UPDATES

അദാനി പറഞ്ഞു, സര്‍ക്കാര്‍ അനുസരിച്ചു; അവശ്യസാധന നിയമം അട്ടിമറിച്ചതിന്റെ നാള്‍വഴികള്‍

കാര്‍ഷിക ബില്ലിന് പിന്നിലെ കള്ളക്കളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം

                       

2020 ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വിവാദ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവരുന്നത്. കോര്‍പറേറ്റുകള്‍ക്ക് അരിയും ഗോതമ്പും പയറുവര്‍ഗങ്ങളും യഥേഷ്ടം പൂഴ്ത്തിവെക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ആ ബില്ലുകള്‍. നിയന്ത്രിത വിപണിക്ക് പുറത്ത് അവ വിറ്റഴിക്കാനും അനുവാദം നല്‍കി. താങ്ങുവില സമ്പ്രദായം അട്ടിമറിക്കാനും വന്‍തോതില്‍ കുത്തക കരാര്‍ കൃഷിക്കും വഴിതെളിക്കുന്നതായിരുന്നു ഈ വ്യവസ്ഥകള്‍.

കര്‍ഷകരോഷം ആളിക്കത്തി. ആയിരക്കണക്കിനു കര്‍ഷകര്‍ പോരാട്ട ഭൂമിയിലിറങ്ങി. പ്രതികൂല കാലാവസ്ഥ അവഗണിച്ചും അവര്‍ തെരുവുകളില്‍ നിലയുറപ്പിച്ചു, ഒരു വര്‍ഷത്തോളം. ബില്ല് സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. മോദിയുടെ ഉയര്‍ച്ചക്കൊപ്പം വളര്‍ച്ചയുടെ പടവുകള്‍ കയറിയ അദാനി ഗ്രൂപ്പിന് നേര്‍ക്കായിരുന്നു ഏറ്റവും പ്രതിഷേധം. കാര്‍ഷിക ബില്ലിന്റെ പ്രധാന ഗുണഭോക്താവ് അവരാണെന്ന വസ്തുത തന്നെ കാരണം.

കാര്‍ഷിക ഉത്പന്നങ്ങളുടെ പൂഴ്ത്തിവെക്കല്‍ തടയുന്ന വ്യവസ്ഥകള്‍ എടുത്തുകളയാനായി 2018 ഏപ്രിലില്‍ അദാനി ഗ്രൂപ്പ് നടത്തിയ ശക്തമായ ലോബിയിങ്ങിന്റെ തെളിവുകള്‍ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭിച്ചു.

കാര്‍ഷിക ബില്ലുകളുടെ നിയമനിര്‍മാണത്തിന് രണ്ടര വര്‍ഷം മുമ്പാണ്, നീതി ആയോഗിന്റെ കര്‍ഷക വരുമാനം ഇരട്ടിപ്പിക്കലിനായുള്ള ദൗത്യസംഘത്തിന് മുമ്പില്‍ അദാനി ഗ്രൂപ്പ് തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചു. അദാനിയുടെ പ്രതിനിധി പറഞ്ഞു, അവശ്യസാധന നിയമം വ്യവസായ സംരംഭങ്ങളുടെ വഴിമുടക്കിയാണ്. അത് റദ്ദാക്കണം.

പൂഴ്ത്തിവെക്കല്‍ നിരോധിക്കുന്ന അവശ്യസാധന നിയമം റദ്ദാക്കുന്നതിനുവേണ്ടിയുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം അവിടെ തുടങ്ങി. നിയമം ഇല്ലാതായാല്‍ കാര്‍ഷികോത്പന്നങ്ങള്‍ വന്‍ തോതില്‍ പൂഴ്ത്തിവെക്കാന്‍ അദാനി പോലുള്ള കുത്തകകള്‍ക്ക് എളുപ്പമാവും.

ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് നാം കണ്ടത് കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലിന് വേണ്ടിയുള്ള ദൗദ്യസംഘത്തില്‍ എങ്ങനെയാണ് വ്യവസായ ഭീമന്മാരുടെ ദല്ലാളുകള്‍ കടന്നുകൂടിയതെന്നായിരുന്നു. രണ്ടാം ഭാഗത്ത്, ആ ബില്ലുകളുടെ മറവില്‍ സര്‍ക്കാരും കോര്‍പറേറ്റുകളും തമ്മില്‍ അടച്ചിട്ട മുറികളില്‍ നടന്ന വിലപേശലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താം.

