November 10, 2024 |
Share on

എന്തുകൊണ്ടാണ് റാഫ അതിര്‍ത്തി മരണ മുനമ്പില്‍ നിന്നുള്ള ഏകരക്ഷ മാര്‍ഗമാകുന്നത്?

മൂന്നു വഴികളും അടഞ്ഞതോടെ പലസ്തീനികള്‍ മുനമ്പില്‍ തടങ്കലിലെന്നപോലെ അകപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ അവിടെ മരിച്ചു വീഴുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു

മരണത്തിന്റെ മുനമ്പായി മാറിയിരിക്കുന്ന ഗാസയില്‍ നിന്നും മനുഷ്യര്‍ക്ക് രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്; റാഫ അതിര്‍ത്തി. ഈജിപ്ത്- പലസ്തീന്‍ അതിര്‍ത്തി മേഖലയാണിത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ ആയിരക്കണക്കിന് പലസ്തീനികളാണ് റാഫ അതിര്‍ത്തിയിലേക്ക് പലയാനം ചെയ്യുന്നത്. മൂന്നാഴ്ച്ചയായി ഇസ്രയേല്‍ ആക്രമണം നടക്കുകയാണെങ്കിലും ഇപ്പോഴാണ് ഈജിപ്ത് തങ്ങളുടെ അതിര്‍ത്തി തുറക്കാന്‍ തയ്യാറായിരിക്കുന്നത്. ഗാസയില്‍ കുടുങ്ങിയ വിദേശികള്‍ക്കും, പലസ്തീനിലും ഒപ്പം മറ്റേതെങ്കിലും രാജ്യത്തും പൗരത്വമുള്ള(ഇരട്ട പൗരത്വമുള്ളവര്‍)വര്‍ക്കും വേണ്ടിയാണ് പ്രധാനമായും റാഫ അതിര്‍ത്തി തുറന്നിരിക്കുന്നത്. അതോടൊപ്പം മുറിവേറ്റവരും തീര്‍ത്തും മോശം ആരോഗ്യാവസ്ഥയിലുള്ളവര്‍ക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ വ്യോനാക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ റാഫ അതിര്‍ത്തിയിലേക്ക നിര്‍ത്താതെ പായുന്നുണ്ട്.

പരിക്കേറ്റ 80 പേരെയും വിദേശികളും ഇരട്ട പൗരത്വമുള്ളവരുമായി 500 പേരെയും തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഈജിപ്ത് പറഞ്ഞത്. ഖത്തര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ഈജിപ്ത് അവരുടെ അതിര്‍ത്തി തുറക്കാന്‍ തയ്യാറായത്. ഗാസയില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായിക്കൂടി കഴിഞ്ഞ 10 ദിവസമായി അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. ഏകദേശം 200 ട്രക്കുകള്‍ ഇതുവരെയും അതിര്‍ത്തി താണ്ടിയിട്ടുണ്ട്. എന്നാല്‍ എത്ര നാള്‍ അവ തുറന്നു കിടക്കുമെന്നതിന് ഉറപ്പില്ല.

ഈജിപ്തിന്റെ സിനായ് ഉപദ്വീപിന്റെ അതിര്‍ത്തിയായ റാഫ ഗാസയില്‍ നിന്നും പുറത്തു കടക്കാനുള്ള തെക്കേ അറ്റത്തുള്ള പോസ്റ്റാണ്.

റാഫ കൂടാതെ മറ്റ് രണ്ട് പോസ്റ്റുകളാണ് ഗാസയില്‍ നിന്നു പോകാനും അങ്ങോട്ടു വരാനുമായുള്ളത്. വടക്കന്‍ ഗാസയിലുള്ള ഇസ്രയേല്‍ അതിര്‍ത്തിയായ എറെസ് ആണ് ഒന്ന്. ഇത് ആളുകള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. മറ്റൊന്ന് തെക്കന്‍ ഗാസയിലെ ഇസ്രയേല്‍ അതിര്‍ത്തിയായ കെറെം ഷാലോം. ഇത് ചരക്ക് വാണിജ്യ നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. നിലവില്‍ രണ്ട് അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്.

