UPDATES

ഫിനാന്‍സ്/ ബിസിനസ്‌

പേടിഎം കീശ കാലിയാകുമോ?

മറ്റ് ഫിന്‍ടെക്കുകളെ എങ്ങനെ ബാധിക്കും

                       

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ഫിനാഷ്യല്‍ ഭീമനിലേക്കുള്ള സാധാരണക്കാനായ അയാളുടെ യാത്ര അവിശ്വസനീയമായിരുന്നു. അലിഗഡിലെ ഒരു സ്‌കൂള്‍ അധ്യാപികയുടെ മകനായി ജനിച്ച വിജയ് ശേഖര്‍ ശര്‍മയെന്ന ബിസിനസുകാരന്റെ വളര്‍ച്ച ശാന്തമായ ഒന്നായിരുന്നു. 2010-ല്‍ വിജയ് ശേഖര്‍ ശര്‍മ തന്റെ സാമ്പത്തിക സാങ്കേതിക കമ്പനിയായ പേടിഎം സ്ഥാപിക്കുമ്പോള്‍ മിക്ക ഇന്ത്യക്കാരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനെ പറ്റിയോ അതിന്റെ മുഴുവന്‍ സേവനങ്ങളെ കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരായിരുന്നു.

എന്നാല്‍ ഒരു ദശാബ്ദത്തിന് ശേഷം ഇന്ന് ഫാസ്റ്റ്ടാഗ് മുതല്‍ മെട്രോ ട്രാന്‍സിറ്റ് കാര്‍ഡുകള്‍ വരെയുള്ള ഇന്ത്യയിലെ അനവധി ഡിജിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ വരെ പേടിഎമ്മിന് സ്ഥാനമുണ്ട് എന്നതാണ് വാസ്തവം. ഇന്റര്‍നെറ്റ് ഉപഭോക്താക്കളായ ഇന്ത്യക്കാരില്‍ മൂന്നിലൊരാള്‍ നിലവില്‍ പേടിഎം ഉപയോക്താക്കളാണെന്നാണ് കണക്കുകള്‍ വ്യക്ത്യമാക്കുന്നത്. യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പേടിഎം പേയ്മെന്റ് ബാങ്ക് ഏറ്റവും വലിയ ഗുണഭോക്തൃ ബാങ്കാണ്. 90 ദശലക്ഷം വാലറ്റ് ഉപയോക്താക്കളും 58 ദശലക്ഷം ഫാസ്റ്റ്ടാഗ് ഉപയോക്താക്കളുമുള്ള പേടിഎം വാലറ്റ് ബിസിനസിലെ നിലവിലെ മാര്‍ക്കറ്റ് ലീഡറാണ്. ഫാസ്റ്റ്ടാഗ് വിഭാഗത്തില്‍ 17 % ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവ യുപിഐ, ഒന്നില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെര്‍ച്ചന്റ് പെയ്‌മെന്റ് ഉള്‍പ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ സമന്വയിപ്പിച്ചിരിക്കുന്നു. വര്‍ഷം മുഴുവന്‍ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും.

2017 മുതല്‍, പേ ടി എം പേയ്മെന്റ് ബാങ്കിന് ആര്‍ ബി ഐ ഏറ്റവും കുറഞ്ഞത് അഞ്ച് തവണയോളം പിഴയും നടപടികളുമെടുത്തിട്ടുണ്ട്. എന്നാല്‍, 2024 ജനുവരി 31 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയത് കനത്ത തിരിച്ചടിയാണ്. റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി 29നു ശേഷം പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവിങ്സ്-കറന്റ് അകൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്റ്റ്ടാഗ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ല. അതായത്, ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിന് ഇനി നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, വാലറ്റ് ടോപ്പ് അപ്പുകള്‍, ബില്‍ പേയ്‌മെന്റുകള്‍, തുടങ്ങിയവ ഒന്നും നടത്താനാകില്ല. പേ ടി എമ്മിനെ എല്ലാ വിധ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയിരിക്കുകയാണ്. കൂടാതെ, പേയ്മെന്റ്‌സ് ബാങ്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്ന കാര്യവും ആര്‍ബിഐയുടെ പരിഗണനയിലുണ്ട്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ 49% ഓഹരിയുണ്ട്, ബാക്കി 51 % ശതമാനം പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ കൈവശമാണുള്ളത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തലാക്കികൊണ്ടുള്ള നടപടി കമ്പനിക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്. 300-500 കോടി രൂപയുടെ വാര്‍ഷിക കുറവാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. ഇത് പേടിഎമ്മിന്റെ വാര്‍ഷിക ലാഭത്തിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആര്‍ ബി യുടെ തീരുമാനം വന്നിതു ശേഷം 68 % ശതമാനത്തിലേറെ തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ നേരിട്ടത്. നിലവില്‍ ശര്‍മ്മയുടെയും പേടി എമ്മിന്റെയും ഭാവി എന്താകും എന്നത് ചോദ്യ ചിഹ്നമാണ്.

