ഐക്യരാഷ്ട്ര സഭയുടെ നിയമഹസ്തമായ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) അടുത്തയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് വേദിയാവും. കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള, ചാരന്‍ എന്ന് ആരോപിക്കപ്പെടുന്ന വിരമിച്ച നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മരണശിക്ഷ സ്‌റ്റേ ചെയ്ത ഐസിജെയുടെ കഴിഞ്ഞ ദിവസത്തെ തീരുമാനത്തെ വലിയ നയതന്ത്രവിജയമായാണ് ഇന്ത്യ ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം കുറച്ചുകൂടി സങ്കീര്‍ണമാണ്. ഒന്നാമതായി ഐസിജെയുടെ ‘സ്‌റ്റേ’ അന്തിമമായ ഒന്നല്ല. എന്നാല്‍ വിയന്ന പ്രമേയത്തിലെ ചട്ടങ്ങള്‍ പാകിസ്ഥാന്‍ പാലിക്കുമെന്നും പാക് ഏജന്‍സികള്‍ ഇറാനില്‍ നിന്നും തട്ടിക്കൊണ്ട് പോവുകയോ കടത്തുകയോ ചെയ്ത ഇന്ത്യന്‍ പൗരനെ മടക്കി അയക്കുമെന്ന പ്രതീക്ഷയ്ക്ക് ഈ സ്റ്റേ ആക്കം കൂട്ടിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ‘ഈ അഭ്യര്‍ത്ഥനയില്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ സൗകര്യം തരുന്ന വിധത്തില്‍ പാകിസ്ഥാന്‍ പ്രവര്‍ത്തിക്കണം,’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഐസിജെ അയച്ചിരിക്കുന്ന ഒരു അഭ്യര്‍ത്ഥന കത്ത് മാത്രമാണ് ‘സ്റ്റേ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അതായത്, ഐസിജെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കുറഞ്ഞപക്ഷം ജാദവിനെ തൂക്കിലേറ്റരുത് എന്ന് മാത്രമാണ് അത് അര്‍ത്ഥമാക്കുന്നത്. കൃത്യമായ വിധി വന്നിട്ടില്ലാത്തതിനാല്‍ തന്നെ തങ്ങളുടെ കൈകള്‍ ഐസിജെ ഭാഗികമായി മാത്രമാണ് ബന്ധിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന് വാദിക്കുകയും ചെയ്യാം.
എന്നാല്‍ പാകിസ്ഥാനുമായുള്ള തര്‍ക്കത്തില്‍ ഒരു ‘മൂന്നാം കക്ഷി’യെ ഇടപെടുത്താന്‍ ഇന്ത്യ സന്നദ്ധമായി എന്നതാണ് ഈ കഥയിലെ ഏറ്റവും കൗതുകകരമായ ഭാഗം. കോളനി ഭരണത്തിന്റെ ചിറകുകളില്‍ നിന്നും മോചനം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ രൂപംകൊടുത്ത തീഷ്ണമായ വിദേശനയത്തിന്റെ അടിസ്ഥാന സത്തയ്ക്ക് വിരുദ്ധമായ നിലപാടാണിത്. 1971ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയ സംഭവത്തിന് ശേഷം ആദ്യമായാണ് പാകിസ്ഥാനുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യ ഒരു അന്താരാഷ്ട്ര ഏജന്‍സിയെ സമീപിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിശുദ്ധ പ്രമാണങ്ങളില്‍ ഒന്നിനെ കൂടി നരേന്ദ്ര മോദി ലംഘിക്കുന്നതില്‍ വൈരുദ്ധ്യമായി ഒന്നും കാണാന്‍ സാധിക്കില്ല. ആപ്തവാക്യത്തില്‍ പറയുന്നത് പോലെ രാജ്യങ്ങള്‍ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരമായ താത്പര്യങ്ങള്‍ മാത്രമേ ഉള്ളു. തന്ത്രപരമായ ചിന്തകള്‍ക്ക് തുടക്കം കുറിച്ച ആദ്യത്തെ ഇന്ത്യന്‍ ‘ഗുരു’വിന്റെ ചാണക്യനീതിയിലേക്കുള്ള (സാമം, ദാമം, ദണ്ഡം, ഭേദ്യം) ബോധപൂര്‍വമായുള്ള പരിവര്‍ത്തനം പോലുമല്ല ഇത്. നിങ്ങളുടെ ഉന്നത ചിന്തയില്‍ നിന്നും ഉരുത്തിരിയുന്ന പ്രവൃത്തിയുടെ, നാളത്തെ തലക്കെട്ടുകള്‍ക്ക് അപ്പുറത്തേക്ക് നിങ്ങളുടെ തന്ത്രം എങ്ങനെ വികസിക്കുന്നു എന്നതിന്റെ യുക്തി മാത്രമാണ് അത്.
ഇതേ മാതൃകയില്‍ തന്നെ പാകിസ്ഥാന്‍ തിരിച്ചടിക്കും എന്ന ഭയം മൂലമാണ് 1990കളിലെ ഏറ്റവും മോശം വര്‍ഷങ്ങളിലും എന്തിന് 1999ലെ കാര്‍ഗില്‍ യുദ്ധ കാലത്ത് ക്യാപ്ടന്‍ സൗരഭ് കാലിയയെ പാകിസ്ഥാന്‍ അംഗഭംഗപ്പെടുത്തുകയും ചെയ്തപ്പോള്‍ പോലും അന്താരാഷ്ട്ര ഇടപെടുത്തലുകള്‍ക്ക് ഇന്ത്യ തയ്യാറാവാതിരുന്നത്. കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ പരാതിപ്പെടുമെന്ന് ഇന്ത്യ എക്കാലത്തും ഭയന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐസിജെയെ സമീപിച്ചതിലൂടെ ഈ ‘ലക്ഷ്മണരേഖ’ ഇന്ത്യ മറികടന്നിരിക്കുന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ സംസാരിക്കാനുള്ള പക്വതയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയും പാകിസ്ഥാനും പ്രദര്‍ശിപ്പിക്കേണ്ടത്. ഇരുരാജ്യങ്ങള്‍ക്കും 70 വയസ് പ്രായമാവുകയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉത്തരവാദിത്വത്തോടെ പരിഹരിക്കാനുള്ള ചുമതല അത് ഇരുരാജ്യങ്ങള്‍ക്കും നല്‍കുന്നു. ഐസിജെയില്‍ പരാതി നല്‍കിയതിലൂടെ പൊതുഅഭിപ്രായങ്ങളുടെ അന്താരാഷ്ട്ര കോടതിയില്‍ ചില മേല്‍ക്കൈകള്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചേക്കും. എന്നാല്‍ തങ്ങളുടെ വിലപ്പെട്ട ഇരയായ കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുനല്‍കുന്നതിന് പാകിസ്ഥാന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ അതുകൊണ്ട് സാധിക്കില്ല. സംഭാഷണത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുക എന്നത് മാത്രമാണ് ഇരു അയല്‍ക്കാര്‍ക്കും മുന്നിലുള്ള വിശ്വസനീയമായ ബദല്‍.