UPDATES

ഫിനാന്‍സ്/ ബിസിനസ്‌

തീരാതെ പ്രശ്‌നങ്ങള്‍, തലയൂരാന്‍ വഴികള്‍ നോക്കി പേടിഎം

ഫെമ നിയമങ്ങള്‍ ലംഘിച്ചോ എന്ന ആരോപണവും ഉയരുന്നു

                       

പെയ്‌തൊഴിയാത്ത കാര്‍മേഘം പോലെയാണ് പേടിഎമ്മിന് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍. പേടിഎമ്മും അതിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സും നടത്തുന്ന പണമിടപാട് പ്ലാറ്റ്ഫോമുകള്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്-FEMA) ലംഘിച്ചിട്ടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

വിദേശ വ്യക്തിഗത, കോര്‍പ്പറേറ്റ് കൈമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്റ്റായ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ കീഴിലുള്ള പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഫിനാഷ്യല്‍ ടെക്നോളജി സ്ഥാപനമായ പേടിഎമ്മിനെതിരെ അന്വേഷങ്ങള്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ഫയല്‍ ചെയ്തിട്ടില്ല. നിലവില്‍ ഇഡിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കിംഗ് ലൈസന്‍സ് നേടിയ ശേഷം പേടിഎം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ പ്രശ്‌നങ്ങളാണ് പരിശോധിച്ച് വരുന്നത്.

എന്നാല്‍ പേടിഎം-ന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (OCL), കമ്പനിയോ അതിന്റെ അസോസിയേറ്റ് ആയ പേടിഎം പേയ്‌മെന്റ് ബാങ്കോ ഇതുവരെയും ഫോറിന്‍ എക്സ്ചേഞ്ച് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നേരിടുന്നില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നതായും പറഞ്ഞു.

അടുത്തിടെയായി പ്രസിദ്ധീകരിക്കുന്ന തെറ്റായതും വസ്തുതാപരമായ അപാകതകളും ഊഹാപോഹങ്ങളും പരിഹരിക്കുന്നതിനായി, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കമ്പനിയുടെ നിലപാട് ജനങ്ങളോട് വ്യക്തമാക്കാനും കമ്പനിയെക്കുറിച്ച് സമീപകാലത്തായി തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളിലെ പല പ്രശ്ങ്ങളും പരിഹരിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, സുതാര്യതയ്ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പേടിഎം വിശദീകരിക്കുന്നുണ്ട്.

നിലവിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ബോര്‍ഡ്, മുന്‍ സെബി ചെയര്‍മാന്‍ എം ദാമോദരന്‍ ചെയര്‍മാനായുള്ള ഉപദേശക സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുന്‍ പ്രസിഡന്റും ആര്‍ബിഐ നാമനിര്‍ദ്ദേശം ചെയ്ത ബാങ്കിംഗ് കോഡ്സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ എം എം ചിറ്റാലെയെപ്പോലുള്ള മുതിര്‍ന്ന
സാമ്പത്തിക വിദഗ്ധരും ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നതായി പേടിഎം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി 29നു ശേഷം പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവിങ്സ്-കറന്റ് അകൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ല. അതായത്, ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിന് ഇനി നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, വാലറ്റ് ടോപ്പ് അപ്പുകള്‍, ബില്‍ പേയ്‌മെന്റുകള്‍, തുടങ്ങിയവ ഒന്നും നടത്താനാകില്ല. പേടിഎമ്മിനെ എല്ലാ വിധ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയിരിക്കുകയാണ്. കൂടാതെ, പേയ്മെന്റ്‌സ് ബാങ്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്ന കാര്യവും ആര്‍ബിഐയുടെ പരിഗണനയിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്കിന്റെ കടുത്ത നടപടി കൂടി വന്നതോടെ പേടിഎം കമ്പനിയുടെ ബിസിനസ് തന്നെ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. റിസര്‍വ് ബാങ്കിന്റെ കടുത്ത നടപടിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്നതിനായി ബാങ്ക് അധികൃതരുമായി പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. കൂടാതെ പേടിഎം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) കൈകാര്യം ചെയ്യുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും (എന്‍പിസിഐ) ആര്‍ ബി ഐ യുടെ സഹായമില്ലാതെ ചര്‍ച്ചകള്‍ നടത്തേണ്ടി വരുമെന്നും പേടിഎമ്മിനെ ഏറ്റെടുക്കാന്‍ മറ്റ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കിയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുകയും ചെയ്തതോടെ പേടിഎം കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു.

മൂന്ന് കോടിയിലധികം വ്യാപാരികള്‍ നിലവില്‍ പേടിഎം ഉപയോഗിച്ച് വരുന്നുണ്ട് അതില്‍ തന്നെ ഏകദേശം 20% ശതമാനം, അതായത് 60 ലക്ഷം പേര്‍ തങ്ങളുടെ സെറ്റില്‍മെന്റ് അകൗണ്ടായി പേടിഎം പേയ്‌മെന്റ് ബാങ്കിനെയാണ് ഉപയോഗിക്കുന്നത്. യുപിഐ പേയ്‌മെന്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനായി ഫെബ്രുവരി 29-ന് മുമ്പ് പേടിഎമ്മിന് ഈ അക്കൗണ്ടുകളെല്ലാം ഒരു മൂന്നാം കക്ഷി ബാങ്കുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫെബ്രുവരി 29-ാം തീയതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

Share on

മറ്റുവാര്‍ത്തകള്‍