നോട്ട് നിരോധനവും പേടിഎമ്മിന്റെ വളര്‍ച്ചയും

2016 ഡിസംബറില്‍ മോദിയുടെ നോട്ട് നിരോധനത്തിനു പിന്നാലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പണമിടപാടുകള്‍ നടത്താന്‍ ഉപയോഗിക്കാവുന്ന ശര്‍മയുടെ ഓണ്‍ലൈന്‍ മാധ്യമം ഒറ്റരാത്രി കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഏക ആശ്രയം പോലെയായി മാറുകയായിരുന്നു. നവംബര്‍ എട്ടിലെ രാത്രിക്കു ശേഷം വെറും മൂന്നു മാസത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 125 ദശലക്ഷത്തില്‍ നിന്നും 185 ദശലക്ഷമായി കുതിച്ചുയര്‍ന്നു. അടുത്ത ദിവസം എല്ലാ പ്രമുഖ പത്രങ്ങളിലും മുന്‍ പേജില്‍ പേ ടി എം പരസ്യം നല്‍കി. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ ടാഗ്ലൈനില്‍ ‘അബ് എടിഎം നഹിന്‍, പേടിഎം കരോ’ എന്നായിരുന്നു. പിന്നീട് വാണിജ്യ ആവശ്യത്തിനായി പ്രധാനമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിക്കുന്നത് തടയുന്ന നിയമം ലംഘിച്ചുവെന്നാരോപിച്ച് പേടിഎം (ഒപ്പം സമാനമായ പരസ്യങ്ങള്‍ നല്‍കിയ റിലയന്‍സ് ജിയോ) പരസ്യങ്ങള്‍ക്ക് പിന്നീട് മാപ്പ് പറയേണ്ടിയും വന്നു.

നോട്ട് നിരോധനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കമ്പനി മൊത്തത്തിലുള്ള ട്രാഫിക്കില്‍ 700 % ശതമാനം വര്‍ധനവും പേടിഎം അക്കൗണ്ടുകളിലേക്ക് ചേര്‍ത്ത പണത്തിന്റെ തുകയില്‍ 1,000 % ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. നോട്ട് നിരോധനത്തിന് ഒരു വര്‍ഷം മുമ്പ്, ചൈനയുടെ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ അലിബാബയും അനുബന്ധ സ്ഥാപനവും ചേര്‍ന്ന് 2015 സെപ്റ്റംബറില്‍ പേടിഎമ്മില്‍ 800 ദശലക്ഷം ഡോളറിന്റെ ‘തന്ത്രപരമായ’ നിക്ഷേപം നടത്തി, അക്കാലത്തെ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി മാറി. 2015ല്‍ ഒരു ഘട്ടത്തില്‍ ആലിബാബ ഗ്രൂപ്പിന് പേടിഎമ്മില്‍ 40 % ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. 2017ലെ കണക്ക് പ്രകാരം 400 നഗരങ്ങളിലായി 17,000 പേര്‍ അയാളുടെ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നുണ്ടായിരുന്നു.

ഇന്ത്യ- ചൈന ബന്ധവും 2020 ല്‍ വടക്കന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുകളും ഇരു രാജ്യങ്ങളെയും മോശം ദിശയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇന്ത്യയില്‍ ടിക് ടോക് നിരോധിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയില്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ‘അയല്‍ രാജ്യങ്ങളില്‍’ നിന്ന് ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കമ്പനിയിലെ ചൈനീസ് നിക്ഷേപകരുടെ കാര്യമായ ഉടമസ്ഥാവകാശം കണക്കിലെടുത്ത്, പേ ടി എമ്മും പ്രതിസന്ധിയിലായി. തുടര്‍ന്ന്, കമ്പനിക്ക് ചൈനീസ് നിക്ഷേപങ്ങള്‍ കുറയ്‌ക്കേണ്ടതായി വന്നു. പേടിഎം 2021 ഐപിഒ് ആയി മാറിയ ശേഷം ആലിബാബ പേടിഎമ്മില്‍ നിന്ന് പൂര്‍ണമായും പുറത്തുകടന്നു. അവര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പേടിഎമ്മിലെ ശേഷിക്കുന്ന ഓഹരികള്‍ 167 മില്യണ്‍ ഡോളറിന് വിറ്റഴിക്കുകയായിരുന്നു(ഒരു കമ്പനി ഓഹരി വിപണിയിലേക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള ഓഹരി വില്പനയാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് -ഐപിഒ- Initial Public Offering – IPO) 2022ല്‍ പേ ടി എമ്മിന്റെ ഇ-കൊമേഴ്സ് സംരംഭമായ പേടിഎം മാളില്‍ നിന്ന് അലിബാബ പിന്‍വാങ്ങിയതോടെ കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറില്‍ നിന്ന് 13 മില്യണ്‍ ഡോളറായി കുറഞ്ഞു.