ബിജെപി സഹയാത്രികനായ എന്‍ ആര്‍ ഐ വ്യവസായിയുടെ ഉപദേശത്തിലും മേല്‍നോട്ടത്തിലുമാണല്ലോ കര്‍ഷക വരുമാനം ഇരട്ടിപ്പിക്കാനുള്ള ദൗത്യസംഘത്തിന് നീതി ആയോഗ് രൂപം നല്‍കുന്നത് (ഭാഗം ഒന്ന് കാണുക).

2016 ല്‍ പ്രധാനമന്ത്രി സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം രൂപീകരിച്ച മന്ത്രിതല സമിതിയെ ഒതുക്കിക്കൊണ്ടാണ് ദൗത്യസംഘത്തിന്റെ വരവ്. അനേകം ആക്ടിവിസ്റ്റുകളുമായും കര്‍ഷക സംഘങ്ങളുമായും സാമ്പത്തിക വിദഗ്ധരുമായും സംവാദിച്ചും ഈ മേഖലയിലെ പ്രശ്‌നങ്ങളെ അപഗ്രഥിച്ചുമാണ് മന്ത്രിതല സമിതി 13 വാല്യങ്ങളിലായി റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കില്‍ ദൗത്യസംഘം കണ്ടത് അദാനി, പതഞ്ജലി, മഹീന്ദ്ര, ബിഗ് ബാസ്‌കറ്റ് പോലെ വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകളെ മാത്രമായിരുന്നു. കൗതുകമായ വസ്തുത രണ്ട് സമിതികളുടെയും അധ്യക്ഷന്‍ ഒരാളായിരുന്നു; ശ്രീ അശോക് ദാല്‍വെ. കളക്ടീവ് അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.

മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങള്‍ സംഘടിപ്പിക്കാന്‍ ബോധപൂര്‍വ്വം തട്ടിക്കൂട്ടിയതാണ് നീതി ആയോഗിന്റെ ദൗത്യസംഘമെന്ന് സംഘത്തിലെ ഒരംഗം ഞങ്ങളോട് വെളിപ്പെടുത്തി. ‘മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത് പരമ്പരാഗത പരിഹാരങ്ങളായിരുന്നു. വിപണി അധിഷ്ടിത പരിഹാരങ്ങളായിരുന്നു ദൗത്യസംഘത്തിന് വേണ്ടത്.’ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത അംഗം പറഞ്ഞു.

2018 ഏപ്രില്‍ മൂന്നിനു ദൗത്യസംഘം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടത്തി. ഓരോരുത്തരും അവരുടെ താല്‍പര്യങ്ങള്‍ക്കൊത്ത നിര്‍ദേശങ്ങള്‍ നിരത്തി. ഉദാഹരണത്തിന്, മഹീന്ദ്ര ഗ്രൂപ്പ് മുന്നോട്ടുവെച്ച നിര്‍ദേശം ‘അബ് ട്രാക്റ്റര്‍ കാള്‍ കരോ’ എന്നതാണ്. ട്രാക്റ്റര്‍ വാടകക്ക് നല്‍കുന്ന ഏര്‍പ്പാട്. അതുവഴി കാര്‍ഷിക വൃത്തി ഒരു സേവനമാക്കുന്നു എന്ന അവകാശവാദവും. പതഞ്ജലിയാകട്ടെ അത്യാദായം ലഭിക്കുന്ന വിത്തുകളുടെ വിതരണം എന്ന ആശയം മുന്നോട്ടുവെച്ചു. ഉത്പന്നങ്ങള്‍ തങ്ങള്‍ തന്നെ വാങ്ങും എന്ന വ്യവസ്ഥയിലാകും വിത്തുവിതരണം. കര്‍ഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന തരം കരാറുണ്ടാക്കാമെന്നും അവരുടെ വാഗ്ദാനം.

തങ്ങളുടെ ‘മിഷന്‍ സുന്‍ഹരാ കല്‍’ എന്ന പദ്ധതി എങ്ങനെയാണ് ഗ്രാമീണ ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നത് എന്നായിരുന്നു ഐടിസി പറഞ്ഞുവെച്ചത്.

