UPDATES

വിദേശം

”എന്തുകൊണ്ടാണ് കഴിഞ്ഞ 75 വര്‍ഷങ്ങളായി ഇസ്രയേലികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം നിങ്ങള്‍ ഞങ്ങളെ വിളിച്ച് വരുത്തി അപലപിക്കാന്‍ പറയുന്നത്?”

ബിബിസി ജേര്‍ണലിസ്റ്റിനോട് പലസ്തീന്‍ അംബാസിഡര്‍ ഹസം സെയ്ദ് സാംലോട്ട് പറയുന്ന കാര്യങ്ങള്‍ ലോകം കേള്‍ക്കേണ്ടതുണ്ട്

                       

യു.കെയിലെ പലസ്തീന്‍ അംബാസിഡറും സാമ്പത്തിക വിദഗ്ദ്ധനുമായ ഹസം സെയ്ദ് സാംലോട്ട് ബി.ബി.സിയുടെ ചര്‍ച്ചയില്‍ മറുപടി പറയുന്നത് ഇതിനോടകം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഒരു വിഷയത്തെ ഏറ്റവും ചുരുങ്ങിയ നേരത്ത്, മറ്റൊരു കാഴ്ച്ചപ്പാടുള്ള ഒരു ജേര്‍ണലിസ്റ്റിന്റെ മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നത് എന്നുള്ളതിനുള്ള മികച്ച ഉദാഹരണമായാണ് ജനാധിപത്യ ലോകം ഈ ചര്‍ച്ചയെ നോക്കി കാണുന്നത്.

‘പലസ്തീനേയും ഇസ്രയേലിനേയും ഒരേ കോലുകൊണ്ടളക്കരുത്’ എന്ന സാംലോട്ടിന്റെ സംശയരഹിതമായ പ്രസ്താവനയും എന്തുകൊണ്ടാണ് ഹമാസിനെ അപലപിക്കാന്‍ തയ്യാറാകാത്തത് എന്നുള്ള അദ്ദേഹത്തിന്റെ സംശയരഹിതമായ നിലപാടും ഈ ചര്‍ച്ചയില്‍ ഏറ്റവും പ്രധാനമാണ്. ‘ഹമാസ് പലസ്തീന്‍ സര്‍ക്കാരല്ല. അതേ സമയം ഇസ്രയേലിന്റെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് അവരുടെ സംഘടിത സൈന്യമാണ് ആക്രമണം നടത്തുന്നത്. ഇതു രണ്ടിനേയും നിങ്ങള്‍ സമതുലനം ചെയ്യരുത്. ഒരു പ്രദേശത്ത് ജീവിക്കുന്നവരേയും അതിക്രമിച്ച് കടന്നവരേയും ഒരേ പോലെ കാണുന്നത് നീതിയല്ല.”- സാംലോട്ട് പറയുന്നു.

ചര്‍ച്ചയുടെ പൂര്‍ണരൂപം അഴിമുഖം പ്രസിദ്ധീകരിക്കുന്നു

ബി.ബി.സിയുടെ ജേര്‍ണലിസ്റ്റ് ലൂയീസ് ചോദ്യം ആരംഭിക്കുന്നത് തന്നെ ‘ഹമാസ് ശനിയാഴ്ച രാവിലെ നടത്തിയ അക്രമത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ’ എന്നതിലാണ്.

സാംലോട്ട്: അത് ശരിയായ ചോദ്യമല്ല ലൂയീസ്,

സാംലോട്ട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇടയ്ക്ക് കയറി ആ ചോദ്യം വളരെ പ്രധാനമാണ് എന്ന് ലൂയീസ് പറയുന്നു. വീണ്ടും സാംലോട്ട് അല്ല എന്ന് പറഞ്ഞ് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവതാരകന്‍ തന്റെ ചോദ്യം പ്രധാനമാണ് എന്നു പറയുന്നു.

സാംലോട്ട്: ‘അല്ല, അതൊരു പ്രധാന ചോദ്യമല്ല. ഹമാസ് ഒരു തീവ്രവാദി സംഘടനയാണ്. നിങ്ങള്‍ പലസ്തീന്‍ പ്രതിനിധിയോടാണ് ചോദിക്കുന്നത്. ഞങ്ങളുടെ നിലപാട് വളരെ വ്യക്തവും സര്‍വര്‍ക്കും അറിയുന്നതുമാണ്.

വീണ്ടും അവതാകരന്‍: അതെന്താണ്? നിങ്ങള്‍ ഹമാസിനെ പിന്തുണയ്ക്കുന്നുണ്ടോ?

