും അവരുടെ മേല്‍ മൂത്രമൊഴിക്കുകയും ചെയ്ത സംഭവവും റിപ്പോര്‍ട്ടിലുണ്ട്.

സമൂഹത്തെ തകര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍

ലൈംഗികാതിക്രമങ്ങള്‍ ഭയന്ന് പലസ്തീന്‍ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തുകയും സ്ത്രീകള്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. തങ്ങളുടെ മകളെ സംരക്ഷിക്കാന്‍ മറ്റ് വഴികളില്ലാതെ മാതാപിതാക്കള്‍ 15-നും 17-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചു അയക്കുന്നു. ഇത് സമൂഹത്തിന്റെ ഘടനയെ തന്നെ തകര്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇസ്രയേല്‍ സൈനികര്‍ ചെക്ക്പോസ്റ്റുകളില്‍ വെച്ച് ആര്‍ത്തവസമയത്തുള്ള പെണ്‍കുട്ടികളെ പരിഹസിക്കുന്നതും പതിവാണെന്ന് ‘വിമന്‍സ് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് ആന്‍ഡ് കൗണ്‍സിലിംഗ്’ ചൂണ്ടിക്കാട്ടുന്നു.

നിയമവ്യവസ്ഥയുടെ പരാജയം

ഇസ്രയേല്‍ സൈന്യവും ഭരണകൂടവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതായി ആക്ടിവിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു. സദെ തെയ്മാന്‍ തടങ്കല്‍ പാളയത്തില്‍ പലസ്തീന്‍ തടവുകാരനെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികളായ സൈനികര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്‍വലിച്ചത് ഇതിന് തെളിവാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ സംസ്‌കാരം വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ പ്രചോദനമാകുന്നു.

പലസ്തീനികളെ ‘ജൂത ഭീകരരില്‍’ നിന്ന് രക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇടപെടണമെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇഹുദ് ഓള്‍മെര്‍ട്ട് പോലും ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേന തയ്യാറായിട്ടില്ല. കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ലൈംഗിക അതിക്രമങ്ങളെ ഒരു യുദ്ധമുറയായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary: Israeli soldiers and settlers using sexual assault to force Palestinians out of West Bank, report say

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×