UPDATES

‘കഴിഞ്ഞ 26 ദിവസം നിങ്ങള്‍ എന്തെടുക്കുകയായിരുന്നു?’

ഇലക്ടറല്‍ ബോണ്ട് : എസ്ബിഐയുടെ ഹര്‍ജി തള്ളി, വിവരങ്ങള്‍ നാളെ സമര്‍പ്പിക്കണം

                       

രാഷ്ട്രീയ പാർട്ടികൾ ഇലക്ട്രൽ ബോണ്ടിന്റെ രൂപത്തിൽ സ്വീകരിച്ച സംഭാവനകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സമയമാവശ്യപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിനകം വിശദാംശങ്ങൾ നൽകാനും കോടതി മാർച്ച് 11 നു ഉത്തരവിട്ടു.

“എസ്‌ബിഐ നൽകിയിരിക്കുന്ന അപേക്ഷയിൽ, വിവരങ്ങൾ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാവുന്നതെ ഉള്ളുവെന്ന് കോടതി കണ്ടെത്തി. അതിനാൽ, ജൂൺ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ നൽകിയ അപേക്ഷ തള്ളുന്നു,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ, സീൽ ചെയ്ത കവർ തുറന്ന് വിശദാംശങ്ങൾ ക്രോഡീകരിച്ച് വിവരങ്ങൾ നൽകണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചു. മുദ്രവച്ച കവറിൽ വിശദാംശങ്ങൾ ഫയൽ ചെയ്യാൻ ഇലക്ഷൻ കമ്മിഷനോടും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “കഴിഞ്ഞ 26 ദിവസങ്ങളിൽ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിച്ചത്? നിങ്ങളുടെ അപേക്ഷ അതിനെക്കുറിച്ച് നിശബ്ദമാണ്, ”ബെഞ്ച് ചൂണ്ടിക്കാട്ടി.

മാർച്ച് 4 ന് എസ്‌ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ശേഖരിക്കാനെടുക്കുന്ന കാലതാമസം കണക്കിലെടുത്താണ് ബാങ്ക് കൂടുതൽ സമയം ചോദിച്ചത്. അതെ സമയം കേന്ദ്ര സർക്കാരിന് വേണ്ടി വളരെ കുറഞ്ഞ കാലയളവ് കൊണ്ട് ഈ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവ് കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ സ്വതന്ത്ര മലയാള പരിഭാഷ അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു.

ബോണ്ട് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡാറ്റയും ബോണ്ട് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റയും രണ്ട് വ്യത്യസ്ത സെറ്റുകളായി സൂക്ഷിക്കുന്നത് ദാതാക്കളുടെ ഐഡന്റിറ്റികൾ സ്വകാര്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് എന്നാണു ബാങ്ക് പറയുന്നത്. ബോണ്ടുകൾ ആരാണ് വാങ്ങുന്നത്, ആരാണ് അവ വീണ്ടെടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള കേന്ദ്ര ഡാറ്റാബേസും കൈ വശം വച്ചിട്ടില്ലെന്നു ബാങ്ക് പറയുന്നു.

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ ദാതാക്കളുടെ വിവരങ്ങൾ പ്രത്യേക ബ്രാഞ്ചുകളിൽ സീൽ ചെയ്ത കവറിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ സീൽ ചെയ്ത കവറുകൾ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പ്രധാന ശാഖയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 29 അംഗീകൃത ശാഖകളിൽ ഒന്നിൽ പ്രത്യേക ബാങ്ക് അകൗണ്ട് ഉണ്ടായിരിക്കണം. അവർക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകൾ നിക്ഷേപിക്കാനും വീണ്ടെടുക്കാനും ഈ അകൗണ്ടിലൂടെ മാത്രമായിരിക്കണം. ബോണ്ട് വീണ്ടെടുക്കുന്ന സമയത്ത്, യഥാർത്ഥ ബോണ്ടും പേ-ഇൻ സ്ലിപ്പും സീൽ ചെയ്ത കവറിൽ സൂക്ഷിച്ച് എസ്ബിഐ മുംബൈ മെയിൻ ബ്രാഞ്ചിലേക്ക് അയയ്ക്കും.

അടിസ്ഥാനപരമായി, ആരാണ് ബോണ്ടുകൾ വാങ്ങിയത്, അവ എപ്പോൾ വീണ്ടെടുത്തു തുടങ്ങിയ വിവരങ്ങൾ പരസ്പരം വേറിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ, രണ്ട് സെറ്റിലെയും വിവരങ്ങൾ ബന്ധിപ്പിച്ച് ആരാണ് ഏത് ബോണ്ട് വാങ്ങിയതെന്ന് കണ്ടെത്തണമെങ്കിൽ, വളരെയധികം പരിശ്രമിക്കേണ്ടിവരും. ഓരോ ബോണ്ടിന്റെയും ഇഷ്യു തീയതി പരിശോധിച്ച് ആ ദിവസം വാങ്ങിയ ദാതാവുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട് എന്ന് ബാങ്ക് അന്ന് നൽകിയ ഹർജിയിൽ വാദിച്ചിരുന്നു.

അതെ സമയം ഒരു രാഷ്ട്രീയ പാർട്ടിയുടെ ബോണ്ടിന്റെ കാലാവധി തീർന്ന ഒരു സാഹചര്യം റിപ്പോർട്ടേഴ്‌സ് കളക്ടീവ് തങ്ങളുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആശയക്കുഴപ്പം നേരിട്ട ഈ സാഹചര്യത്തിൽ ബാങ്ക് കേന്ദ്രത്തോട് ഉപദേശം തേടിയിരുന്നു. അന്ന് ഇതിനുവേണ്ടി ദ്രുതഗതിയിലാണ് ബാങ്ക് കാര്യങ്ങൾ നീക്കിയത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹർജിയിൽ ആവശ്യപ്പെട്ട സമയത്തേക്കാൾ ചുരുങ്ങിയ സമയം കൊണ്ട് വിവരങ്ങൾ ബാങ്ക് ലഭ്യമാക്കിയതിന്റെ ചരിത്രവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