June 26, 2026 |
Share on

ട്രംപിന്റെ 20 ഇന ഗാസ സമാധാന പദ്ധതി; അറിയേണ്ട കാര്യങ്ങള്‍

‘സ്വതന്ത്ര പലസ്തീന്‍’ ഒഴിവാക്കിയും അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുമുള്ളതാണ് ഈ പദ്ധതികള്‍

ഗാസയില്‍ രണ്ടു വര്‍ഷക്കാലമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ വൈറ്റ് ഹൗസില്‍ സമാധാന പദ്ധതി ആവിഷ്‌കരിക്കുന്നു. 20 ഇന പദ്ധതികളിലെ പ്രധാന വ്യവസ്ഥയായി പറയുന്നത്, ഹമാസിനെ ഗാസയുടെ അധികാരത്തില്‍ നിന്നും ഒഴിവാക്കുക എന്നതാണ്. ഈ പദ്ധതിയില്‍ ശ്രദ്ധിക്കേണ്ട മറ്റൊന്ന്; സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യത്തെ ബുദ്ധിപൂര്‍വം ഒഴിവാക്കിയിരിക്കുന്നു എന്നതാണ്.

കരാറില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം

ബന്ദികളുടെ മോചനം

കരാറിലെ വ്യവസ്ഥകള്‍ ഇരുപക്ഷവും അംഗീകരിച്ചാല്‍, അടുത്ത 72 മണിക്കൂറിനുള്ളില്‍, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ല ബന്ദികളെയും ഇസ്രയേലിന് വിട്ടു നല്‍കും. മാത്രമല്ല, കരാര്‍ അംഗീകരിച്ചതായി ഇസ്രേയല്‍ പരസ്യ പ്രസ്താവനയും നടത്തും.

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി, ഇസ്രയേല്‍ നിലവില്‍ ജീവപര്യന്തത്തിന് തടവില്‍ ഇട്ടിരിക്കുന്ന 250 പലസ്തീനികളെ വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ വിനാശകരമായ ആക്രമണത്തോടെ ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഗാസയില്‍ തടവിലാക്കപ്പെട്ട 1,700 പലസ്തീനികളെയും വിട്ടയക്കാന്‍ കരാറില്‍ പറയന്നുണ്ട്. ഓരോ ഇസ്രയേലി ബന്ദിയുടെയും മൃതദേഹങ്ങള്‍ മോചിപ്പിക്കുമ്പോള്‍, മരിച്ച 15 പലസ്തീനികളുടെ മൃതദേഹങ്ങള്‍ പകരമായി ഇസ്രയേല്‍ വിട്ടുകൊടുക്കും.

സൈനിക പിന്മാറ്റം

ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാല്‍ വൈറ്റ് ഹൗസ് തയ്യാറാക്കുന്ന കരാറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്മാറ്റം ആവശ്യപ്പെടുന്നില്ല. പകരം ബന്ദി മോചനത്തിനു മുന്നോടിയായി ഗാസയില്‍ തന്നെ ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ സൈന്യം പിന്മാറണം.

ബന്ദികളുടെ മോചനം സാധ്യമാകുന്നതുവരെ ആകാശമാര്‍ഗവും കരമാര്‍ഗവുമുള്ള എല്ലാ ആക്രമണങ്ങളും നിര്‍ത്തിവയ്ക്കും. അതായത്, ഒറ്റയടിക്ക് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്‍വാങ്ങാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യുന്നില്ല. അതിനു പകരം, ബന്ദി മോചനം ഉള്‍പ്പെടെ കരാറിലെ വ്യവസ്ഥകളെല്ലാം പൂര്‍ണമായി പാലിക്കപ്പെടുന്നതുവരെ ഘട്ടം ഘട്ടം മാത്രമായുള്ള സൈനിക പിന്മാറ്റത്തിനാണ് ശുപാര്‍ശ ചെയ്യുന്നത്.

ഹമാസിന് മാപ്പ് നല്‍കല്‍

ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചാല്‍, ഹമാസിന് മാപ്പ് നല്‍കാന്‍ ഇസ്രയേല്‍ തയ്യാറാകുമെന്നാണ് കരാറില്‍ പറയുന്നത്. അതിനായി ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുകയും സമാധാനത്തിന്റെ പാതയിലേക്ക് വരികയും വേണം. ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നായിരുന്നു ബഞ്ചമിന്‍ നെതന്യാഹൂ പ്രതിജ്ഞ ചെയ്തിരുന്നത്.

ഗാസ വിട്ടു പോകാനുള്ള അനുവാദം

കരാറിലെ മറ്റൊരു വ്യവസ്ഥ, ഗാസ വിട്ടു പോകാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സമ്മതിച്ച രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിതമായ പാതയൊരുക്കുമെന്നതാണ്.