സാംലോട്ട്: ഞാനിവിടെ വന്നിരിക്കുന്നത് ഞങ്ങളുടെ ജനതയെ, പലസ്തീന്‍ ജനതയെ പ്രതിനിധീകരിച്ചാണ്. അവര്‍ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാനാണ്. ഞാനിവിടെ ആരെയും അപലപിക്കാന്‍ എത്തിയതല്ല. ഇനി ആരുടെയെങ്കിലും നടപടിയെ അപലപിക്കേണ്ടതുണ്ടെങ്കില്‍ അത് നിങ്ങള്‍ മധ്യപൂര്‍വ്വേഷ്യയിലെ ‘ഒരേയൊരു’ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കാറുള്ള രാജ്യത്തെയാണ്. അവര്‍ സാധാരണ പൗരസമൂഹത്തെയാണ് കഴിഞ്ഞ 48 മണിക്കൂറുകളായി ഉന്നം വയ്ക്കുന്നത്. അത് ഒരിക്കലും നീതീകരിക്കാനാവില്ല.

ബിബിസി ചര്‍ച്ചയില്‍ ലൂയിസും സാംലോട്ടും

 

അവതാരകന്‍ ഇടയ്ക്ക് കയറി: ഹമാസും ചെയ്യുന്നത് അത് തന്നെയല്ലേ, പക്ഷേ നിങ്ങള്‍ അവരെ അപലപിക്കില്ല?

സാംലോട്ട്: ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം. ഹമാസ് പലസ്തീന്‍ സര്‍ക്കാരല്ല. അതേ സമയം ഇസ്രായേലിന്റെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് അവരുടെ സംഘടിത സൈന്യമാണ് ആക്രമണം നടത്തുന്നത്. ഇതു രണ്ടിനേയും നിങ്ങള്‍ സമതുലനം ചെയ്യരുത്. ഒരു പ്രദേശത്ത് ജീവിക്കുന്നവരേയും അതിക്രമിച്ച് കടന്നവരേയും ഒരേ പോലെ കാണുന്നത് നീതിയല്ല. സാധാരണ പ്രേക്ഷകര്‍ക്ക് അത് വസ്തുതകളെ കുറിച്ച് തെറ്റായ കാഴ്ചപ്പാടാകും നല്‍കുക. ഇസ്രായേല്‍ സര്‍ക്കാരിന് ഒരേയൊരു സൈനിക പ്രമാണമേ ഉള്ളൂ- സാധാരണ ജനങ്ങളെ കൊല്ലുക, ആക്രമിക്കുക, അപ്പോള്‍ അവര്‍ ഗതികെട്ട് തിരിച്ചടിക്കും. ആ തിരിച്ചടി മാത്രം രേഖകളില്‍ അവശേഷിക്കും. ഇത് എത്രയോ കാലമായി ഗാസയില്‍ ആവര്‍ത്തിക്കുന്നു. ഇനിയുമത് തുടരും. ഇത് പരസ്പരം കുറ്റപ്പെടുത്തുന്ന ഒരു കളിയല്ല. ഞാനിവിടെ ഇരകളെ അപലപിക്കാനുമെത്തിയതല്ല. യഥാര്‍ത്ഥത്തില്‍ നടക്കേണ്ട ചര്‍ച്ച ഈ നിര്‍ദ്ദയമായ, മാരകമായ സംഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നതാണ്.

അവതാരകന്‍ വീണ്ടും: നിങ്ങളിപ്പോള്‍ ഇസ്രയേല്‍ സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. എന്നിട്ടും ഹമാസ് സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കില്ല??

