ഗവണ്‍മെന്റ് വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനം ഇരുട്ടിലായ കഥയാണ് ഗിനിയ-ബിസൗവിന് പറയാനുള്ളത്. വൈദ്യുത വിതരണം നടത്തുന്ന ടര്‍ക്കിഷ് കമ്പനിയായ കാര്‍പവര്‍ഷിപ്പ് തങ്ങള്‍ക്ക് കിട്ടാനുള്ള 17 മില്യണ്‍ ഡോളര്‍ കുടിശിക വിഹിതം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് വൈദ്യുതി വിച്ഛേദിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് ബിസൗവിലും പ്രാന്തപ്രദേശങ്ങളിലും കാര്‍പവര്‍ഷിപ്പ് വൈദ്യുതി അപ്രതീക്ഷിതമായി വിച്ഛേദിക്കുന്നത്. പിന്നീട് കുടിശ്ശിക അടച്ചതോടെ ബുധനാഴ്ച ഉച്ചയ്ക്കു വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടു.
490,000-ത്തിലധികം ജനസംഖ്യയുള്ള ബിസൗ നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം ഒന്നര ദിവസത്തേക്ക് വിച്ഛേദിച്ചതായി കാര്‍പവര്‍ഷിപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗിനിയ-ബിസൗവിന്റെ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയായ 15 മില്യണ്‍ ഡോളറില്‍ ആറു മില്യണ്‍ ഡോളര്‍ തിരിച്ചടച്ചതായി ധനകാര്യ മന്ത്രി സുലൈമാന്‍ സെയ്ദി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”കുടിശിക പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്, സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ മൂലം വൈദ്യുതി ബന്ധം വേഗത്തില്‍ പുനരാരംഭിക്കാനും ഗിനിയ-ബിസൗവിലെ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് തുടരാനും ഞങ്ങളെ അനുവദിച്ചു’ എന്ന് കാര്‍പവര്‍ഷിപ്പിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ബിസൗവുവില്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആശുപത്രികള്‍ അടിയന്തര ശാസ്ത്രിയകള്‍ നടത്താന്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ടതായി വരികയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ‘റേഡിയോ നാഷണല്‍’ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കുകയും സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ഭാഗികമാക്കേണ്ടിയും വന്നു.
ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് പവര്‍ പ്ലാന്റുകളുടെ ഓപ്പറേറ്റര്‍മാരില്‍ ഒരാളും കരാഡെനിസ് എനര്‍ജി ഗ്രൂപ്പിന്റെ ഭാഗവുമായ കാര്‍പവര്‍ഷിപ്പ്, 2019-ല്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഗിനിയ-ഗിനിയ-ബിസൗവിന് ആവശ്യമായ വൈദ്യുതിയുടെ 100% ഉം വിതരണം ചെയ്യുന്നുണ്ടെന്ന് കാര്‍പവര്‍ഷിപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
”കുടിശിക വീണ്ടുമൊരു പ്രശ്നമാകാതിരിക്കാന്‍ സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ കാര്‍പവര്‍ സമ്മതിച്ചിട്ടുണ്ട്,” സുലൈമാന്‍ സെയ്ദി ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബറില്‍, ഏകദേശം 40 മില്യണ്‍ ഡോളറിന്റെ കുടിശിക തിരിച്ചടയ്ക്കാത്തതിനാല്‍ സിയേറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിലേക്കുള്ള വൈദ്യുതി വിതരണം ഇതേ രീതിയില്‍ കാര്‍പവര്‍ഷിപ്പ് വിച്ഛേദിച്ചിരുന്നു.
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൗ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്ന്. സെനെഗല്‍(വടക്ക്), ഗിനിയ(തെക്ക്-കിഴക്ക്), അറ്റ്‌ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൗവിന്റെ അതിരുകള്‍. മുന്‍പ് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം, പോര്‍ച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസൗവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും ദരിദ്രവും ദുര്‍ബലവുമായ രാജ്യങ്ങളിലൊന്നായ ഗിനിയ-ബിസൗവില്‍ ഏകദേശം 1.9 ദശലക്ഷമാണ് ജനസംഖ്യ.