എണ്ണയും പ്രകൃതി വാതകവും നിറഞ്ഞ എസ്സെക്വിബോ പ്രദേശത്തിനുമേലുള്ള അവകാശം പറഞ്ഞുള്ള വെനസ്വേല-യു കെ പോര് മുറുകുന്നു. ഗയാന തീരത്തേക്ക് ബ്രിട്ടന്‍ യുദ്ധ കപ്പല്‍ അയച്ചതിനു പിന്നാലെ 5,600 സൈനികരെ കടലില്‍ വിന്യസിച്ചിരിക്കുകയാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോ.
വെനസ്വേലയുടെ പരമാധികാരത്തിനും സമാധാനത്തിനും ഭീഷണി ഉയര്‍ത്തി യു കെ നടത്തുന്ന പ്രകോപനത്തിന് മറുപടിയായിട്ടുള്ളൊരു പ്രതിരോധ പരിശീലനം എന്നാണ് സൈനികരെ വിന്യസച്ചതിനുള്ള മദുറോയുടെ വിശദീകരണം.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, ഗയാനയുടെ തീരത്തേക്ക് റോയല്‍ നേവിയുടെ പെട്രോള്‍ വെസ്സല്‍ ആയ എച്ച് എം എസ് ട്രെന്റിനെ അയക്കുന്നത്. വെനസ്വേലയുമായുള്ള പ്രാദേശിക തര്‍ക്കത്തില്‍ തങ്ങളുടെ മുന്‍ കോളനിയെ സഹായിക്കാനുള്ള നടപടിയായാണ് ബ്രിട്ടന്‍ സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിച്ചത്. എസ്സെക്വിബോ എന്ന എണ്ണഖനി വെനസ്വേല അടച്ചുകെട്ടിയെടുത്താല്‍ ഉണ്ടാകുന്ന നഷ്ടമാണ് യഥാര്‍ത്ഥത്തില്‍ ബ്രിട്ടനെ ആശങ്കപ്പെടുത്തിയിരിക്കുന്നതെന്നൊരു നിരീക്ഷണവുമുണ്ട്.
ഒരു ലക്ഷത്തി അറുപതിനായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള എണ്ണ-പ്രകൃതി വാതക സമ്പന്നമായ എസ്സെക്വിബോ ഗയാനയുടെ ഭാഗമായാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ കാലങ്ങളായി ഈ പ്രദേശം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് വെനസ്വേലയ്ക്കുള്ളത്. ഒരു ലക്ഷത്തി അറുപതിനായിരം സ്‌ക്വയര്‍ കിലോമീറ്ററര്‍ വിസ്തൃതിയുള്ള എല്ലെക്വിബോ ഗയാനയുടെ മൂന്നില്‍ രണ്ട് ഭാഗമായി വരും. മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നും(125,000) ഈ പ്രദേശത്തുണ്ട്. 1777-ല്‍ സ്പാനിഷ് ഭരണത്തിന്‍ കീഴില്‍ പ്രഖ്യാപിച്ചതുപോലെ, ഈ മേഖലയുടെ കിഴക്കുള്ള എസ്സെക്വിബോ നദിയാണ് വെനസ്വേലയും ഗയാനയും തമ്മിലുള്ള സ്വാഭാവിക അതിര്‍ത്തിയെന്നാണ് കാരക്കാസ്(വെനസ്വേല തലസ്ഥാനം) അവകാശപ്പെടുന്നത്. എന്നാല്‍ 19 ആം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ വെനസ്വേല ഭൂമി തെറ്റായ മാര്‍ഗത്തില്‍ കൈവശപ്പെടുത്തുകയാണുണ്ടായതെന്നും എസ്സെക്വിബോയുടെ മേലുള്ള അവകാശം സൂചിപ്പിച്ചുകൊണ്ട് വെനസ്വേല പറയുന്നു.
ഗയാന പറയുന്നത്, എസ്സെക്വിബോ തങ്ങളുടെ ഭാഗമാക്കിക്കൊണ്ടുള്ള അതിര്‍ത്തി നിര്‍ണയം ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ 1899-ല്‍ ആര്‍ബിട്രേഷന്‍ കോടതി ഉത്തരവ് പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്നാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതി ന്യായ കോടതി ഈ അതിര്‍ത്തി നിര്‍ണയം അംഗീകരിച്ചതാണെന്നും ഗയാന വാദിക്കുന്നു.