സാംലോട്ട്: എത്ര തവണ നിങ്ങള്‍ ഇസ്രയേലി ഉദ്യോഗസ്ഥരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ടാകും ലൂയീസ്? നൂറുകണക്കിന് തവണ, അല്ലേ? എത്ര തവണ ഇസ്രായേല്‍ നിങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ തന്നെ യുദ്ധക്കുറ്റങ്ങള്‍ നടത്തിക്കാണും? നൂറുകണക്കിന് തവണ, അല്ലേ? നിങ്ങളെപ്പോഴെങ്കിലും അവരോട് സ്വയം അപലപിക്കുന്നുണ്ടോ എന്ന് ചോദ്യത്തോടെ അഭിമുഖം ആരംഭിച്ചിട്ടുണ്ടോ? ഇല്ല. നിങ്ങളത് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഞാന്‍ തയ്യാറാകാത്ത് എന്ന് നിങ്ങള്‍ക്കറിയാമോ? ആ ചോദ്യത്തിന്റെ സാഹചര്യത്തെയാണ് ഞാന്‍ നിഷേധിക്കുന്നത്. മൊത്തലുള്ള സംഭവങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതിന്റെ കേന്ദ്രമാണാ ചോദ്യം. കാരണം പലസ്തീനികള്‍ സ്വയം അപലപിക്കേണ്ടവരാണ് എന്ന് എപ്പോഴും നിങ്ങള്‍ കരുതുന്നു. ഇതൊരു രാഷ്ട്രീയ സംഘര്‍ഷമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ എത്രയോ കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ ചോദ്യം ആരംഭിച്ചത് തെറ്റായ ഒരിടത്ത് നിന്നാണ്. പ്രശ്നങ്ങളുടെ മൂലകാരണങ്ങളില്‍ കേന്ദ്രീകരിക്കുക എന്നതാണ് ശരിയായ കാര്യം. കഠിനാന്ധകാരം നിറഞ്ഞ ഈ തുരങ്കത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതാണ് ചോദ്യം. അതിന് വിപരീതമായി, കഴിഞ്ഞ 75 വര്‍ഷങ്ങളായി ബി.ബി.സിയും മറ്റ് മുഖ്യധാര മാധ്യമങ്ങളും ഇസ്രയേലികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ഞങ്ങളെ ഇങ്ങനെ വിളിച്ച് വരുത്തും. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ വെസ്റ്റ് ബാങ്കിലും പരസരങ്ങളിലുമായി മാത്രം 200 ലധികം പലസ്തീനികളെ ഇസ്രയേല്‍ സൈന്യം കൊന്നപ്പോള്‍ നിങ്ങള്‍ എന്നെ ക്ഷണിച്ചിരുന്നോ? ജറുസലേമിലും മറ്റും ക്രൂരമായ ഇസ്രയേല്‍ ആക്രമണം ഉണ്ടായപ്പോള്‍ നിങ്ങള്‍ ചര്‍ച്ചയ്ക്കായി എന്നെ ക്ഷണിച്ചുവോ? കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കിടെ ഇസ്രയേലില്‍ സംഭവിച്ചത്, തികച്ചും ദുഖകരമായ കാര്യമെന്ന് പറഞ്ഞാണ് നമ്മളാരംഭിച്ചത്, അതു കഴിഞ്ഞ അമ്പത് വര്‍ഷമായി പലസ്തീനികളുടെ ജീവിതത്തില്‍ നിത്യം സംഭവിക്കുന്നതാണ്. നിങ്ങള്‍ക്കറിയാം ഗാസയില്‍ എന്താണ് സംഭവിക്കുന്നത്. നിങ്ങളത് വിവരിച്ചതുമാണ്. അത് ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ്. 20 ലക്ഷത്തോളം വരുന്ന മനുഷ്യരെ ഇസ്രയേല്‍ കഴിഞ്ഞ 16 വര്‍ഷങ്ങളായി തടവ് പുള്ളികളായി വച്ചിരിക്കുകയാണ്. അതുകൊണ്ട്, ലൂയീസ്, ഒരു പക്ഷേ ഈ വാചകക്കസര്‍ത്ത് അവസാനിപ്പിച്ച്, ലോകത്തിന് മുന്നില്‍ ശരിയായ വസ്തുത വെളിപ്പെടുത്തേണ്ട കാര്യമായി.

ഹസം സെയ്ദ് സാംലോട്ട്

 

അവതാരകന്‍: എന്താണ് നിങ്ങളുടെ മുന്നിലുള്ള പരിഹാരം?

സാംലോട്ട്: അന്തരാഷ്ട്ര നിയമം. അന്തരാഷ്ട്ര പ്രമേയങ്ങളുടേയും നിയമങ്ങളുടെയും സമതുലിതമായ പ്രയോഗം. അതിന്റെ നിയമസാധുതയും. യുക്രെയ്നില്‍ നിങ്ങള്‍ ചെയ്തത് പോലെ. യുക്രെയ്നില്‍ അതാണ് ചെയ്തത്. അല്ലാതെ നിങ്ങള്‍ അവരുടെ അംബാസിഡറെ ഇവിടെ വിളിച്ചിരുത്തി അവിടത്തെ ഏതെങ്കിലും പോരാളികള്‍ ചെയ്തതിനെ അപലപിക്കാന്‍ ആവശ്യപ്പെടുകയല്ല ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ക്ക് ശേഷം വിവിധ രാജ്യങ്ങളുടെ കൂട്ടായമ സൃഷ്ടിച്ച നിയമങ്ങളുടേയും പ്രമാണങ്ങളുടേയും തുല്യവും നീതിയുക്തവുമായ പ്രയോഗമാണ് വേണ്ടത്. ഇസ്രയേലിന് അതില്‍ പ്രത്യേക ഇളവ് നല്‍കരുത്. അതാണ് കഴിഞ്ഞ 75 വര്‍ഷങ്ങളായി നടക്കുന്നത്. ആരും നിയമത്തിനതീതരല്ല. നിയമ വാഴ്ചയാണ് പ്രധാനം. ബ്രിട്ടണ്‍ ഈ നിയമവാഴ്ചയുടെ കാര്യത്തില്‍ വിഖ്യാതരാണല്ലോ ലൂയീസ്. അതാണ് പരിഹാരം. ഇസ്രയേല്‍ കടന്ന് കയറ്റക്കാരായ ശക്തികളാണ്. അവര്‍ അവിടത്തെ സ്ഥിരതാമസക്കാരുടെ ജനതയുടെ സംരക്ഷണത്തിനും ജീവിതത്തിനും ഉത്തരവാദികളാണ്. ഇസ്രായേല്‍ ഇപ്പോള്‍ മാനവ ജനതയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും അന്തരാഷ്ട്ര ജനതയ്ക്കും നിയമ വ്യവസ്ഥയ്ക്കും മുന്നില്‍ വിചാരണ ചെയ്യപ്പെടണം.

Share on

മറ്റുവാര്‍ത്തകള്‍