ഗാസ ഭീഷണിയാകാതിരിക്കുക, ഗാസയിലെ ഭീഷണി ഒഴിവാക്കുക

20 ഇന പദ്ധതികളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ തയ്യാറാക്കുന്ന കരാറില്‍ വിഭാവനം ചെയ്യുന്നത്. രണ്ട് ഉദ്ദേശങ്ങളാണ് ഈ പദ്ധതികള്‍ കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നു പറയുന്നു. ഒന്ന്, ‘അയല്‍ക്കാര്‍ക്ക് ഭീഷണിയല്ലാത്ത, തീവ്രവാദരഹിതമായ ഒരു ഭീകര വിമുക്ത മേഖല’ ആയി ഗാസയെ മാറ്റുക. രണ്ട്, ‘ആവശ്യത്തിലധികം ദുരിതമനുഭവിച്ച ഗാസയിലെ ജനങ്ങളുടെ നല്ല ജീവിതത്തിനായി മേഖല പുനര്‍വികസിപ്പിക്കുക’.

ഗാസ അധിനിവേശം അവസാനിപ്പിക്കുക

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവും അയാളുടെ തീവ്രവലതുപക്ഷ സഖ്യവും ഗാസയെ കൈപ്പിടിയിലാക്കാന്‍ നോക്കുമ്പോള്‍, അവരുടെ ആഗ്രഹം തള്ളിക്കളയുന്ന പദ്ധതിയാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാസയില്‍ അധിനിവേശം നടത്തുകയോ അവിടം ഇസ്രയേലിനൊപ്പം കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ലെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്.

2005 ല്‍ ഇസ്രയേലി കുടിയേറ്റക്കാരെ പിന്‍വലിക്കുന്നതിനു മുമ്പായി ഗാസയില്‍ 21 ഇസ്രയേല്‍ സെറ്റില്‍മെന്റുകള്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം ആരെയും ഗാസയില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കില്ല. വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി സൗകര്യം ഒരുക്കും. അതുപോലെ അങ്ങോട്ട് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും.

ഹമാസ് അധികാരത്തിന് പുറത്ത്

ഹമാസിന് നേരിട്ടോ അല്ലാതെയോ ഇനി മുതല്‍ ഗാസയുടെ ഭരണത്തില്‍ യാതൊരുവിധ റോളും ഉണ്ടാകില്ല എന്നതാണ് കരാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.

ഗാസയ്ക്ക് പൂര്‍ണ സഹായം

കരാറിലെ ഏറ്റവും മനുഷ്യത്വപരമായ നിര്‍ദേശം എന്നത്, ഗാസയ്ക്ക് പൂര്‍ണമായ സഹായം എത്തിക്കുക എന്നതാണ്. പട്ടിണിയും ദാരിദ്ര്യവും അവിടെ കുട്ടികളടക്കമുള്ള മനുഷ്യരെ അനുദിനം കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ്.

ഗാസയിലെ മാനുഷിക സഹായങ്ങള്‍ പൂര്‍ണമായും ഐക്യരാഷ്ട്ര സഭയും അതിന്റെ ഏജന്‍സികളും റെഡ് ക്രസന്റ് പോലുള്ള സ്ഥാപനങ്ങള്‍ വഴിയുമായിരിക്കും നടക്കുക. ഇസ്രയേല്‍, ഹമാസ് എന്നിവരുമായി യാതൊരു ബന്ധവുമില്ലാത്ത സംഘടനകളും സംവിധാനങ്ങളും മാത്രമായിരിക്കും സഹായവിതരണങ്ങള്‍ നടത്തുക.

സഹായവിതരണങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി തെക്കന്‍ ഗാസയിലെ നഗരമായ റാഫയിലെ അതിര്‍ത്തികള്‍ തുറക്കും.

ഗാസയുടെ അധികാരം അമേരിക്കയിലേക്ക്

ഹമാസിനെ പുറത്താക്കി, ഗാസയുടെ ഭരണം ‘സാങ്കേതിക-രാഷ്ട്രീയരഹിത പലസ്തീന്‍ കമ്മിറ്റി'(technocratic and apolitical Palestinian committee) എന്ന രൂപത്തില്‍ ഒരുക്കുന്ന ഒരു താല്‍ക്കാലിക സമിതിക്കു കൈമാറും. ശ്രദ്ധിക്കേണ്ട കാര്യം, ഈ സംവിധാനം പ്രവര്‍ത്തിക്കുക യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കുന്ന ഒരു അന്താരാഷ്ട്ര ‘സമാധാന സമിതി’യുടെ മേല്‍നോട്ടത്തിലായിരിക്കും എന്നതാണ്. ബ്രിട്ടന്റെ മുന്‍ പ്രധാനമന്തി ടോണി ബ്ലയര്‍ ഉള്‍പ്പെടെയുള്ള മുന്‍ രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര നേതാക്കളും ഈ സമിതിയില്‍ ഉള്‍പ്പെടും.

നിലവില്‍ വെസ്റ്റ് ബാങ്കില്‍ മാത്രം സ്വാധീനമുള്ള രാഷ്ട്രീയ സംഘടനയായ പലസ്തീന്‍ അഥോറിറ്റി കരാര്‍ പദ്ധികള്‍ പ്രകാരം പരിഷ്‌കരിക്കപ്പെടുന്നതുവരെ ഗാസയുടെ പുനര്‍വികസനത്തിന് ധനസഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും പുതിയതായി രൂപീകരിക്കുന്ന സമിതിയായിരിക്കും.