ഒക്‌ടോബര്‍ 7 ന് ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ് സായുധധാരികള്‍ അവരുടെ രാജ്യത്തിനകത്തേക്ക് കയറി ചെന്നത് എറെസ് അതിര്‍ത്തി തകര്‍ത്തായിരുന്നു. 1,300 മനുഷ്യരെ കൂട്ടക്കുരുതി ചെയ്ത ആ ആക്രമത്തിന്റെ പേരിലാണ് ഇസ്രയേല്‍ ഇപ്പേള്‍ ഗാസയെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. യുദ്ധം തുടങ്ങിയതോടെ എറെസ് അതിര്‍ത്തിയും കെറെം ഷാലോമും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂട്ടുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇതോടെ, പലസ്തീനികള്‍ക്ക് പുറത്തേക്ക് പോകാനുള്ള ഏക മാര്‍ഗം റാഫ അതിര്‍ത്തിയായി. ഇത് മാത്രമാണ് ആ നാട്ടിലേക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം എത്തിക്കണമെങ്കില്‍ ഉള്ളതും.

റാഫ അതിര്‍ത്തി കടക്കുന്നതില്‍ ഹമാസിനും ഈജിപ്തിനും അവരവരുടെതായ നിയന്ത്രണം ഉണ്ടായിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഇവിടുത്തെ പ്രവര്‍ത്തനങ്ങളൊക്കെ അവതാളത്തിലായിരിക്കുകയാണ്. ഒക്‌ടോബര്‍ 9, 10 തീയതികളായി ഇസ്രയേല്‍ നടത്തിയ മൂന്നു വ്യോമാക്രമണത്തില്‍ പലസ്തീന്‍ ഭാഗത്തും ഈജിപ്തിന്റെ ഭാഗത്തും ഉള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നതോടെ റാഫ അതിര്‍ത്തി അടക്കുകയാണുണ്ടായതെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്‌ടോബര്‍ 12-ന് ഈജിപ്ത് സര്‍ക്കാര്‍ ഇസ്രയേലിനോട് റാഫ അതിര്‍ത്തി പ്രദേശത്ത് ആക്രമണം നടത്തുന്നത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. ഗാസയിലെ സാധാരണക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആ അഭ്യര്‍ത്ഥനയുടെ പിന്നില്‍. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുന്നതുവരെ അതിര്‍ത്തി തുറക്കില്ലെന്നു കൂടി ഈജിപ്ത് വ്യക്തമാക്കിയിരുന്നു.

മൂന്നു വഴികളും അടഞ്ഞതോടെ പലസ്തീനികള്‍ മുനമ്പില്‍ തടങ്കലിലെന്നപോലെ അകപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ അവിടെ മരിച്ചു വീഴുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു.

പിന്നാലെയാണ് ഖത്തര്‍ ഈജിപ്തുമായി സംസാരിച്ച് താത്കാലികമായി റാഫ അതിര്‍ത്തി തുറക്കാന്‍ തീരുമാനമുണ്ടാക്കിയത്. ഇതോടെ ആയിരങ്ങളാണ് അതിര്‍ത്തിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. എന്നാല്‍ കര്‍ശനനിയന്ത്രണമാണ് ഈജിപ്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരെയും കടത്തി വിടാന്‍ അവര്‍ തയ്യാറാകുന്നില്ല. അതീവഗുരുതരമായി പരിക്കേറ്റവര്‍, വിദേശ പാസ്‌പോര്‍ട്ട് കൈയിലുള്ളവര്‍, ഇരട്ട പൗരത്വമുള്ളവര്‍ എന്നിങ്ങനെ നിയന്ത്രിതമായ അനുവാദമേ നല്‍കുന്നുള്ളൂ.