തല്‍ക്ഷണ ഓഡിയോ പേയ്മെന്റ് സ്ഥിരീകരണത്തിനായി റീട്ടെയില്‍ വ്യാപാരികള്‍ ഉപയോഗിക്കുന്ന സ്പീക്കറായ യു പി ഐ സൗണ്ട്ബോക്സ് 2019-ല്‍ പേ ടി എം വിപണിയില്‍ കൊണ്ടുവന്ന ഒരു പ്രധാന കണ്ടുപിടുത്തമാണ്. പ്രതിമാസ സബ്സ്‌ക്രിപ്ഷനായ 99 രൂപയ്ക്കാണ് യു പി ഐ സൗണ്ട്ബോക്സ് വ്യാപാരികള്‍ക്ക് വിറ്റത്. സൗണ്ട് ബോക്‌സിനു വലിയ സ്വീകാര്യതയാണ് വ്യാപാരികള്‍ക്കിടയില്‍ ലഭിച്ചത്. എന്നാല്‍ ഇത് പേ ടി എം ഗ്രൂപ്പിന്റെ പേയ്മെന്റ് ബാങ്കിനെതിരെ ആര്‍ബിഐ എടുത്ത നടപടികളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഡെല്‍ഹിയില്‍ ഉടനീളമുള്ള നിരവധി വ്യാപാരികള്‍ അവരുടെ വ്യാപാരത്തെ ബാധിക്കുമോയെന്നു ഭയന്ന് സൗണ്ട്‌ബോക്സ് തങ്ങളുടെ സ്ഥാപങ്ങളില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു.

താഴെ തട്ടില്‍ നിന്ന് വന്ന വ്യക്തി കെട്ടിപ്പടുത്ത ബിസിനസിന്റെ വലുപ്പം കണക്കിലെടുത്ത് വിജയ് ശേഖര്‍ ശര്‍മ ഇന്നും ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് കമ്മ്യൂണിറ്റിയില്‍ തനിക്കുള്ള ബഹുമാനം നില നിര്‍ത്തുന്നു. ആര്‍ബിഐ ഉയര്‍ത്തിയ മുന്നറിയിപ്പുകള്‍ക്ക് ശേഷവും പേടിഎമ്മും പേയ്മെന്റ് ബാങ്കും തമ്മിലുള്ള ഇടപാടുകളും കെ വൈ സി (ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേല്‍ല്‍വിലാസം അറിയാനുമുള്ള പ്രക്രിയ ആണ് കെവൈസി. ബാങ്കുകളടെ സേവനങ്ങള്‍ ദുരുപേയാഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താന്‍ ഈ പ്രകിയ സഹായിക്കുന്നു. കെ വൈ സി എന്ന നിബന്ധന അക്കൗണ്ട് തുടങ്ങുന്ന സമയത്തുതന്നെ പൂര്‍ത്തിയാക്കേണ്ടതാണ്) പാലിക്കലിലെ വീഴ്ചകളിലും കണ്ണടച്ച ബോര്‍ഡിന്റെ പങ്കിനെ വിദഗ്ധര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

മറ്റ് ഫിന്‍ടെക്കുകളെ എങ്ങനെ ബാധിക്കും

ഇപ്പോള്‍, പേടിഎം നേരിട്ടുകൊണ്ടിരിക്കുന്ന ആര്‍ബിഐയുടെ നടപടികള്‍ ഫിന്‍ടെക് രംഗത്തെ മറ്റുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. പേടിഎം നേരിടുന്ന ഈ പ്രശ്‌നം മറ്റ് കമ്പനികളിലുള്ള ജനങ്ങളുടെ പൊതുവിശ്വാസം കുറയ്ക്കുന്നു. പേടിഎം പോലുള്ള ഒരു വലിയ സ്ഥാപനത്തിന് തെറ്റായ നടപടികള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, അതേ മാതൃക ആവര്‍ത്തിക്കാതിരിക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ തടയുന്നതാണെന്ന് സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.

ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും പേടിഎമ്മിന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 29-ാം തീയതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പേടിഎം ഉപയോക്താക്കളായ വ്യാപാരികള്‍ മറ്റു പേയ്‌മെന്റ് ഓപ്ഷനുകളിലേക്ക് ഉടനടി മാറാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍ട്ടിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, സെക്രട്ടറി എസ്.എസ്. മനോജ്, പ്രവര്‍ത്തകസമിതി അംഗം പി. വെങ്കിട്ടരാമ അയ്യര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ നല്ലൊരു ശതമാനം വ്യാപാരികളും ഉപഭോക്താക്കളും പേടിഎം ആപ്പ് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നത്. ആര്‍ബിഐ നിയന്ത്രണങ്ങള്‍ മൂലം ആപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് നിരന്തരം തടസം നേരിടുന്നുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