ട്രംപിന്റെ ഹൈടെക് സ്വപ്‌നങ്ങള്‍

20 ഇന പദ്ധതയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം, ട്രംപിന്റെ താത്പര്യങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ്. ഗാസയെ ഒരു ഹൈടെക് സിറ്റിയായി മാറ്റാന്‍ താന്‍ ആഗ്രഹിക്കകുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് മുമ്പ് പറഞ്ഞിട്ടുണ്ട്. അന്നത് വിമര്‍ശന വിധേയമായതിനാല്‍ ട്രംപ് ഇക്കാര്യത്തില്‍ മൗനം പാലിച്ചെങ്കിലും പുതിയ കരാറില്‍ അദ്ദേഹമത് വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്.

ഗാസയെ ‘പുനര്‍നിര്‍മ്മിക്കാനും ഊര്‍ജ്ജസ്വലമാക്കാനും’ (rebuild and energize) ലക്ഷ്യമിട്ടുള്ള ‘ട്രംപിന്റെ സാമ്പത്തിക വികസന പദ്ധതി’ ആവിഷ്‌കരിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ (panel of experts) രൂപീകരിക്കുമെന്നാണ് പദ്ധതിയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ പദ്ധതിയിലൂടെ, ഗാസയെ ‘ഒരു റിവിയേര’ (riviera) അഥവാ, ഒരു ആഡംബര തീരദേശ മേഖലയായും അത്യാധുനിക സൗകര്യങ്ങളുള്ള മെഗാസിറ്റികളുടെ (hi-tech megacities) കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് യുഎസ് പ്രസിഡന്റ് മുമ്പും പറഞ്ഞിരുന്നത്.

ഒഴിവാക്കപ്പെടുന്ന ‘സ്വതന്ത്ര പലസ്തീന്‍’

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ കരാറില്‍ വ്യക്തമാക്കുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വതന്ത്ര പലസ്തീന്‍ അംഗീകരിക്കില്ലെന്ന വാശിയില്‍ നില്‍ക്കുന്നവരാണ് ഇസ്രയേലും അമേരിക്കയും. ഈ കാര്യം ബോധപൂര്‍വം തന്നെ ഒഴിവാക്കിയതായി മനസിലാക്കാം. പലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് പറയാതെ, പരസ്പരമുള്ള സംഭാഷണത്തിലൂടെ സമാധാനത്തിനുള്ള അടിത്തറ പാകാമെന്നാണ് കരാറില്‍ പറയുന്നത്. ചുരുക്കത്തില്‍ പലസ്തീന്‍ രാഷ്ട്രരൂപീകരണം എന്ന വിഷയം ഉടന്‍ ചര്‍ച്ച ചെയ്യാതെ, പകരം, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും സഹിഷ്ണുതയും വളര്‍ത്താനുള്ള സംവാദങ്ങള്‍ തുടങ്ങാന്‍ മാത്രമാണ് പദ്ധതി ശുപാര്‍ശ ചെയ്യുന്നത്. ഇസ്രയേലികളുടെയും പലസ്തീനികളുടെയും ഇപ്പോഴുള്ള കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തി എല്ലാവരെയും സമാധാനത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കാമെന്നാണ് പറയുന്നത്.

വൈറ്റ് ഹൗസ് തയ്യാറാക്കുന്ന കരാറിനെ കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍; സ്വതന്ത്ര പലസ്തീന്‍ എന്ന ആശയത്തെ മാറ്റി നിര്‍ത്തുകയാണ്. വ്യക്തതയില്ലാത്തൊരു സാധ്യതയായി അവരതിനെ കാണുന്നു.

‘ഗാസയുടെ പുനര്‍വികസനം മുന്നോട്ട് പോവുകയും പലസ്തീന്‍ അതോറിറ്റിയുടെ (PA) പരിഷ്‌കരണ പരിപാടി വിശ്വസ്തതയോടെ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും രാഷ്ട്രപദവിക്കും (self-determination and statehood) വേണ്ടിയുള്ള വിശ്വസനീയമായ ഒരു പാത ഒടുവില്‍ ഒരുങ്ങിയേക്കാം. പലസ്തീന്‍ ജനതയുടെ അഭിലാഷമാണ് ഇതെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു.’- ഇതാണ് കരാറില്‍ പറയുന്ന കാര്യം.

ഒന്നുകൂടി വ്യക്തമാക്കിയാല്‍; പലസ്തീന്‍ രാഷ്ട്രരൂപീകരണം ഉടന്‍ നടപ്പാക്കാവുന്ന ഒന്നല്ല, മറിച്ച്, ഗാസയുടെ പുനര്‍നിര്‍മ്മാണവും പലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കാരങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രം, ആ ലക്ഷ്യത്തിലേക്കുള്ള വഴി തുറന്നേക്കാം എന്നുമാത്രമാണ് പദ്ധതിയില്‍ പറയുന്നത്.

Content Summary; What are Donald Trump’s 20-point Gaza peace plans?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×