ഡാറ്റാ പിന്‍ബലമില്ലാത്ത വാചാടോപങ്ങള്‍ മാത്രമായിരുന്നു അവയത്രയും. കര്‍ഷകര്‍ക്ക് ഗുണപ്രദമായ വിവരങ്ങള്‍ നല്‍കാനായി ഒരു മികവിന്റെ കേന്ദ്രം പണിയണമെന്ന ആശയം അദാനി ഗ്രുപ്പ് മുന്നോട്ടുവെച്ചു. ഗുജറാത്തിലെ അദാനി പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പണിയുന്ന പ്രസ്തുതകേന്ദ്രത്തിന്റെ നിര്‍മാണച്ചെലവില്‍ 60 ശതമാനം സര്‍ക്കാര്‍ വഹിക്കണം.

ചര്‍ച്ചയില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് കോര്‍പറേറ്റുകളും തങ്ങളുടെ പദ്ധതി നടപ്പിലാക്കുന്നതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് നിലവിലെ നയങ്ങളില്‍ വെള്ളം ചേര്‍ക്കണമെന്നാണ്. നാല് കമ്പനികള്‍ക്ക് അതും പോര, സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും വേണം.

ചര്‍ച്ചയില്‍ പങ്കെടുത്ത അദാനി അഗ്രോ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. നിലവിലെ നിയമങ്ങളുമായി മുന്നോട്ടുപോകാന്‍ പറ്റില്ല. അവശ്യസാധന നിയമം പൊളിച്ചെഴുതണം. അല്ലാത്തപക്ഷം കാര്‍ഷിക വ്യവസായം ക്ലച്ചുപിടിക്കില്ലെന്ന് കമ്പനി പ്രതിനിധി അതുല്‍ ചതുര്‍വേദി തീര്‍ത്തുപറഞ്ഞു.

ചുരുക്കത്തില്‍, കമ്പനികള്‍ക്ക് എന്താണോ നല്ലത് അതാണ് കര്‍ഷകര്‍ക്കും നല്ലത് എന്ന ലൈനിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് അനുഗുണമായി അവശ്യസാധന നിയമം പൊളിച്ചെഴുതാനുള്ള നീക്കം തിരിച്ചറിഞ്ഞ കര്‍ഷകര്‍ ശക്തമായി രംഗത്തുവന്നു.

ദാല്‍വെ അധ്യക്ഷനായ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍ കമ്മിറ്റിയും സ്റ്റോക്ക് ലിമിറ്റിന്റെ പരിധിയില്‍ ഇളവുവരുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ദയകാട്ടി. ‘ഉത്പന്നങ്ങള്‍ മിനിമം താങ്ങുവില നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങണമെന്ന വ്യവസ്ഥയോടെ മാത്രമേ സംഭരണ പരിധിയില്‍ ഇളവനുദിക്കാവൂ. ഇങ്ങനെ സംഭരിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണം വേണം’, കമ്മിറ്റി നിര്‍ദേശിച്ചു.

എന്നാല്‍, കാര്‍ഷിക ബില്ലിലൂടെ അവശ്യസാധന നിയമം അട്ടിമറിച്ചപ്പോള്‍ ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ക്രിയാത്മകമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും വ്യവസായം ഉദാരമാക്കലിന്റെയും പേരിലായിരുന്നു ഈ ചതി.

സാധനങ്ങള്‍ പരിധിയില്ലാതെ സംഭരിക്കുന്നത് നിയന്ത്രിക്കുക വഴി വിലസ്ഥിരത ഉറപ്പാക്കാനും പൂഴ്ത്തിവെയ്പ് തടയാനും സര്‍ക്കാരിന്റെ കയ്യിലെ ഏറ്റവും പ്രധാന ആയുധമായിരുന്നു 1955 ലെ അവശ്യസാധന നിയമം.

സാധനങ്ങള്‍ വന്‍തോതില്‍ പൂഴ്ത്തിവെച്ച് കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും വില ഉയരുമ്പോള്‍ വിറ്റഴിക്കുകയും ചെയ്യുക എന്നത് വ്യാപാരികളുടെ കാലങ്ങളായുള്ള രീതിയാണ്. അതിന് ഒരു പരിധി വരെ തടയിട്ടിരുന്നത് അവശ്യസാധന നിയമമാണ്.