2007-ല്‍ ഹമാസ് ഏറ്റെടുത്തതിനു പിന്നാലെ ഇസ്രയേലും ഈജിപ്തും ഗാസയുമായി പങ്കിടുന്ന തങ്ങളുടെ അതിര്‍ത്തികളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷപ്രശ്‌നമാണ് അതിര്‍ത്തി ഉപരോധത്തിനായി രണ്ടു രാജ്യങ്ങളും പറയുന്ന കാരണം.

ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണം ഉണ്ടായതിനു പിന്നാലെ ഇസ്രയേല്‍ ഹമാസിനെതിരേയാണ് യുദ്ധം പ്രഖ്യാപിച്ചതെങ്കിലും അതിന്റെ ഇരകള്‍ ഗാസയിലെ ജനങ്ങളായിരുന്നു. ഒക്‌ടോബര്‍ 9 ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഗാസയ്‌ക്കെതിരേ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു. ‘ വൈദ്യുതിയില്ല, ഭക്ഷണമില്ല, എണ്ണയില്ല, ഒന്നുമില്ല…’ ഇതായിരുന്നു ഇസ്രയേലിന്റെ ഭീഷണി; അതുപക്ഷേ ഹമാസിനോട് മാത്രമായിരുന്നില്ല.

ഇസ്രയേല്‍ ഗാസയെ എല്ലാവിധത്തിലും ആക്രമിക്കാന്‍ തയ്യാറെടുത്തതോടെ ഈജിപ്ത് ഭയന്നത്, പലസ്തീന്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കായിരുന്നു. ഒക്‌ടോബര്‍ 12 ന് ഈജിപ്ത് പ്രസിഡന്റ്, ഗാസയിലെ ജനങ്ങളോട് അവരുടെ മണ്ണില്‍ തന്നെ നില്‍ക്കാനും പലായനം പലസ്തീന്‍ പ്രശ്‌നത്തെ ‘ ദ്രവീകരിക്കാനെ’ ഇടയാക്കൂ എന്നുമുള്ള പ്രഖ്യാപനം നടത്തി. മറ്റൊരു ഭയം കൂടി ഈജിപ്തിനുണ്ടായിരുന്നു. ഗാസയിലെ ജനങ്ങളെ സ്വീകരിച്ചാല്‍, ആ കൂട്ടത്തില്‍ ഇസ്ലാമിക വിഘടനവാദികളും തങ്ങളുടെ രാജ്യത്തേക്ക് ഒളിച്ചു കടക്കുമോയെന്നതായിരുന്നു ആ ഭയം. കഴിഞ്ഞ ഒരു ദശാബ്ദമായി സിനായ് മേഖലയില്‍ ജിഹാദി കലാപം ഈജിപ്ത് നേരിട്ടുകൊണ്ടിരിക്കുകയാണ്.

റാഫ താത്കാലികമായിട്ടാണെങ്കിലും തുറന്നിട്ടിരിക്കുന്നതുകൊണ്ട് പലസ്തീനികള്‍ക്കു വളരെ സാധാരണമായി അതിര്‍ത്തി കടക്കാന്‍ സാധിക്കില്ല. അതിര്‍ത്തി കടക്കാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ രണ്ടോ നാലോ ആഴ്ച്ചകള്‍ക്ക് മുമ്പായി പ്രാദേശിക പലസ്തീന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ അപേക്ഷ പലസ്തീന്റെ ഭാഗത്ത് നിന്നോ ഈജിപ്തിന്റെ ഭാഗത്ത് നിന്നോ നിരാകരിക്കപ്പെടാം. യു എന്‍ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ഓഗസ്റ്റില്‍ 19,608 പേര്‍ക്ക് ഗാസയില്‍ നിന്നും വരാന്‍ അനുമതി നല്‍കിയപ്പോള്‍, 314 പേരുടെ അപേക്ഷ നിരസിക്കുകയുണ്ടായി.

Advertisement