ഇപ്പോഴത്തെ സംഘര്‍ഷാന്തരീക്ഷം രൂപപ്പെടുന്നത് ഈ മാസത്തോടെയാണ്. വെനസ്വേലയില്‍ നടത്തിയൊരു ഹിതപരിശോധനയില്‍ എസ്സെക്വിബോ രാജ്യത്തിന്റെ പുതിയൊരു സംസ്ഥാനമാക്കുന്നതിനെ അനുകൂല അഭിപ്രായമുണ്ടായത്. മാത്രമല്ല, അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാര പരിധിയെ തള്ളിക്കളയുകയും ചെയ്തിരുന്നു.
വെനസ്വേലന്‍ ഹിതപരിശോധന റദ്ദ് ചെയ്യണമെന്നാണ് ഗയാന അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര അവകാശങ്ങളുടെ ലംഘനമാണ് വെനസ്വേല നടത്തതിയിരിക്കുന്നതെന്നും ഗയാന ആരോപിക്കുന്നു.
കഴിഞ്ഞ മാസം വെനസ്വേലയും ഗയാനയും തമ്മില്‍ ഉണ്ടാക്കിയൊരു ധാരണ പ്രകാരം മേഖലയില്‍ സൈനിക സാന്നിധ്യവും സംഘര്‍ഷാവസ്ഥയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ റോയല്‍ നേവിയുടെ പെട്രോള്‍ വെസ്സല്‍ ഗയാന തീരത്തേക്ക് വരുന്നതോടെ സാഹചര്യം മാറി.
റോയല്‍ നേവിയുടെ സാന്നിധ്യത്തെ ‘ ലണ്ടനില്‍ നിന്നുള്ള ഭീഷണി’ യായാണ് വെനസ്വേല പരിഗണിച്ചത്. എല്ലാത്തരം നയതന്ത്ര നടപടികളുടെയും സമാധാന കാരാറുകളുടെയും ഉഭയകക്ഷി സംഭാഷണങ്ങളുടെയുമെല്ലാം ലംഘനമാണിതെന്നായിരുന്നു ബ്രിട്ടീഷ് ഇടപെടലിനെ പ്രസിഡന്റ് മദുറോ വിമര്‍ശിച്ചത്. എസ്സെക്വിബോ തീരത്ത് ബൊളീവേറിയന്‍ ദേശീയ സേനയുമായി ചേര്‍ന്ന് സംയുക്ത പ്രതിരോധ പ്രവര്‍ത്തനം സജീവമാക്കുമെന്നാണ് മദുറോ ദേശീയ ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയ്യാറായതുമില്ല. നയതന്ത്രത്തിലും ഉഭയ സംഭാഷണത്തിലും സമാധാനത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ ആരെങ്കിലും വെനസ്വേലയെ ഭീഷണിപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല, വെനസ്വേലയുമായി ആരും കലഹിക്കുന്നതും ഞങ്ങളാഗ്രഹിക്കുന്നില്ല, ഞങ്ങള്‍ സമാധാനത്തിന്റെ ആളുകളാണ്, പക്ഷേ ഞങ്ങള്‍ യോദ്ധാക്കളുമാണ്, ഇത്തരം ഭീഷണി ഒരു പരമാധികാര രാജ്യത്തിനും അംഗീകരിക്കാനാവില്ല’- മദുറോയുടെ വാക്കുകള്‍.
മുന്‍ സാമ്രാട്ടിന്റെ ഭീഷണി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് വെനസ്വേലന്‍ പ്രസിഡന്റ് യുകെയ്ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
എന്തും നേരിടാന്‍ തയ്യാറായി തങ്ങളുടെ 5,600 സൈനികര്‍ സജ്ജരാണെന്നാണ് വെനസ്വേലന്‍ സൈനിക വൃത്തങ്ങളും അറിയിച്ചിട്ടുള്ളത്. ഭരണഘടനയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ സമുദ്ര, പ്രദേശിക സമഗ്രത സംരക്ഷിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നാണ് വെനസ്വേല വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്.
യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് റൂട്ട്‌ലി ഈ മാസം ഗയാന സന്ദര്‍ശിച്ചിരുന്നു. വെനസ്വേല-ഗയാന അതിര്‍ത്തി പ്രശ്‌നമൊക്കെ 120 വര്‍ഷങ്ങള്‍ക്കു മുമ്പേ പരിഹരിച്ചതാണെന്നായിരുന്നു റൂട്ട്‌ലിയുടെ വാദം. ബലപ്രയോഗം നടത്താനോ സംഘര്‍ഷഭരിതമാക്കാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി വെനസ്വേല സമീപകാലത്ത് അംഗീകരിച്ച കരാറിനെ സ്വാഗതം ചെയ്യുന്നുവെന്നും അന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.