2020 സെപ്തംബറിലെ ഭേദഗതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന ഈ അധികാരം എടുത്തുകളഞ്ഞു. വറുതിക്കാലത്തോ ഭക്ഷ്യവസ്തുക്കളുടെ റീട്ടെയില്‍ വില പോയ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലോ മാത്രം കേന്ദ്രസര്‍ക്കാരിന് സ്റ്റോക്ക് ലിമിറ്റ് നിയന്ത്രിക്കാം എന്നാക്കി മയപ്പെടുത്തി. അപ്പോഴും ഭക്ഷ്യ കയറ്റുമതിക്കാരെയും ‘മൂല്യച്ചങ്ങലയിലെ പങ്കാളികളെ’യും നിയന്ത്രണത്തില്‍ നിന്നൊഴിവാക്കി.

അദാനി ഗ്രൂപ്പ് പോലെ ഭക്ഷ്യമേഖലയിലെ കുത്തകകള്‍ക്ക് വേണ്ടിയായിരുന്നു ഈ വ്യവസ്ഥയും. 2005 മുതല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യസംഭരണികള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് അദാനിയാണ്. മാത്രമല്ല, സ്വന്തം റയില്‍വേ റേക് വഴിയും തുറമുഖം വഴിയും ധാന്യങ്ങളുടെ സംഭരണവും ചരക്കുനീക്കവും നടത്തുന്ന അദാനിയുടെ വ്യാപാര താല്‍പര്യങ്ങള്‍ തന്നെയാണ് പ്രസ്തുത നീക്കത്തിന് കാരണമായത്.

കൃഷിയുടെ മേല്‍വിലാസത്തില്‍ വരുമാനം കുത്തനെ ഉയര്‍ത്തിയ കമ്പനികളാണ് ദൗത്യസംഘവുമായി സംഭാഷണം നടത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന്റെ അഗ്രി ബിസിനസില്‍ നിന്നുള്ള ലാഭം (നികുതി കൂടാതെ) 4700 കോടിയാണ്. ഐടിസി ഗ്രൂപ്പിന്റേത് 2022-23 വര്‍ഷത്തില്‍ 25.9 ശതമാനം ഉയര്‍ന്ന് 300 കോടിയായി. യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ 2023 സാമ്പത്തിക വര്‍ഷത്തെ വരുമാനം 53,576 കോടിയാണ്. പോയവര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വളര്‍ച്ച.

മറുവശത്ത്, കര്‍ഷകര്‍ക്കാകട്ടെ, നാമമാത്ര വര്‍ധനവ് മാത്രമാണുണ്ടായത്. സര്‍ക്കാരിന്റെ തന്നെ 2019 ലെ കണക്കനുസരിച്ച് കര്‍ഷകന്റെ ശരാശരി മാസവരുമാനം 2016 ല്‍ 8059 രൂപ ആയിരുന്നത് 2019 ല്‍ 10,218 രൂപയായാണ് വര്‍ധിച്ചത്. പദ്ധതിപ്രകാരം 2022 ല്‍ വരുമാനം ഇരട്ടിക്കണമെങ്കില്‍ ഉണ്ടാവേണ്ടിയിരുന്ന വര്‍ധനവിന്റെ 48 ശതമാനത്തിന്റെ മാത്രമാണിത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, കാര്‍ഷിക മേഖലയിലേക്കുള്ള കോര്‍പറേറ്റുകളുടെ വരവ് മൊത്തത്തില്‍ കുഴപ്പമാണെന്ന് പറയാനാകില്ല. എന്നാല്‍ കോര്‍പറേറ്റുകള്‍ തന്നെ ആവിഷ്‌കരിക്കുന്ന ബിസിനസ് മാതൃകകള്‍ അവര്‍ക്ക് മാത്രമേ ഉപകാരപ്പെടൂ. പരമാവധി ലാഭം ഉന്നമിട്ടുള്ളതായിരിക്കും അവ. കര്‍ഷകന്റെ വരുമാന വര്‍ധന വ്യാമോഹമായിത്തന്നെ തുടരും.

