ജനങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍
കഴിഞ്ഞ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ പാസാക്കിയൊരു ബില്ല് ജോര്‍ജിയയില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. 30 നെതിരേ 84 എംപിമാരുടെ പിന്തുണയോടെ പാസാക്കിയ പുതിയ ബില്ലിനെതിരേ രാജ്യത്തിനകത്ത് നിന്നു മാത്രമല്ല, പുറത്തു നിന്നും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവുകയാണ്. Georgia’s foreign agents bill
ജോര്‍ജിയന്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ ബില്ല് ഏതാണ്? അതെന്തുകൊണ്ട് വിവാദമാകുന്നു?
ജോര്‍ജിയന്‍ പാര്‍ലമെന്റ് പാസാക്കിയ ‘ ഫോറിന്‍ ഏജന്റ്‌സ് ബില്ല്’ ആണ് വിവാദമായിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച്; ജോര്‍ജിയയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളും(എന്‍ജിഒ) മാധ്യമ സ്ഥാപനങ്ങളും വിദേശത്ത് നിന്നും 20 ശതമാനത്തിലധികം സാമ്പത്തിക സഹായം(ഫോറിന്‍ ഫണ്ട്) സ്വീകരിക്കുകയാണെങ്കില്‍ അവര്‍ ‘ വിദേശ ശക്തികളുടെ താത്പര്യങ്ങള്‍ പേറുന്നവര്‍’ ആയി മുദ്രകുത്തപ്പെടും. തന്മൂലം അവര്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സങ്കീര്‍ണമായ വിവരങ്ങളെല്ലാം തന്നെ കൈമാറുകയും വേണം. അല്ലാത്തപക്ഷം കനത്ത പിഴയൊടുക്കേണ്ടി വരും.
പുതിയ നിയമനിര്‍മാണത്തിനെതിരേ പൗരന്മാരും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. നിയമം പിന്‍വലിക്കണമെന്നും, അനുസരിക്കില്ലെന്നുമാണ് അവരുടെ നിലപാട്. രാജ്യത്തിനകത്ത് ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിക്കുന്നതിനെ അപേക്ഷിച്ച് വളരെ കുറവ് സാമ്പത്തിക സഹായമാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്നും സ്വതന്ത്രമായ സിവില്‍ സൊസൈറ്റി മേഖലയുടെ നിലനില്‍പ്പിനു വിദേശ സഹായം അത്യാവശ്യമായി വരുന്നുണ്ടെന്നുമാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. പുതിയ നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ സന്നദ്ധരല്ലെന്നു വിവിധ എന്‍ജിഒ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബില്‍ നിയമമായാല്‍ രാജ്യത്തെ സംഘടന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അത് ദുര്‍ബലമാക്കുമെന്നാണ് ജോര്‍ജിയന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ദ ഗാര്‍ഡിയനോട് പ്രതികരിച്ചത്.
1990 കളോടെയാണ് ജോര്‍ജിയയില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ സജീവമാകുന്നത്. രാജ്യത്ത് സോവിയറ്റ് മാതൃക ഭരണം നടപ്പാക്കുന്നതിനെതിരേ നടന്ന അക്രമരഹിത റോസ് വിപ്ലവത്തിലെ പ്രധാന പോരാളികള്‍ സിവില്‍ ഗ്രൂപ്പുകളായിരുന്നു. പുതിയ നിയമം പൗരാവകാശസംഘടനകളെയും മാധ്യമങ്ങളെയും ദുര്‍ബലമാക്കുക മാത്രമല്ല ചെയ്യുകയെന്നും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ജോര്‍ജിയയുടെ ഭാവി തന്നെ ഇരുട്ടിലാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ പൗരസമൂഹ സംഘടനകള്‍ക്കും അപ്പുറത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പാശ്ചാത്യ മൂല്യങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമാണിത്”; ജോര്‍ജിയന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി നോന കുര്‍ദോവാനിഡ്‌സെ ഗാര്‍ഡിയനോടു പറയുന്നു.
ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്‌ലി കോബാഖിഡ്‌സെ, ഇപ്പോഴത്തെ വിവാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. രാജ്യത്ത് പ്രവകര്‍ത്തിക്കുന്ന പൗരസംഘടനകളുടെ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മാത്രമെ പുതിയ നിയമനിര്‍മാണത്തിന് പിന്നിലുള്ളൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇതേ ബില്ല് പാസാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പിന്‍വലിഞ്ഞതാണെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. വീണ്ടും അതേ ബില്ല് പാസാക്കിയെടുത്തതില്‍, സര്‍ക്കാരിന് ആഭ്യന്തരവും ഭൗമരാഷ്ട്രീയവുമായ കാരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ സംഘം പരാജയം നേരിടുകയാണെന്ന തോന്നലും, ക്രെമ്‌ലിന് അനുകൂല അടയാളം നല്‍കുന്നതും ജോര്‍ജിയന്‍ ഭരണകൂടത്തിന്റെ പുതിയ നിയമത്തിന് പിന്നിലെ കാരണങ്ങളാകാമെന്നാണ് രാഷ്ട്രീയ നേതാക്കളും അക്കാദമിക് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് നേരെ വെടിവയ്പ്പ്
പരസ്പരം ഏറ്റുമുട്ടിയവരാണ് റഷ്യയും ജോര്‍ജിയയും. 2008 ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം നടന്നിരുന്നു. എന്നാലിപ്പോള്‍ രണ്ടുപേരും തമ്മില്‍ അടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചത് ജോര്‍ജിയയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ജോര്‍ജിയ റഷ്യയോട് കൂടുതല്‍ അടുക്കുന്നതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്. പുതിയ നിയമത്തിലും, രാജ്യത്തിന്റെ സഞ്ചാരഗതിയിലുണ്ടായിരിക്കുന്ന മാറ്റത്തിലും അമേരിക്ക തങ്ങളുടെ നീരസം പ്രകടിപ്പിച്ചു കഴിഞ്ഞു. ഏതാനും യൂറോപ്യന്‍ ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മുതിര്‍ന്ന ചില രാഷ്ട്രീയ നേതാക്കള്‍ ട്ബിലിസി(ജോര്‍ജിയ തലസ്ഥാനം)യിലെത്തി പ്രതിഷേധക്കാരോട് നേരിട്ടുള്ള പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹംഗറിയും സ്ലോവാക്യയും എതിര്‍ത്തതു മൂലം യൂറോപ്യന്‍ യൂണിയനിലെ 27 സര്‍ക്കാരുകളും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയെന്ന ലക്ഷ്യം പരാജയപ്പെട്ടു. യുറോപ്യന്‍ യൂണിയന്റെ വിദേശ നയ തലവന്‍ ജോസഫ് ബോറല്‍ ഇറക്കിയ പ്രസ്താവനയില്‍, യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗത്തിലൂടെയുള്ള ജോര്‍ജിയയുടെ പുരോഗതിക്ക് പുതിയ നിയമനിര്‍മാണം വിഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വിദേശ ഫണ്ടിന്റെ കാര്യത്തില്‍ ഓരോ രാജ്യങ്ങള്‍ക്കും അവരവരുടെതായ നിയമങ്ങള്‍ ഉണ്ടെങ്കിലും, ജോര്‍ജിയയില്‍ അതിത്ര വിവാദമാകുന്നത് റഷ്യയുടെ പേരിലാണ്. 2012 ല്‍ റഷ്യ പാസാക്കിയ നിയമത്തിന്റെ മാതൃക തന്നെയാണ് ജോര്‍ജിയന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നതിലാണ് പ്രധാന പരാതി. സമാന പ്രശ്‌നങ്ങള്‍ ഹംഗറിയിലും സ്ലോവാക്യയിലുമുണ്ട്. ഹംഗറിയുടെ വിദേശ ഫണ്ട് നിയമം നിയമവിരുദ്ധമാണെന്നാണ് 2020ല്‍ യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി വ്യക്തമാക്കിയത്. നിയമം വിവേചനത്തിനും അന്യായമായ നിയന്ത്രണങ്ങള്‍ക്കും കാരണമാകുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ലോവാക്യയിലും പൗരസമൂഹം അവിടുത്തെ വിദേശ ഫണ്ട് നിയമത്തിനെതിരേ പ്രതിഷേധിക്കുന്നുണ്ട്. പ്രതിവര്‍ഷം അയ്യായിരം യൂറോയില്‍ കൂടുതല്‍ വിദേശസഹായം ലഭിക്കുന്ന സിവില്‍ ഓര്‍ഗനൈസേഷന്‍ ഗ്രൂപ്പുകളെ ‘ വിദേശ പിന്തുണയുള്ള സംഘടനകള്‍ എന്നു മുദ്രകുത്തുന്നതിനെതിരെയാണ് പ്രതിഷേധം.
ബില്ല് നിയമമായാല്‍ ജോര്‍ജിയ രാഷ്ട്രീയമായും സാമ്പത്തികമായും പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോര്‍ജിയയ്ക്കു നല്‍കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് പുനരാലോചിക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തര അസിസ്റ്റന്റ് സെക്രട്ടറി ജിം ഒബ്രിയാന്‍ പറഞ്ഞിട്ടുണ്ട്. ജോര്‍ജിയയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം മരവിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പുതിയ നിയമം വീറ്റോ ചെയ്യപ്പെടുമെന്ന പ്രതീക്ഷ ജോര്‍ജിയന്‍ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ കാര്യമില്ല. വിറ്റോ ചെയ്യപ്പെട്ടാല്‍, വീണ്ടും പാര്‍ലമെന്റില്‍ എത്തുന്ന ബില്ല് വോട്ടെടുപ്പിലൂടെ തുടര്‍ന്നും പാസാക്കിയെടുക്കാന്‍ ഭരണകക്ഷിക്കു സാധിക്കും.
Content Summary; Georgia’s foreign agents bill caused much protest and anger, European Union gave warning