‘ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യകള്‍ മിക്കതും വന്‍കിടക്കാര്‍ക്ക് മാത്രം പ്രാപ്യമായതാണ്. അതിനായി വലിയ മുതല്‍ മുടക്ക് നടത്തുന്ന കമ്പനികള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിലാണ് പരമാവധി ലാഭം പിടിക്കുക. കമ്പനികള്‍ ലാഭ കേന്ദ്രീകൃതമാവുമ്പോള്‍ നഷ്ടം കര്‍ഷകന് മാത്രമാവും. അതുകൊണ്ട് കര്‍ഷകനെയും ആ രംഗത്തെ ആക്റ്റിവിസ്റ്റുകളെയും മാറ്റിനിര്‍ത്തിയുള്ള നയരൂപീകരണം തന്നെ അപകട സൂചനയാണ്’ പറയുന്നത് ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് റിസര്‍ച്ചിലെ അസി. പ്രഫസര്‍ സുധ നാരായണന്‍.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ കാര്‍ഷിക വൃത്തിയെ കോര്‍പറേറ്റ്‌വത്കരിക്കാനുള്ള നാണംകെട്ട നീക്കങ്ങള്‍ കര്‍ഷക പ്രശ്‌നങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ ഇതപര്യന്തമുള്ള മനോഭാവത്തിന്റെ പ്രതിഫലനം തന്നെയാണ്.

2014 മുതല്‍ 18 വരെ 13000 കര്‍ഷക സമരങ്ങള്‍ക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. നിയമസാധുതയോടെയുള്ള മിനിമം താങ്ങുവില, വിപണി ചാഞ്ചാട്ടങ്ങളില്‍ നിന്ന് സുരക്ഷിതത്വം, പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തിലെ വിള ഇന്‍ഷുറന്‍സ് തുടങ്ങി കര്‍ഷരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടതേയില്ല. 700 ല്‍പരം കര്‍ഷകരുടെ ജീവത്യാഗത്തില്‍ കലാശിച്ച, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കര്‍ഷക സമരത്തിന് ശേഷമാണ് മിനിമം താങ്ങുവിലക്ക് നിയമസാധുത നല്‍കുന്നത് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന വാഗ്ദാനം നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറായത്. കമ്മിറ്റി ഇനിയും നിലവില്‍ വന്നിട്ടില്ല. എന്നാല്‍ കാര്‍ഷിക മേഖലയിലേക്ക് കോര്‍പറേറ്റുകളെ ചുവന്ന പരവതാനി വിരിച്ച് ആനയിച്ച ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യത്തില്‍ അമാന്തമൊട്ടും കാണിച്ചതുമില്ല.

മുന്‍ കൃഷി സെക്രട്ടറി സിറാജ് ഹുസൈനും മുന്‍ ഗ്രാമീണ വികസന സെക്രട്ടറി ജുഗല്‍ മൊഹാപാത്രയും ചേര്‍ന്ന് ദി പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്, അങ്ങേയറ്റം വ്യവസായക്കണ്ണില്‍ തയ്യാറാക്കിയതാണ് പുതിയ ഭേദഗതി എന്നാണ്. കര്‍ഷകര്‍ക്ക് മാന്യമായ വില നല്‍കാന്‍ കോര്‍പറേറ്റുകള്‍ തയ്യാറാകുമോ എന്നതാണ് സുപ്രധാന ചോദ്യം. ഒട്ടും ഉറപ്പില്ല. മറിച്ച്, വില പരമാവധി കുറവായിരിക്കാനാണ് സാധ്യതയെന്നും ഇരുവരും നിരീക്ഷിക്കുന്നു.

അവര്‍ മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട്. കോര്‍പറേറ്റുവത്കരണം ഉപഭോക്താക്കള്‍ക്കാണ് കൂടുതല്‍ ദോഷം ചെയ്യുക. കമ്പനികളുടെ പൂഴ്ത്തിവെപ്പിനെക്കുറിച്ച് ഭാവിയില്‍ സര്‍ക്കാരിന് ഒരു ധാരണയും ഉണ്ടാവുകയില്ല.

നീതി ആയോഗിന്റെ വ്യവസായ സൗഹൃദ ദൗത്യസംഘത്തിന്റെ ഫയല്‍ അവസാനിക്കുന്നത് 2020 ജൂലൈ ആറിലെ അശോക് ദാല്‍വെയുടെ ഒരു കുറിപ്പോടെയാണ്. തൊട്ടു മുമ്പത്തെ മാസം സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ഓര്‍ഡിനന്‍സില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് ആ കുറിപ്പ്.

എട്ടു മാസങ്ങള്‍ക്ക് ശേഷം, കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഘട്ടം. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചാല്‍ കര്‍ഷക വരുമാനം ഒരുകാലത്തും വര്‍ധിക്കാന്‍ പോകുന്നില്ല എന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ് രോഷം കൊണ്ടു. 2021 ഡിസംബറില്‍ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുകയും ചെയ്തു.

ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം നല്‍കിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